വേറിട്ട വഴി, പ്രതിമാസം സമ്പാദിക്കാം 30,000 രൂപ അധികവരുമാനം!

‘ചെയിൻ ഷോപ്’ സംവിധാനത്തിലുള്ള ട്യൂഷൻ സെന്ററുകൾ... മറ്റു ചെലവുകൾ എല്ലാം കിഴിച്ച് പ്രതിമാസം 30,000 രൂപ ഈ സംരംഭത്തിലൂടെ ഉണ്ടാക്കാൻ കഴിയുന്നു.

തിരുവനന്തപുരത്ത് ‘സ്കിൽ സ്കൂൾ’ എന്ന സ്ഥാപനത്തിലെ സ്ഥിരം അധ്യാപകനാണ് നിധിൻ എസ്. രാജ്. സുഹൃത്ത് ജീവൻ കുമാറാണ് ‘ചെയിൻ ഷോപ്’ സംവിധാനത്തിലുള്ള ട്യൂഷൻ സെന്ററുകളെക്കുറിച്ചു പറയുന്നത്. അത്തരമൊരു സംവിധാനം ആവിഷ്കരിച്ചു വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഈ അധ്യാപകനിപ്പോൾ.

അഞ്ചു േകന്ദ്രങ്ങളിൽ

തിരുവനന്തപുരം ജില്ലയിലെ അഞ്ചു േകന്ദ്രങ്ങളിൽ ഇപ്പോൾ ട്യൂഷൻ െസന്ററുകൾ നടത്തിക്കൊണ്ടിരിക്കുന്നു. കരമന, വട്ടിയൂർക്കാവ്, േപട്ട, തിരുമലൈ, ഉച്ചക്കട എന്നിവിടങ്ങളിലാണു സെന്ററുകൾ. ഈ സ്ഥലങ്ങളിൽ ലഭ്യമായ വീടുകളുടെയോ കെട്ടിടങ്ങളുടെയോ ഭാഗവും അവിടത്തെ ഫർണിച്ചറുകളും ഉപയോഗിക്കുന്നു. സംരംഭകനെന്ന നിലയിൽ ഒരു ൈവറ്റ് ബോർഡും േപനകളും മാത്രമാണ് പുതിയതായി കണ്ടെത്തേണ്ടി വന്ന നിക്ഷേപം. അതുകൊണ്ടുതന്നെ യാതൊരു സാമ്പത്തിക ബാധ്യതകളും സൃഷ്ടിക്കാതെ കൂടുതൽ ട്യൂഷൻ സെന്ററുകൾ ആരംഭിക്കാൻ കഴിയുന്നു.

പ്രത്യേകതകൾ

∙  ആഴ്ചയിൽ രണ്ടു ദിവസം ഈ കേന്ദ്രങ്ങളിൽ പരിശീലനം നൽകുന്നു.

∙  അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ് തുടങ്ങി വിഷയങ്ങളിൽ മാത്രമാണു ക്ലാസ്.

∙ സ്ഥിരം അധ്യാപക ജോലിക്കു പുറമേയാണു ട്യൂഷൻ സെന്ററുകൾ നടത്തുന്നത്.

∙ ട്യൂഷനുകൾ ശനി, ഞായർ ദിവസങ്ങളിലും ഒഴിവുദിവസങ്ങളിലുമായി ക്രമീകരിക്കുന്നു. രാവിലെയും വൈകിട്ടുമാണു ക്ലാസ് സമയം.

∙ പ്ലസ് വൺ മുതൽ ബികോം, എംകോം, എംബിഎ വിദ്യാർഥികൾക്കു വരെ ട്യൂഷൻ നൽകുന്നു.

അധിക വരുമാനം 30,000 രൂപ

അഞ്ചു പരിശീലനകേന്ദ്രങ്ങളിൽ കൂടി 38 വിദ്യാർഥികളാണ് ഇപ്പോൾ ഉള്ളത്. 800 രൂപ മുതൽ 1,200 രൂപ വരെയാണു ഫീസ് ഇനത്തിൽ ഓരോ കുട്ടിയിൽ നിന്നും വാങ്ങുന്നത്. മറ്റു ചെലവുകൾ എല്ലാം കിഴിച്ച് പ്രതിമാസം 30,000 രൂപ ഈ സംരംഭത്തിലൂടെ ഉണ്ടാക്കാൻ കഴിയുന്നു. നിധിനെ സംബന്ധിച്ചിടത്തോളം ഇതൊരു അധികവരുമാനമാണ്.

പഴയകാലത്തെ പോലെ ട്യൂഷനു വരുന്നവരിൽ നിന്നു ഫീസ് വാങ്ങിയെടുക്കുന്നതിനു യാതൊരു പ്രയാസവും നേരിടുന്നില്ല എന്നത് എടുത്തു പറയണം. എത്ര അധ്വാനിക്കാമോ അത്രയും സമ്പാദിക്കാം എന്നതാണ് ഈ രംഗത്തെ സ്ഥിതി.

വിഴിഞ്ഞം മുക്കോല നെല്ലിക്കുന്നത്തു േദശമാണ് നിധിന്റെ സ്വദേശം. അവിവാഹിതനായ ഈ ചെറുപ്പക്കാരൻ ‘കുസാറ്റി’ൽ നിന്ന് എംബിഎ നേടി. ഫിനാൻസും ലോജിസ്റ്റിക്സും ആയിരുന്നു വിഷയങ്ങൾ. പഠിച്ചിറങ്ങി ആറു മാസം ടെക്നോപാർക്കിൽ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി െചയ്തു. അധ്യാപനത്തോടുള്ള താൽപര്യം കൊണ്ടാണു ജോലി രാജിവച്ച് അധ്യാപകനായത്. ഇപ്പോൾ ട്യൂഷൻ വഴി അധികം വരുമാനം കൂടി നേടാനാകുമ്പോൾ തിര​ഞ്ഞെടുത്ത വഴി തെറ്റായിപ്പോയില്ലെന്ന സന്തോഷവുമുണ്ട്.

ഭാവിപദ്ധതികൾ

എല്ലാ വിഷയങ്ങൾക്കും കോച്ചിങ് നൽകാൻ കഴിയുന്ന ഒരു യു–ട്യൂബ് ചാനൽ ആണ് അടുത്ത ലക്ഷ്യം. അതോടൊപ്പം പ്ലസ് വൺ മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർഥികൾക്കു ലളിതമായി പഠിക്കാൻ കഴിയുന്ന ഒരു സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുക്കണമെന്ന ആഗ്രഹവും മനസ്സിലുണ്ട്. നിധിൻ അതിന്റെ പ്രാരംഭ പ്രവർത്തനങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞു.

പുതുസംരംഭകർക്ക്

 മുതൽമുടക്കില്ലാതെ തന്നെ തുടങ്ങാമെന്നത് അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് ഇത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ആത്മവിശ്വാസം നൽകുന്നു. ചുറുചുറുക്കോടെ ഓടിനടന്നു പ്രവർത്തിക്കുന്നവർക്കു നന്നായി സമ്പാദിക്കാൻ കഴിയും. പരീക്ഷാസമയം അനുസരിച്ച് ട്യൂഷൻ ക്ലാസുകൾ ക്രമീകരിക്കുന്നതു പോലെയുള്ള ചെറിയ ബുദ്ധിമുട്ടുകൾ സംരംഭത്തിന്റെ ഭാഗമാണെങ്കിലും കൃത്യതയും വ്യക്തമായ പ്ലാനിങ്ങും നടപ്പിൽ വരുത്തിയാൽ അത്തരം അവസ്ഥകളെയൊക്കെ മറികടക്കാം.

ട്യൂഷൻ നൽകുന്ന വിഷയവുമായി ബന്ധപ്പെട്ട് നല്ല അറിവു അധ്യാപകനു വേണം. അതുപോലെ കാലോചിതവും സാങ്കേതികമികവും സംയോജിപ്പിച്ചു പ്രവർത്തിക്കാനായാൽ നല്ലത്. പലപ്പോഴും നമ്മുടെ അറിവുകളെ തേച്ചുമിനുക്കിയെടുക്കാനും മറവിയിലേക്കു വിടാതെ സൂക്ഷിക്കാനും ഇതുപോലുള്ള സംരംഭങ്ങൾ സഹായകരമാണ്. വിദ്യാർഥികളിൽനിന്നു വിലപ്പെട്ട നിർദേശങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. കണക്ക്, സയൻസ് വിഷയങ്ങൾക്ക് ട്യൂഷൻ രംഗത്തു വലിയ സാധ്യതകളാണുള്ളത്.

വിലാസം: 

നിധിൻ എസ്. രാജ്

സ്കിൽ സ്കൂൾസ്

ഗവ. ആയുർവേദ കോളജിന് എതിർ‌വശം    

തിരുവനന്തപുരം

Read more on Personal Finance Malayalam Viral News