ഡൽഹിയിലെ മലിനീകരണത്തിൽ പൊറുതി മുട്ടി, നാട്ടിലേക്ക് മടക്കം; പ്രകൃതിയെ അറിഞ്ഞ് റിൻസിങിന്റെ ‘അഗാപി’
കോർപ്പറേറ്റ് മേഖലയിലെ ജോലിക്ക് പിന്നാലെ പായുന്നവരാണ് ഇന്ന് അധികവും. എന്നാൽ ഡൽഹി, ബെംഗളൂരു തുടങ്ങി ഇന്ത്യയിലെ മെട്രോപോളിറ്റൻ നഗരങ്ങളിൽ കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്ത പരിചയസമ്പത്തെല്ലാം മാറ്റിവച്ച് മനസ്സിനിണങ്ങിയ വേറിട്ട പാത കണ്ടെത്തി മാതൃക തീർത്തിരിക്കുകയാണ് സിക്കിം സ്വദേശിനിയായ റിൻസിങ്ങ് ചോദൻ
കോർപ്പറേറ്റ് മേഖലയിലെ ജോലിക്ക് പിന്നാലെ പായുന്നവരാണ് ഇന്ന് അധികവും. എന്നാൽ ഡൽഹി, ബെംഗളൂരു തുടങ്ങി ഇന്ത്യയിലെ മെട്രോപോളിറ്റൻ നഗരങ്ങളിൽ കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്ത പരിചയസമ്പത്തെല്ലാം മാറ്റിവച്ച് മനസ്സിനിണങ്ങിയ വേറിട്ട പാത കണ്ടെത്തി മാതൃക തീർത്തിരിക്കുകയാണ് സിക്കിം സ്വദേശിനിയായ റിൻസിങ്ങ് ചോദൻ
കോർപ്പറേറ്റ് മേഖലയിലെ ജോലിക്ക് പിന്നാലെ പായുന്നവരാണ് ഇന്ന് അധികവും. എന്നാൽ ഡൽഹി, ബെംഗളൂരു തുടങ്ങി ഇന്ത്യയിലെ മെട്രോപോളിറ്റൻ നഗരങ്ങളിൽ കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്ത പരിചയസമ്പത്തെല്ലാം മാറ്റിവച്ച് മനസ്സിനിണങ്ങിയ വേറിട്ട പാത കണ്ടെത്തി മാതൃക തീർത്തിരിക്കുകയാണ് സിക്കിം സ്വദേശിനിയായ റിൻസിങ്ങ് ചോദൻ
കോർപറേറ്റ് മേഖലയിലെ ജോലികൾക്കു പിന്നാലെ പായുന്നവരാണ് ഇന്ന് അധികവും. എന്നാൽ ഡൽഹി, ബെംഗളൂരു തുടങ്ങിയ മെട്രോപോളിറ്റൻ നഗരങ്ങളിൽ കോർപറേറ്റ് മേഖലയിൽ ജോലി ചെയ്ത പരിചയസമ്പത്തെല്ലാം മാറ്റിവച്ച്, മനസ്സിനിണങ്ങിയ വേറിട്ട പാത കണ്ടെത്തിയിരിക്കുകയാണ് സിക്കിം സ്വദേശിനി റിൻസിങ് ചോടൻ ബൂട്ടിയ. തിരക്കേറിയ നഗരങ്ങളിൽനിന്ന് പ്രകൃതിയോടു ചേർന്നുള്ള ജീവിതത്തിലേക്ക് സ്വയം പറിച്ചു നടാൻ ആഗ്രഹിച്ച റിൻസിങ് ഇന്ന് അപൂർവ ഹിമാലയൻ സസ്യങ്ങളിൽനിന്ന് ഉൽപാദിപ്പിക്കുന്ന ചർമ സംരക്ഷണ ഉൽപന്ന ബ്രാൻഡുമായി ലോകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
2013 ലായിരുന്നു കോർപറേറ്റ് മേഖലയിലെ ജോലി ഉപേക്ഷിച്ച് സിക്കിമിലേക്കുള്ള റിൻസിങ്ങിന്റെ മടക്കം. ആദ്യത്തെ കുഞ്ഞിനു ജന്മം നൽകിയ കാലമായിരുന്നു അത്. ഡൽഹിയിലെ മലിനീകരണത്തിനു നടുവിൽ ഇടുങ്ങിയ മുറിയിലുള്ള ജീവിതത്തിൽനിന്നു രക്ഷപ്പെട്ട്, ശുദ്ധവായു ശ്വസിച്ച് സമാധാനപൂർണമായി നാട്ടിൽ ജീവിക്കണം എന്ന തോന്നൽ അതോടെ ശക്തമായി. നാട്ടിലെത്തിയ ശേഷം, സുസ്ഥിരത ഉറപ്പാക്കുന്ന ജീവിതശൈലിയെക്കുറിച്ച് അറിയാനും പഠിക്കാനും ഏറെ നാളുകൾ നീക്കിവച്ചു. അതിനിടെ ചർമ സംരക്ഷണ ഉൽപന്നങ്ങളെക്കുറിച്ച് ഗവേഷണം നടത്തി. ഈ മേഖലയിൽ എന്തു ചെയ്യാനാവും എന്നായി ചിന്ത. അത് ഒടുവിൽ ‘അഗാപി സിക്കിം’ എന്ന ബ്രാൻഡിൽ എത്തിച്ചേരുകയായിരുന്നു.
2019 ലാണ് വർഷ ശ്രേഷ്ഠയുമായി ചേർന്ന് റിൻസിങ് അഗാപി സിക്കിം എന്ന കമ്പനിക്കു രൂപം നൽകിയത്. കൈകൊണ്ടു നിർമിക്കുന്ന, പൂർണമായും പ്രകൃതിദത്തമായ ചർമ സംരക്ഷണ ഉൽപന്നങ്ങളാണ് ബ്രാൻഡിന്റെ മുഖമുദ്ര. രാസവസ്തുക്കൾ അടങ്ങാത്ത അവയിൽ റിൻസിങ്ങിന്റെ നാട്ടിലെ അപൂർവ സസ്യങ്ങളാണ് പ്രധാന ഘടകങ്ങൾ. സിക്കിമിൽ, പലതരം ചർമരോഗങ്ങൾക്ക് സസ്യങ്ങൾ ഉപയോഗിക്കാറുണ്ട്. പക്ഷേ ചർമസംരക്ഷണ വ്യവസായത്തിൽ അധികം ഉപയോഗിക്കപ്പെട്ടിരുന്നില്ല. അതിനാൽ അവയെക്കുറിച്ച് നന്നായി അറിയാവുന്ന റിൻസിങ്ങിന് രണ്ടാമതൊന്ന് ആലോചിക്കാൻ ഉണ്ടായിരുന്നില്ല.
സോപ്പ്, ഷാംപൂ, മാസ്കുകൾ, സ്ക്രബുകൾ, എസ്സെൻഷ്യൽ ഓയിലുകൾ എന്നിങ്ങനെ ചർമ സംരക്ഷണത്തിനു വേണ്ടതെല്ലാം അഗാപി നിർമിക്കുന്നുണ്ട്.
പ്രാദേശികമായി മാത്രം ലഭ്യമായ, ഹിമാലയൻ ചേരുവകൾ അടങ്ങിയ ചർമ സംരക്ഷണ ഉൽപന്നങ്ങൾ വിപണിയിൽ എത്തിച്ചതോടെ അഗാപി ആഗോള നിലവാരമുള്ള ബ്രാൻഡായി മാറിയിട്ടുണ്ട്. ജെഡബ്ല്യു മാരിയറ്റ്, താജ് ഹോട്ടൽസ് എന്നിവയുമായെല്ലാം കമ്പനി കരാറുണ്ടാക്കി. വടക്കു കിഴക്കൻ മേഖലയിലും ബംഗാളിലും ഉടനീളം സ്റ്റോറുകളും ആരംഭിച്ചു. രാജ്യത്തിനകത്തും പുറത്തുമായി നിക്ഷേപകരുമുള്ള അഗാപി സിക്കിം ബ്രാൻഡിന്റെ മൂല്യം നിലവിൽ പത്തുലക്ഷം ഡോളറാണ്.
തന്റെ സംരംഭം സ്ത്രീശാക്തീകരണത്തിന് ഉതകുന്നതാവണമെന്നു റിൻസിങ് തീരുമാനിച്ചിരുന്നു. സിക്കിമിലെ പല മേഖലകളിലായി പരിശീലനക്കളരികൾ നടത്തി, അവിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വനിതകളെ കമ്പനിയിലേക്കു റിക്രൂട്ട് ചെയ്തു. മറ്റുള്ളവർക്കും സ്വന്തം നിലയിൽ സോപ്പുനിർമാണവും മറ്റും നടത്താൻ പരിശീലനം നൽകുകയും ചെയ്തു. ഇതിനോടൊപ്പം സിക്കിമിലെ ഗോത്ര വിഭാഗത്തിൽപ്പെട്ട 400 വനിതകൾക്കും പരിശീലനം നൽകി.
റിഹാബിലിറ്റേഷൻ സെന്ററുകളിലും സ്ത്രീകൾക്കായി വർക്ക് ഷോപ്പുകൾ നടത്തി. സിക്കിം സർക്കാരും വ്യത്യസ്ത സ്വാശ്രയ സംഘങ്ങളുമായി ചേർന്ന് സിക്കിമിന്റെ ഉൾപ്രദേശങ്ങളിലുള്ള സ്ത്രീകളുടെ ശാക്തീകരണത്തിനായുള്ള പ്രവർത്തനങ്ങളിലും റിൻസിങ് പങ്കാളിയാകുന്നുണ്ട്. ഒരു ബ്രാൻഡ് എന്ന നിലയിൽ അഗാപി വളർന്നതിനിടയിലും ചർമസംരക്ഷണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പഠിക്കാനാണ് റിൻസിങ്ങിന്റെ ശ്രമം. അടുത്തയിടെ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓർഗാനിക് കോസ്മെറ്റിക് ഫോർമുലേഷൻ സ്കൂളായ ഫോർമുല ബോട്ടാണിക്കയിലെ ഓൺലൈൻ കോഴ്സും റിൻസിങ് പൂർത്തിയാക്കി.