ഭയന്ന് ശ്മശാനത്തിൽ അഭയം തേടി, പിടിച്ചുകെട്ടി അതിക്രമം; ആ പേര് ഇഷ്ടമല്ല, ജീവിതം പറഞ്ഞ് ഫൈറ്റ് മാസ്റ്റർ കാളി
‘പിന്നിട്ട വഴികളെ കുറിച്ചോർക്കുമ്പോൾ ഒരു രാത്രിയും സമാധാനത്തോടെ ഉറങ്ങാൻ സാധിച്ചിട്ടില്ല. ഇപ്പോഴും മനസ്സു തുറന്നു ചിരിക്കാനോ സന്തോഷിക്കാനോ കഴിയില്ല.’– കരിയറിനെയും ജീവിതത്തെയും കുറിച്ച് മലയാള സിനിമയിലെ വനിതാ ഫൈറ്ററായ കാളി (ധന്യ) പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്. കുട്ടിക്കാലത്ത് നേരിട്ട അതിക്രമത്തെ
‘പിന്നിട്ട വഴികളെ കുറിച്ചോർക്കുമ്പോൾ ഒരു രാത്രിയും സമാധാനത്തോടെ ഉറങ്ങാൻ സാധിച്ചിട്ടില്ല. ഇപ്പോഴും മനസ്സു തുറന്നു ചിരിക്കാനോ സന്തോഷിക്കാനോ കഴിയില്ല.’– കരിയറിനെയും ജീവിതത്തെയും കുറിച്ച് മലയാള സിനിമയിലെ വനിതാ ഫൈറ്ററായ കാളി (ധന്യ) പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്. കുട്ടിക്കാലത്ത് നേരിട്ട അതിക്രമത്തെ
‘പിന്നിട്ട വഴികളെ കുറിച്ചോർക്കുമ്പോൾ ഒരു രാത്രിയും സമാധാനത്തോടെ ഉറങ്ങാൻ സാധിച്ചിട്ടില്ല. ഇപ്പോഴും മനസ്സു തുറന്നു ചിരിക്കാനോ സന്തോഷിക്കാനോ കഴിയില്ല.’– കരിയറിനെയും ജീവിതത്തെയും കുറിച്ച് മലയാള സിനിമയിലെ വനിതാ ഫൈറ്ററായ കാളി (ധന്യ) പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്. കുട്ടിക്കാലത്ത് നേരിട്ട അതിക്രമത്തെ
‘പിന്നിട്ട വഴികളെ കുറിച്ചോർക്കുമ്പോൾ ഒരു രാത്രിയും സമാധാനത്തോടെ ഉറങ്ങാൻ സാധിച്ചിട്ടില്ല. ഇപ്പോഴും മനസ്സു തുറന്നു ചിരിക്കാനോ സന്തോഷിക്കാനോ കഴിയില്ല.’– കരിയറിനെയും ജീവിതത്തെയും കുറിച്ച് മലയാള സിനിമയിലെ വനിതാ ഫൈറ്ററായ കാളി (ധന്യ) പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്. കുട്ടിക്കാലത്ത് നേരിട്ട അതിക്രമത്തെ കുറിച്ചും ഇതിന്റെ പേരിൽ ബാല്യവും കൗമാരവും നഷ്ടമായതിനെ കുറിച്ചും കാളി മനസ്സുതുറന്നു. ഭയന്ന് വിറച്ച് ശ്മശാനത്തിൽ അഭയം തേടിയ തന്നെ അവിടെ നിന്ന് പിടിച്ചു കൊണ്ടുപോയി കയ്യും കാലും കെട്ടിയിട്ട് ക്രൂരമായ ശാരീരിക അതിക്രമങ്ങൾക്ക് ഇരയാക്കിയതായും അവർ തുറന്നടിച്ചു. ജീവിക്കാൻ വേണ്ടിയാണ് സിനിമയിൽ എത്തിയത്. സിനിമയിൽ ഡ്യൂപ്പ് ആർട്ടിസ്റ്റായും മറ്റും ജോലി ചെയ്യുന്നതിനിടെയാണ് ഫൈറ്റിങ് മേഖലയിലേക്ക് എത്തുന്നത്. സ്ത്രീകൾ തൊഴിലിടങ്ങളിലും മറ്റും വലിയ വിവേചനം നേരിടുണ്ട്. എന്നാൽ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടു പോകേണ്ടത് അനിവാര്യമാണെന്നും അവർ വ്യക്തമാക്കി. ജോലി ചെയ്യുന്നതിനിടെ പലപ്പോഴും അപകടം സംഭവിക്കാറുണ്ട്. എങ്കിലും ജീവിക്കാൻ വേണ്ടി ഈ ജോലി വളരെ സന്തോഷത്തോടെ ചെയ്യുകയാണെന്നും ഫൈറ്റ് മാസ്റ്റര്‍ കാളി പറയുന്നു.
∙ സിനിമയിലെ അടിക്ക് പേയ്മെന്റ്!
‘‘തൊഴിലിടത്തിൽ തന്നെ വലിയ രീതിയിലുള്ള അവഗണനകൾ സ്ത്രീകൾ നേരിടേണ്ടിവരും. സിനിമയിലെ സംഘട്ടനം എന്ന മേഖല സ്ത്രീകൾ അധികം തിരഞ്ഞെടുക്കാത്തതു കൊണ്ടല്ല. മറിച്ച് പലപ്പോഴും അവഗണനകൾ നേരിടേണ്ടി വരുന്നതിനാലാണ്. ഫൈറ്റിങ് എന്നത് അപകടം നിറഞ്ഞ ഒരു തൊഴിലിടമാണ്. പലപ്പോഴും ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങള്‍ ഉണ്ടായാൽ പോലും അതിൽ നിന്നും മോചനം നേടാനുള്ള സാഹചര്യം ഉണ്ടാകാറില്ല. കൂട്ടത്തിൽ ഒരാൾ മരിച്ചാൽ പോലും ആരും ശ്രദ്ധിക്കില്ല. സിനിമയിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് സംഘട്ടനം. ഏറെ പ്രതിസന്ധികൾ നിറഞ്ഞ ഈ തൊഴിലിടത്തിലേക്ക് ഒരു സ്ത്രീ വരുമ്പോൾ അതിൽ വെല്ലുവിളികൾ ഏറെയാണ്. അവർക്ക് ആരോഗ്യമോ സൗന്ദര്യമോ സംരക്ഷിക്കാൻ കഴിയില്ല. ജീവനു തന്നെ ഭീഷണിയാകുന്ന അപകടവും പരുക്കും ഉണ്ടാകും. എന്റെ ജീവിതത്തിൽ സൗന്ദര്യത്തിന് ഞാൻ അധികം പ്രാധാന്യം ഒന്നും നൽകിയിട്ടില്ല. ഞാൻ കടന്നു വന്ന വഴികൾ അത്രയും പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. അതെല്ലാം ഓർക്കുമ്പോൾ സിനിമയിലെ ഈ ജീവിതം എനിക്കു രസകരമായി തോന്നാറുണ്ട്.
ജീവിതത്തിൽ കിട്ടിയ അടികളെല്ലാം പാഴായിരുന്നു. പക്ഷേ, സിനിമയിലെ അടിക്ക് എനിക്ക് പേയ്മെന്റ് ലഭിക്കുന്നുണ്ട്. മൂന്ന് നാലു ദിവസം ചെയ്യുന്ന ഒരു ജോലിയുടെ പെയ്മെന്റ് എനിക്ക് ഒരു ഫൈറ്റ് ചെയ്താൽ ലഭിക്കും. ഒരു സിംഗിൾ മദർ എന്ന നിലയിൽ കുട്ടികളെ നോക്കുന്നതിനും എനിക്ക് സമയം ലഭിക്കും. രാത്രിയും പകലും ജോലി ചെയ്യേണ്ടിവരും. കുഞ്ഞുങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ രാത്രിയിൽ ജോലിക്കു പോയിട്ടുണ്ട്. പിന്നെ ഫൈറ്റർ ആയത് ജീവിതത്തിൽ എനിക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. അതെനിക്കൊരു സുരക്ഷിതത്വം കൂടിയാണ്. മറ്റുള്ള പലരും ഈ ജോലിയിൽ നിന്ന് മാറിയപ്പോഴും ഞാൻ ഫൈറ്റിൽ തന്നെ തുടർന്നു. കാരണം എനിക്കതൊരു സേഫ്റ്റിയായിരുന്നു.
∙ കാല് പൊള്ളിയപ്പോഴും ഞാൻ ചിരിച്ചു
പതിനാറ് വർഷം മുൻപാണ് സിനിമയിലേക്ക് വരുന്നത്. ആദ്യം കൊറിയോഗ്രഫിയും അഭിനയവുമെല്ലാം പരീക്ഷിച്ചു നോക്കി. പക്ഷേ, പലകാരണങ്ങളാൽ അതെല്ലാം ഒഴിവായി. ചെറിയ ഡ്യൂപ്പൊക്കെ ചെയ്ത് സിനിമയിൽ പിടിച്ചു നിന്നു. സിനിമയിൽ ഒരു ഫൈറ്റ് മാസ്റ്റർ ഉണ്ടെന്നു പോലും എനിക്കറിയില്ല. ആയിടയ്ക്കാണ് ശശി മാസ്റ്ററെ കാണുന്നത്. എറണാകുളം സരിത സവിത തിയറ്ററിന്റെ മുന്നിൽ ഒരു ഷൂട്ട് നടക്കുകയായിരുന്നു. അവിടേക്ക് ഞാൻ ബൈക്കിൽ ചെന്നുവീഴുകയായിരുന്നു. എന്നെ ബൈക്കിന്റെ ടയറിനടിയിൽ നിന്ന് വലിച്ചെടുക്കുകയാണ് ചെയ്തത്. ആ സമയത്ത് കാലൊക്കെ പൊള്ളി. കാൽ പൊള്ളിയപ്പോഴും ഞാന്‍ ചിരിക്കുകയാണ് ചെയ്തത്. അപകടം, മരണം എന്നിങ്ങനെയുള്ള പേടിയൊന്നും ജീവിതത്തിൽ എനിക്കുണ്ടായിട്ടില്ല. ആകെയുണ്ടായിരുന്ന ഭയം മക്കൾ തനിച്ചാകുമെന്നായിരുന്നു. അവിടെ നിന്നാണ് ശശി മാസ്റ്ററെ പരിചയപ്പെടുന്നത്. പിന്നീട് ശശി മാസ്റ്ററുടെ അസിസ്റ്റന്റായി. നിനക്കൊരു പെൺകുട്ടിയെ പോലെ നടന്നൂടെ, എങ്കിലേ സിനിമയിലൊക്കെ ചാൻസ് കിട്ടൂ എന്ന് മാസ്റ്റർ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പോൾ ഞാൻ പറഞ്ഞു. വേണ്ട ഞാൻ മാസ്റ്ററുടെ കൂടെ നിന്നോളാം. അങ്ങനെയാണ് ഈ മേഖലയിലേക്ക് വരുന്നത്.
∙ ആ പേര് വെറുത്തപ്പോൾ ഞാൻ ‘കാളി’യായി
ധന്യ എന്ന പേരിനോട് എനിക്കൊരു തരം അറപ്പാണ്. എന്റെ ജീവിതത്തിലെ ആ കാലത്തോടാണ് എനിക്കു വെറുപ്പുള്ളത്. എന്റെ ബാല്യവും കൗമാരവും എല്ലാം എനിക്ക് നഷ്ടപ്പെട്ടത് ആ ഒരു പേരുള്ളപ്പോഴാണ്. ആ സമയത്തെ വേദനയെ കുറിച്ചോര്‍ക്കുമ്പോൾ ആ പേര് എനിക്കിഷ്ടമല്ല. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ അക്കാലത്ത് നേരിടേണ്ടി വന്നിട്ടുണ്ട്. ആ പേര് എനിക്കിഷ്ടമല്ല. ഞാൻ ഫൈറ്റ് മാസ്റ്ററാകുമ്പോൾ എനിക്കൊരു പേരു വേണം എന്നു പറഞ്ഞു. അങ്ങനെയാണ് കാളി പേര് തിരഞ്ഞെടുക്കുന്നത്.
ഒരുപാട് പേരുകൾ ഞാൻ സ്വീകരിച്ചിട്ടുണ്ട്. കാളി, കുതിര, കിലുക്കം എന്നിങ്ങനെയുള്ള പേരുകളെല്ലാം എനിക്കുണ്ട്. എന്റെ അച്ഛനെന്നു പറയുന്നയാൾ പറഞ്ഞത് എന്റെ പേര് ഭദ്ര എന്നാണ്. പക്ഷേ, ആ പേര് എനിക്ക് വേണ്ട. അദ്ദേഹം എന്റെ അച്ഛനാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. അയാളുടെ അടുത്തു നിന്ന് ധാരാളം ഉപദ്രവങ്ങൾ നേരിട്ടിട്ടുണ്ട്. കാളി എന്ന പേര് സ്വീകരിച്ചതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്. കാളി ആരാണെന്ന് എല്ലാവർക്കും അറിയാം. നമ്മൾ ഒരു ദൈവത്തെ വിശ്വസിക്കുന്നുണ്ടെങ്കിൽ ആ ദൈവം എന്താണെന്ന് അറിയണം. മരണത്തിനു മുൻപ് നമുക്കൊരു വ്യക്തിത്വം ഉണ്ടാകും കാളിദാസനെ പോലെ. കാളി ദാസനെ പോലെ ഞാനൊരു കാളി ദാസയാണെന്ന തോന്നലിലാണ് ആ പേര് സ്വീകരിച്ചത്.
∙ ആ ക്രൂരതയ്ക്ക് നാട് മുഴുവൻ കൂട്ടുനിന്നു
പത്തുവയസ്സുള്ള പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത് ഒരു അഭിമാനമായാണ് അക്കാലത്ത് ആ നാടുപോലും കണ്ടത്. 10 വയസ്സുള്ള പെൺകുട്ടിയെ ഉപയോഗിച്ചതായി ക്രഡിറ്റോടെയാണ് അവർ പറഞ്ഞത്. നമ്മൾ ജീവിക്കുന്നത് യുപിയിലൊന്നുമല്ല. കേരളത്തിലെ കൊച്ചിയില്‍ വൈപ്പിൻ മുരുക്കുംപാടത്താണ്. മൂന്ന് വർഷം മുൻപ് ഞാൻ അവരുടെ പേരും ഫോട്ടോയും സഹിതം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടുണ്ട്. പക്ഷേ, പൊലീസ് എനിക്കെതിരെ കേസെടുക്കുകയാണ് ചെയ്തത്. പരാതി നൽകാൻ പോയപ്പോൾ അവർ എന്നെ ഒരു മോശം സ്ത്രീയായി ചിത്രീകരിക്കുകയാണ് ചെയ്തത്.
വൈപ്പിൻ മുരുക്കിൻപാടം എന്ന പ്രദേശത്ത് കഥകളുണ്ടാക്കുന്ന ഇത്തരം കഥാപാത്രങ്ങൾ നിരവധിയാണ്. എനിക്ക് നീതികിട്ടാൻ ഞാൻ മരിക്കേണ്ടി വരുമോ എന്നാണ് ചോദിക്കുന്നത്. ഒരുപെൺകുട്ടി പീഡനത്തിനിരയായ ശേഷം അതിനു നഷ്ടപരിഹാരമായി അഞ്ചുലക്ഷമോ മൂന്ന് ലക്ഷമോ നൽകിയിട്ടുകാര്യമില്ല. ആ പെൺകുട്ടിക്കു വേണ്ടത് സമൂഹത്തിന്റെ അടക്കമുള്ള സംരക്ഷണമാണ്. കുറെ ചോക്ലേറ്റോ കൗൺസിലിങ്ങോ നൽകിയിട്ടു കാര്യമില്ല. ചുറ്റുപാടിലും പിന്നെയും വെല്ലുവിളികൾ കൂടുകയാണ്. അനുഭവിച്ചതിലും ഇരട്ടിയാണ് പിന്നീട് നേരിടേണ്ടിവരുന്ന പ്രതിസന്ധികൾ. എന്നെ പോലെയുള്ള പെൺകുട്ടികൾക്ക് ഉറക്കമില്ല. ഇത്തരത്തിൽ ബാല്യം നഷ്ടപ്പെടുന്ന പലരും പിന്നീട് ചെന്നെത്തുന്നത് ലഹരിയിലാണ്. ഒരു നല്ല കുടുംബത്തിൽ ജനിച്ച പെൺകുട്ടിക്കു പോലും അതിനെ മറികടക്കാൻ കഴിയില്ല. ആ സ്ഥാനത്ത് ഒരു നാടുമുഴുവൻ നമ്മളെ ഉപയോഗിക്കാൻ നടക്കുന്ന ഒരു അവസ്ഥ എത്ര ഭീകരമായിരിക്കും? നമുക്ക് ആരെയും വിശ്വസിക്കാൻ കഴിയില്ല. നന്നായി ഉറങ്ങാൻ കഴിയില്ല. ഒന്നുംചിന്തിക്കാതെ ഒരു ദിവസമെങ്കിലും സമാധാനമായി കിടന്നുറങ്ങാൻ കഴിയണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെ എത്രയോ പെൺകുട്ടികളുണ്ട്.
∙ വളർച്ച കൂടിയതു കൊണ്ടാകാം എന്ന പരിഹാസം
നാലോ അഞ്ചോ വയസ്സുള്ളപ്പോൾ തന്നെ ഫോർട്ട് കൊച്ചിയിൽ വിദേശിയായ ഒരാൾ എന്നെ തൂക്കിയെടുത്തുകൊണ്ടു പോയിട്ടുണ്ട്. എന്റെ കൂടെയുണ്ടായിരുന്ന കുട്ടികളെല്ലാം ചേർന്നാണ് എന്നെ എടുത്തു കൊണ്ടു തിരികെ പോന്നത്. അങ്ങനെ പലതരത്തിലുള്ള ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും നമ്മുടെ നാട്ടിൽ ഒരു പെൺകുട്ടി പീഡനത്തിനിരയായാൽ എന്താണു സംഭവിക്കുന്നത്. പരാതിയുമായി എത്തുമ്പോൾ ആദ്യം ചോദിക്കുന്നത് എന്തൊക്കെയാണ് അവർ ചെയ്തതെന്നാണ്. അതെന്താണെന്ന് പറഞ്ഞു കൊടുക്കാൻ മിക്കപ്പോഴും ആ പെൺകുട്ടിക്ക് സാധിക്കണമെന്നില്ല. എനിക്കിപ്പോഴും ഞാൻ നേരിട്ടത് എന്താണെന്ന് പറയാൻ കൃത്യമായി അറിയില്ല. എന്നെ ചെയ്തതെന്താണെന്ന് എനിക്കറിയില്ല. ഒരു പെൺകുട്ടി ഭയന്ന് വിറച്ച് ശ്മശാനത്തിൽ അഭയം തേടി. അവിടെ നിന്ന് പുറത്തിറങ്ങിയപ്പോൾ കയ്യും കാലും കെട്ടിയിട്ടു കൊണ്ടു പോയി. ചവിട്ടുകയും, ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.
ഞാൻ നേരിട്ട വേദനകാരണം അവരെ കാണുമ്പോഴെല്ലാം ഞാൻ ഒളിച്ചിരുന്നു. ശരീരവളർച്ച കൂടുതലുള്ള കുട്ടിയായതു കൊണ്ടായിരിക്കാം ആളുകൾ ഉപയോഗിച്ചതെന്ന് എന്നോട് പറഞ്ഞവരുണ്ട്. അത്രയും ലാഘവത്തോടെയാണ് പറയുന്നത്. ഞാൻ ഇതെല്ലാംതുറന്നു പറയുന്നതു പോലും അവരോടുള്ള പ്രതികാരമാണ്. ഇപ്പോൾ എന്നെ കാണുമ്പോൾ അവർക്കു പേടിയുണ്ടാകുന്നതു പോലും എനിക്ക് സന്തോഷമാണ്. ഉപദ്രവിച്ച ആളുകൾ നീറുന്നതു കാണുന്നത് എന്നെ പോലെയുള്ള പെൺകുട്ടികൾക്കു സന്തോഷമാണ്.
∙ നല്ല പാരന്റിങ്ങില്ലെങ്കിൽ സെക്സ് വർക്കിലേക്കു പോകും
നല്ല പാരന്റിങ്ങില്ലാത്ത പെൺകുട്ടികളാണെങ്കിൽ സെക്സ് വർക്കിലേക്കു പോകും. ആ റാക്കറ്റിൽ നിന്ന് പുറത്തു വരാൻ സാധിക്കില്ല. പെൺകുട്ടികൾ ഇതിലേക്കു പോകുന്നത് അവരെ സംരക്ഷിക്കാൻ നമ്മുടെ നിയമസംഹിതയ്ക്കു സാധിക്കാത്തതിനാലാണ്. ഇത്തരത്തിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി പരമാവധി പ്രയത്നിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി കൂടിയാണ് ഞാൻ. ഞാൻ ഇപ്പോഴും പോരാട്ടം തുടരുന്നത് ഇനി പെൺകുട്ടികൾക്ക് ഇത്തരം പ്രശ്നങ്ങൾ വന്നാൽ തുറന്നു പറയാൻ ഭയം ഉണ്ടാകരുതെന്ന് കരുതിയാണ്. പറയാൻ പേടിച്ച് കൂടുതൽ ആളുകൾക്ക് ഉപയോഗിക്കാൻ നിന്നു കൊടുക്കരുത്. ധൈര്യത്തോടെ തുറന്നു പറയണം. ഈ സംഭവിച്ചത് എന്റെ തെറ്റല്ല. ഇനി എന്റെ ശരീരത്തിൽ തൊടരുത് എന്നു തുറന്നു പറയാനുള്ള ആർജവം പെൺകുട്ടികൾക്കുണ്ടാകണം.
അരെങ്കിലും മോശമായി പെരുമാറിയാൽ നമ്മുടെ അടുത്ത ആളുകളോട് പറഞ്ഞാൽ തന്നെ അവർ പറയുന്നത് ആരോടും പറയണ്ട. നിന്റെ ഭാവി പോകും എന്നായിരിക്കും. പക്ഷേ, ആ പെൺകുട്ടിക്ക് പിന്നീട് ജീവിതത്തിൽ ഉള്ളുതുറന്നു സന്തോഷിക്കാനോ ചിരിക്കാനോ സമാധാനത്തോടെ ഒന്ന് ഉറങ്ങാനോ സാധിക്കില്ല. പലപ്പോഴും നിയമത്തോടു തന്നെ അറപ്പും വെറുപ്പും തോന്നും. ശരിയായ വഴിയിൽ സഞ്ചരിക്കാനായി നമ്മൾ ചെന്നു മുട്ടുന്ന വാതിലുകളെല്ലാം എനിക്കു മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടു. ഇതിന്റെ പേരിൽ ജീവിതാവസാനം വരെ ഉപയോഗിക്കാൻ നിന്നുകൊടുക്കാൻ സാധിക്കില്ല. കുട്ടികളെ നോക്കണം. മുന്നോട്ട് ജീവിക്കണം.