അപകടം മൂലം ജോലി ചെയ്യാനാകാതെ വന്നതോടെയാണ് ബാലഗോപാൽ സ്വകാര്യ കമ്പനിയിൽനിന്നു രാജിവച്ചത്. തുടർന്നു പലരിൽനിന്നു കടം വാങ്ങേണ്ടി വന്നു. അപ്പോഴാണ് സുഹൃത്തായ രമേശ് ചോദിച്ചത് ഗ്രാറ്റുവിറ്റി കിട്ടിയില്ലേയെന്ന്? തനിക്കു ഗ്രാറ്റുവിറ്റിക്ക് അർഹത ഉണ്ടോ എന്ന സംശയം പോലും ബാലഗോപാലിന്റെ മനസ്സിലുയർന്നത് അപ്പോഴാണ്.
തുടർന്നു നടപടിക്രമങ്ങൾ പൂർത്തിയാക്കിയതോടെ ഒന്നര ലക്ഷത്തിലധികം രൂപ ഗ്രാറ്റുവിറ്റിയായി കിട്ടി. അത്യാവശ്യം കടങ്ങൾ വീട്ടി സ്വസ്ഥമാകാനും കഴിഞ്ഞു.
ഗ്രാറ്റുവിറ്റി സർക്കാർ ഉദ്യോഗസ്ഥർക്കല്ലേ, സ്വകാര്യജീവനക്കാർക്കില്ലല്ലോ എന്ന ചിന്തയാണ് ബാലഗോപാലിനുണ്ടായിരുന്നത്. സ്വകാര്യമേഖലയിലെ ജോലിക്കാരിൽ ഭൂരിപക്ഷത്തിനും ഇക്കാര്യത്തിൽ വലിയ ധാരണയില്ല. ഇത് അവസരമായി കണ്ട് മിക്ക സ്ഥാപനങ്ങളും ഗ്രാറ്റുവിറ്റി നൽകാറുമില്ല.
ആർക്കെല്ലാം കിട്ടും?
∙ അഞ്ചുവർഷം തുടർച്ചയായി സേവനമനുഷ്ഠിച്ചവർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ട്. 1972ലെ േപയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് സെക്‌ഷൻ 4 പ്രകാരം പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനം ഗ്രാറ്റുവിറ്റി നൽകണം. അത് തൊഴിൽലുടമയുടെ നിയമപരമായ ബാധ്യതയാണ്.
∙ കേന്ദ്ര ഗ്രാറ്റുവിറ്റി നിയമം വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, കമ്പനികൾ തുറമുഖം, പ്ലാന്റേഷൻ, ഓയിൽ ഫീൽഡ്, മൈൻ, മറ്റു സ്ഥാപനങ്ങൾ എന്നിങ്ങനെ എല്ലാവർക്കും ബാധകമാണ് (കേന്ദ്ര–സംസ്ഥാന ഗവൺമെന്റ് സർവീസുകൾക്കും അപ്രന്റീസുകൾക്കും വ്യത്യസ്ത നിയമങ്ങളുണ്ട്).
എപ്പോഴെല്ലാം ലഭിക്കും?
∙ റിട്ടയർ ചെയ്യുമ്പോൾ, സൂപ്പർ ആനുവേഷൻ എടുക്കുമ്പോൾ ,രാജിവയ്ക്കുമ്പോൾ, മരണമോ രോഗമോ അപകടമോ മൂലം ജോലി തുടരാനാകാത്ത സാഹചര്യത്തിൽ.
∙ മരിച്ചാലോ അംഗവൈകല്യം/രോഗം/അപകടം എന്നിവ മൂലം പിരിഞ്ഞാലോ അഞ്ചു വർഷം സർവീസ് ഇല്ലെങ്കിലും കിട്ടും. ജോലിയിൽ ഇരിക്കെ മരിച്ചാൽ നോമിനിക്ക് ആണ് അർഹത.
∙ സ്വഭാവദൂഷ്യം മൂലം പിരിച്ചുവിട്ടവർക്കു കിട്ടില്ല.
∙ പിരിഞ്ഞ് 30 ദിവസത്തിനുള്ളിൽ അപേക്ഷ നൽകണം. തൊഴിലുടമയ്ക്കാണ് അപേക്ഷ നൽകേണ്ടത്.
എങ്ങനെ കണക്കാക്കാം?
