Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദ്ദേശിച്ചത് റോയൽ ലുക്ക്, പക്ഷേ.. ഈ ദീപികയ്ക്ക് ഇതെന്തു പറ്റി?

Deepika Padukone ബനാറസി സാരിയുടുത്ത് ദീപിക പദുക്കോൺ

അവാർഡ് വേദികളോ ഫാഷൻ ഷോകളോ സിനിമാ പ്രൊമോഷനുകളോ എന്തും ആയിക്കൊള്ളട്ടെ വസ്ത്രങ്ങളുടെ കാര്യത്തിൽ ബോളിവു‍‍ഡ് നടിമാരെ വെല്ലാൻ ആരും ഉണ്ടാവില്ല. ഓരോ ഫങ്ഷനുകൾക്കും ചേരുന്ന ഡിസൈനുകളും വസ്ത്രങ്ങളും നാളുകൾക്കു മുന്നേ തീരുമാനിച്ചിരിക്കും ഈ സുന്ദരികൾ. ചിലപ്പോഴൊക്കെ അതു ഫാഷന്‍ ദുരന്തവും ചിലപ്പോഴൊക്കെ വൻഹിറ്റുമായി മാറും. അതുപോലൊരു അനുഭവമാണ് ഇപ്പോൾ നടി ദീപികയ്ക്കും ഉണ്ടായിരിക്കുന്നത്.

ആഭരണ വിഭൂഷിതയായി പട്ടുടയാടകളും ധരിച്ച് ദീപനാളങ്ങൾക്കിടയിലൂടെ അവൾ നടന്നടുക്കുകയാണ്. പത്മാവതി എന്ന ചിത്രത്തിന്റെ ട്രെയിലറില്‍ ദീപികയുടെ കിടിലൻ എൻട്രി കണ്ടവർക്കാർക്കും ആ രംഗം മറക്കാനാവില്ല. ചിത്രത്തിന്റെ പ്രൊമോഷൻ വർക്കുകൾക്കായി പോകുമ്പോഴും ആ ട്രഡീഷണൽ ലുക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ദീപിക എന്നു തോന്നുന്നു. കഴിഞ്ഞ ദിവസം ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോഴും ബനാറസി സാരിയിൽ റോയൽ ലുക്കിലാണ് ദീപിക എത്തിയത്. പക്ഷേ സാരി ഉഗ്രനായിട്ടുണ്ടെങ്കിലും പലർക്കും ദീപികയുടെ അപ്പിയറൻസ് അത്ര ഇഷ്ടപ്പെട്ട മട്ടില്ല. 

കരയിൽ ഗോൾഡൻ വർക്കുള്ള ബനാറസി സാരി ഡിസൈൻ ചെയ്തത് പ്രശസ്ത ഡിസൈനറായ സൈലേഷ് സിങ്കാനിയയാണ്. പൈൻ ഗ്രീൻ കളറിലുള്ള സാരി പെർഫെക്റ്റ് സെലക്ഷൻ ആണെന്നു പറയുമ്പോഴും അതിനു തിരഞ്ഞെടുത്ത ബ്ലൗസും ആക്സസറീസും ആരാധകർക്ക് അത്ര ഇഷ്ടപ്പെട്ടില്ലെന്നു വേണം കരുതാൻ. ബോർഡറിലെ എംബ്രോയ്ഡറി വർക്കും പല്ലുവിലുള്ള ലളിതമായ ഗോൾഡൻ വർക്കുമൊക്ക കലക്കിയിട്ടുണ്ടെങ്കിലും ഇളംപച്ച നിറത്തിലുള്ള ബ്ലൗസ് സാരിക്കു ചേരുന്ന നിറവുമല്ല എന്നാൽ കോൺട്രാസ്റ്റുമല്ല.

ഗോൾഡൻ വർക്കും പഫ് കൈയും ബോട്ട് നെക്കുമുള്ള ബ്ലൗസ് സ്റ്റൈലിന്റെ കാര്യത്തിൽ അസ്സലായിട്ടുണ്ടെങ്കിലും സാരിയോടു ചേർത്തു വെക്കുമ്പോൾ അത്ര പോരെന്നാണ് പലരുടെയും വാദം. സാരിയും ബ്ലൗസും ഗോൾഡൻ വർക്കുകളാൽ സമൃദ്ധമായിരിക്കുമ്പോൾ കഴുത്തു നിറഞ്ഞു കിടക്കുന്ന മാലയും വലിയ കമ്മലുകളും തീരെ ചേരില്ലെന്നും പറയുന്നവരുണ്ട്. സംഗതി എന്തായാലും ഫാഷനിസ്റ്റകളുടെ വിമർശനപ്പട്ടികയിൽ ദീപികയുടെ ഈ ലുക്ക് കയറിക്കൂടിയിട്ടുണ്ടെന്ന് ഉറപ്പാണ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam