Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാങ്കുകളിൽനിന്നു വായ്പ: പരമാവധി തുക വാങ്ങാനും എളുപ്പത്തിൽ കിട്ടാനുമുള്ള വഴികൾ

Bank Loan Tips

ഏതാവശ്യത്തിനും വായ്‌പ നൽകാൻ ബാങ്കുകൾ തയാറാണ്. പക്ഷേ, ഒരാൾക്ക് എത്ര രൂപവരെ കിട്ടും? എന്താണ് മാനദണ്ഡം?

ഇതിനു ബാങ്കുകൾ പ്രധാനമായും രണ്ടു രേഖകളാണു പരിശോധിക്കുന്നത്. സാലറി സ്ലിപ്പും ചുരുങ്ങിയത് ആറുമാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റും. ഇതിന്റെ അടിസ്ഥാനത്തിൽ എത്രരൂപവരെ പ്രതിമാസ തവണയായി അടയ്‌ക്കാൻ പറ്റും എന്ന് ബാങ്ക് വിലയിരുത്തും. എന്നിട്ടാണ് എത്രമാത്രം വായ്‌പത്തുകയ്‌ക്ക് അർഹതയുണ്ടെന്നു കണക്കാക്കുന്നത്.

മാസവരുമാനത്തിന്റെ അല്ലെങ്കിൽ ശമ്പളത്തിന്റെ 60–70 ഇരട്ടിവരെ തുക പഴ്‌സനൽ ലോണിൽ ലഭിക്കും. എന്നാൽ നിലവിൽ നിങ്ങൾക്കു മറ്റു വായ്‌പകളോ കടബാധ്യതയോ ഉണ്ടെങ്കിൽ അത്രയും തുക ലഭിക്കില്ല. നിലവിലുള്ള വായ്‌പയുടെ പ്രതിമാസ തവണകൾ നിങ്ങളുടെ അറ്റമാസ വരുമാനത്തിൽനിന്നു കുറയ്‌ക്കും. ഇങ്ങനെ കിട്ടുന്ന മാസവരുമാനത്തിന്റെ നിശ്ചിത ഇരട്ടി തുക വായ്‌പ ലഭിക്കും.

ഇനി അറ്റ ശമ്പളം കണക്കാക്കുമ്പോൾ അതിൽ പ്രതിമാസ ലീവ്– ട്രാവൽ അലവൻസ്, മെഡിക്കൽ അലവൻസ് തുടങ്ങിയവ ഒഴിവാക്കും. പ്രോവിഡന്റ് ഫണ്ടിലേക്കുള്ള അടവ്, ടി.ഡിഎസ് പിടിത്തം എന്നിവയും ഒഴിവാക്കും. ഇത്തരത്തിൽ കിഴിവുകളെല്ലാം ഒഴിവാക്കിയുള്ള അറ്റ ശമ്പളമാണ് പരിഗണിക്കുക. പ്രതിമാസ ശമ്പളത്തിന്റെ 50 ശതമാനത്തിൽ കൂടുതൽ പ്രതിമാസ തവണ വരുന്ന രീതിയിൽ വായ്‌പ തരില്ല. ഇക്കാര്യത്തിനു പുതുതായി എടുക്കുന്ന വായ്‌പാ ഇഎംഐ മാത്രമല്ല, നിലവിലുള്ള വായ്‌പകളുടെ ഇഎംഐയും പരിഗണിക്കും.

അർഹത കൂട്ടാനുള്ള വഴികൾ

വായ്‌പത്തുക വർധിപ്പിക്കാൻ ചില വഴികൾ പരീക്ഷിച്ചു നോക്കാവുന്നതാണ്. കാലാവധി കൂടുതൽ വർഷത്തേക്കു തിരഞ്ഞെടുക്കുക എന്നതാണ് അതിലൊന്ന്. പക്ഷേ, കാലാവധി കൂടുംതോറും പലിശബാധ്യതയും കൂടും. അധിക പലിശഭാരം വഹിക്കാൻ തയാറാണെങ്കിൽ ഉയർന്ന കാലാവധിയിൽ വായ്‌പ എടുക്കാം. നിങ്ങളുടെ അറ്റശമ്പളം ആഗ്രഹിക്കുന്ന തുക ലഭിക്കാൻ അപര്യാപ്‌തമാണ് എങ്കിൽ സ്ഥിരവരുമാനമുള്ള ഭാര്യ, മാതാപിതാക്കൾ എന്നിവരിൽആരെങ്കിലുമായി ചേർന്ന് വായ്‌പയ്‌ക്കു സംയുക്തമായി അപേക്ഷ നൽകുകയാണെങ്കിലും കൂടുതൽ തുക ലഭിക്കും.

പുതിയ വായ്‌പ എടുക്കുന്നതിന് അപേക്ഷിക്കും മുൻപു നിലവിലുള്ള വായ്‌പ അടച്ചുതീർക്കാൻ പറ്റുമോ എന്നു നോക്കുക. അങ്ങനെയെങ്കിൽ നിങ്ങളുടെ മാസവരുമാനത്തിൽനിന്നു നിലവിലുള്ള വായ്‌പാ ഇഎംഐ കുറയ്‌ക്കുന്നതും അതിലൂടെ മാസവരുമാനം കുറയുന്നതും ഒഴിവാക്കാം.

തനിക്കു  വരുന്ന മാസച്ചെലവ് കമ്പനി വഹിക്കുന്നു എന്നു ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ നിങ്ങളുടെ കൈയിൽനിന്ന് അത്രയും തുക ചെലവാകില്ലെന്ന വിലയിരുത്തലിൽ നിങ്ങളുടെ ക്രയശേഷി ഉയർന്ന നിലയിലുള്ളതായി കണക്കാക്കുകയും കൂടുതൽ തുക വായ്പയായി അനുവദിക്കുകയും ചെയ്യും. 

Read More on Personal Finance