നാടൻ രുചിയിലൂടെ ഈ ദമ്പതികൾക്ക് ഒരു ലക്ഷം വരുമാനം!

ശ്രീദേവി സുരേഷ് നാഥ്

ഭാര്യയും ഭർത്താവും ചേർന്ന് നല്ലൊരു കുടുംബസംരംഭമായാണ് തിരുവോണം മിൽസ് നടത്തുന്നത്. ‘ Mrs. നളൻസ്’ എന്ന  ബ്രാൻഡിൽ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നു. തൃശൂർ ജില്ലയിലെ എടക്കുളം എന്ന സ്ഥലത്താണ് പ്രവർത്തിക്കുന്നത്.

പാചകം ചെയ്യാൻ തയാർ, തിന്നാൻ തയാർ എന്നീ ഗണങ്ങളിൽപെട്ട ഏതാനും ഉൽപന്നങ്ങളാണ് ഇവർ ഉണ്ടാക്കി വിൽക്കുന്നത്. സ്റ്റീം പുട്ടുപൊടി, സ്റ്റീം റാഗിപ്പൊടി, ഇഡ്ഡലിപ്പൊടി, ദോശപ്പൊടി, അവലോസ് പൊടി, േതങ്ങാ ചമ്മന്തിപ്പൊടി, െചമ്മീൻ ചമ്മന്തിപ്പൊടി, ഇഡ്ഡലി–ദോശ ചമ്മന്തിപ്പൊടി, അരിപ്പൊടികൾ, കറിമിക്സുകൾ എന്നിവയാണ് പ്രധാനപ്പെട്ടവ. ഈസി സാമ്പാർ മിക്സ് ഒരു സ്പെഷൽ ഐറ്റമാണ്. തിളപ്പിച്ച വെള്ളത്തിൽ മിക്സ് ചെയ്ത്, പച്ചക്കറി ഇട്ട് തിളപ്പിച്ചാൽ സാമ്പാർ ആയി. 

ഇതുകൂടാതെ അരിപ്പൊടി, മുളക്, മല്ലി, മൈദ, റവ എന്നിവയുടെ വിതരണവും ഉണ്ട്. അരി കഴുകി സ്റ്റീം ചെയ്ത് വറുത്തു പൊടിക്കുന്നതിനാൽ ഇതുപയോഗിച്ച് ഉണ്ടാക്കുന്ന എന്തിനും നല്ല മാർദവം ആയിരിക്കും.

മൂന്നു വർഷമായി സംരംഭം നടത്തുന്നു. ശ്രീദേവിയുടെ പിതാവ് ഏതാനും വർഷങ്ങൾ ഒരു ഫ്ലവർമിൽ നടത്തിയിരുന്നു. ഇതിൽനിന്ന് ഒരു പ്രത്യേക താൽപര്യം ജനിച്ചു. മണ്ണുത്തി അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, NIT കോഴിക്കോട് എന്നിവിടങ്ങളിൽ പഴം പച്ചക്കറി സംസ്കരണത്തിൽ ലഭിച്ച പരിശീലനം തുണയായി. അങ്ങനെയാണ് ഇത്തരം നാടൻ ഉൽപന്നങ്ങളുടെ നിർമാണത്തിലേക്കു കടക്കുന്നത്.

20 ലക്ഷം രൂപയുടെ നിക്ഷേപം

വീടിന് അടുത്തുതന്നെ സ്വന്തമായി വാങ്ങിയ സ്ഥലത്താണു സ്ഥാപനം പ്രവർത്തിക്കുന്നത്. െകട്ടിടം സ്വന്തം നിലയിൽത്തന്നെ നിർമിച്ചു. ആവശ്യമായ മെഷിനറികളും സ്ഥാപിച്ചിട്ടുണ്ട്. റൈസ് വാഷർ, ബ്രോയിലർ, സ്റ്റീമർ. പൾവറൈസറുകൾ (മൂന്നെണ്ണം) റോസ്റ്റർ, കണ്ടിന്യൂവസ് സീലർ, ഹാൻഡ് സീലർ, എന്നിവയാണ് പ്രധാന മെഷിനറികൾ. സ്ഥാപനത്തിൽ ഏഴു പേർ പണിയെടുക്കുന്നു. ഞായറാഴ്ചയും സ്ഥാപനം പ്രവർത്തിക്കുന്നു. ഓർഡർ പ്രകാരം പുട്ട്, നെയ്യപ്പം, അട, അപ്പം, വട എന്നീ പലഹാരങ്ങളും ഉണ്ടാക്കി നൽകുന്നു. ശ്രീദേവി ഡ്രാഫ്റ്റ്സ്മാൻ സിവിലും സുരേഷ് നാഥ് (ഭർത്താവ്) മെക്കാനിക്കൽ ഡിപ്ലോമക്കാരനും ആണ്. മകൻ ആഷിത്ത് ബിഎസ്‌സി ഫുഡ് ടെക്നോളജിയും മകൾ അഞ്ജലി എംഎസ്‌‍സി ഫുഡ് ടെക്നോളജിയും കഴിഞ്ഞവരാണ്.

ഷോപ്പുകളിലൂടെ വിൽപന

പ്രധാന വിൽപനകൾ ഷോപ്പുകളിലൂടെ നേരിട്ടാണ്. ഉൽപന്നങ്ങളുമായി നേരിട്ടു വണ്ടിയിൽ പോയി ഓർഡർ അനുസരിച്ച് സപ്ലൈ ചെയ്യുന്നു. സൂപ്പർ മാർക്കറ്റുകളിൽ ബിസിനസ് ചെയ്യുന്നില്ല. ഓർഡർ പിടിച്ചു വിൽക്കാൻ ശ്രമിച്ചിട്ടില്ല. സ്പോട്ട് വിൽപന ഉണ്ട്. ക്രെഡിറ്റ് ആവശ്യപ്പെടാറുണ്ടെങ്കിലും നൽകാറില്ല. കാഷ് ആൻഡ് ക്യാരി അടിസ്ഥാനത്തിൽ മാത്രമാണു വിൽപന. നല്ല വിതരണ പാർട്ടികളെ ലഭിച്ചാൽ ഏൽപിക്കുവാൻ ഉദ്ദേശ്യമുണ്ട്. ഈ രംഗത്തു മത്സരം നിലനിൽക്കുന്നു. എങ്കിലും മെച്ചപ്പെട്ട അവസരങ്ങൾ ലഭിക്കുന്നുണ്ട്.

30 ശതമാനം വരെ ലാഭം

മൂന്നു–നാലു ലക്ഷം രൂപയുടെ ശരാശരി വിൽപന നടക്കുന്നു. 30 ശതമാനം വരെ അറ്റാദായം കിട്ടുന്ന ബിസിനസാണ് ഇത്. പ്രഭാതഭക്ഷണം (നാടൻ ഭക്ഷണം) സപ്ലൈ തുടങ്ങണം. ഇപ്പോൾ 500 കിലോഗ്രാം ആണ് പ്രതിദിനം ഉണ്ടാക്കുന്നത്. ഇത് 2,000 ആക്കി ഉയർത്തണം. കയറ്റുമതി ഉപയോഗപ്പെടുത്തണം. അങ്ങനെ വലിയ ലക്ഷ്യങ്ങളാണ് ശ്രീദേവിക്ക് ഇനിയുള്ളത്.

പ്രധാന ഗുണവിശേഷങ്ങൾ

∙ ക്വാളിറ്റി നന്നാക്കാനും നിലനിർത്താനും ശ്രമിക്കുന്നു.

∙ അസംസ്കൃതവസ്തുക്കൾ മൂന്നു ഘട്ടങ്ങളിലായി വൃത്തിയാക്കി ഗുണമേന്മ ഉറപ്പാക്കുന്നു.

∙ പശ ഇല്ലാത്ത അരി വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.

∙ സ്വന്തം നിലയിൽ പ്രോസസിങ്.

∙ ചൂട് ആറിയാലും മൃദുത്വം നിലനിൽക്കുന്ന ഉൽപന്നങ്ങൾ. 

∙ ദോശ ഇഡ്ഡലിപ്പൊടി അധികം പുളിക്കില്ല. ‘ട്രേഡ് സീക്രട്ടാണ്. കാരണം പറയില്ല.’

∙ തനതായ നാടൻ രുചി സംരക്ഷിക്കാൻ ശ്രമിക്കുന്നു.

∙ ഫ്രഷ് ആയി സപ്ലൈ ചെയ്യുന്നു.

വിലാസം

ശ്രീദേവി സുരേഷ് നാഥ്  

തിരുവോണം മിൽസ് 

എടക്കുളം പി.ഒ., തൃശൂർ –680 688

Read more: Lifestyle Malayalam MagazineBeauty Tips in Malayalam