ആബേലച്ചന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ കലാഭവന്‍ 1969-ലാണ് ആരംഭിച്ചതെങ്കിലും മലയാളിയുടെ കലാസ്വാദനലോകത്തിലേക്ക് ഈ സ്ഥാപനം സജീവമാകാന്‍ തുടങ്ങിയത് 1981 മുതലാണ്. കലാഭവന്‍ അവതരിപ്പിക്കുന്ന ഗാനമേളകള്‍ക്കിടയില്‍ വീണുകിട്ടുന്ന ഇടവേളകളിലെ വിരസത അകറ്റാനുള്ള ‘ഗ്യാപ്പ് ഫില്ലര്‍’ ആയി അവതരിപ്പിച്ച് കൊണ്ടാണ് മിമിക്രി എന്ന കലാരൂപം തുടങ്ങുന്നത്. പിന്നീട് മിമിക്രി പ്രോഗ്രാമുകളെ കോര്‍ത്തിണക്കിക്കൊണ്ട് മിമിക്സ് പരേഡ് എന്ന പേരില്‍ അത് മുഴുനീള പരിപാടിയായി മാറുകയായിരുന്നു.
കേരളത്തിലെ ആദ്യത്തെ മിമിക്സ് പരേഡ് കൊച്ചിയിലെ ഫൈന്‍ ആര്‍ട്സ് ഹാളിലാണ് അരങ്ങേറിയത്. സിദ്ധിക്ക്, ലാല്‍, അന്‍സാര്‍, കെ എസ് പ്രസാദ്, കലാഭവന്‍ റഹ്മാന്‍, വര്‍ക്കിച്ചന്‍ പേട്ട ഇവരെല്ലാം ചേര്‍ന്ന പരിപാടിയുടെ പ്രായോജകര്‍ സുനൈന എന്ന ഒരു ഷര്‍ട്ട് കമ്പനിയായിരുന്നു. പരിപാടി കഴിഞ്ഞപ്പോള്‍ സ്പോന്‍സര്‍ കമ്പനിയുടെ നന്ദിസൂചകമായി ഷര്‍ട്ടുകള്‍ പരിപാടി അവതരിപ്പിച്ച കലാകാരന്‍മാര്‍ക്ക് ലഭിച്ചു. ഇവര്‍ക്ക് ഷര്‍ട്ട് സമ്മാനിക്കാന്‍ സ്റ്റേജില്‍ എത്തിയത് നടന്‍ മമ്മൂട്ടിയും ശ്രീനിവാസനുമായിരുന്നു. പരിപാടി വന്‍ വിജയം ആയതോടെ നാനാഭാഗത്തുനിന്നും കലാഭവന് മിമിക്സ് പരേഡിന് ബുക്കിംഗ് കിട്ടാന്‍ തുടങ്ങി.
പിന്നീടങ്ങോട്ട് മിമിക്രിയുടെയും മിമിക്സ് പരേഡ്ന്റെയും സുവര്‍ണ്ണ കാലമായിരുന്നു. അധികം താമസിയാതെ തന്നെ അബിയും ഈ സംഘത്തിലേയ്ക്ക് എത്തുകയായിരുന്നു. മൂവാറ്റുപുഴ സ്വദേശിയായ ഹബീബ് അഹമ്മദ് എന്ന അബിയും ഷിയാസും ചേര്‍ന്നാണ് അന്ന് പ്രോഗ്രാംസ് അവതരിപ്പിച്ച് കൊണ്ടിരുന്നത്. കലാഭവനില്‍ എത്തിയതോടെ അബി തന്‍റെ വ്യത്യസ്ത ശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത് തുടങ്ങി.
അമിതാഭ് ബച്ചന്‍ ആയിരുന്നു അബിയുടെ മാസ്റ്റര്‍പീസ്. ഹരിശ്രീയില്‍ ആയിരുന്ന സമയത്ത് സിദ്ദിഖ് ലാല്‍ ഗ്രൂപ്പിന്റെ കൂടെ ഒരു ഗള്‍ഫ് സ്റ്റേജ് ഷോയില്‍ അബിയും പോയിരുന്നു. അന്ന് താരങ്ങളെ അനുകരിച്ചിരുന്ന ഒരാള്‍ക്ക് പങ്കെടുക്കാന്‍ പറ്റാതെ വരുകയും പകരക്കാരനായി അബി സ്റ്റേജില്‍ കയറുകയുമായിരുന്നു. അമിതാഭ് ബച്ചന്‍ അതോടെ ഹിറ്റായി. ഗള്‍ഫ് ഷോകള്‍ക്ക് അബി അവിഭാജ്യഘടകമായി മാറി. അമിതാഭ് ബച്ചന്റെ പരസ്യങ്ങള്‍ക്ക് മലയാളത്തില്‍ ശബ്ദം കൊടുത്തിരുന്നതും അബിയാണ്.

ബേബി ശാലിനിയായിരുന്നു മറ്റൊരു മാസ്റ്റര്‍ പീസ്. മമ്മൂട്ടിയുടെ രൂപവുമായുള്ള സാദൃശ്യം അഭിയ്ക്ക് സ്റ്റേജില്‍ ഒരു പൊസിറ്റീവ് ഘടകമായി. മിമിക്രിയില്‍ അന്ന് കലാകാരികള്‍ കുറവായത് കൊണ്ട് തന്നെ ധാരാളം സ്ത്രീ കഥാപാത്രങ്ങളെ അബി അവതരിപ്പിച്ചിരുന്നു. കേവല ശബ്ദാനുകരണം എന്നതിനപ്പുറം ശരീരഭാഷയിലെ കൃത്യതയും അബിയുടെ പ്ലസ് പോയിന്റായി. ഈ കാര്യത്തില്‍ മറ്റ് പല മിമിക്രി കലാകാരന്മാര്‍ക്കും ഗുരുസ്ഥാനീയനായിരുന്നു കലാഭവന്‍ അബി. പിന്നീട് അബി കൊച്ചിന്‍ സാഗര്‍ എന്ന പേരില്‍ സ്വന്തമായി ട്രൂപ്പ് ആരംഭിച്ചപ്പോള്‍ ദിലീപ്, നാദിര്‍ഷ തുടങ്ങിയ പല പ്രമുഖരും ആ ട്രൂപ്പിന്റെ ഭാഗമായി.
മിമിക്രി എന്ന കലയെ ജനകീയമാക്കാന്‍ ഏറെ പങ്കു വഹിച്ചയാളാണ് അബി. മിമിക്രി കാസറ്റുകള്‍ക്ക് ആളുകള്‍ക്കിടയില്‍ സ്വീകാര്യത നല്‍കിയ കലാകാരനായിരുന്നു. പ്രായഭേദമെന്യ ആളുകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത് ഒരുപക്ഷെ അബിയുടെ ആമിന താത്തയേയാണ്. സമകാലിക വിഷയങ്ങള്‍ കൂട്ടിച്ചേര്‍ത്ത് തമാശരൂപേണ തുടങ്ങിയ ആമിനത്താത്ത പിന്നീട് സ്റ്റേജ് ഷോകളുടെയും കോമഡി കാസറ്റുകളുടെയും അവിഭാജ്യ ഘടമകായി മാറി. സൂപ്പര്‍ഹിറ്റായ നിരവധി പാരഡി ഗാനങ്ങളും അബിയുടെ പ്രതിഭയില്‍ നിന്ന് പിറന്നവയായിരുന്നു.
ഇന്ന് മിമിക്രി കലാകാരന്മാര്‍ക്ക് ഒരുപാട് അവസരങ്ങള്‍ ഉണ്ട്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെടാനുള്ള സാഹചര്യങ്ങള്‍ ഉണ്ട്. വേദികള്‍ നല്‍കാന്‍ ചാനലുകള്‍ ഉണ്ട്. എന്നാല്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രം ഉണ്ടായിരുന്ന ഒരു കാലത്ത് തനത് ശൈലിയിലൂടെ ഉയര്‍ന്നു വന്നു മിമിക്രിയിലെ സൂപ്പര്‍ സ്റ്റാര്‍ എന്ന് തന്നെ പറയാവുന്ന കലാകാരനായിരുന്നു അബി.

സിനിമ എന്ന സ്വപ്നത്തിലേക്ക് മാത്രം ആഗ്രഹിച്ചത് പോലെ ഉയരാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും ആ കലാമികവ് എന്നും ഓര്‍മിക്കപ്പെടുക തന്നെ ചെയ്യും.
സമകാലികനും സുഹൃത്തുമായിരുന്ന കലാഭവന്‍ ഷിയാസിന്റെ കുടുംബത്തെ സഹായിക്കാനായി അബിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയില്‍ ഒരു പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. പല തലമുറയിലെ മിമിക്രി കലാകാരന്മാരുടെ ഒരു സ്നേഹ സംഗമം കൂടിയായി മാറി ആ പ്രോഗ്രാം. എല്ലാവരുടെയും മനസ്സില്‍ അബിയെക്കുറിച്ച് ഓര്‍മകളുണ്ട്. ചിലര്‍ക്ക് അദ്ദേഹം ഗുരുവാണ്. ചിലര്‍ക്ക് സുഹൃത്താണ്. മറ്റുചിലര്‍ക്ക് അവസരങ്ങള്‍ നല്‍കി കൈപിടിച്ച് ഉയര്‍ത്തിയ സഹപ്രവര്‍ത്തകനാണ്. നിലയ്ക്കാത്ത ഒരു ചിരി ബാക്കിയാക്കി അബി മടങ്ങുമ്പോള്‍ അവരുടെ മനസ്സില്‍ നിറയുന്നതും ആ നല്ല ഓര്‍മകള്‍ മാത്രം.

Read more on Lifestyle Magazine