ആറുമാസം കൊണ്ട് കുറച്ചത് 37 കിലോ, കുടവയറിന്റെ സ്ഥാനത്ത് സിക്സ്പാക് !!

ജെറിമിയ പീറ്റേഴ്സണ്‍ വണ്ണം കുറയ്ക്കുന്നതിനു മുമ്പും ശേഷവും

ജനുവരി അവസാനിക്കാറായി, പലരും പുതുവർഷത്തിൽ പുത്തൻ തീരുമാനങ്ങളൊക്കെ തുടങ്ങിക്കാണും. അതിൽ ഏറ്റവുമാദ്യം നിൽക്കുന്നത് വണ്ണം കുറയ്ക്കും എന്നതായിരിക്കും. പക്ഷേ ആദ്യആഴ്ചയിൽ കാണുന്ന ഉത്സാഹമൊന്നും പലർക്കും പിന്നീടങ്ങോട്ടു കാണില്ല. ഡയറ്റിങ്ങും വ്യായാമവുെമാക്കെ പാതിവഴിയിൽ ഉപേക്ഷിച്ച് വീണ്ടും അലസജീവിതം നയിക്കുന്നവരാണ് ഏറെയും, അത്തരക്കാരുടെ ശ്രദ്ധയ്ക്ക്, കുടവയറിന്റെ സ്ഥാനത്ത് അസ്സൽ സിക്സ് പാക്കുമായി നടക്കുന്ന ജെറിമിയ പീറ്റേഴ്സണ്‍ എന്ന മുപ്പത്തിയൊമ്പതുകാരനെ കണ്ടാൽ നിങ്ങളുടെ മടിയെല്ലാം പമ്പകടക്കും. 

മൊണ്ടാന സ്വദേശിയായ പീറ്റേഴ്സണിന്റെയും ജീവിതം ഭൂരിഭാഗം പേരെയും േപാലെ അലസമായിരുന്നു. അതിന്റെ ഭാഗമായി തന്നെ വണ്ണവും നാൾക്കുനാൾ വർധിച്ചു, 127 കിലോയിൽ എത്തിയപ്പോഴാണ് പീറ്റേഴ്സണിന് സംഗതി കൈവിട്ടു പോവുകയാണല്ലോ എന്ന േതാന്നലുണ്ടായത്. മൂന്നു മക്കളുടെ അച്ഛൻ കൂടിയായ പരീറ്റേഴ്സൺ പിന്നീടങ്ങോട്ട് ആരോഗ്യകരമായ ജീവിതം നയിക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനെല്ലാം കാരണമായതോ കുടുംബമൊന്നിച്ച് ഒരു യാത്ര പോയതും. 

യാത്രയ്ക്കിടെ തന്റെ അമിതവണ്ണം മൂലം ഇടയ്ക്കിടെ ഇടവേളയെടുക്കുമായിരുന്നു, പലപ്പോഴും ഒമ്പതും ഏഴും ആറു വയസ്സുള്ള മക്കള്‍ക്കൊപ്പം ന‌ടക്കാൻ പോലും പാടുപെട്ടു. അങ്ങനെ പീറ്റേഴ്സൺ ആദ്യമായി തന്റെ ഡയറ്റിങ്ങിൽ മാറ്റം വരുത്താന്‍ തീരുമാനിച്ചു. അതിനാദ്യം ചെയ്തത് ജങ്ക് ഫൂഡ് പൂർണമായും ഉപേക്ഷിക്കുക എന്നതായിരുന്നു. ഒപ്പം രാത്രിയിലെ മദ്യപാനവും നിർത്തലാക്കി. 

പലരുടെയും പ്രശ്നം വ്യായാമം തുടങ്ങി അധികനാൾ കഴിയുംമുമ്പേ അവർ ഫലം ആഗ്രഹിക്കുന്നതാണെന്നു പറയുന്നു പീറ്റേഴ്സൺ. കഠിനമായി ശ്രമിച്ചാൽ മാത്രം പോരാ, കാത്തിരിക്കാനുള്ള ക്ഷമയും ഉണ്ടെങ്കിലേ നിങ്ങൾ പ്രതീക്ഷിച്ച ഫലം ലഭിക്കൂ എന്നാണ് പീറ്റേഴ്സണിന്റെ വാദം. വ്യായാമത്തിനൊപ്പം തന്നെ ഡയറ്റിങ്ങിലും കാര്യമായ മാറ്റങ്ങൾ വരുത്തി. വറുത്തതും പൊരിച്ചതുമെല്ലാം പാടെ ഉപേക്ഷിക്കുകയും ആരോഗ്യകരമായ ഭക്ഷണങ്ങൾ മാത്രം ശീലമാക്കുകയും ചെയ്തു. 

താൻ വിചാരിച്ച കാര്യം കണ്ടെത്താതെ പിന്തിരിയില്ലെന്ന നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രം പീറ്റേഴ്സണിന് വെറും കുറഞ്ഞകാലം കൊണ്ട് ഒന്നും രണ്ടുമല്ല 37 കിലോയാണ് കുറയ്ക്കാൻ കഴിഞ്ഞത്. ഇനി താന്‍ വണ്ണം കുറച്ചതിനു പിന്നിലെ രഹസ്യം പരസ്യമാക്കാനംു പീറ്റേഴ്സണിനു മടിയില്ല. ഇൻസ്റ്റഗ്രാമിലൂടെ തന്റെ വണ്ണം കുറയ്ക്കൽ പ്രക്രിയയെക്കുറിച്ച് സ്ഥിരമായി പങ്കുവെക്കാറുണ്ട് അദ്ദേഹം. വണ്ണം കുറച്ചതിനു ശേഷം ശരീരത്തിൽ വന്ന സ്ട്രെച്ച് മാർക്കുകളെ ഒരു യുദ്ധത്തിന്റെ ഓർമ എന്നു വിളിക്കാനാണ് പീറ്റേഴ്സണിനിഷ്ടം. 

പ്രായം വെറുമൊരു നമ്പർ മാത്രമാണെന്നും തീരുമാനിച്ചുറച്ചിറങ്ങിയാൽ കഴിയാത്തതൊന്നുമില്ലെന്നും വ്യക്തമാക്കുകയാണ് പീറ്റേഴ്സണിന്റെ ജീവിതം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam