ഇന്റർനെറ്റും ഓൺലൈനുമൊക്കെ ഏതൊരു വിദ്യാർഥിയെയും പോലെ ഈശ്വറിനും താൽപര്യമുള്ള വിഷയമായിരുന്നു. എന്നാൽ പഠനത്തോടൊപ്പം പോക്കറ്റ് മണിക്ക് അതൊരു വഴിയാകുമെന്നു തീരെ വിചാരിച്ചില്ല. അയൽപക്കത്തുള്ള ചേട്ടൻ ഓൺലൈനിലൂടെ കാശുണ്ടാക്കുന്നതു കണ്ടപ്പോഴാണ് ഡേറ്റ വാങ്ങി കാശുകളയലു മാത്രമല്ല കാശു സമ്പാദിക്കാനും ഇന്റർനെറ്റിൽ വഴികളുണ്ടെന്നു മനസിലായത്.
പിന്നെയാ ചേട്ടനെ വിടാതെ പിടിച്ചു. സംഗതികളുടെ വശങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി. അദ്ദേഹം തന്നെയാണ് ബ്ലോഗിങ്ങാണ് ഈശ്വറിനു പറ്റിയ പണിയെന്നു പറഞ്ഞു കൊടുത്തത്. അങ്ങനെ ഏറെ താൽപര്യമുള്ള സിനിമയും ടെക്നോളജിയും തിരഞ്ഞെടുത്ത് ബ്ലോഗിങ് തുടങ്ങി. 2014 ൽ ബികോം രണ്ടാം വർഷം പഠിക്കുമ്പോഴായിരുന്നു തുടക്കം. ആദ്യകാലത്ത് ഒരു വരുമാനവും കിട്ടിയില്ല. പിന്നെ പതുക്കെപ്പതുക്കെ കാര്യങ്ങളെല്ലാം പഠിച്ചു വന്നപ്പോൾ ചെറിയ ചെറിയ തുകകൾ ലഭിച്ചു തുടങ്ങി.
ഇപ്പോൾ ഏകദേശം 12,000 രൂപ വരെ പ്രതിമാസം ലഭിക്കുന്നുണ്ട്. യുട്യൂബിൽ ചെയ്തിരുന്ന കാലത്ത് 560 ഡോളർ വരെ കിട്ടിയിരുന്നെങ്കിലും സമീപകാലത്ത് ചില നിയന്ത്രണങ്ങൾ വന്നതോടെ യുട്യൂബ് വിട്ടു. യുട്യൂബിൽ ചാനലുണ്ടാക്കി വിഡിയോ അപ് ലോഡ് ചെയ്യുമ്പോൾ അതിന് ആഡ്സെൻസ് വഴി പരസ്യവരുമാനം കിട്ടുന്നതു പോലെയാണ് ബ്ലോഗിങ്ങിലും വരുമാനം വരുന്നത്. നമ്മൾ എഴുതുന്ന വിഷയം, അത് എത്രപേർ കാണുന്നുവെന്നും ലൈക്കും ഷെയറും ചെയ്യുന്നുവെന്നതും വരുമാനം വർധിപ്പിക്കും.
കണ്ടന്റിനൊപ്പമുള്ള പരസ്യങ്ങൾ തന്നെയാണ് ഇവിടെയും വരുമാനം നേടിത്തരുന്നത്. ട്രാഫിക് ഉള്ള സമയം നോക്കി വേണം അപ്ഡേറ്റുകൾ. അതുപോലെ പോപ് അപ്, ലൈക്ക്, ഷെയർ തുടങ്ങി സാധ്യതകൾ പ്രയോജനപ്പെടുത്തുകയും വേണം.
ഇംഗ്ലീഷിലെഴുതുന്നതാണ് കൂടുതൽ വരുമാനം കിട്ടാൻ സഹായിക്കുന്നത്. ഗ്രാമറും ഭാഷയിലുള്ള പ്രാവീണ്യവും പ്രധാനമാണ്. പുതുതായി ഈ രംഗത്തേക്ക് വരുന്നവർ തൊട്ടടുത്ത ദിവസം മുതൽ വരുമാനം പ്രതീക്ഷിക്കരുത്. കുറഞ്ഞത് ആറ് മാസമെങ്കിലും കാത്തിരിക്കേണ്ടി വരും. അതുപോലെ അറിവും താൽപര്യവുമുള്ള മേഖലയിൽ വേണം ബ്ലോഗിങ് തുടങ്ങാൻ. ആഡ്സെൻസ് വഴിയാണ് വരുമാനം വരുന്നത്. ബാങ്ക് ഡീറ്റെയിൽസും പാൻകാർഡ് നമ്പറും കൊടുക്കുക. ഈ മാസത്തെ പ്രതിഫലം അടുത്ത മാസം 21–ാം തീയതി ആകുമ്പോഴേക്കും അക്കൗണ്ടിലേക്ക് എത്തും.
ഈശ്വർ വിജയ്
തേനൂരാൻ ഹൗസ്
നീറിക്കോട് പി ഒ
എറണാകുളം
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam