‘മുറിയിലിരുന്ന് ഒരുപാട് കരഞ്ഞു, ഇതെല്ലാം മണ്ടത്തരമാണെന്ന് അറിയാം’; പ്രസവാനന്തര വിഷാദം യാഥാർഥ്യമെന്ന് ഇല്യാന
Mail This Article
കഴിഞ്ഞ വർഷമാണ് നടി ഇല്യാന ഡിക്രൂസ് ആൺകുട്ടിക്ക് ജന്മം നൽകിയത്. 'കോവ ഫിയോനിക്സ് ഡോളൻ' എന്നാണ് കുഞ്ഞിന്റെ പേര്. പ്രസവാനന്തര വിഷാദത്തിലൂടെ താൻ കടന്നുപോയതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ ഇല്യാന. പ്രസവാനന്തര വിഷാദം യാഥാർഥ്യമാണെന്നും തീവ്രമായ പല വികാരങ്ങളിലൂടെയും ആ സമയം കടന്നുപോകുമെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇല്യാന പറഞ്ഞു.
‘പ്രസവാനന്തര വിഷാദം വളരെ യാഥാർഥ്യമാണ്, അതിന് വേണ്ടി നിങ്ങളെ തയാറാക്കാൻ യാതൊന്നിനും കഴിയില്ല. എനിക്ക് വീട്ടിൽ നിന്നുള്ള പിന്തുണയും ഡോക്ടർമാരുടെ പിന്തുണയും ലഭിച്ചതിൽ സന്തോഷമുണ്ട്. ‘മംമ് ഗിൽറ്റ്’ യാഥാർഥ്യമാണ്.
ഒരു ദിവസം എന്റെ മുറിയിലിരുന്ന് ഞാൻ കരയാൻ തുടങ്ങി. കരച്ചിൽ കണ്ട് എന്റെ പാർട്ണർ എന്നോട് ചോദിച്ചു എന്തുപറ്റി എന്ന്. അന്ന് ഞാൻ പറഞ്ഞു, ‘എനിക്കറിയാം ഇത് മണ്ടത്തരമാണെന്ന്, പക്ഷേ, എന്റെ കുഞ്ഞ് അടുത്ത മുറിയിൽ കിടന്നുറങ്ങുകയാണ്. ഞാൻ അവനെ ശരിക്കും മിസ് ചെയ്യുന്നു’.
ഒരു കുഞ്ഞുണ്ടാകുന്നതിന് പിന്നാലെ ഇതുപോലെയുള്ള തീവ്രമായ വികാരങ്ങളിലൂടെ നിങ്ങൾ കടന്നു പോകും. ഞാൻ ഇപ്പോഴും അതിലൂടെ കടന്നുപോകുന്നു. മൈക്ക് (മൈക്കൽ ഡോളൻ) നിങ്ങൾക്ക് നന്ദി പറയുന്നു. എന്റെ പങ്കാളിയായതിന്’. ഇല്യാന വ്യക്തമാക്കി.
പങ്കാളി മൈക്കിളിനെ പറ്റിയും അഭിമുഖത്തിൽ ഇല്യാന മനസ്സുതുറന്നു. ‘ ഞങ്ങളുടെ വിവാഹം കഴിഞ്ഞോ എന്നതിനെ പറ്റിയെല്ലാം വളരെയധികം ഊഹാപോഹങ്ങൾ ഉണ്ട്. നമുക്ക് അത് വിടാം. ഒരു ചെറിയ നിഗൂഢത ഉണ്ടായിരിക്കുന്നത് നല്ലതാണ്. എന്റെ ജീവിതത്തിന്റെ ഈ ഭാഗത്തെക്കുറിച്ച് സംസാരിക്കാൻ എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്. നേരത്ത ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അന്ന് അതേക്കുറിച്ച് ആളുകൾ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടില്ല. എന്നെക്കുറിച്ച് പറയുന്ന കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പറ്റും. എന്നാൽ പങ്കാളിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ആളുകൾ അസംബന്ധം പറയുന്നത് ഇഷ്ടമല്ല’. ഇല്യാന പറഞ്ഞു.