Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയ ദുരിതം; സർവീസ് ചാർജും പിഴയും ഒഴിവാക്കി ബാങ്കുകൾ

rain-havoc

കൊച്ചി∙ പ്രളയബാധിതരുടെ പ്രയാസങ്ങൾ കണക്കിലെടുത്തു കേരളത്തിലെ ഇടപാടുകാർക്കു പല ബാങ്കുകളും ധന സേവന സ്‌ഥാപനങ്ങളും ഇളവുകൾ പ്രഖ്യാപിച്ചു.

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ: വൈകി അടയ്‌ക്കുന്ന പ്രീമിയത്തിനു പലിശ ഒഴിവ്. ക്ലെയിമുകൾ തീർപ്പാക്കാൻ പ്രത്യേക സംവിധാനം.

കെഎസ്‌എഫ്‌ഇ: ചിട്ടി വായ്‌പയുടെ ഈ മാസത്തെ തവണ അടയ്‌ക്കുന്നതിനു 31 വരെ പിഴപ്പലിശ ഒഴിവാക്കി. 

ഫെഡറൽ ബാങ്ക്: പണം അടയ്‌ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഒരു നിരക്കും ഈടാക്കില്ല. മിനിമം ബാലൻസ് നിബന്ധന പാലിക്കാത്തതിനുള്ള പിഴയും ഇല്ല. വൈകിയുള്ള പ്രതിമാസ തിരിച്ചടവുകൾ, ചെക്ക് മടങ്ങൽ, ഓട്ടോ റിക്കവറി, സ്‌റ്റാൻഡിങ് ഇൻസ്‌ട്രക്‌ഷൻ മടങ്ങൽ എന്നിവയ്‌ക്കുള്ള നിരക്കുകളും പൂർണമായി ഒഴിവാക്കി. എടിഎം കാർഡ്, ചെക് ബുക്ക് എന്നിവയ്‌ക്കു സർവീസ് ചാർജ് ഈടാക്കില്ല. ഫെഡറൽ ബാങ്ക് എടിഎം കാർഡുകൾ ഉപയോഗിച്ച് ഏതു ബാങ്കിന്റെ എടിഎമ്മുകളിൽനിന്നും എത്ര തവണ വേണമെങ്കിലും പൂർണമായും സൗജന്യമായി പണം പിൻവലിക്കാം. ഇളവുകൾ സെപ്‌റ്റംബർ 30 വരെ മാത്രം.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: പ്രതിമാസ തിരിച്ചടവിന്റെ മുടങ്ങിയ തവണയ്‌ക്ക് ഒരു മാസത്തേക്കു പിഴ ഇല്ല. പാസ് ബുക്ക്, ചെക്ക് ബുക്ക്, എടിഎം കാർഡ് എന്നിവ പ്രളയത്തിൽ നഷ്‌ടപ്പെട്ടവർക്ക് അവയുടെ ഡ്യൂപ്ലിക്കറ്റ് സൗജന്യം. വ്യക്‌തിഗത രേഖകൾ മുഴുവൻ നഷ്‌ടപ്പെട്ടവർക്ക് അവയില്ലാതെതന്നെ അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം.

എച്ച്‌ഡിഎഫ്‌സി ബാങ്ക്: ഇഎംഐ, മറ്റു തരത്തിലുള്ള തിരിച്ചടവുകൾ, ക്രെഡിറ്റ് കാർഡിന്മേലുള്ള പണമടവ് എന്നിവയ്‌ക്ക് ഈ മാസത്തേക്കു ലേറ്റ് ഫീ ഇല്ല. 

 ഐസിഐസിഐ ബാങ്ക്: ഭവന, വാഹന, വ്യക്‌തിഗത വായ്‌പകളുടെ വൈകുന്ന ഇഎംഐക്ക് ഈ മാസത്തേക്കു ലേറ്റ് ഫീ ഇല്ല. ചെക്കു മടങ്ങൽ, ക്രെഡിറ്റ് കാർഡിന്മേലുള്ള പണമടവ് എന്നിവയ്‌ക്കും പിഴ ഈടാക്കില്ല.