മൂന്ന് കുഞ്ഞുങ്ങള്; വിവാഹം കഴിഞ്ഞ് 10 വർഷത്തിനു ശേഷം തുടർപഠനം: ഭർത്താവ് ഒപ്പംനിന്നു, അസ്ല ഡോക്ടറായി
ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചാണ് പത്താംക്ലാസുകാരിയായ വീട്ടമ്മയിൽ നിന്ന് ഡോക്ടർ എന്ന പദവിയിലക്ക് അസ്‌ല എത്തിയത്. അതിന് പിന്തുണയായതാകട്ടെ ഭർത്താവും
ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചാണ് പത്താംക്ലാസുകാരിയായ വീട്ടമ്മയിൽ നിന്ന് ഡോക്ടർ എന്ന പദവിയിലക്ക് അസ്‌ല എത്തിയത്. അതിന് പിന്തുണയായതാകട്ടെ ഭർത്താവും
ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചാണ് പത്താംക്ലാസുകാരിയായ വീട്ടമ്മയിൽ നിന്ന് ഡോക്ടർ എന്ന പദവിയിലക്ക് അസ്‌ല എത്തിയത്. അതിന് പിന്തുണയായതാകട്ടെ ഭർത്താവും
മാതൃത്വത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല ഒരു സ്ത്രീയുടെ ജീവിതം. പഠിക്കാനും ജോലി നേടാനുമൊക്കെ വിലക്കുണ്ടായിരുന്ന കാലത്തിൽ നിന്ന് ഒരുപാട് ദൂരം നമ്മൾ സഞ്ചരിച്ചു. വിദ്യാഭ്യാസവും തൊഴിലും നേടിയ സ്ത്രീകളുടെ എണ്ണം സമൂഹത്തിൽ വർധിച്ചു. പുരുഷനൊപ്പം തുല്യനീതിക്കായുളള പോരാട്ടത്തിലാണ് ഇന്ന് സ്ത്രീകളും. വിവാഹത്തോടെ മിക്ക സ്ത്രീകളുടെയും ജീവിതം ഇരുളടയുന്നു എന്ന പഴയ ചിന്താഗതികളെ സ്ത്രീകൾ അവരുടെ ജീവിതം കൊണ്ട് തിരുത്തിയെഴുതി. പാതി നിലച്ച പഠനം പുനരാരംഭിച്ച് ഉന്നത വിദ്യാഭ്യാസം നേടി ജീവിതം തിരിച്ചു പിടിച്ച അനേകം വനിതകളെ ചുറ്റിലും കാണാമെങ്കിലും, അതിൽ നിന്നെല്ലാം അൽപം വ്യത്യസ്തമാണ് മലപ്പുറത്തുകാരി ഡോ.അസ്‌ല ഹൈദരലി ഖാന്റെ ജീവിത കഥ. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചാണ് പത്താംക്ലാസുകാരിയായ വീട്ടമ്മയിൽ നിന്ന് ഡോക്ടർ എന്ന പദവിയിലക്ക് അസ്‌ല എത്തിയത്. അതിന് പിന്തുണയായതാകട്ടെ ഭർത്താവും. വീട്ടമ്മയിൽ നിന്ന് ഡോക്ടറായ തന്റെ ജീവിതാനുഭവം മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് അസ്‌ല.
ഡോക്ടർ ഭർത്താവ് ഭാര്യയെ ഡോക്ടറാക്കി
പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസം ഉണ്ടായിരുന്ന അസ്‌ല മൂന്നു മക്കളുടെ അമ്മയായതിനു ശേഷമാണ് പഠിച്ചതും ഡോക്ടറായതും. ചെറു പ്രായത്തിൽ വിവാഹ ജീവിതത്തിലേക്ക് കടക്കേണ്ടി വന്നപ്പോഴും അസ്‌ലയുടെ മനസിൽ പഠിക്കണം ഒരു ജോലി വാങ്ങണം എന്നൊക്കെയുളള ആഗ്രഹങ്ങളായിരുന്നു. അന്നത്തെ സാഹചര്യത്തിൽ അതിനു കഴിഞ്ഞില്ല. വിവാഹം കഴിഞ്ഞ് അധികം വൈകാതെ മൂത്തമകൾ ജനിച്ചു. മകളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളും നോക്കി കുറെക്കാലം ജീവിച്ചു. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ഭാര്യയെ പത്തു വർഷങ്ങൾക്കു ശേഷം പഠിപ്പിച്ചു ഡോക്ടറാക്കിയത് ഭർത്താവ് ഡോ.ഹൈദരലിഖാനാണ്. അസ്‌ലയുടെ ഭർത്താവിന്റെ കുടുംബം പാരമ്പര്യമായി ആയുർവേദ മെഡിക്കൽ രംഗത്ത് പ്രവർത്തിച്ചു വരുന്നവരുമാണ്.
ഡോക്ടറാകാമോ എന്ന ആ ചോദ്യം
വീട്ടമ്മയായി ജീവിതം മുന്നോട്ടു പോകുമ്പോഴാണ് അസ‌്‌ലയും ഭർത്താവും ചേർന്ന് 'ടി.ടി.എം ഔഷധ ശാല' എന്ന പേരിൽ ഒരു ആയുർവേദ ആശുപത്രി ആരംഭിക്കുന്നത്. വിവാഹം കഴിഞ്ഞു ഏഴു വർഷത്താളം പിന്നിട്ടിരുന്നു അപ്പോൾ. ആ സമയത്ത് അസ്‌ല രണ്ടാമതും അമ്മയായി. ഭാര്യക്ക് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും ഹൈദരലിഖാൻ അസ‌്‌ലയെ ആശുപത്രിയുടെ മാനേജരായി നിയമിച്ചു. അസ്‌ലയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു അത്. ആശുപത്രിയുടെ മാനേജർ സ്ഥാനത്ത് തുടരുമ്പോൾ ഭർത്താവ് ചോദിച്ച ‘ഡോക്ടർ ആകാമോ’ എന്ന ചോദ്യമാണ് അസ്‌ലയുടെ ജീവിതം മാറ്റി മറിച്ചത്. അങ്ങനെ രണ്ടു മക്കളുടെ അമ്മയായ അസ്‌ല ഡോക്ടർ ആകുന്നതിന്റെ ആദ്യപടിയായി പ്ലസ് ടു പഠിക്കാൻ തീരുമാനിച്ചു. വിദൂര വിദ്യാഭ്യാസത്തിലുടെ പ്ലസ് ടു പഠനം നടക്കുന്ന വേളയിൽ പരീക്ഷാ സമയത്ത് അസ്‌ല മൂന്നാമതും ഗർഭിണിയായി. ഗർഭിണി ആയതിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടായിരുന്നിട്ടും പഠനം ഇടയ്ക്കു വച്ചു നിർത്താൻ അസ്‌ല തയാറായില്ല. അങ്ങനെ കഷ്ടപ്പെട്ടു പഠിച്ചു 75 ശതമാനത്തിലധികം മാർക്കു വാങ്ങി അസ്‌ല പ്ലസ്ടു പാസായി.
മനസ്സു മടുത്തുപോയ നിമിഷങ്ങൾ
പ്ലസ് ടു ജയിച്ച ശേഷം ആയുർവേദ ഡോക്ടർ ആകാനുളള തയാറെടുപ്പിലായിരുന്നു അസ്‌ല. അങ്ങനെ കോഴിക്കോട് കെഎംസിടി ആയുർവേദ മെഡിക്കൽ കോളജിൽ ബിഎഎംസിനും ചേർന്നു. കൈക്കുഞ്ഞായ മൂന്നാമത്തെ മകനെയും കൊണ്ട് മലപ്പുറത്തു നിന്ന് കോഴിക്കോട് വന്ന് താമസിച്ചായിരുന്നു പഠനം. ആ സമയത്ത് ഒരുപാട് കഷ്ടപാടുകൾ അസ്‌ലക്കു നേരിടേണ്ടി വന്നു. ജനിച്ച് മാസങ്ങൾ മാത്രം പ്രായമായ കുഞ്ഞ്, വീട്ടില്‍ നിന്നും മാറിയുളള താമസം, വളരെ പ്രയാസമേറിയ കോഴ്സ് ഇതെല്ലാം മാനസികമായി തളർത്തിയെങ്കിലും ഇതെല്ലാം അതിജീവിച്ച് മുന്നോട്ട് പോകാൻ സഹായിച്ചത് അസ്‌ലയുടെ ഭർത്താവാണ്. ‘മൂന്നു മക്കളായതിനു ശേഷം പഠിക്കാനിറങ്ങിയതിൽ ഏറെ വിമർശനങ്ങൾ പല ഭാഗത്ത് നിന്നും കേൾക്കേണ്ടി വന്നു. അപ്പോഴെല്ലാം താങ്ങും തണലും ആയത് ഭർത്താവാണ്. കൂടെ പഠിക്കുന്നവരെല്ലാം പ്രായത്തിൽ എന്നെക്കാളും ചെറിയ കുട്ടികളായിരുന്നു. ഒരു ഘട്ടത്തിൽ കോഴ്സ് പൂർത്തിയാക്കാൻ പോലും കഴിയില്ല എന്നുവരെ തോന്നി. ഇടയ്ക്കുവച്ച് മനസ്സു മടുത്ത് ക്ലാസിനു പോകാതെയിരുന്ന സന്ദർഭമുണ്ടായി. അടുത്ത സുഹൃത്തുക്കളുടെയും ഭർത്താവിന്റെയും പിന്തുണയോടെയാണ് മുന്നോട്ടു പോയത്.’– അസ്‌ല വ്യക്തമാക്കി. ശേഷം മെഡിക്കൽ കോസ്മെറ്റോളജിയിൽ പി.ജി ഡിപ്ലോമയും പാസായി.
ഇന്ന് അസ്‌ല അറിയപ്പെടുന്നൊരു ആയുർവേദ ഡോക്ടറും സ്കിൻ ആന്റ് ഹെയർ സ്പെഷ്യലിസ്റ്റുമാണ്. മൂത്തമകൾ ജബിൻഷ എംബിബിഎസ് രണ്ടാം വർഷ വിദ്യാർഥിനിയാണ്. രണ്ടാമത്തെ മകൾ ജിഷാന ഡോക്ടർ ആകാൻ വേണ്ടിയുളള നീറ്റ് പരിശീലനത്തിലാണ്. ഏറ്റവും ഇളയ മകൻ മുഹമ്മദ് സിനാൻ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.