‘പറ്റില്ലെന്നു പറഞ്ഞ് ഇറക്കിവിട്ടു, സ്ത്രീകളോട് ഇപ്പോഴും നികൃഷ്ടമായ സമീപനം’; പെൺകളിക്കളവുമായി വിനയ
‘എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം എന്നാണ് പറച്ചിലെങ്കിലും സ്ത്രീകൾക്ക് ഇതിൽ ബാധകമായുള്ളത് ജോലിയും വിശ്രമവും മാത്രമാണ്. വിനോദത്തിന് അവരുടെ ജീവിതത്തിൽ സ്ഥാനമില്ല. പൊതു ഇടങ്ങളിലോ കളിക്കളങ്ങളിലോ പെൺകുട്ടികൾ ഇല്ലെന്നത് ഇന്നും ആർക്കുമൊരു വിഷയമേയല്ല. ഈ അവസ്ഥയ്ക്ക്
‘എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം എന്നാണ് പറച്ചിലെങ്കിലും സ്ത്രീകൾക്ക് ഇതിൽ ബാധകമായുള്ളത് ജോലിയും വിശ്രമവും മാത്രമാണ്. വിനോദത്തിന് അവരുടെ ജീവിതത്തിൽ സ്ഥാനമില്ല. പൊതു ഇടങ്ങളിലോ കളിക്കളങ്ങളിലോ പെൺകുട്ടികൾ ഇല്ലെന്നത് ഇന്നും ആർക്കുമൊരു വിഷയമേയല്ല. ഈ അവസ്ഥയ്ക്ക്
‘എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം എന്നാണ് പറച്ചിലെങ്കിലും സ്ത്രീകൾക്ക് ഇതിൽ ബാധകമായുള്ളത് ജോലിയും വിശ്രമവും മാത്രമാണ്. വിനോദത്തിന് അവരുടെ ജീവിതത്തിൽ സ്ഥാനമില്ല. പൊതു ഇടങ്ങളിലോ കളിക്കളങ്ങളിലോ പെൺകുട്ടികൾ ഇല്ലെന്നത് ഇന്നും ആർക്കുമൊരു വിഷയമേയല്ല. ഈ അവസ്ഥയ്ക്ക്
‘എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം എന്നാണ് പറച്ചിലെങ്കിലും സ്ത്രീകൾക്ക് ഇതിൽ ബാധകമായുള്ളത് ജോലിയും വിശ്രമവും മാത്രമാണ്. വിനോദത്തിന് അവരുടെ ജീവിതത്തിൽ സ്ഥാനമില്ല. പൊതു ഇടങ്ങളിലോ കളിക്കളങ്ങളിലോ പെൺകുട്ടികൾ ഇല്ലെന്നത് ഇന്നും ആർക്കുമൊരു വിഷയമേയല്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാൻ എന്റേതായൊരു സംഭാവനയെന്ന നിലയിലാണ് പുതിയ പദ്ധതി’’ – കേരള പൊലീസിലെ ഫയർ ബ്രാൻഡും ലിംഗസമത്വത്തിനായുള്ള സന്ധിയില്ലാ പോരാട്ടങ്ങളിലൂടെ പല മാറ്റങ്ങൾക്കും കാരണക്കാരിയുമായ എൻ.എ.വിനയ ‘പെണ്ണുങ്ങളുടെ കളിക്കളം’ എന്ന തന്റെ നൂതന ആശയത്തെക്കുറിച്ച് പറയുന്നു. സ്കൂൾ റജിസ്റ്ററിലെ, ആണിനുശേഷം പെണ്ണെന്ന ക്രമം മാറ്റി അക്ഷരമാലാ ക്രമത്തിൽ പേരെഴുതിച്ച, പൊലീസ് സേനയിലെ സ്ത്രീകളെ സാരിയിൽനിന്നു മോചിപ്പിച്ച് പാന്റിലേക്കും ടക്ഇൻ ചെയ്ത ഷർട്ടിലേക്കും മാറ്റിയ, വനിതാ പൊലീസിനെ സിവിൽ പൊലീസ് ഓഫിസറാക്കിയ, കായികമേളയിൽ സ്ത്രീകൾക്കും മാർക്കിടീപ്പിച്ച വിനയ റിട്ടയർമെന്റ് ജീവിതത്തിലും ലിംഗവിവേചനത്തോട് പോരാടാനുറച്ചു തന്നെയാണ്. ഏതു നാട്ടിലായാലും കളിക്കളങ്ങൾ ആണുങ്ങളുടെ മാത്രം കുത്തകയായി തുടരുന്ന കാലത്ത് സ്ത്രീകൾക്കും കായികവിനോദങ്ങൾക്ക് ഇടം വേണമെന്ന ഏറെക്കാലത്തെ സ്വപ്നത്തിനാണ് വിനയ ചിറകു നൽകുന്നത്. സുൽത്താൻ ബത്തേരി മാടക്കരയിലുള്ള സ്വന്തം ഭൂമിയാണ് സ്ത്രീകൾക്ക് കായികവിനോദ പരിശീലനത്തിനുള്ള കളിക്കളമാക്കി വിനയ മാറ്റിയെടുത്തത്. മാർച്ച് 9 ന് വൈകിട്ട് ഗോകുലം എഫ്‌സിയുടെ പരിശീലക എസ്. പ്രിയ പെണ്ണുങ്ങളുടെ കളിക്കളം ഉദ്ഘാടനം ചെയ്യും. വിനയാസ് ഫ്രീഡം ഫൗണ്ടേഷന്റെ (വിഎഫ്എഫ്) നേതൃത്വത്തിൽ നടപ്പാക്കുന്ന പുതിയ പോരാട്ടത്തിന്റെ വിശേഷങ്ങൾ വിനയ പങ്കുവയ്ക്കുന്നു.
സ്ത്രീകൾക്കായി മാറ്റിവച്ച 30 സെന്റ്
‘‘സ്ത്രീകൾക്ക് കളിക്കാനായി ടെറസ് മാതൃകയിലുള്ള കളിക്കളമാണ് മാടക്കരയിൽ ഒരുക്കിയിട്ടുള്ളത്. എന്റെ പേരിലുള്ള 72 സെന്റ് ഭൂമിയിൽനിന്ന് 30 സെന്റാണ് കളിക്കളമാക്കിയത്. ഇവിടെയുണ്ടായിരുന്ന കമുകും തെങ്ങും മാവും ഈട്ടിയുമെല്ലാം മുറിച്ചുമാറ്റി തറ നിരപ്പാക്കിയെടുത്താണ് മൈതാനമുണ്ടാക്കിയത്. ഇതെല്ലാം സ്വന്തം പണം ചെലവാക്കി ചെയ്തതാണ്. നേരത്തേ പകൽ മാത്രമായിരുന്നു കളിക്കളം ഉപയോഗിക്കാൻ പറ്റിയിരുന്നത്. ഇപ്പോൾ 12 ലൈറ്റുകൾ കൂടി സ്ഥാപിച്ചതോടെ രാത്രിയും പകലും ഉപയോഗിക്കാം. അവിടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഫുട്ബോളും വോളിബോളും സൈക്കിൾപോളോയും സ്‌കിപ്പിങ്ങുമെല്ലാം പരിശീലിക്കാം. ലൈറ്റില്ലാതിരുന്നിട്ടും ഇപ്പോൾ മുപ്പതോളം സ്ത്രീകളും പെൺകുട്ടികളും കളിക്കളത്തിലെത്തുന്നുണ്ട്. ലൈറ്റ് കൂടി വരുമ്പോൾ പങ്കാളിത്തം കൂടും. നൈറ്റ് ലൈഫ് എന്താണെന്ന് നമ്മുടെ സ്ത്രീകളും പെൺകുട്ടികളും അറിയട്ടെ. അവർ വോളിബോളും ഫുട്ബോളുമെല്ലാം കളിച്ചുവളരട്ടെ. എന്റെ പരിസരത്തുള്ള കുട്ടികളെങ്കിലും ഈ സംവിധാനം ഉപയോഗിക്കട്ടെ. സ്ത്രീകൾക്കും കായികവിനോദമെന്നൊരു പാരമ്പര്യമുണ്ടാകണം. ആ പാരമ്പര്യത്തിനായുള്ള എന്റെ സംഭാവനയാണിത്. കളിക്കളത്തിലെത്തുന്നവരിൽനിന്ന് മാസംതോറും ചെറിയൊരു തുക വാങ്ങുന്നുണ്ട്. പരിശീലകർക്ക് ദിവസക്കൂലിയായി 750 രൂപ വീതം നൽകണം എന്നതുകൊണ്ടു മാത്രം. അതുകൂടാതെ, നാട്ടിൽത്തന്നെയുള്ള മിഥുൻ, ഗോകുൽ എന്നീ കുട്ടികൾ സൗജന്യമായി കുട്ടികളെ പരിശീലിപ്പിക്കുന്നുമുണ്ട്.’’
പത്തുരൂപ പോലും തരാതെ ആട്ടിയിറക്കിയവരുണ്ട്
‘‘കായികവിനോദങ്ങൾ പഠിക്കുകയെന്നതു മാത്രമല്ല അതിൽ വിദഗ്‌ധരാകുക കൂടി വേണമെന്നാണ് ഞാൻ പറയുന്നത്. സൈക്കിൾ പോളോ പരിശീലിക്കുന്ന എന്റെ കുട്ടികളൊക്കെ എന്തൊക്കെ അഭ്യാസങ്ങളാണ് പഠിച്ചിരിക്കുന്നത്. മറ്റെല്ലായിടത്തും കുറേ വിലക്കുകളുണ്ടല്ലോ, അങ്ങനെ ഓടിക്കരുത് ഇങ്ങനെ ഓടിക്കരുത് എന്നൊക്കെ. പെണ്ണുങ്ങളുടെ കളിക്കളത്തിൽ ആ വിലക്കുകളില്ല. ഞാൻ സർവീസിൽനിന്ന് വിരമിച്ചത് 2023 മേയിലാണ്. ഏഴുമാസം കൊണ്ടാണ് പെണ്ണുങ്ങൾക്കായൊരു കളിക്കളം ഉണ്ടാക്കിയെടുത്തത്. ഒരുപാടു പേരുടെ പിന്തുണയുമുണ്ട് ഇതിന്. ആളുകൾക്ക് ഇത്തരം പദ്ധതികളോട് താൽപര്യവുമുണ്ട്. പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തോളം രൂപ ചെലവു വരും. ഇതിനായി ചെറിയ സംഭാവനകൾ പിരിക്കാൻ ഞങ്ങൾ സ്കൂളുകളെയും സംഘടനകളെയും വ്യക്തികളെയുമെല്ലാം സമീപിക്കുന്നുണ്ട്. അപ്പോഴുണ്ടായ ഒരു ദുരനുഭവം പറയാം. ഒരു സ്കൂളിന്റെ എൽപി, ഹൈസ്കൂൾ വിഭാഗങ്ങളിലാണ് പോയത്. എൽപി സ്കൂളിന്റെ ഹെഡ്‌മാസ്റ്റർക്ക് ഇതിന്റെ ഉദ്ദേശ്യശുദ്ധി മനസിലായതുകാരണം അദ്ദേഹം ചെറിയൊരു തുക സംഭാവനയായി തന്നു. ഹൈസ്കൂളിൽ ചെന്നപ്പോൾ നേരെ വിപരീതമായിരുന്നു അനുഭവം. ഇവിടെ ഒരുപാട് പിരിവുകാരെത്തുന്നുണ്ടെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ സംരംഭത്തെ അടയാളപ്പെടുത്തുന്നതിനു വേണ്ടിയാണെന്നും പത്തു രൂപയാണെങ്കിലും സാരമില്ലെന്നും പറഞ്ഞിട്ടും ‘സോറി, പറ്റില്ല’ എന്നു പറഞ്ഞ് അദ്ദേഹം അവിടുന്ന് ഞങ്ങളെ ഇറക്കി വിടുകയാണുണ്ടായത്. സ്ത്രീകളോട് ഇപ്പോഴും നികൃഷ്ടമായ സമീപനം തന്നെയാണ് സമൂഹത്തിനുള്ളതെന്നാണ് ഇതിനായി ഇറങ്ങി നടക്കുന്നയാളെന്ന നിലയ്ക്ക് പറയാനുള്ളത്.’’
വിയർത്തു നേടണം സ്ത്രീകളും
‘‘പെൺകുട്ടികളോടുള്ള സമീപനം തുടക്കംമുതലേ അത്തരത്തിലാണല്ലോ. സ്കൂളിൽ ആൺകുട്ടികൾ ഗ്രൗണ്ടിലിറങ്ങി ക്രിക്കറ്റും ഫുട്ബോളും കളിച്ചു നടക്കുമ്പോൾ പെൺകുട്ടികൾ വിരൽകടിച്ച് മാറി നിൽക്കണമെന്നതാണല്ലോ രീതി. സ്കൂളിൽ പെൺകുട്ടികളുടെ കായികസംഘമുണ്ടാകണമെന്ന് ആർക്കും നിർബന്ധവുമില്ല. ലോകത്ത് ഏതുഭാഗത്തും– ദുബായ് ആയാലും യൂറോപ്യൻ രാജ്യങ്ങളായാലും– സ്ഥിതി ഇതുതന്നെയാണ്. എത്ര പുരോഗതി പറഞ്ഞാലും കളിക്കളങ്ങൾ ഇപ്പോഴും ആണുങ്ങൾക്ക് മാത്രം സ്വന്തം. സ്ത്രീക്ക് ഇതൊന്നും വേണ്ടെന്നത് ഒരു പൊതുമനോഭാവമാണ്. വിയർത്തുനേടുന്ന ആനന്ദം സ്ത്രീകൾക്ക് അനുവദിക്കപ്പെടുന്നില്ല എന്നു തന്നെയാണ്. കലയും സ്പോർട‌്സും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കലയെ എല്ലാവരും പ്രോത്സാഹിപ്പിക്കും. കാരണം കല നമ്മളും ആസ്വദിക്കുന്നുണ്ടെങ്കിലും അതിലേറെ മറ്റുള്ളവരെ ആനന്ദിപ്പിക്കാനുള്ളതാണ്. സ്പോർട്‌സ് അങ്ങനെയല്ല. എനിക്ക് എത്രമാത്രം കായിക അധ്വാനം വേണ്ടി വരും. കല ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്കിൽ സ്പോർട്‌സ് ജീവനോട് ചേർന്നിരിക്കുന്നതാണ്. ജീവനുണ്ടെങ്കിലല്ലേ ജീവിതമുള്ളൂ.’’
കായികവിനോദങ്ങൾ സ്ത്രീജീവിതത്തിന്റെയും ഭാഗമാക്കാനുള്ള വിനയയുടെ ശ്രമങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കായികമേഖലയിൽ സ്ത്രീകൾ നേരിടുന്ന അസമത്വത്തിനെതിരേ പ്രതിഷേധിച്ചുവെന്ന കാരണത്താൽ ശിക്ഷ നേരിട്ടയാളാണ് വിനയ. പൊലീസ് മീറ്റിൽ സ്ത്രീകളുടെ മത്സരങ്ങൾക്ക് പോയിന്റ് നൽകാതെ വെറും പ്രകടനമാക്കി മാത്രം നിർത്തുകയായിരുന്നു നേരത്തേ. ഇതിനെ ചോദ്യം ചെയ്തത് വലിയ പാതകമായി. സർവീസിൽനിന്ന് പുറത്താക്കപ്പെട്ടു. തിരിച്ചുകയറാൻ വലിയ പോരാട്ടം തന്നെ വേണ്ടി വന്നു.
തൃശൂരിൽ എഎസ്ഐ ആയിരിക്കുമ്പോൾ സമീപത്തെ സ്ത്രീകളെ വോളിബോൾ പരിശീലിപ്പിച്ചു. ഉപയോഗശൂന്യമായിക്കിടക്കുന്ന ഭൂമി വെട്ടിത്തെളിച്ച് കളിക്കളമാക്കി. ‘വിങ്സ്’ എന്ന പേരിൽ തുടങ്ങിയ ഈ മുന്നേറ്റത്തിന് ഇപ്പോൾ എല്ലാ ജില്ലകളിലും പ്രാതിനിധ്യമുണ്ട്. കേരള പൊലീസിൽനിന്ന് എസ്ഐ ആയാണ് വിനയ വിരമിച്ചത്. ഒപ്പം ജോലിക്കു കയറിയവരൊക്കെ കുറഞ്ഞത് ഡിവൈഎസ്‌പിയെങ്കിലുമായി. വിവേചനത്തോട് സന്ധി ചെയ്തില്ലെന്ന ഒറ്റക്കാരണത്താൽ അർഹതപ്പെട്ട പലതും നിഷേധിക്കപ്പെട്ടെങ്കിലും തന്റെ പോരാട്ടത്തിന്റെ ഫലം സമൂഹമനുഭവിക്കുന്നുവെന്നതിൽ സന്തോഷം മാത്രമെന്നു പറയുന്നു വിനയ; പോരാട്ടം തുടരുമെന്നും.