സ്വന്തം ഫീൽഡിൽ ഭയം കൂടാതെ ജോലി ചെയ്യാൻ കഴിയുക എന്നത് ഓരോ സ്ത്രീയുടെയും അവകാശമാണ്. എന്നാൽ ഫീൽഡിനുള്ളിലും പുറത്തും നടിമാരെ കാത്തിരിക്കുന്നത് പലപ്പോഴും മോശം അനുഭവങ്ങളാണ്. സിനിമാ താരം മറീന മോഡലിങ്ങിന്റെ പേരിൽ താൻ നേരിട്ട തട്ടിപ്പിന്റെ അനുഭവം മനോരമ ഓൺലൈനുമായി പങ്ക് വയ്ക്കുന്നു.
ഒരു പ്രശസ്ത ജുവലറിക്കു വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിനു വേണ്ടിയാണ് സംഘത്തിൽ ഒരുവൻ മറീനയെ വിളിക്കുന്നത്. സുഹൃത്തുക്കൾ വഴി വന്ന ഓഫർ ആയതു കൊണ്ടും വിശ്വസീനീയമായ അയാളുടെ അവതരണം കൊണ്ടും മറ്റൊന്നും ആലോചിക്കാതെ ഫോട്ടോ ഷൂട്ടിന് നടി സമ്മതിച്ചു.
ഫോട്ടോ ഷൂട്ടിന്റെ ദിവസം അടുത്തിട്ടും ലൊക്കേഷൻ എവിടെയെന്ന് ചോദിക്കുമ്പോഴൊക്കെ ഇയാൾ ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് മറീന പറയുന്നു. പലപ്പോൾ ആവശ്യപ്പെട്ടിട്ടും ഷൂട്ടിംഗിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും നൽകാൻ ഇയാൾ തയാറായില്ലെന്നും നടി പറയുന്നു. തങ്ങൾ ഇവൻറ് മാനേജ്മെന്റ് ടീമാണെന്നും മോഡലിംഗ് രംഗത്ത് അധികം പരിചയമില്ലെന്നും പറഞ്ഞത് വിശ്വസിച്ച് ആദ്യമൊന്നും താൻ ഇത് കാര്യമായി എടുത്തിരുന്നില്ലെന്നും മറീന പറയുന്നു.
ഫോട്ടോഷൂട്ടിന്റെ അന്ന് രാവിലെ താൻ തന്നെ മറീനയെ കൂട്ടികൊണ്ടു പോകാമെന്നും ഷൂട്ടിംഗിനുള്ള മുഴുവൻ ടീമും കാത്തിരിക്കുന്ന സ്ഥലത്തേക്ക് ആദ്യം പോകാമെന്നും മറീനയോട് ഇയാൾ പറയുകയായിരുന്നു. എന്നാൽ ലൊക്കേഷൻ എവിടെയാണെന്ന് പറഞ്ഞാൽ മതി താൻ ലൊക്കേഷനിലേക്ക് എത്തിക്കോളാം എന്ന് നടി തീർത്തു പറഞ്ഞു. ലൊക്കേഷനെ കുറിച്ച് അപ്പോഴും ഇയാൾ ഒന്നും പറഞ്ഞില്ല. സംശയം തോന്നിയ നടി ജുവലറിയിൽ നേരിട്ട് വിളിച്ച് ഇങ്ങനെയൊരു ഫോട്ടോ ഷൂട്ടിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് തന്നെ സമീപിച്ചവർ പറഞ്ഞതെല്ലാം കള്ളമാണെന്നും ഇങ്ങനെയൊരു ഫോട്ടോ ഷൂട്ടിന്റെ കാര്യം ജുവലറിക്കാർ അറിഞ്ഞിട്ടില്ലെന്നും അറിയുന്നത്.
ഇതേ തുടർന്ന് നടി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഫോട്ടോ ഷൂട്ട് എന്ന് പറഞ്ഞത് കള്ളമാണെന്നും ഇതൊരു കെണിയായിരുന്നെന്നും ബോധ്യമായത്. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശ്യമെന്ന് മറീന പറയുന്നു. ഇനി മറ്റൊരു നടിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കാനാണ് താൻ ഇത് തുറന്നു പറയുന്നതെന്നും മറീന പറഞ്ഞു.