അഞ്ച് മക്കളുടെ അമ്മ; തനിക്ക് മൂന്ന് വർഷം നൽകണമെന്ന് ഭർത്താവിനോട് ആവശ്യപ്പെട്ടു; സൽഹ നേടിയെടുത്ത ജീവിതം
‘കുട്ടികളായില്ലേ ഇനിയിപ്പോൾ അവർക്കുവേണ്ടി ജീവിതം മാറ്റിവയ്ക്കാം’ എന്ന് നമ്മളിൽ ചിലരെങ്കിലും ചിന്തിക്കാറുണ്ട്. മറ്റുപലർക്കും ഈ ഒരു കാരണത്തിന്റെ പേരിൽ തങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും വേണ്ടെന്ന് വയ്ക്കേണ്ടി വരും. എന്നാൽ സൽഹ സ്വന്തമായി ബിസിനസ് തുടങ്ങുന്നതും എൽഎൽബി എടുക്കുന്നതുമെല്ലാം അഞ്ച്
‘കുട്ടികളായില്ലേ ഇനിയിപ്പോൾ അവർക്കുവേണ്ടി ജീവിതം മാറ്റിവയ്ക്കാം’ എന്ന് നമ്മളിൽ ചിലരെങ്കിലും ചിന്തിക്കാറുണ്ട്. മറ്റുപലർക്കും ഈ ഒരു കാരണത്തിന്റെ പേരിൽ തങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും വേണ്ടെന്ന് വയ്ക്കേണ്ടി വരും. എന്നാൽ സൽഹ സ്വന്തമായി ബിസിനസ് തുടങ്ങുന്നതും എൽഎൽബി എടുക്കുന്നതുമെല്ലാം അഞ്ച്
‘കുട്ടികളായില്ലേ ഇനിയിപ്പോൾ അവർക്കുവേണ്ടി ജീവിതം മാറ്റിവയ്ക്കാം’ എന്ന് നമ്മളിൽ ചിലരെങ്കിലും ചിന്തിക്കാറുണ്ട്. മറ്റുപലർക്കും ഈ ഒരു കാരണത്തിന്റെ പേരിൽ തങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും വേണ്ടെന്ന് വയ്ക്കേണ്ടി വരും. എന്നാൽ സൽഹ സ്വന്തമായി ബിസിനസ് തുടങ്ങുന്നതും എൽഎൽബി എടുക്കുന്നതുമെല്ലാം അഞ്ച്
‘കുട്ടികളായില്ലേ ഇനിയിപ്പോൾ അവർക്കുവേണ്ടി ജീവിതം മാറ്റിവയ്ക്കാം’ എന്ന് നമ്മളിൽ ചിലരെങ്കിലും ചിന്തിക്കാറുണ്ട്. മറ്റുപലർക്കും ഈ ഒരു കാരണത്തിന്റെ പേരിൽ തങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും വേണ്ടെന്ന് വയ്ക്കേണ്ടി വരും. എന്നാൽ സൽഹ സ്വന്തമായി ബിസിനസ് തുടങ്ങുന്നതും എൽഎൽബി എടുക്കുന്നതുമെല്ലാം അഞ്ച് കുട്ടികളുടെ അമ്മയായതിനുശേഷമാണ്. സ്ത്രീ ആയതുകൊണ്ടുമാത്രം നേരിട്ട പ്രയാസങ്ങളെ അടക്കിവച്ച് ജീവിക്കാൻ സൽഹ തയാറായിരുന്നില്ല. വലിയ ലോണും മറ്റുകടബാധ്യതകളും ഉണ്ടായിട്ടും സ്വന്തം അധ്വാനത്തിലൂടെ വീട് പണിയാനും കുടുംബത്തെ നയിക്കാനും സൽഹയ്ക്ക് സാധിച്ചു. ഒരു വീട്ടമ്മയോ, സംരംഭകയോ മാത്രമല്ല ഇന്ന് സൽഹയൊരു നിയമവിദ്യാർഥി കൂടിയാണ്. ഇന്നത്തെ അവസ്ഥയിലേക്കെത്താൻ സൽഹയ്ക്കു വേണ്ടിവന്നത് തന്റെ ജീവിതത്തിന്റെ പകുതി കാലമാണ്.
പാലക്കാട് ഒരു സാധാരണ മുസ്‌ലിം കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടിയാണ് സൽഹ ബീഗം. ഒന്നു മുതൽ 10 വരെ ഗവൺമെൻറ് സ്കൂളിലായിരുന്നു പഠനം അതിനുശേഷം, ഉപ്പയുടെ സഹോദരനെ പോലെ വക്കീൽ ആകണമെന്ന് ആഗ്രഹിച്ച സൽഹ അതിനു വേണ്ടി പ്ലസ് ടു ഹ്യൂമാനിറ്റീസ് എടുത്തു പഠിക്കാം എന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാൽ വിധി കൊണ്ടെത്തിച്ചത് അറബിക് കോളജിന്റെ പടിവാതിൽക്കലാണ്. അറബിയും ഇംഗ്ലിഷും മാത്രം പഠിക്കേണ്ടിവരുന്ന അവസ്ഥ. എൽഎൽബിയും വക്കീലും എല്ലാം സ്വപ്നങ്ങളിൽ ഒതുക്കി സൽഹ അറബിക് ടീച്ചർ ആവാനുള്ള പഠനം ആരംഭിച്ചു. മതപരമായ വിഷയങ്ങൾ മാത്രമാണ് അവിടെ പഠിപ്പിച്ചിരുന്നത്. പുറമേ നിന്നും ആകെ പഠിക്കാൻ കിട്ടിയിരുന്നത് ഇംഗ്ലിഷ് മാത്രമാണ്. എങ്കിലും തനിക്ക് വിധിച്ചതാണെന്ന് കരുതി പഠനം തുടർന്നു. അങ്ങനെ കോഴ്സ് പൂർത്തിയായ സമയത്ത് അപ്രതീക്ഷിതമായി ഒരു വിവാഹാലോചന. 18 വയസ്സു കഴിയട്ടെ മകൾ പഠിക്കട്ടെ എന്നൊക്കെ ചിന്തിക്കുന്ന ഒരു പുരോഗമന ചിന്താഗതിക്കാരനായിരുന്നു സൽഹയുടെ ഉപ്പ. പക്ഷേ, വീട്ടുകാരും കുടുംബക്കാരും എല്ലാവരും കൂടി ആലോചിച്ചപ്പോൾ വന്ന ആലോചന ഇഷ്ടപ്പെടുകയായിരുന്നു.
നരകതുല്യം വിവാഹ ജീവിതം
‘‘എനിക്കന്ന് 17 വയസ്സും രണ്ടുമാസവുമായിരുന്നു പ്രായം. പയ്യനെ കുറിച്ച് മാത്രം അന്വേഷിച്ച് വീട്ടുകാരുടെയോ അവിടത്തെ സാഹചര്യമോ ഒന്നും നോക്കാതെ എന്നെ കല്യാണം കഴിപ്പിച്ചു. എല്ലാം പെട്ടെന്നായിരുന്നു. 20 ദിവസത്തിനുള്ളിൽ കല്യാണം കഴിഞ്ഞു രണ്ടാമത്തെ മാസം ഭർത്താവ് ഗൾഫിലേക്ക് തിരിച്ചു പോയി. ഒന്നുമറിയാത്ത പ്രായത്തിൽ ഞാൻ ആ വീട്ടിൽ ഒറ്റപ്പെട്ട അവസ്ഥ. പഠിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം പക്ഷേ, അവരുടെ വീട്ടിൽ ആരും കല്യാണം കഴിഞ്ഞാൽ പഠിക്കാൻ പോകുന്ന പതിവില്ലത്രേ. അങ്ങനെ എന്റെ പഠനം അവസാനിച്ചു. വീട്ടിലെ ജോലികളൊക്കെ ചെയ്തു അവിടത്തെ കാര്യങ്ങൾ അന്വേഷിച്ച് ആ വീടിനുള്ളിൽ ഇരിക്കുക മാത്രമായിരുന്നു പിന്നീടുള്ള ഒരു വർഷക്കാലം. ഇതിനിടയിൽ 10 ദിവസം വീട്ടിൽ പോയി നിൽക്കാൻ അനുവാദമുണ്ട്. ആ 10 ദിവസം ആകാൻ ഞാൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നിട്ടുണ്ട്. എനിക്ക് ഇന്നത്തെ മാതാപിതാക്കളോടും പെൺകുട്ടികളോടും പറയാനുള്ളത് ഒന്നാണ് - ഒരിക്കലും പെൺകുട്ടികളെ ചെറിയ പ്രായത്തിൽ വിവാഹം കഴിപ്പിച്ചയക്കരുത്. ഒരു കുട്ടിയെ സ്വന്തം വീട്ടിൽ നിന്നും മറ്റൊരിടത്ത് പറിച്ചു നടന്നുതിന് തുല്യമാണത്. അവൾ തന്റെ ജീവിത സാഹചര്യങ്ങളിൽ നിന്നും പുതിയ ഒരിടത്തിലേക്ക് ചെല്ലുമ്പോൾ നേരിടേണ്ടി വരുന്ന ദുരിതങ്ങൾ ഏറെയായിരിക്കും. അത് മനസ്സിലാക്കാനുള്ള മാനസിക ബലം പോലും ആ കുട്ടിക്ക് ഉണ്ടാകണമെന്നില്ല. ഞാനും ആ ദുരിതമൊക്കെ അനുഭവിച്ചവളാണ്. പ്രായപൂർത്തിയായി, കാര്യങ്ങൾ സ്വയം മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിയുന്ന പ്രായത്തിൽ വിവാഹിതരാവുന്നതാണ് എല്ലാവർക്കും നല്ലത്.
ഒരു വർഷം കഴിഞ്ഞു ഭർത്താവ് തിരിച്ചു വന്നപ്പോൾ ഒന്നുകിൽ എന്നെയും കൂടെ കൊണ്ടുപോകണം അല്ലെങ്കിൽ ഇവിടെ എനിക്കൊപ്പം നിൽക്കണം എന്ന് ഞാൻ പറഞ്ഞു. ഗൾഫിലേക്ക് എന്നെ കൂടെ കൊണ്ടുപോകാനുള്ള ശേഷി ഭർത്താവിന്റെ ജോലിക്കില്ല എന്ന് അറിഞ്ഞതുപോലും കല്യാണത്തിന് ശേഷമായിരുന്നു. അപ്പോൾ ഇവിടെ പാലക്കാട് ഒരു ഷോപ്പ് തുറന്ന് സ്വന്തം ബിസിനസുമായി മുന്നോട്ടു പോകാം എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം അവിടെ നിന്ന് വന്നപ്പോൾ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. എന്തെങ്കിലും സംരംഭം തുടങ്ങാനുള്ള ചെറിയ തുക പോലും അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. ആകെയുള്ള സമ്പാദ്യം എനിക്ക് കല്യാണത്തിന് നൽകിയ സ്വർണമായിരുന്നു.’’– സൽഹ പറഞ്ഞു.
ഇതിനിടെ സൽഹ ഗർഭിണിയായി. സ്വന്തം കാര്യങ്ങൾക്കുപോലും ഭർത്താവിന്റെ വീട്ടുകാരെ ആശ്രയിക്കേണ്ടതോർത്ത് ഗർഭകാലത്തെ സകല ശുശ്രൂഷകളും സ്വന്തം വീട്ടുകാർ തന്നെയാണ് സൽഹക്ക് നൽകിയത്. സൽഹയെ ആശുപത്രികൾ കൊണ്ടുപോകുന്നത് പോലും സ്വന്തം ഉപ്പയായിരുന്നു. അങ്ങനെ മകൾ ജനിച്ചു. സന്തോഷത്തിന്റെ ദിവസങ്ങൾ ആയിരിക്കുമല്ലോ സാധാരണഗതിയിൽ കുഞ്ഞുണ്ടാകുമ്പോൾ ഏതൊരാൾക്കും. എന്നാൽ സൽഹയ്ക്കത് സഹനകാലമായിരുന്നു. ഒരു കുഞ്ഞിനെ പരിപാലിക്കാനുള്ള ആരോഗ്യം തീരെ ഇല്ലാതെ ആ സമയത്ത് കഷ്ടപ്പെട്ടു. ഒപ്പം വീട്ടുജോലിയും. ആ സമയത്താണ് സ്വന്തമായി ഒരു കട തുടങ്ങിയത്. കുഞ്ഞിന് കിട്ടിയ സ്വർണം പോലും വിറ്റാണ് ബിസിനസിനു വേണ്ട തുക കണ്ടെത്തിയതെന്നും സൽഹ പറഞ്ഞു. ‘‘സാമ്പത്തികമായി അങ്ങേയറ്റം ഞെരുക്കത്തിൽ തന്നെയായിരുന്നു കടന്നുപോയിരുന്നത്. ഇതിനിടെ രണ്ടാമത്തെ മകൻ ജനിച്ചു. കുട്ടി ആയിരിക്കുമ്പോൾ അവന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അവനെ കാണിക്കുന്നതിനായി ഹോമിയോപ്പതി ഡോക്ടറെ സന്ദർശിച്ച സമയത്താണ് അത് പഠിക്കണമെന്ന ചിന്ത ഉണ്ടായത്. പക്ഷേ അതിന് പ്ലസ് ടു സയൻസ് ഗ്രൂപ്പ് എടുത്തു പഠിക്കണമായിരുന്നു.’’– സൽഹ കൂട്ടിച്ചേർത്തു.
പ്രാരാബ്ധങ്ങൾക്കിടയിലെ പഠനം
രണ്ടു കുട്ടികളുടെ അമ്മയായതിനാലും വീട്ടിലെ പ്രാരാബ്ധവും സൽഹയെ പിന്നോട്ടടിക്കുമായിരുന്നു. എങ്കിലും പഠിക്കണമെന്ന് തീരുമാനിച്ചത് കൊണ്ട് അതിൽ നിന്നും പുറകോട്ടു പോകാൻ സൽഹയും തയാറായില്ല. ‘‘മോൾ എൽകെജിയിൽ പഠിക്കുന്ന സമയം മോൻ ചെറിയ കുട്ടിയാണ്. അവളെ സ്കൂളിൽ വിട്ട് വീട്ടിലെ സകല പണികളും ചെയ്തുതീർത്ത്, കുഞ്ഞിനെ എന്റെ ഉമ്മയുടെ വീട്ടിൽ ആക്കും. ഉച്ചയ്ക്ക് രണ്ടു മണിക്കൂർ. അതായിരുന്നു എന്റെ ട്യൂഷൻ സമയം. അതിനുശേഷം വീണ്ടും കുഞ്ഞിനെ എടുത്തു കൊണ്ട് ഞാൻ ഭർത്താവിന്റെ വീട്ടിലേക്കോടും. അവിടെ ചെന്ന് ബാക്കിയുള്ള പണികളെല്ലാം ചെയ്യണം. അതായത് ഉച്ചയ്ക്ക് എല്ലാവരും കഴിച്ച പാത്രം അടക്കം എല്ലാം എനിക്ക് വേണ്ടി നീക്കി വച്ചിട്ടുണ്ടാകും. അതെല്ലാം ഞാൻ ചെയ്യേണ്ട ജോലിയാണല്ലോ. ഒരു പരിഭവവും കൂടാതെ എല്ലാ പണികളും തീർത്ത് രാത്രി കുഞ്ഞുങ്ങളുടെ കാര്യങ്ങളും ഭർത്താവിന്റെ കാര്യങ്ങളും കഴിഞ്ഞ് കിട്ടുന്ന സമയത്ത് ഞാൻ പഠിക്കാനിരിക്കും. അങ്ങനെ എങ്ങനെയൊക്കെയോ ഞാൻ പ്ലസ് ടു 63% മാർക്കോടുകൂടി സയൻസ് ഗ്രൂപ്പ് പാസായി. ഈ മാർക്ക് ചിലപ്പോൾ വലിയ കാര്യമായിരിക്കില്ല. പക്ഷേ എന്നെ സംബന്ധിച്ച് ഇത് ഫസ്റ്റ് റാങ്കിന് തുല്യമാണ്. അത്രയും കഷ്ടപ്പാടുകൾക്കും ബുദ്ധിമുട്ടുകൾക്കും ഇടയിൽ നിന്നുമാണ് ഞാൻ ഇത്രയും മാർക്ക് നേടിയെടുത്തത്."
ഉപ്പ കൂടെയില്ല എന്നോർക്കുമ്പോൾ നെഞ്ചിടിപ്പ്
ഒരു പെൺകുട്ടിക്ക് അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്ന വ്യക്തിയാരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാകു അച്ഛൻ. അച്ഛനെ ചുറ്റിപ്പറ്റി ആയിരിക്കും ഓരോ പെൺമക്കളുടെയും ജീവിതം. വിവാഹിതയായി വീട്ടിലേക്ക് പോയാൽ പോലും എന്താവശ്യത്തിനും ഏതു കാര്യത്തിനും അവൾ ആദ്യം വിളിക്കുന്നത് ചിലപ്പോൾ അച്ഛനെയാവാം. ഒരു വിളിപ്പുറം അച്ഛൻ ഓടിയെത്തുമെന്ന് അവൾക്കറിയാം അതാണ് ആത്മബന്ധത്തിൻറെ ആഴം. സൽഹയ്ക്കും അങ്ങനെയായിരുന്നു. സാമൂഹ്യ പ്രവർത്തനങ്ങളും മറ്റുമൊക്കെ ചെയ്ത് ജീവിച്ചിരുന്ന ഒരു സാധാരണക്കാരനായിരുന്നുവെങ്കിലും സൽഹയെ സംബന്ധിച്ച് ഉപ്പ വലിയൊരു മനുഷ്യനായിരുന്നു. തന്റെ പല വിഷമഘട്ടങ്ങളിലും ഒപ്പം നിന്ന ആളായിരുന്നു ഉപ്പ. ഏറ്റവും വലിയ ശക്തി ആ ഉപ്പയാണെന്ന് സൽഹ തിരിച്ചറിഞ്ഞത് കുടുംബ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അവരെ ഏറ്റവും അധികം കഷ്ടപ്പെടുത്തിയ കാലത്താണ്. നിനക്ക് ഞാനുണ്ടെന്ന് ആ ഉപ്പ പറഞ്ഞ് ആശ്വസിപ്പിച്ചപ്പോൾ അവൾ കൈവരിച്ചത് ജീവിതത്തെ നേരിടാനുള്ള ആർജവമായിരുന്നു .
പൊതുവേ പെൺകുട്ടികളെ കൊണ്ട് ഒന്നും സാധിക്കില്ല ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല, ബിസിനസ് നടത്താൻ പറ്റില്ല തുടങ്ങി സമൂഹത്തിന്റെ എല്ലാ കുത്തുവാക്കുകളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ ഒരു കാലം തനിക്കും ഉണ്ടായിരുന്നെന്ന് സൽഹ പറയുന്നു. എന്നാൽ അന്നൊക്കെ കൂട്ടായി ധൈര്യം പകർന്ന് ഒപ്പം നിന്നത് ഉപ്പയാണ്. ‘‘എന്ത് സങ്കടം വന്നാലും ഞാൻ ആദ്യം വിളിക്കുന്നത് ഉപ്പയെ ആണ്. ഒരു ദിവസം രാത്രി കുറെയേറെ വിഷമങ്ങളും സങ്കടങ്ങളുമായി ഞാൻ ഇരുന്നു കരഞ്ഞു. നേരം വെളുത്തിട്ട് വേണം ഉപ്പയുടെ അടുത്ത് ചെന്ന് എല്ലാം പറഞ്ഞു സങ്കടം തീർക്കാൻ എന്നായിരുന്നു എന്റെ ചിന്ത. രാത്രി 3 മണിക്ക് പോലും ഞാൻ ഉറങ്ങാതെ ഇരുന്നു കരഞ്ഞിട്ടുണ്ട്. അപ്പോൾ ഉപ്പയെ ഫോണിൽ വിളിച്ചാലോ എന്ന് ആലോചിച്ചു. പിന്നെ ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്ന് കരുതി നേരം വെളുക്കാൻ കാത്തിരുന്നു. രാവിലെ ഒരു 8- 9 മണിയായി കാണും. ഉപ്പയെ കാണാൻ വീട്ടിലേക്ക് പോകാം എന്ന് കരുതിയിരിക്കുന്ന സമയത്ത് അവിടെ നിന്നും ഒരു ഫോൺകോൾ. ഉപ്പ വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ലെന്ന് എന്റെ സഹോദരന്റെ ഭാര്യ പറഞ്ഞു. കേട്ടപാതി ഞാന്‍ എന്റെ വീട്ടിലേക്ക് ഓടി.
ഭർത്താവിന്റെ വീട്ടിൽ നിന്നും ഒരു ഒരു കിലോമീറ്ററിനടുത്ത് ദൂരമേ എന്റെ വീട്ടിലേക്കുള്ളു. പക്ഷേ, ആ ദൂരം 100 കിലോമീറ്റർ ആയിട്ടായിരുന്നു എനിക്കപ്പോൾ അനുഭവപ്പെട്ടത്. ഓടി അലച്ച് ഞാനെന്റെ ഉപ്പയുടെ അടുത്തെത്തി. ഉപ്പയെ വിളിച്ചുനോക്കി. പൾസ് ചെക്ക് ചെയ്തു. ഉപ്പ ഞങ്ങളെ വിട്ടുപോയി എന്ന സത്യം ഞാൻ ആ നിമിഷം തിരിച്ചറിഞ്ഞു. പിന്നെ ഒരു മരവിപ്പായിരുന്നു എനിക്ക്. പിന്നെ ഒരു മരവിപ്പായിരുന്നു. എന്റെ കൈകൾ കൊണ്ടാണ് ഉപ്പയുടെ കണ്ണുകൾ തിരുമ്മി അടച്ചതും കാലുകൾ കെട്ടിയതുമെല്ലാം. അന്ന് അത് ചെയ്യാൻ എനിക്ക് എവിടുന്നു ധൈര്യം കിട്ടിയെന്ന് ചോദിച്ചാൽ ഇന്നുമറിയില്ല. ഉപ്പ പോയത് എനിക്ക് വലിയൊരു ഷോക്കായിരുന്നു. ആരോടും പങ്കുവയ്ക്കാൻ പറ്റാത്ത പുറത്തുപറയാനാവാത്ത ഒത്തിരിയേറെ പ്രശ്നങ്ങളും സങ്കടങ്ങളും നിറഞ്ഞ സമയത്താണ് ഉപ്പ എന്നെ വിട്ടു പോയത്. ഞാനാകെ തകർന്നുപോയി. എന്റെ പെരുമാറ്റവും മറ്റും കണ്ട ഉമ്മ ആശുപത്രിയിൽ പോകാം എന്ന് വരെ പറഞ്ഞ സമയം ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ച് കാൽച്ചുവട്ടിലെ മണ്ണ് മുഴുവൻ ഒലിച്ചുപോയി കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഉപ്പ പോയി എന്ന് ഓർക്കുമ്പോൾ നെഞ്ചിടിപ്പ് കൂടും. കൈകാലുകൾ മരവിക്കും. നിന്നിടത്ത് നിന്ന് അനങ്ങാൻ പോലും ആകില്ല. ഒരു പെൺകുട്ടിയെ സംബന്ധിച്ച് അവളുടെ അച്ഛൻ എത്രത്തോളം പ്രാധാന്യമുള്ള ആളാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞത് ആ കാലത്താണ്. "
തനിക്കുവേണ്ടി ജീവിതം നെയ്തെടുത്തവൾ
ഉപ്പ പോയതോടെ സൽഹ ജീവിതം തിരിച്ചുപിടിക്കണമെന്ന് ഉറച്ചു തീരുമാനത്തിലെത്തി. അതുവരെ ഭർത്താവും കുട്ടികളും മാത്രമായിരുന്ന ലോകത്തു നിന്നും തനിക്കുവേണ്ടി കൂടി കുറച്ച് സമയം കണ്ടെത്തണമെന്ന് സൽഹ തീരുമാനിച്ചു. ഉപ്പ ചെയ്ത സാമൂഹ്യ പ്രവർത്തനങ്ങൾ തുടരണമെന്നും അദ്ദേഹത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നും മകൾ ആഗ്രഹിച്ചു. അന്നുവരെ ജീവിച്ചു തീർത്തതുപോലെ ഇനി സാധിക്കില്ല. തന്റെ പ്രയാസങ്ങൾ ചെന്നു പറയാൻ മറ്റൊരിടമില്ല. സ്വന്തം കാലിൽ നിന്നുകൊണ്ട് പ്രശ്നങ്ങൾ സാധൂകരിക്കാൻ സാധിക്കണമെന്ന തിരിച്ചറിവുണ്ടായതും അക്കാലത്തായിരുന്നു. ഇതിനിടെ കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടായി. സാമ്പത്തികമായി സൽഹയും ഭർത്താവും ഏറെ ബുദ്ധിമുട്ടിയ സമയം ഉണ്ടായിരുന്നു. കുറെയധികം പൈസ നഷ്ടപ്പെട്ടു. വലിയൊരു തുക ലോണായി. സൽഹ സ്വന്തമായി ബ്ലോഗിങ്ങും മറ്റും ചെയ്യുന്നുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകളിൽ ഭർത്താവിന് പറ്റിയ തെറ്റാണ് കുടുംബത്തെ വലിയ ബുദ്ധിമുട്ടിലേക്ക് തള്ളിവിട്ടത്. വീട്ടുകാരും കുടുംബക്കാരും സൽഹയെ കുറ്റപ്പെടുത്തിയ സമയം ഉണ്ടായിരുന്നു. ഭർത്താവിന്റെ വരുമാനത്തിനനുസരിച്ച് ജീവിച്ചിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന് പറഞ്ഞവർ വരെയുണ്ട്. ഒരാവശ്യത്തിനും ഭർത്താവിനു മുന്നിൽ കൈനീട്ടാത്ത സൽഹ ഒരു പ്രശ്നം ഉണ്ടായപ്പോൾ അവിടെയും കുറ്റക്കാരിയായി മാറി. പക്ഷേ എല്ലാത്തിനും സൽഹയ്ക്ക് താങ്ങും തണലുമായി നിന്നത് ഉപ്പയായിരുന്നു.
‘‘ഉപ്പ ഉള്ളിടത്തോളം കാലം എനിക്ക് സങ്കടങ്ങൾ ചെന്ന് പറയാൻ ഒരാളുണ്ടായിരുന്നു. ഇനി ആ ഇടമില്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം ഞാൻ ഭർത്താവിനോട് എനിക്ക് ഒരു മൂന്നുവർഷം തരണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. എന്റെ ജീവിതത്തിൽ നിന്നും ഒരു മൂന്നുവർഷം ഞാൻ എനിക്കുവേണ്ടി എടുക്കാൻ പോവുകയാണ്. ഇത്രയും നാൾ ഞാൻ നിങ്ങൾക്കും കുട്ടികൾക്കും കുടുംബത്തിനും വേണ്ടിയാണ് ജീവിച്ചത്. ഇനിയുള്ള ഈ മൂന്നു വർഷങ്ങൾ ഞാൻ എനിക്കുവേണ്ടി ജീവിക്കും. എനിക്ക് പഠിക്കാൻ വേണ്ടിയായിരുന്നു ഞാൻ ആ മൂന്നുവർഷം ചോദിച്ചത്. ഇടയ്ക്ക് ഞാൻ ബിഎസ്‌സി സൈക്കോളജി പൂർത്തിയാക്കിയിരുന്നു.അതിന്റെ തുടർപഠനത്തിനായി മൂന്നുവർഷം മതിയാകും എന്നാണ് ഞാൻ കരുതിയത്. പക്ഷേ, അവിടെയും എനിക്ക് വലിയൊരു ചതിയാണ് സംഭവിച്ചത്. അണ്ണാമലൈ സർവകലാശാലയിൽ നിന്നുമായിരുന്നു ഞാൻ ബിഎസ്‌സി സൈക്കോളജി എടുത്തത്. എന്നാൽ ആ കോഴ്സിന് യുജിസി അഫിലിയേഷൻ ഇല്ലെന്നും പുതിയ അഡ്മിഷൻ സാധിക്കില്ലെന്നും അറിഞ്ഞു. ഇതിനിടെ എനിക്ക് വീണ്ടും പോയി പഠിക്കാൻ സാധിക്കില്ല എന്ന കുറ്റപ്പെടുത്തലുകളും കൂടി. അഞ്ചു മക്കളും വീട്ടിലെ കാര്യങ്ങളും എല്ലാം കഴിഞ്ഞ് പഠിക്കാൻ പോകാൻ പറ്റില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. യൂട്യൂബിൽ നിന്നും അത്യാവശ്യം നല്ല വരുമാനം എനിക്ക് ആ സമയത്ത് ലഭിക്കുന്നുണ്ടായിരുന്നു. അതു കുറഞ്ഞു പോകും എന്നായിരുന്നു അവരുടെ പേടി. പക്ഷേ മുന്നോട്ടു പോകണം എന്ന തീരുമാനത്തിൽ തന്നെ ഞാൻ ഉറച്ചുനിന്നു. കോളജിൽ ചെന്നപ്പോൾ ഇക്വലൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ മൂന്ന് വർഷത്തെ എൽഎൽബി കോഴ്സ് അഞ്ചുവർഷം പഠിക്കണമെന്ന് പറഞ്ഞു. എനിക്ക് ഇത് സെറ്റ് ആകില്ല എന്ന് ഭർത്താവ് വരെ പറഞ്ഞു. ബെംഗളൂരുവിലെ പഠനം ഒരു ബാലികേറാമലയായി.’’
21 വർഷങ്ങൾക്കു മുമ്പ് തനിക്ക് കൈവിട്ടുപോയ ജീവിതം തിരിച്ചു പിടിക്കാനായിരുന്നു സൽഹ മുന്നിട്ടിറങ്ങിയത്. തടസ്സങ്ങൾ ഏറെയുണ്ട്. എങ്കിലും അവർ പഠിക്കാൻ തീരുമാനിച്ചു. താൻ വിചാരിച്ച കോഴ്സിന് അഡ്മിഷൻ കിട്ടില്ല എന്ന് അറിഞ്ഞപ്പോൾ സ്വപ്നം ഉപേക്ഷിച്ചാലോ എന്നു വരെ ആലോചിച്ചിരുന്നതായി സൽഹ പറയുന്നു. എന്നാൽ അമ്മ എങ്ങനെയെങ്കിലും പഠിക്കാൻ പോകണമെന്നും പിന്നീട് ഒരുകാലത്ത് തങ്ങൾ തന്നെ നിങ്ങൾ എന്തിനാണ് പഠനം ഉപേക്ഷിച്ചത് എന്ന് ചോദിക്കുമെന്നും പറഞ്ഞ് മകൾ സൽഹയെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ എൽഎൽബിക്ക് ചേർന്നു. അഞ്ചുകുട്ടികളുടെ അമ്മയായതിനുശേഷമാണ് പഠനം വീണ്ടും ആരംഭിച്ചത്. തനിക്ക് സാധിക്കുമെങ്കിൽ ആർക്കും സാധിക്കുമെന്നും സൽഹ കൂട്ടിച്ചേർത്തു. ‘‘നല്ല മകളായി മരുമകളായി ഭാര്യയായി ജീവിക്കാൻ വേണ്ടി ഇന്ന് നിങ്ങൾ എന്തെങ്കിലുമൊക്കെ വേണ്ടെന്നു വയ്ക്കുന്നുണ്ടെങ്കിൽ, നിങ്ങളെത്തന്നെ മറന്നു പോകുന്നുണ്ടെങ്കിൽ, പിന്നീട് ഒരിക്കലും ആരും നിങ്ങൾക്ക് കപ്പ് ഒന്നും കൊണ്ട് തരില്ല. അവിടെ തോൽക്കുന്നത് നിങ്ങൾ മാത്രമായിരിക്കും. തോറ്റ ജീവിതത്തിൽ ആരും കൂട്ടിനുണ്ടാകില്ല. ഇന്നത്തെ കഷ്ടപ്പാടുകൾ നാളെയുടെ വിജയമാണ്.’’–സൽഹ പറഞ്ഞു നിർത്തി