വണ്ണം കുറയ്ക്കണമെന്ന ആഗ്രഹവും പേറി നടക്കുന്നവർ അതിനായി മുന്നിട്ടിറങ്ങുമ്പോൾ ആദ്യം ചെയ്യേണ്ടത് സ്വന്തം ജീവിതരീതിയെ ഒന്നു വിലയിരുത്തലാണ്. കഴിക്കുന്ന ഭക്ഷണം എന്തെല്ലാമാണെന്നും അവയുടെ അളവും ദുശ്ശീലങ്ങളുമൊക്കെ ഒന്നു എണ്ണിതിട്ടപ്പെടുത്തി നോക്കൂ, വണ്ണം കുറയ്ക്കാൻ എവിടെ തുടങ്ങണമെന്ന് നിങ്ങൾക്കുതന്നെ കണ്ടെത്താനാകും. വ്യായാമത്തിനും വർക്കൗട്ടിനുമൊപ്പം ചിട്ടയോടെ ഭക്ഷണവും കഴിച്ചാൽ സ്വയംമാറ്റം തിരിച്ചറിയാനാകും. അത്തരത്തിലൊരു കഥയാണ് ഒക്‌ലഹോമ സ്വദേശിയായ ഹണ്ടർ ഹോബ്സ് എന്ന ഇരുപത്തിനാലുകാരനു പറയാനുളളത്.
പന്ത്രണ്ട് ആഴ്ചകൾ കൊണ്ടുണ്ടായ മാറ്റത്തെ വെറുതെ േനാക്കിക്കാണുക മാത്രമല്ല അവയെല്ലാം ക്യാമറയിൽ പകർത്തി വിഡിയോയാക്കുകയും ചെയ്തു ഹോബ്സ്. വർക്കൗട്ടിനെ അൽപം കൂടി ഗൗരവമായി സമീപിച്ചാൽ തനിക്കുണ്ടാകുന്ന മാറ്റം എങ്ങനെയായിരിക്കും എന്ന ചിന്തയാണ് എല്ലാത്തിനും തുടക്കമായത്. അങ്ങനെ മൂന്നുമാസം കൃത്യനിഷ്ഠമായി ഹോബ്സ് വെയ്റ്റ് ലിഫ്റ്റിങ്ങും കാർഡിയോയുമൊക്കെ ചെയ്തു.
ഒടുക്കമാണ് വണ്ണം ചുമ്മാ അങ്ങു കുറയുക മാത്രമല്ല അസ്സൽ സിക്സ് പാക്കും തനിക്കു ലഭിച്ചുവെന്നു ഹോബ്സിനു മനസ്സിലായത്. 91 കിലോ ഉണ്ടായിരുന്ന ഹോബ്സിന്റെ ഇപ്പോഴത്തെ ഭാരം വെറും 72 കിലോയാണ്. ആഴ്ചയിൽ അഞ്ചോ ആറോ ദിവസം സ്ഥിരമായി െവയ്റ്റ് ലിഫ്റ്റിങ് ശീലമാക്കി. ഒപ്പം അരമണിക്കൂറോളം കാർഡിയോ എക്സർസൈസും തുടങ്ങി. ഇവയെല്ലാം വലിയ കുഴപ്പമില്ലാതെ പോയിരുന്നെങ്കിലും ഡയറ്റിന്റെ കാര്യത്തിലാണ് ഹോബ്സ് അൽപം ബുദ്ധിമുട്ടിയത്. ജങ്ക് ഫൂഡുകൾ പാടെ ഒഴിവാക്കിയ ഹോബ്സ് ചിക്കൻ, മധുരക്കിഴങ്, ഓട്മീൽ, സാലഡുകൾ, ബദാം, പ്രോട്ടീൻ ഷെയ്ക്കുകൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തി.
പുറത്തു നിന്നു കഴിക്കുന്ന ശീലം ഒഴിവാക്കിയതോടെ ഹോബ്സ് സ്വന്തമായി ഭക്ഷണം വെക്കാനും തുടങ്ങി. ഓഫീസിലേക്കു കൊണ്ടുപോകാനുള്ള ഭക്ഷണവും ഹോബ്സ് തനിയെ തയാറാക്കി ശീലിച്ചു. ഒപ്പം വെള്ളം കുടിക്കുന്നതിന്റെ അളവും ഇരട്ടിയാക്കി. സോഡാ പോലുള്ള മധുര പാനീയങ്ങളും മദ്യപാനവും ഉപേക്ഷിച്ചു. തുടക്കത്തിൽ ക്ഷീണിതനായി തോന്നുകയും വിശപ്പനുഭവപ്പെടുകയുമൊക്കെ ചെയ്തെങ്കിലും കക്ഷി അതത്ര കാര്യമാക്കിയില്ല, താൻ ആഗ്രഹിച്ച ഫലം കണ്ടെത്തുംവരെ പോരാടാൻ തന്നെ തീരുമാനിച്ചു. ഇപ്പോഴത്തെ ഹോബ്സിന്റെ മാറ്റം കണ്ട് സമൂഹമാധ്യമത്തിലാകെ അഭിനന്ദന പ്രവാഹമാണ്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam