ജീവിതകാലം മുഴുവൻ സ്വരുക്കൂട്ടിയ സമ്പാദ്യം തർക്കങ്ങളിലും ചുവപ്പു നാടകളിലും കുരുങ്ങി അന്യാധീനപ്പെടാതിരിക്കാൻ ലളിതവും ഫലപ്രദവുമായ സംവിധാനമാണ് നോമിനേഷൻ. അധ്വാനിക്കുന്നതിനും വരുമാനമുണ്ടാക്കുന്നതിനും പണം മിച്ചം പിടിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും കാണിക്കുന്ന ശുഷ്കാന്തി നോമിനേഷൻ കാര്യത്തിലും വേണം.
ബാങ്ക് അക്കൗണ്ടിലെ പണം മാത്രമല്ല, ലോക്കറുകളിലെ വിലപിടിപ്പുള്ള വസ്തുക്കളും മരണശേഷം ആർക്കു കൈമാറണമെന്നു തീർച്ചപ്പെടുത്താൻ നോമിനേഷൻ സഹായിക്കുന്നു. ബാങ്കിൽ അക്കൗണ്ട് തുറക്കാനുള്ള അപേക്ഷയിൽ നോമിനേഷനുള്ള ഭാഗമുണ്ട്. അതു വ്യക്തമായി പൂരിപ്പിക്കണം. നോമിനേഷൻ സ്വീകരിക്കുമ്പോൾ ബാങ്ക് ഉദ്യോഗസ്ഥൻ ഒപ്പിട്ട് സീൽ വച്ച് രസീത് നൽകും. നോമിനേഷൻ റജിസ്റ്റർ ചെയ്യുക എന്നാണിതിനു പറയുക. ബാങ്കിൽ സൂക്ഷിക്കുന്ന നോമിനേഷൻ റജിസ്റ്ററുകളിലും ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തണമെന്നാണു നിയമം.
വ്യക്തികളുടെ പേരിൽ തുടങ്ങുന്ന അക്കൗണ്ടുകളിലും ലോക്കറുകളിലും നോമിനേഷൻ സൗകര്യം ലഭ്യമാണ്. കമ്പനി ഡയറക്‌ടർ, ക്ലബ് ഭാരവാഹി എന്നീ നിലകളിൽ തുറക്കുന്ന അക്കൗണ്ടുകളിൽ ലഭ്യമല്ല. ഒരൊറ്റ വ്യക്തി പ്രൊപ്രൈറ്റർ എന്ന നിലയിൽ തുടങ്ങിയ അക്കൗണ്ടുകളിലും നോമിനേഷൻ സൗകര്യം ലഭിക്കും.
നോമിനേഷൻ മാറ്റാം
അക്കൗണ്ടുടമ ജീവിച്ചിരിക്കുമ്പോൾത്തന്നെ നിലവിലെ നോമിനേഷൻ റദ്ദ് ചെയ്‌ത് മറ്റൊരാളെ നോമിനിയായി നിർദേശിക്കാവുന്നതാണ്. ഒരേ ബാങ്കിലെ വ്യത്യസ്ത അക്കൗണ്ടുകളിൽ ഒരേ വ്യക്തിയെയോ വ്യത്യസ്ത വ്യക്തികളെയോ നോമിനിയാക്കാം.
നോമിനേഷനില്ലാതെ മരിച്ചാൽ
ഒരു ലക്ഷം രൂപ വരെയുള്ള അക്കൗണ്ടിൽ നോമിനേഷൻ ഇല്ലാതെ ഉടമ മരിച്ചാൽ അനന്തരാവകാശികൾ എല്ലാവരും കൂടി ഒരുമിച്ച് അപേക്ഷിച്ചാൽ തുക ലഭിക്കും. അനന്തരാവകാശികളെ തിരിച്ചറിയാനുള്ള രേഖകൾ ഹാജരാക്കേണ്ടി വരും എന്നുമാത്രം. ഇവിടെ സമ്മതരായ പൊതുപ്രവർത്തകരുടെ സാക്ഷ്യപത്രം, വില്ലേജ് ഓഫിസിൽനിന്നോ പഞ്ചായത്തിൽനിന്നോ ഉള്ള തിരിച്ചറിയൽ രേഖകൾ എന്നിവ സ്വീകരിക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്. അപേക്ഷകരിൽനിന്ന് ഒരു ഇൻഡെമിനിറ്റി കത്തു മാത്രം വാങ്ങി മിക്ക ബാങ്കുകളും പണം നൽകാറുമുണ്ട്.
ഒരു ലക്ഷത്തിലധികം രൂപ അക്കൗണ്ടിലുണ്ടെങ്കിൽ കോടതികളിൽനിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ പണം ലഭിക്കൂ.കാലാവധിക്കു മുൻപേ അക്കൗണ്ടുടമ മരിച്ചാൽ കാലാവധിയെത്തുന്നതുവരെ കാത്തിരിക്കാതെ സ്ഥിരനിക്ഷേപം അനന്തരാവകാശികൾക്കു പിഴ കൂടാതെ തന്നെ വാങ്ങിയെടുക്കാം.
ജോയിന്റ് അക്കൗണ്ടിൽ
ജോയിന്റ് അക്കൗണ്ടുകളിൽ നോമിനേഷൻ നിർബന്ധമല്ല. അക്കൗണ്ടുടമകളിൽ ഒരാൾ മരിച്ചാൽ ജീവിച്ചിരിക്കുന്നയാൾക്ക് അക്കൗണ്ട് നടത്തിക്കൊണ്ടു പോകാം എന്നതിനാലാണിത്.
ഒരാളുടെ മരണശേഷം തുടർ നടത്തിപ്പ് ആരിൽ നിക്ഷിപ്‌തമാകും എന്നത് അക്കൗണ്ട് തുറക്കുമ്പോഴേ നിശ്ചയിക്കാം. എയ്‌തർ ഓർ സർവൈവർ, ഫോർമർ ഓർ സർവൈവർ, ലാറ്റർ ഓർ സർവൈവർ എന്നിങ്ങനെ മൂന്നു രീതിയിൽ ഇതു ചെയ്യാം.
ഏത് അക്കൗണ്ടാണെങ്കിലും ഒരാൾ മരിച്ചാൽ ജീവിച്ചിരിക്കുന്നവർക്കു അക്കൗണ്ട് തുടർന്നു നടത്തുകയോ നിർത്തലാക്കി പണം പിൻവലിക്കുകയോ ചെയ്യാം. എന്നാൽ ജീവിച്ചിരിക്കുന്ന എല്ലാവരും ഒപ്പിട്ടു നൽകിയാലേ പണം പിൻവലിക്കാനാകൂ. നിക്ഷേപ കാലാവധി എത്തും മുൻപു ജീവിച്ചിരിക്കുന്നവർക്കു പണം പിൻവലിക്കണമെങ്കിൽ മരണമടഞ്ഞയാളുടെ അനന്തരാവകാശികളും ജീവിച്ചിരിക്കുന്ന അക്കൗണ്ടുടമകൾക്കൊപ്പം ആവശ്യപ്പെടണം.
അതിനാൽ ജോയിന്റ് അക്കൗണ്ടുകളിലും നോമിനേഷൻ നടത്താൻ ശ്രദ്ധിക്കണം. കാലാവധി എത്തും മുൻപ് നിക്ഷേപം പിൻവലിക്കുന്നതുൾപ്പെടെ മേൽപറഞ്ഞ കാര്യങ്ങളെക്കുറിച്ചു അക്കൗണ്ട് തുടങ്ങുമ്പോൾത്തന്നെ ബാങ്കുകൾക്കു കത്തു നൽകാം
മൈനർ നോമിനിയാകുമ്പോൾ
പ്രായപൂർത്തിയാകാത്തവരുടെ പേരിലാണു നോമിനേഷനെങ്കിൽ കൂടുതൽ ശ്രദ്ധിക്കണം. ഇവിടെ അക്കൗണ്ടുടമ മരിച്ചാൽ തുക സ്വീകരിക്കുന്നതിനു പ്രായപൂർത്തിയായ ഒരാളെ നിർദേശിക്കണം. മൈനർ പ്രായപൂർത്തിയാകുന്നതുവരെ ആ വ്യക്തിയുടെ പേരിൽ നിക്ഷേപം നിലനിർത്താം. അല്ലെങ്കിൽ മൈനറുടെ ആവശ്യങ്ങൾക്കായി വിനിയോഗിക്കാം.
നോമിനിക്കു പണം കൈപ്പറ്റാൻ
അക്കൗണ്ടുടമയുടെ മരണരേഖകൾ സഹിതം അപേക്ഷ നൽകിയാൽ 15 ദിവസത്തിനുള്ളിൽ പണം നോമിനിക്കു നൽകിയിരിക്കണം എന്നാണ് റിസർവ് ബാങ്ക് ചട്ടം. പണം സ്വീകരിക്കുന്നയാളുടെ തിരിച്ചറിയൽ രേഖകളും നൽകണം.
പണം അനന്തരാവകാശികൾക്ക്
മരണമടഞ്ഞയാളുടെ നിയമപരമായ അനന്തരാവകാശികൾക്കു നൽകാനായി ബാങ്കിൽനിന്നു പണം സ്വീകരിക്കുക എന്ന ഉത്തരവാദിത്തമേ നോമിനിക്കുള്ളൂ. അതായത്, ഒരു ട്രസ്റ്റി എന്ന നിലയിൽ ബാങ്കിൽനിന്നു പണം കൈപ്പറ്റി യഥാർഥ അനന്തരാവകാശികൾക്കു വീതിച്ചു നൽകേണ്ടത് നോമിനിയുടെ ചുമതലയാണ്.
നോമിനി അനന്തരാവകാശി കൂടിയാണെങ്കിൽ ആനുപാതികമായി ലഭിക്കേണ്ട തുകയ്ക്കു മാത്രമേ നോമിനിക്ക് അർഹതയുള്ളൂ. ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ ബാങ്കിൽനിന്നു സ്വീകരിച്ച് അനന്തരാവകാശികൾക്കു വിതരണം ചെയ്യണ്ടതും നോമിനിയാണ്.
( പ്രമുഖ കോളമിസ്റ്റും വേൾഡ് ബാങ്ക് കൺസൾട്ടന്റുമാണ് ലേഖകൻ )
Read More: Sampadyam, Bank Account