'നിരാശയിലും തളർന്നില്ല, പ്രതീക്ഷ കൈവിടാതെ അവളെ പരിശീലിപ്പിച്ചു'; ഓട്ടിസത്തോടു പൊരുതിയ മകളും കരുത്തായി അമ്മയും
Mail This Article
‘‘ഇതുപോലൊരു കുട്ടിയുടെ ഏറ്റവും നല്ല തെറപിസ്റ്റ് അമ്മ തന്നെയാണ്. പ്രത്യേകിച്ച് സ്പീച്ച് തെറപ്പിസ്റ്റ്. അതുകൊണ്ട് മോളോട് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുക. നിരീക്ഷിക്കുക, അവരുടെ രീതികൾ മനസ്സിലാക്കി ആവശ്യമായ പരിശീലനങ്ങൾ നൽകുക. തീർച്ചയായും മാറ്റമുണ്ടാകും.’’ പതിനാലു വർഷം മുൻപു മോൾക്ക് ഓട്ടിസം സ്ഥിരീകരിച്ചതിനുശേഷം കോഴിക്കോട് ഇംഹാൻസിലെ സൈക്യാട്രിസ്റ്റ് ഡോ. പി. കൃഷ്ണകുമാർ സാർ പറഞ്ഞ വാക്കുകളായിരുന്നു ഇത്.
അന്നുതൊട്ട് ഇന്നോളം ഡോക്ടറുടെ ഈ വാക്കുകൾ അക്ഷരംപ്രതി ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അതിനു ഞാൻ സമർപ്പിച്ചത് എന്റെ ഒരു ദിവസത്തെ 24 മണിക്കൂറുകൾ തന്നെയായിരുന്നു. മോളുടെ മുഴുവൻ സമയ തെറപ്പിസ്റ്റ്. അതിന്റെ നല്ല ഫലങ്ങൾ ഇന്നു ഞാൻ എന്റെ മോളുടെ ജീവിതത്തിൽ കാണുന്നുമുണ്ട്. ഇപ്പോൾ അവൾ 90 ശതമാനം ഒരു സാധാരണ കുട്ടിയെപ്പോലെ തന്നെയാണ്.
എംഎ ഇംഗ്ലിഷിനു പഠിക്കുന്ന സമയത്തായിരുന്നു എന്റെ വിവാഹം. ഭർത്താവ് ഷംസുദ്ദീന് കുവൈത്തിലായിരുന്നു ജോലി. മോൻ അൻഷാദ് ജനിച്ച് ഏഴു വർഷം കഴിഞ്ഞാണ് മോൾ അൻസിയ ഫർഹീൻ ജനിക്കുന്നത്. അവളൊരു അദ്ഭുതക്കുട്ടിയായിരുന്നു. വളരെ നേരത്തേ തന്നെ സംസാരിക്കാനും നടക്കാനും പഠിച്ചു. ഞാൻ താരാട്ടു പാടിക്കൊടുക്കുമ്പോൾ അതിന്റെ വരികൾപോലും അവളുടേതായ രീതിയിൽ പാടുമായിരുന്നു. പക്ഷേ, ഒന്നര വയസ്സോടെ ഇതെല്ലാം അപ്രത്യക്ഷമായി. അവൾ ഒന്നും പറയാതെയായി. വിളിച്ചാൽ കേൾക്കില്ല. മുഖത്തു നോക്കില്ല. എന്തൊക്കെയോ മാറ്റങ്ങൾ മോൾക്കു സംഭവിക്കുന്നുണ്ടെന്നു മനസ്സിലായി. ഞാൻ മോളെയും കൂട്ടി നാട്ടിലേക്കു വന്നു. കോഴിക്കോടുള്ള ഒരു സൈക്കോളജിസ്റ്റിനെ കാണിച്ചു. മോൾക്ക് ഓട്ടിസമാണെന്ന് അവർ പറഞ്ഞു. ആ വാക്ക് ഞാൻ അന്ന് ആദ്യമായിട്ടാണ് കേൾക്കുന്നത്. പിന്നീട് ഡോക്ടർ കൃഷ്ണകുമാറും ഓട്ടിസം സ്ഥിരീകരിച്ചു.
കുവൈത്തിലേക്കു തിരിച്ചു പോയ ഞാൻ അവളെ ഒരു തെറപ്പി സെന്ററിൽ ചേർത്തു. വീട്ടിലുള്ള ഓരോ നിമിഷവും മോളെ നിരീക്ഷിച്ചും ഡോക്ടർ പറഞ്ഞതുപോലെ അവളെ സംസാരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയും ഞാൻ മുന്നോട്ടു പോയി. പക്ഷേ, എന്റെ ഹൃദയം തർക്കുംവിധമുള്ള മാറ്റങ്ങളായിരുന്നു മോൾക്കു പിന്നീടു സംഭവിച്ചുകൊണ്ടിരുന്നത്. അവൾ വളരെ ഹൈപ്പർ ആക്ടീവായി. ഒറ്റയ്ക്കു ശുചിമുറിയിൽ പോയിരുന്ന അവൾ നിന്നയിടത്തുതന്നെ കാര്യം സാധിക്കാൻ തുടങ്ങി. ഒന്നും അവളുടെ നിയന്ത്രണത്തിൽ അല്ലാതായി. പാട്ടു വച്ചു കൊടുക്കുമ്പോൾ മാത്രമായിരുന്നു അവൾ അൽപം അടങ്ങിയിരുന്നത്. ഞാനന്ന് കുവൈത്തിലെ ഒരു ആശുപത്രിയിൽ ലാബ് ക്ലാർക്കായി ജോലി ചെയ്യുകയായിരുന്നു. മോൾക്കുവേണ്ടി മുഴുവൻ സമയവും മാറ്റിവയ്ക്കാൻ ഞാൻ തീരുമാനിച്ചു. ജോലി രാജിവച്ച് മോളെയും കൂട്ടി ഞാൻ നാട്ടിലേക്ക് വന്നു. അഞ്ചു വയസ്സായപ്പോൾ മോളെ കുട്ടികൾ കുറവുള്ള സർക്കാർ യുപി സ്കൂളിൽ ചേർത്തു. അവളെ സ്കൂളിൽ കൊണ്ടു വിടുക, ഉച്ചയ്ക്കു ഭക്ഷണം കൊടുക്കാൻ പോവുക, പിന്നെ തെറപ്പി സെന്ററിൽ കൊണ്ടു പോവുക ഇതൊക്കെയായിരുന്നു അന്നത്തെ ദിനചര്യകൾ.
തെറപ്പി സെന്ററുകളിൽ നിന്നു മനസ്സിലാക്കുന്ന കാര്യങ്ങൾ ഞാൻ നിരന്തരം മോളെ പരിശീലിപ്പിച്ചു. എന്റെ ഒരേ ഒരു ലക്ഷ്യം അവളെ ഒരു സാധാരണ കുട്ടിയാക്കി മാറ്റുക എന്നതായിരുന്നു. ഈ കുട്ടി ഇനി ഒരിക്കലും സംസാരിക്കില്ല, അതുകൊണ്ട് അത്തരം കുട്ടികൾക്കുള്ള കമ്യൂണിക്കേഷൻ രീതി സ്വീകരിക്കുന്നതാവും നല്ലത് എന്നുവരെ ഒരിക്കൽ ഒരു തെറപ്പിസ്റ്റ് പറഞ്ഞിരുന്നു. പക്ഷേ ഞാൻ തളർന്നില്ല. എന്റെ ഇച്ഛാശക്തിയും പരിശ്രമവും ഒടുവിൽ വിജയം കണ്ടു. അൻസിയ സംസാരിച്ചു തുടങ്ങി. എഴുതാനും വായിക്കാനും പാട്ടുപാടാനും തുടങ്ങി. അവൾക്കു നൽകുന്ന പരിശീലങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനായി കെയർ ഗിവിങ് സർട്ടിഫിക്കറ്റ് കോഴ്സും ഞാൻ ചെയ്തു. ഇപ്പോൾ അൻസിയ പ്ലസ് വണിനു പഠിക്കുകയാണ്.
അൻസിയയ്ക്ക് നാലു വയസ്സുള്ളപ്പോഴൊരിക്കൽ തിരുവനന്തപുരത്തു വച്ചു നടന്ന ഓട്ടിസ്റ്റിക്ക് കുട്ടികളുടെ അമ്മമാർക്കുള്ള ശിൽപശാലയിൽ ഞാൻ പങ്കെടുത്തിരുന്നു. ൈഹപ്പർ ആക്ടീവായ അൻസിയ അന്ന് എന്റെ കയ്യിൽ നിന്നു കുതറിയോടി വേദിയിൽ സംസാരിച്ചുകൊണ്ടിരുന്ന ഡോ. വിജയലക്ഷ്മി മാഡത്തിന്റെ അടുത്തെത്തി. ഡോക്ടർ മൈക്ക് അവളുടെ നേരെ നീട്ടി പാട്ടു പാടാൻ പ്രോത്സാഹിപ്പിച്ചു. അവൾ ഏതോ പാട്ടിന്റെ നാലു വരി മനോഹരമായി പാടി. ഞാൻ പോലും അമ്പരന്നു പോയ നിമിഷമായിരുന്നു അത്. അന്ന് ഡോക്ടർ പറഞ്ഞു. അൻസിയ ഭാവിയിൽ നല്ലൊരു ഗായികയായി മാറുമെന്ന്.... ഇന്ന് അവൾ പല വേദികളിലായി നാലു വ്യത്യസ്ത ഭാഷകളിലായി ആയിരത്തിലറെ പാട്ടുകൾ പാടി. പാട്ടു പഠിക്കാനായി എവിടെയും പോവാതെ തന്നെ. അൻസിയ മോൾ എല്ലാവരും അറിയപ്പെടുന്ന വലിയ ഗായികയായി മാറണമെന്നാണ് എന്റെ ആഗ്രഹം. പാട്ടാണ് അവളുടെ ലോകം.