അവസാനം വാങ്ങിയ ശമ്പളവും സർവീസ് കാലയളവും അടിസ്ഥാനമാക്കിയാണു ഗ്രാറ്റുവിറ്റി. ഓരോ വർഷത്തിനും 15 ദിവസത്തെ ശമ്പളം എന്ന നിരക്കിൽ കണക്കാക്കും. ഡിഎ പരിഗണിക്കുമെങ്കിലും എച്ച്ആർഎ , ബോണസ്, സ്പെഷൽ അലവൻസ് തുടങ്ങിയവ പരിഗണിക്കില്ല. നാലു വർഷവും 240 പ്രവൃത്തി ദിവസവുമുണ്ടെങ്കിൽ അഞ്ചു വർഷം സർവീസ് പരിഗണിച്ച് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ട്. സർവീസ് കാലയളവ്, ആറുമാസത്തിൽ കൂടുതലുള്ള കാലയളവ്, ഒരു വർഷമായി കണക്കാക്കും. ഉദാ:11 വർഷം ഏഴു മാസം= 12 വർഷം, ഏഴുവർഷം അഞ്ചു മാസം= ഏഴു വർഷം
ഗ്രാറ്റുവിറ്റി = അവസാനം വാങ്ങിയ ശമ്പളം
(Basic pay + DA) x സർവീസ് കാലയളവ് x 15⁄26
എട്ടു വർഷവും ഏഴു മാസവും സർവീസ് ഉള്ളപ്പോൾ രാജിവച്ച തോമസിന്റെ ഗ്രാറ്റുവിറ്റി എങ്ങനെ കണക്കാക്കും എന്നു നോക്കാം. േബസിക് േപ–20,000, ഡിഎ–7,000, എച്ച്ആർഎ–2,000, മറ്റ് അലവൻസ് –5,000
20,000 +7,000×9×15⁄26= 1.4 ലക്ഷം
പരിധിയിൽ വരാത്തവർ
പത്തിൽ താഴെയാണു ജീവനക്കാരെങ്കിൽ സ്ഥാപനത്തിനു നിയമപരമായ ബാധ്യത ഇല്ല. പക്ഷേ തൊഴിലുടമയ്ക്കു താൽപര്യമുണ്ടെങ്കിൽ നൽകാം. ഇവിടെ അവസാന 10 മാസത്തെ ശരാശരി ശമ്പളം x പൂർത്തിയാക്കപ്പെട്ട സർവീസ് × 15⁄30 എന്നതാണ് ഫോർമുല. പൂർത്തിയാക്കിയ വർഷം പരിഗണിച്ചാൽ മതി.
ഉദാ: 14 വർഷവും എട്ടു മാസവും സർവീസ് ഉള്ള 22,000 രൂപ ശരാശരി ശമ്പളം (10 മാസത്തെ) ഉള്ള ഒരാളുടെ ഗ്രാറ്റുവിറ്റി= 22,000 ×15⁄30 ×14= 1,54,000 രൂപയാണ്.
പരമാവധി 20 ലക്ഷം
പരമാവധി 20 ലക്ഷം രൂപയാണ് (12.09.2017 മുതൽ) ലഭിക്കുക. േകന്ദ്ര ജീവനക്കാർക്ക് പരമാവധി 20 ലക്ഷം രൂപയും സംസ്ഥാന ജീവനക്കാർക്കു ഏഴു ലക്ഷം രൂപയുമാണ്. ഫോർമുലയനുസരിച്ചുള്ള ഗ്രാറ്റുവിറ്റിക്ക് നികുതി ബാധകമല്ല. അർഹിക്കുന്നതിലും അധികം തൊഴിലുടമയ്ക്ക് ഗ്രാറ്റുവിറ്റിയായി നൽകാം. ഈ തുക ശമ്പളം എന്ന ഹെഡിൽ നികുതി വിധേയമാണ്.
ഗ്രാറ്റുവിറ്റി നിഷേധിച്ചാൽ
സ്ഥാപനം ഉൾപ്പെടുന്ന സ്ഥലത്തെ അസിസ്റ്റന്റ് ലേബർ കമ്മിഷണർക്കാണു പരാതി നൽകേണ്ടത്. ഡപ്യൂട്ടി ലേബർ കമ്മിഷണർക്ക് അപ്പീലും നൽകാം. ലേബർ കോടതികളിലും പരാതിപ്പെടാം. ഗ്രാറ്റുവിറ്റി നൽകേണ്ട തീയതി മുതൽ സാദാപലിശ ലഭിക്കും •
ശ്രദ്ധിക്കുക
∙ പ്രൊബേഷൻ കാലാവധി പരിഗണിക്കും.
∙ ജോലിയിലിരിക്കുമ്പോൾ ലഭിക്കില്ല.
∙ ഒരു കോടതിയും അറ്റാച്ച് െചയ്യില്ല.
∙ ജീവനക്കാരൻ നാശനഷ്ടമുണ്ടാക്കിയാൽ ഗ്രാറ്റുവിറ്റിയിൽ നിന്നു തൊഴിലുടമയ്ക്ക് ഈടാക്കാം.
∙ അപ്രന്റീസുകൾ ഒഴികെയുള്ള ജീവനക്കാർക്കെല്ലാം അർഹത.
∙ രോഗം, അപകടം, ശമ്പളത്തോടെയുള്ള അവധി, lay off എന്നിവ മൂലമുള്ള സർവീസ് കുറവ് ഇളവു ചെയ്യും.
∙ ncacalculators.com, planmoneytax.com, easy calculation.com എന്നീ വെബ്സൈറ്റുകൾ വഴി ഗ്രാറ്റുവിറ്റി ഓൺലൈനായി കണക്കാക്കാം.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam, Business Success Stories