പണം, പലിശയില്ലാതെ മുടക്കച്ചിട്ടിയിലൂടെ

ഗൾഫിൽനിന്നു നാട്ടിലെത്തിയ മനോജിന് പുതിയ ഒരു കാർ വാങ്ങിക്കണമെന്നു തോന്നി. പഴയതു വിറ്റപ്പോൾ കിട്ടിയ രണ്ടു ലക്ഷവും ബാങ്ക് എസ്ബിയിലെ ഒരു ലക്ഷമടക്കം കയ്യിൽ മൊത്തം മൂന്നു ലക്ഷം രൂപയുണ്ട്. പുതിയ കാറിന് ഏഴു ലക്ഷം രൂപയാകും. നാലു ലക്ഷം രൂപ വായ്പ എടുക്കാമെന്നു നിശ്ചയിച്ചു. കുറഞ്ഞ പലിശ വാഗ്ദാനം ചെയ്ത ബാങ്കിൽ നേരിൽ ചെന്ന് അന്വേഷിച്ചപ്പോൾ പ്രോസസിങ് ചാർജ് ഉണ്ടെന്നും അഞ്ചു വർഷം കൊണ്ട് വലിയൊരു തുക പലിശയിനത്തിൽ അടയ്‌ക്കേണ്ടി വരുമെന്നും ബോധ്യമായി.

അപ്പോഴാണ്, മുടങ്ങിക്കിടക്കുന്ന ചിട്ടിയിൽ ഒരുമിച്ചു പണമടച്ച് അംഗമായാൽ (Substitution) വളരെ ലാഭകരമായി ആവശ്യത്തിനു പണം കിട്ടുമെന്നറിഞ്ഞത്. സ്കൂളിൽ കണക്ക് പഠിപ്പിക്കുന്ന ആന്റോ മാഷ് പറഞ്ഞ കാര്യം ടീച്ചറായ ഭാര്യയാണ് മനോജിനോട് പറഞ്ഞത്.

പിറ്റേന്നു തന്നെ മനോജ് കെഎസ്എഫ്ഇ ശാഖയിൽ പോയി അന്വേഷിച്ചു. മാസം 10,000 രൂപ  അടയ്‌ക്കേണ്ട 10 ലക്ഷം രൂപ സലയുള്ള ചിട്ടിയിൽ മുടക്കു വന്ന ടിക്കറ്റ് ഉണ്ടെന്നറിഞ്ഞു.

മാസത്തവണ= 10,000 (ലേലക്കിഴിവ് കുറച്ചുള്ള സംഖ്യ മതി).

ചിട്ടിയുടെ കാലാവധി =  100 മാസം

പൂർത്തിയായ കാലാവധി =  56 മാസം

ബാക്കിയുള്ള കാലാവധി =  44 മാസം

ആ മുടങ്ങിയ ചിട്ടി ടിക്കറ്റിൽ പകരക്കാരനായി ഇപ്പോൾ ചേരാൻ 4,41,000 രൂപ അടയ്ക്കണം. 57 ഗഡുക്കളിലായി മൊത്തം അടയ്ക്കേണ്ട 5,70,000 രൂപയ്ക്കു പകരം  4,41,000 രൂപ അടച്ചാൽ മതി. ഈ ചിട്ടിയിലെ ഇതുവരെയുള്ള ഡിവിഡൻഡ് അഥവാ ലേലക്കിഴിവ് 1,29,000 രൂപയാണ്. അതു കഴിച്ച ശേഷമുള്ള തുകയാണ് അടയ്ക്കേണ്ടത്. ചിട്ടിയുടെ ലാഭം എന്നത് ഈ ഡിവിഡൻഡാണ്.

കഴിഞ്ഞ മാസം ചിട്ടി ലേലം ചെയ്തെടുത്ത ആൾക്കു ലഭിച്ച തുക =  8,37,000.

മനോജ് 4,41,000 രൂപയടച്ച് ഈ ചിട്ടി സബ്സ്റ്റിട്യൂട്ട് ചെയ്തു (തലേ ദിവസമെങ്കിലും മുഴുവൻ തുകയും അടച്ചാലേ ലേലത്തിൽ പങ്കെടുക്കാനാകൂ). അടുത്ത ദിവസത്തെ ലേലത്തിൽ 8,43,000 രൂപയ്ക്കു ചിട്ടി വിളിച്ചെടുക്കുകയും ചെയ്തു.

ചിട്ടിസംഖ്യ എങ്ങനെ ലഭ്യമാകും?

ലേലം വിളിച്ചെടുത്തതിന്റെ അടുത്ത മാസമാണ്  പണം ലഭ്യമാകുക. അടച്ച തുക കഴിച്ചുള്ളതിനു   ജാമ്യം നൽകിയാൽ മുഴുവൻ തുകയും ലഭ്യമാകും. ജാമ്യം നൽകിയില്ലെങ്കിൽ ബാക്കി സംഖ്യ ബാങ്ക് അക്കൗണ്ടിലേക്കു നിക്ഷേപമായി മാറ്റി നൽകും.

ഇവിടെ ഇനിയുള്ള ബാധ്യത എന്നത് 42 ഗഡുക്കളിലായി 4,20,000 (42x10,000) രൂപയാണ്. അതായത്, ഇനി അടയ്ക്കാനുള്ള തുക.

കിഴിവ് കണക്കിലെടുക്കാതെയുള്ളതാണിത്. ചിട്ടി വിളിച്ചെടുത്ത 8,43,000 രൂപയിൽനിന്നു 4,20,000 രൂപ  നിക്ഷേപമാക്കി, ബാക്കിയുള്ള സംഖ്യ മനോജിന് ലഭ്യമാകും. KSFE യിൽ മുതിർന്ന പൗരന്മാർക്കും   മറ്റുള്ളവർക്കും ഏഴര ശതമാനമാണ് പലിശ. ഇത് പല  ബാങ്കുകളിലെയും പലിശയെക്കാൾ കൂടുതലാണ്.

പതിനഞ്ചു പവനോളം സ്വർണവും രണ്ട്    എൽഐസി പോളിസികളും ജാമ്യമായി നൽകിയപ്പോൾ മനോജിനു മുഴുവൻ തുകയും കയ്യിൽ കിട്ടി. 8,43,000 രൂപയിൽനിന്നു 6,000 രൂപ ജിഎസ്ടി  ഈടാക്കിയ ശേഷം മനോജിന് കയ്യിൽ കിട്ടിയ തുക 8,37,000  രൂപ.

ഇനി മനോജിന്റെ ചിട്ടിയുടെ കണക്കൊന്ന് പരിശോധിക്കാം.

മുടക്കിയ സംഖ്യ = 4,41,000 രൂപ

ചിട്ടി ലേലം ചെയ്തപ്പോൾ കിട്ടിയത്=  8,37,000 രൂപ

ചിട്ട വഴി കൂടുതലായി ലഭിച്ചത്

(8,37,000 - 4,41,000) =  3,96,000 രൂപ

58–ാം തവണ അടയ്‌ക്കേണ്ട തുക =  8,430 രൂപ ഭാവിയിൽ അടയ്ക്കാനുള്ള തവണകൾ = 42

ലാഭം എത്രത്തോളം?

ഈ ചിട്ടിയിൽ, ഭാവിയിൽ കിഴിവ് ഒന്നും തന്നെ ലഭ്യമല്ലെന്ന് അനുമാനിച്ചാൽ (തികച്ചും അസംഭവ്യമായ സ്ഥിതിയിൽ)

അടയ്‌ക്കേണ്ട ആകെ തുക:

8,930 (amount of 58th instalment)+ (42X10000) = 4,28,930 രൂപ.

എന്നാൽ മനോജിന്, തുടർന്നുള്ള കുറെ മാസങ്ങളിൽ കൂടി ഡിവിഡൻഡ് എന്ന ലേലക്കിഴിവ് ലഭിക്കും. ബാക്കിയുള്ള മാസങ്ങളിലും നിലവിലെ ലേലക്കിഴിവ് പ്രതീക്ഷിച്ചാൽ,

അടയ്‌ക്കേണ്ട തുക= 8,930X42 =  3,75,060 രൂപ.

ഇവിടെ ഒരു കാര്യം ഉറപ്പിക്കാം. 4,18,930 രൂപയ്ക്കും 3,75,060 രൂപയ്ക്കും ഇടയിലുള്ള തുകയാണ്   ഭാവിയിൽ തിരിച്ചടയ്‌ക്കേണ്ടി വരുക.

ഇവയുടെ ശരാശരി ഭാവിയിൽ അടയ്ക്കാനുള്ള സംഖ്യയായി അനുമാനിക്കാം. ആ തുക യഥാർഥ സംഖ്യയോട് ഏകദേശം അടുത്തുനിൽക്കുമെന്നു കരുതാം.

ഈ ചിട്ടിയിൽ ഭാവിയിൽ തിരിച്ചടയ്‌ക്കേണ്ട തുക =

(4,29,930+3,75,060)/2 =  4,02,495 രൂപ

അതായത്, മനോജിന് 3,95,000 രൂപ ചിട്ടിയിൽ നിന്നു കണ്ടെത്താൻ കഴിഞ്ഞപ്പോൾ 42 മാസങ്ങൾ കൊണ്ട് അടച്ചു തീർക്കേണ്ട ആകെ തുക 4,02,500 രൂപയിൽ താഴെ മാത്രം!

ചുരുക്കിപ്പറഞ്ഞാൽ 3,96,000 രൂപ ഇപ്പോൾ ലഭിക്കുമ്പോൾ 42 മാസങ്ങൾ കൊണ്ട് 4,02,495 രൂപ തിരിച്ചടച്ചാൽ മതി. അതായത്, കിട്ടിയതിനെക്കാൾ വെറും 7,495 രൂപ മാത്രം അധികം. അതും 42 മാസങ്ങൾ കൊണ്ട് അടച്ചാൽ മതി.

മുടക്കച്ചിട്ടി– ആർക്കൊക്കെ ലാഭകരം?

ആവശ്യമുള്ളതിന്റെ പകുതി കൈവശമുണ്ടെങ്കിൽ അവർക്കാണ് ഏറ്റവും ലാഭകരമായി മുടക്കച്ചിട്ടിയെ ഉപയോഗിക്കാനാവുക. നിങ്ങളുെട ആവശ്യത്തിനു വേണ്ട തുക, കൈവശമുള്ള തുക, എപ്പോഴാണ് ആവശ്യം, പ്രതിമാസം ചിട്ടിക്കായി മാറ്റി വയ്ക്കാവുന്ന തുക, കിട്ടുന്ന പണം എന്തിന് ഉപയോഗിക്കുന്നു, കഴിഞ്ഞ ആറു  മാസത്തെ ലേലസംഖ്യ എന്നിവയെല്ലാം കണക്കിലെടുത്തു വേണം സബ്സ്റ്റിട്യൂഷനുള്ള ചിട്ടി തിരഞ്ഞെടുക്കാൻ.

നമുക്കു വീണ്ടും മനോജിന്റെ ഉദാഹരണത്തിലേക്കു പോകാം. മനോജിന് 8,000 രൂപയോളമേ കൂടുതലായി തിരിച്ചടയ്ക്കേണ്ടതുള്ളൂ. ചിട്ടി അംഗങ്ങളുടെ ആവശ്യകതയനുസരിച്ച് വിളിച്ചു കിട്ടുന്ന സംഖ്യ കുറയുകയോ കൂടുകയോ ചെയ്യാം.

സാധാരണയായി, സലയുടെ ഒരു ശതമാനം വരെ (ഉദാഹരണത്തിലെ കണക്കനുസരിച്ച് 10,000 രൂപ വരെ) വ്യതിയാനം പ്രതീക്ഷിക്കാം. അതുകൊണ്ടു തന്നെ, ലഭിച്ചതിനെക്കാൾ കുറഞ്ഞ തുക മാത്രം തിരിച്ചടയ്ക്കേണ്ട സാഹചര്യങ്ങളും ഉണ്ടാകും. അപ്പോഴേ സബ്സ്റ്റിട്യൂഷന്റെ ലാഭം ബോധ്യപ്പെടൂ.

ചെറിയ തുക മുടക്കിയാൽ, വലിയ നേട്ടം

മുടക്കച്ചിട്ടി വ്യത്യസ്തമായ പല അവസരങ്ങളാണ് നിങ്ങൾക്കു മുന്നിൽ തുറന്നിടുന്നത്. മനോജ് ബാങ്ക് വായ്പ എടുത്താണ് ചിട്ടി സബ്സ്റ്റിട്യൂട്ട് ചെയ്‌തതെന്നു കരുതുക.

വായ്പത്തുക = 4,41,000 രൂപ

12 ശതമാനം നിരക്കിൽ,

ഒരു മാസത്തെ പലിശ = 4,410 രൂപ

ആകെ ചെലവ് =  4,45,410 രൂപ

ചിട്ടി വിളിച്ചു കിട്ടിയ തുക =  8,37,000 രൂപ

ഒരു മാസം കഴിഞ്ഞ് വായ്പ തിരിച്ചടച്ചാൽ ബാക്കി കയ്യിലുള്ളത്

(8,37,000-4,45,410) = 3,91,590 രൂപ

ചിട്ടി സബ്സ്റ്റിട്യൂഷന്റെ ഇന്ദ്രജാലം

1.  മനോജ് ഈ 3,91,590 രൂപ നിക്ഷേപമാക്കിയെന്നിരിക്കട്ടെ. എട്ടു ശതമാനം നിരക്കിൽ പ്രതിമാസം 2,610 രൂപ പലിശ ലഭിക്കും. ചിട്ടിയിലേക്ക്, ഈ പലിശയും കിഴിവും കഴിഞ്ഞുള്ള തുക (10,000-2610- കിഴിവ്) അടച്ചാൽ മതിയാകും.

2.  3,91,590 രൂപ എട്ടു ശതമാനം നിരക്കിൽ 42 മാസത്തേക്കു നിക്ഷേപിച്ചാൽ, പലിശയിനത്തിൽ മാത്രം മൊത്തം 1,09,645 രൂപ ലഭിക്കും.

3.  സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു ലഭിക്കുന്ന സംഖ്യ സ്ഥിര നിക്ഷേപമാക്കുകയോ അല്ലെങ്കിൽ കൂടുതൽ റിട്ടേൺ ലഭിക്കുന്ന മറ്റു നിക്ഷേപമാർഗങ്ങളിൽ മുതൽമുടക്കുകയോ ചെയ്താൽ വളരെ ഉയർന്ന  ലാഭം നേടാം.

എപ്പോഴും ലഭ്യമാകുമോ?

മുടങ്ങിയ ടിക്കറ്റുകൾ എല്ലാ ചിട്ടിയിലും ഉണ്ടാകണമെന്നില്ല. കെഎസ്എഫ്ഇ പോലുള്ള സ്ഥാപനങ്ങൾ ചിട്ടിയുടെ 60 ശതമാനം വരെയുള്ള കാലയളവിനു വരെയേ പൊതുജനങ്ങൾക്കു ചിട്ടിയിൽ സബ്സ്റ്റിട്യൂഷൻ അനുവദിക്കൂ. അതായത്, 50 മാസ ചിട്ടിയിൽ 30 തവണ വരെ.

റിസ്ക് ഉണ്ടോ?

ചിട്ടി സബ്സ്റ്റിട്യൂഷൻ എന്നാൽ, ചിട്ടിയിൽ അംഗമാകുക എന്നാണ്. വായ്‌പയും നിക്ഷേപവും സമന്വയിപ്പിച്ച സവിശേഷ സാമ്പത്തിക ഉൽപന്നമാണ് ചിട്ടി. ചിട്ടിക്കു ചിട്ടിയുടേതായ നിയമങ്ങളും സ്വഭാവങ്ങളുമുണ്ട്. ഒരു ചിട്ടി ലാഭത്തിൽ വിളിച്ചു കിട്ടുന്നത്  മറ്റുള്ളവർ നമ്മളെക്കാൾ അത്യാവശ്യക്കാരല്ലാതെ വരുമ്പോഴാണ്. നറുക്കെടുപ്പുള്ള ചിട്ടിയിൽ ഭാഗ്യത്തിനു വലിയ സ്ഥാനമുണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ലേലച്ചിട്ടിയിലും ഭാഗ്യത്തിനുള്ള പങ്ക്, ചെറുതാണെങ്കിലും, നിഷേധിക്കാനുമാവില്ല.   സബ്സ്റ്റിട്യൂഷനിലെ ലാഭത്തെ ബാധിക്കുന്ന ഘടകങ്ങൾ താഴെ പറയുന്നവയാണ്:

കൂടുതൽ പേർ സബ്സ്റ്റിട്യൂട് ചെയ്‌തിട്ടുണ്ടെങ്കിൽ ചിട്ടി വിളിച്ചെടുക്കാൻ കൂടുതൽ പേർ ഉണ്ടാകും.അങ്ങനെ വന്നാൽ ചിട്ടി ലാഭകരമായി ഉടനെ വിളിച്ചെടുക്കുക എളുപ്പമാകില്ല. ഏതാനും മാസങ്ങൾ  കാത്തിരിക്കേണ്ടി വരാം. സബ്സ്റ്റിട്യൂട് ചെയ്‌ത മാസം തന്നെ വിളിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾ ഒരുമിച്ചു മുടക്കിയ വലിയ തുക പലിശയില്ലാത്ത നിക്ഷേപത്തിന്റെ അവസ്ഥയിലാകും. ചിട്ടി വിളിച്ചെടുക്കുന്നതു വരെ നിങ്ങളുടെ നിക്ഷേപത്തിന്മേൽ, ലേലക്കിഴിവല്ലാതെ മറ്റൊന്നും ലഭിക്കില്ല.

ലാഭകരമായി വിളിച്ചെടുക്കാൻ വൈകുന്തോറും ലാഭവും കുറയും. എന്നാൽ, ഈ കാര്യങ്ങളൊന്നും റിസ്ക് എന്ന ഗണത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല.  അതിനാൽത്തന്നെ, വിശ്വസിക്കാവുന്ന സ്ഥാപനത്തിൽ ചിട്ടി സബ്സ്റ്റിട്യൂഷൻ ചെയ്‌ത്‌ അംഗമായാൽ, ലാഭത്തിലെ ഏറ്റക്കുറച്ചിലല്ലാതെ, നഷ്ടത്തിനു സാധ്യതയില്ല.

സ്വർണം സുരക്ഷിതമാക്കാം, ചെലവില്ലാതെ ലോക്കറിൽ സൂക്ഷിച്ച സ്വർണം നഷ്ടപ്പെട്ടാൽ,  അതിനു ബാങ്കിനു ബാധ്യതയുണ്ട് എന്ന ധാരണ പലർക്കുമുണ്ട് .അതു തെറ്റാണെന്ന് റിസർവ്  ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ, ചിട്ടിക്കു സ്വർണം ജാമ്യമായി വച്ചാൽ ഗുണങ്ങൾ പലതാണ്.

നിങ്ങളുടെ കയ്യിൽനിന്നു ജാമ്യമായി ഇത്ര ഗ്രാം  സ്വർണം, അതും ഓരോ തരം ആഭരണങ്ങളും അവയുടെ തൂക്കവും, നിശ്ചയിച്ച തുകയും വ്യക്‌തമാക്കി സ്ഥാപനം നിങ്ങൾക്കു രസീത് നൽകും. അതിനാൽത്തന്നെ അവ നഷ്ടപ്പെട്ടാൽ ഉത്തരവാദിത്തം സ്ഥാപനത്തിനാണ്.

ലോക്കർ വാടക ഇനത്തിൽ നല്ലൊരു തുക ലാഭം കിട്ടും. അത്യാവശ്യം വന്നാൽ, ബാധ്യത കഴിഞ്ഞ തുകയ്ക്കുള്ള സ്വർണം തിരികെ വാങ്ങാം. കൂടാതെ ആദ്യം നൽകിയ ആഭരണം മാറ്റി വേറെ ആഭരണം ജാമ്യം നൽകാനും കഴിയും •

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam