ടെൻഷനില്ല, ഇപ്പോൾ സുഖമായി ഉറങ്ങാം; ടെക്കി ജീവിതം ഉപേക്ഷിച്ച് യോഗ അധ്യാപികയായ അഞ്ജന പറയുന്നു
ഐടി മേഖലയിലെ മോഹിപ്പിക്കുന്ന വേതനത്തെക്കാൾ യോഗ നൽകുന്ന മാനസികസ്വാസ്ഥ്യത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് യോഗയിലേക്ക് തിരിഞ്ഞ സോഫ്റ്റ്‍വെയർ എൻജിനീയറാണ് അഞ്ജന. ഇപ്പോൾ യോഗാതെറാപിസ്റ്റും ഇൻസ്ട്രക്ടറുമായ അഞ്ജന രണ്ട് പ്രൊഫഷനുകളും തനിക്ക് രണ്ട് ലോകങ്ങളാണെന്ന് പറയുന്നു. സോഫ്റ്റ് വെയർ എൻജിനീയർ യോഗയിലേക്ക്
ഐടി മേഖലയിലെ മോഹിപ്പിക്കുന്ന വേതനത്തെക്കാൾ യോഗ നൽകുന്ന മാനസികസ്വാസ്ഥ്യത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് യോഗയിലേക്ക് തിരിഞ്ഞ സോഫ്റ്റ്‍വെയർ എൻജിനീയറാണ് അഞ്ജന. ഇപ്പോൾ യോഗാതെറാപിസ്റ്റും ഇൻസ്ട്രക്ടറുമായ അഞ്ജന രണ്ട് പ്രൊഫഷനുകളും തനിക്ക് രണ്ട് ലോകങ്ങളാണെന്ന് പറയുന്നു. സോഫ്റ്റ് വെയർ എൻജിനീയർ യോഗയിലേക്ക്
ഐടി മേഖലയിലെ മോഹിപ്പിക്കുന്ന വേതനത്തെക്കാൾ യോഗ നൽകുന്ന മാനസികസ്വാസ്ഥ്യത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് യോഗയിലേക്ക് തിരിഞ്ഞ സോഫ്റ്റ്‍വെയർ എൻജിനീയറാണ് അഞ്ജന. ഇപ്പോൾ യോഗാതെറാപിസ്റ്റും ഇൻസ്ട്രക്ടറുമായ അഞ്ജന രണ്ട് പ്രൊഫഷനുകളും തനിക്ക് രണ്ട് ലോകങ്ങളാണെന്ന് പറയുന്നു. സോഫ്റ്റ് വെയർ എൻജിനീയർ യോഗയിലേക്ക്
ഐടി മേഖലയിലെ മോഹിപ്പിക്കുന്ന വേതനത്തെക്കാൾ യോഗ നൽകുന്ന മാനസികസ്വാസ്ഥ്യത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് യോഗയിലേക്ക് തിരിഞ്ഞ സോഫ്റ്റ്‍വെയർ എൻജിനീയറാണ് അഞ്ജന. ഇപ്പോൾ യോഗാതെറാപിസ്റ്റും ഇൻസ്ട്രക്ടറുമായ അഞ്ജന രണ്ട് പ്രൊഫഷനുകളും തനിക്ക് രണ്ട് ലോകങ്ങളാണെന്ന് പറയുന്നു.
സോഫ്റ്റ് വെയർ എൻജിനീയർ യോഗയിലേക്ക്
കോവിഡ് ലോക് ഡൗണിനു തൊട്ടുമുമ്പായിരുന്നു മറ്റൊരു കമ്പനിയിൽ നിന്ന് അഞ്ജനയ്ക്ക് ഓഫർ ലെറ്റർ കിട്ടിയത്. പിന്നൊന്നും നോക്കിയില്ല, ചെയ്തുകൊണ്ടിരുന്ന ജോലി രാജി വച്ച് പുതിയ കമ്പനിയിലേക്ക് കടക്കാനായി ചെറിയൊരു അവധിയെടുത്തു. ലോകമാകെ സ്തംഭിപ്പിച്ച കോവിഡ് പ്രതിസന്ധിയെത്തിയപ്പോൾ പുതിയതായി ചേരാനിരുന്നവർക്ക് അത് വലിയ പ്രശ്നമായി. ഉണ്ടായിരുന്ന ജോലി വിടുകയും ചെയ്തു, പുതിയ കമ്പനിയിൽ ജോയിൻ ചെയ്യാനുമായില്ല. ശമ്പളവും ജോലിയുമില്ലാതെ വല്ലാതെ സ്ട്രസ് അനുഭവിച്ച ആ സമയത്താണ് താൻ ആദ്യമായി യോഗയിലേക്ക് വന്നതെന്ന് അഞ്ജന. ഒറ്റമാസത്തെ പരിശീലനം കൊണ്ട് സമ്മർദത്തിൽ നിന്ന് വലിയ മോചനം നൽകിയതോടെ യോഗയിൽ താത്പര്യമുണ്ടായി. ആ സമയത്താണ് യോഗ വാട്സ്ആപ് ഗ്രൂപ്പിൽ യോഗ കോഴ്സിനെക്കുറിച്ച് പരസ്യം കണ്ടത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല, സ്റ്റേറ്റ് റിസോഴ്സ് സെൻറർ നടത്തുന്ന ഡിപ്ലോമ കോഴ്സിൽ വിദ്യാർത്ഥിയായി അഞ്ജന.
അക്കാദമിക് ആയി യോഗ പഠിച്ചതിന്റെ അനുഭവം
യോഗ സ്ഥിരം ചെയ്യുന്ന ഒരാളായിരുന്നില്ലെങ്കിലും അത്തരം കാര്യങ്ങൾ കണ്ടും കേട്ടുമാണ് അഞ്ജന വളർന്നത്. ബാങ്ക് മാനേജരായ അമ്മാവൻ ഒരു യോഗടീച്ചറും കൂടിയായിരുന്നു. അമ്മാവനിൽ നിന്ന് കുറെ കാര്യങ്ങൾ ചെറുപ്പത്തിൽ തന്നെ അറിയാൻ സാധിച്ചിരുന്നു. അക്കാദമിക് പഠനം തുടങ്ങിയപ്പോൾ സിസ്റ്റമാറ്റിക് ആയി അറിയാൻ കഴിഞ്ഞു. ഓരോ ആസനങ്ങളും എങ്ങനെയാണ് വ്യത്യസ്ത രോഗങ്ങൾക്ക് പരിഹാരമാകുന്നതെന്നും ശാരീരികസ്ഥിതി അനുസരിച്ച് ഒരാൾക്ക് എന്തൊക്കെ ചെയ്യാം എന്നും മറ്റുമുള്ള കാര്യങ്ങളിൽ സാമാന്യധാരണയുണ്ടായി. മാത്രമല്ല യോഗ എങ്ങനെ ആത്മീയ അന്വേഷകരെ ശരിയായ പാതയിലേക്ക് നയിക്കുന്നു എന്നതിനെക്കുറിച്ചും വ്യക്തത ലഭിച്ചു.
എവിടെയെങ്കിലും പോയി കുറെ ആസനങ്ങളും പ്രാണായാമവും പരിശീലിച്ചാൽ മാത്രം ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിവുണ്ടാകണമെന്നില്ലെന്ന് അഞ്ജന പറയുന്നു. പ്രായോഗിക പരിശീലനത്തിനൊപ്പം അറിയേണ്ട തിയറി പാർട്ട് അറിഞ്ഞിട്ടല്ല പലരും പഠിപ്പിക്കുന്നത്. അക്കാദമിക് പഠനം വഴി തിയറിയും പ്രാക്ടിക്കലും മനസിലാക്കി ശരിയായ പഠനവഴിയിലേക്ക് കടക്കാനായി. യോഗ ഡിപ്ലോമ കോഴ്സ് ചെയ്തതിന് ശേഷം ചിദംബരത്ത് പോയി അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ എംഎസ് സി യോഗ ചെയ്തു. ഒരുമാസം അവിടെ പോയിനിന്ന് പഠിച്ചപ്പോൾ പല പണ്ഡിതൻമാരെ നേരിൽ കണ്ട് സംസാരിക്കാനും അവരുടെ ക്ലാസുകൾ സ്ഥിരമായി കേൾക്കാനുമുള്ള ഭാഗ്യം കിട്ടി. അതോടെ കൂടുതൽ ദിശാബോധമുണ്ടാകുകയും യോഗ എങ്ങനെയാണ് മനുഷ്യനൻമയ്ക്ക് ഉപകരിക്കുന്നതെന്ന് മനസിലാകുകയും ചെയ്തെന്നും അഞ്ജന വ്യക്തമാക്കുന്നു.
എന്തുകൊണ്ട് യോഗ പ്രൊഫഷനാക്കി
യോഗ പരിശീലിക്കാൻ തുടങ്ങിയതിന് ശേഷമാണ് അതിൻറെ മൂല്യം മനസിലായത്. സ്വന്തം അനുഭവം തന്നെയായിരുന്നു ഏറ്റവും വലിയ സാക്ഷ്യപത്രം. സോഫ്റ്റ്‍വെയർ എൻജിനീയർ എന്നത് ഇഷ്ടപ്പെട്ട ജോലി തന്നെയാണ്. പക്ഷേ പൂർണ സംതൃപ്തിയുണ്ടോ എന്ന് സ്വയം ചോദിച്ചപ്പോൾ ‘ഇല്ല’ എന്ന ഉത്തരമാണ് തോന്നിയത്. കിട്ടുന്ന പ്രോജക്ട് ചെയ്തുതീർത്ത് കൊടുക്കുമ്പോൾ സന്തോഷമുണ്ട്. പക്ഷേ അതിനായി എടുക്കേണ്ടിവരുന്ന സമ്മർദം വളരെ വലുതാണ്. എന്നാൽ യോഗ ചെയ്യുമ്പോഴും ചെയ്യിപ്പിക്കുമ്പോഴും സ്വയവും മറ്റുള്ളവർക്കും വരുന്ന മാറ്റം അനുഭവിക്കുന്നതിന്റെ സന്തോഷം വളരെ വലുതാണ്. ഉറക്കമില്ലായ്മയും മറ്റു മാനസികപ്രശ്നങ്ങളുമായി വലയുന്നവർ നിറഞ്ഞ സന്തോഷത്തോടെ ഞാനിപ്പോൾ സുഖമായി ഉറങ്ങുന്നുവെന്നു പറയുന്നു. അവരുടെ സന്തോഷവും കൃതഞ്ജതയും കാണുമ്പോൾ ജീവിതത്തിനും ചെയ്യുന്ന കാര്യത്തിനും എന്തോ അർഥമുള്ളത് പോലെ തോന്നിത്തുടങ്ങിയപ്പോഴാണ് ഐടി വിട്ട് യോഗടീച്ചറാകാം എന്ന തീരുമാനമുറച്ചത്. ജോലി എന്നതിലുപരി സമൂഹത്തിന് വേണ്ടി ഒരു നന്മ ചെയ്യുന്നു എന്ന സംതൃപതിയാണ് ‘യോഗ ടീച്ചർ’ എന്ന പുതിയ ലേബൽ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.
അധികവും യോഗ ആവശ്യപ്പെടുന്നത് ആര്?
നിലവിൽ ജോലി ചെയ്യുന്ന നേവൽ ബേസിലെ സ്റ്റേഷൻ ഹെൽത്ത് ഓർഗനൈസേഷനിൽ അധികവും രോഗികളാണ് അഞ്ജനയെ തേടി എത്തുന്നത്. സൈക്യാട്രിക് വാർഡിൽ നിന്നുള്ളവരാണ് അധികവും. അധികസ്ട്രസ്, ആകാംക്ഷ, ഉറക്കമില്ലായ്മ, ഡിപ്രഷൻ തുടങ്ങിയ പ്രശ്നങ്ങളാണ് ഇവർ നേരിടുന്നത്. സ്കീസോഫീനിയ, ബൈ പോളാർ രോഗികളും എത്താറുണ്ട്. ഇവരിലൊക്കെ വരുന്ന മാറ്റം അത്ഭുതപ്പെടുത്തുന്നണെന്ന് അഞ്ജന പറയുന്നു. മാനസികരോഗികളെന്ന് മുദ്രകുത്തപ്പെട്ട് മരുന്നുകളില്ലാതെ ജീവിക്കാൻ സാധിക്കാത്തവരിൽപോലും വലിയ മാറ്റങ്ങൾ യോഗ വഴി കൊണ്ടുവരാൻ കഴിയുന്നുണ്ടെന്നും ഉറപ്പിച്ച് പറയുന്നു അഞ്ജന എന്ന യോഗ തെറാപിസ്റ്റ്.
യോഗ എങ്ങനെ സ്വാധീനിക്കുന്നു
നാല് വർഷമേ ആയിട്ടുള്ളു യോഗ പഠിപ്പിക്കാൻ തുടങ്ങിയിട്ട്. അഞ്ഞൂറിലധികം പേരെ പഠിപ്പിച്ചു. ഏറ്റവും വലിയ മാറ്റം എന്താണെന്ന് ചോദിച്ചാൽ മിക്കവരുടെയും ജീവിതത്തോടുള്ള കാഴ്ച്ചപ്പാട് മാറുന്നു എന്നതാണ്. എല്ലാവരും അത് നേരിട്ട് പറയുന്നുണ്ട്, മാത്രമല്ല മിക്കവരിലും അത് പ്രകടമാണ്. ജീവിതശൈലി രോഗങ്ങളുമായെത്തുന്നവർ ചിട്ടയായ പരിശീലനം വഴി അതിൽ നിന്ന് മുക്തരാകുകയോ അല്ലെങ്കിൽ കഴിക്കുന്ന മരുന്നിൻറെ അളവ് കുറയ്ക്കുകയോ ചെയ്യുന്നു എന്നത് സാധാരണമാണ്.
യോഗ ഒരു പ്രൊഫഷനാക്കാമോ?
യോഗ പഠിക്കുന്നത് വളരെയേറെ സാധ്യതയുള്ള ഒരു പ്രൊഫഷൻ കൂടിയാണെന്ന് അഞ്ജന കണ്ണുമടച്ച് പറയുന്നു. ആരോഗ്യത്തോടെയിരിക്കാം എന്നതിനപ്പുറം നല്ല സാമ്പത്തികഭദ്രതയും യോഗ നൽകും. മനസമാധാനവും സംതൃപ്തിയും നൽകുന്ന പ്രൊഫഷൻ എന്ന് കണ്ണുമടച്ച് പറയാം. നിലവിൽ യോഗയ്ക്ക് വലിയ ആവശ്യക്കാരാണുള്ളത്. പുതിയ സാധ്യതകൾ വന്നുകൊണ്ടേയിരിക്കുകയാണ്. പക്ഷേ അത് വിജയകരമാകണമെങ്കിൽ വെറും ജോലി എന്നതിനപ്പുറം സമർപ്പണവുമുണ്ടായിരിക്കണമെന്നും ഈ യോഗടീച്ചർ ചൂണ്ടിക്കാണിക്കുന്നു.
ഐടിയും യോഗയും തമ്മിലുള്ള വ്യത്യാസം
വളരെ വലിയ വ്യത്യാസമാണ് അനുഭവിക്കുന്നത്. മുമ്പ് ജോലി എന്താണെന്ന് ചോദിച്ചാൽ സോഫ്റ്റ്വെയർ എൻജിനീയർ എന്ന് പറയുമ്പോൾ അവസാനിക്കും. എന്നാൽ യോഗ ടീച്ചർ എന്ന് പറയുമ്പോൾ ആ അനുഭവമല്ല. എൻജിനീയറിങ് മേഖലയ്ക്ക് നൽകാനാകാത്ത ബഹുമാനവും ആദരവും തനിക്ക് യോഗ നൽകുന്നുണ്ടെന്ന് സന്തോഷത്തോടെ പറയുന്നു അഞ്ജന. യോഗയിലേക്ക് കടക്കുന്നതിന് മുമ്പ് അഞ്ജന.സി എന്ന സോഫ്റ്റ്‍വെയർ എൻജിനീയറെ അധികമാരും അറിയില്ലായിരുന്നു. പക്ഷേ യോഗടീച്ചറായ അഞ്ജനയുടെ ലോകം കുറച്ചുകൂടി വലുതാണ്. പലരും അന്വേഷിച്ചെത്തുന്നു, പഠിച്ച് പോയവർ വീണ്ടും വിളിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങനെയങ്ങനെ അഞ്ജനയെ അറിയുന്നവരുടെ എണ്ണം കൂടിയെന്ന് പറയാം.
യോഗയിൽ വന്നതിന് ശേഷമാണ് വ്യക്തിപരമായ നേട്ടങ്ങൾ കൈവരിക്കാനായതെന്നും അഞ്ജന വിശദീകരിക്കുന്നു. യോഗ കായിക ഇനമാക്കിയതോടെ നാഷണൽ ലെവൽ മത്സരത്തിന് വരെ പോകാൻ കഴിഞ്ഞതിലുള്ള അഭിമാനവും അഞ്ജന പങ്ക് വയ്ക്കുന്നു.ഐടി ഫീൽഡിൽ നിൽക്കുമ്പോൾ ശ്വാസം മുട്ടൽ, കഴുത്തുവേദന, സ്ട്രസ് തുടങ്ങി പലവിധ ശാരീരിക മാനസിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. എന്നാൽ യോഗ ശീലമായതോടെ ഈ പ്രശ്നങ്ങളിൽ നിന്ന് മോചനം കിട്ടിയതും വലിയ നേട്ടമായി അഞ്ജന കരുതുന്നു.
ഐടിക്കാർക്ക് യോഗ എങ്ങനെ ഗുണം ചെയ്യും
പല ഐടി കമ്പനികളിലും അഞ്ജന യോഗ പരിശീലനം നൽകുന്നുണ്ട്. മണിക്കൂറുകളോളം ഇരുന്നുള്ള ജോലിയും സ്ട്രസും കാരണം പ്രമേഹം, രക്തസമ്മർദ്ദം, അമിതവണ്ണം, നടുവേദന, കുടവയർ തുടങ്ങി പലവിധ പ്രശ്നങ്ങളും അനുഭവിക്കുന്നവരാണ് അധികവും. യോഗ ഒരേ സമയം സ്ട്രസ് കുറച്ച് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളിൽ നിന്ന് ആശ്വാസം നൽകുന്നു. ഒപ്പം ടൈം മാനേജ്മെന്റിൽ ശ്രദ്ധയുണ്ടാകുകയും സമ്മർദ്ദമില്ലാതെ സമയബന്ധിതമായി പ്രോജക്ടുകൾ തീർത്ത് കൊടുക്കാനും കഴിയും. ഐടിക്കാർ മാത്രമല്ല ഏത് മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഇത് തന്നെയാണ് യോഗ നൽകുന്ന ഉറപ്പെന്നും അഞ്ജന ചൂണ്ടിക്കാണിക്കുന്നു.
കുടുംബവും പ്രചോദനവും
പാലക്കാട് സ്വദേശിയായ അഞ്ജന ഇപ്പോൾ എറണാകുളം എളമക്കരയിലാണ് താമസം. ഭർത്താവ് സന്തോഷ് ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. മകൻ ജഗദ്വിദും പൂർണപിന്തുണ നൽകുന്നുണ്ട്. ആറാം ക്ലാസിലാണെങ്കിലും മകൻ അവന്റെ കാര്യങ്ങളെല്ലാം സ്വയം ചെയ്യുന്നതിനാൽ അവനെയോർത്ത് ആധിപിടിക്കേണ്ട കാര്യമില്ലെന്ന് അഞ്ജന പറയുന്നു. യോഗയ്ക്കൊപ്പം കുടുംബത്തിന്റെ കാര്യങ്ങളും നൃത്തവും ഗാനവും യാത്രയും സൗഹൃദങ്ങളുമൊക്കെ ചേർത്ത് പിടിക്കുന്നുണ്ട് അഞ്ജന. എല്ലാം ഒരേ പോലെ പ്രിയപ്പെട്ടതും സന്തോഷം പകരുന്നതുമായതിനാൽ എപ്പോഴും എല്ലായിടത്തും സന്തോഷത്തോടെയിരിക്കാൻ തനിക്ക് കഴിയുന്നുണ്ടെന്ന് അഞ്ജന പറയുന്നു.
പ്ലസ് ടു പഠിക്കുന്ന സമയത്ത് തന്നെ യോഗയുടെ ആദ്യപാഠങ്ങൾ പറഞ്ഞുനൽകിയ അമ്മാവനാണ് യോഗയിലെ ആദ്യപ്രചോദനം. പിന്നീട് വഴി കാട്ടിയവർ ഒരുപാടുപേരുണ്ട്. പഠിക്കാൻ വരുന്നവരിൽ നിന്നും രോഗികളിൽ നിന്നും പഠിക്കുകയാണ്. അവരെ അറിയുമ്പോളാണ് നമ്മളിലെ മാറ്റത്തെക്കുറിച്ചും ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ തന്നെ പഠിപ്പിച്ചവരും താൻ പഠിപ്പിക്കുന്നവരുമെല്ലാം വഴികാട്ടികളാണെന്ന് പറഞ്ഞ് അഞ്ജന സംഭാഷണം അവസാനിപ്പിക്കുന്നു.