സെലിബ്രിറ്റി ബ്രാൻഡുകൾ ' കത്തിക്കയറുന്നു'

സെലിബ്രിറ്റി ഫാഷൻ ബ്രാൻഡുകളെ തട്ടീം മുട്ടീം നടക്കാൻ വയ്യാത്ത അവസ്ഥയാണ്  ഇന്ത്യയിൽ. ഓൺലൈൻ വിപണിയിൽ കത്തിക്കയറുന്ന സെലിബ്രിറ്റി ബ്രാൻഡ് ശ്രേണിയിലേക്ക് സ്വന്തം ബ്രാൻഡുമായി നടൻ ഷാഹിദ് കപൂറും. അത്‌ലീഷർ ട്രെൻഡിനെ കൂട്ടുപിടിച്ചാണ് ഷാഹിദിന്റെ സ്വന്തം ബ്രാൻഡ് ‘സ്കൾട്ട്’ (SKULT) വരുന്നത്.  അത്‌ലീഷർ ഫാഷനിൽ വിരാട് കോഹ്‌ലിയുടെ ബ്രാൻഡ് വൺ എയ്റ്റും രംഗത്തുണ്ട്. അത്‌ലീഷർ ഫാഷൻ ഇന്ത്യയിൽ സംഭവമായി മാറുകയാണെന്ന് ഈ സ്റ്റാർ ബ്രാൻഡ്സ് വ്യക്തമാക്കുന്നു.  സ്പോർട്സ്, കാഷ്വൽവെയർ വിഭാഗങ്ങളിലായി ഒരുപിടി ‘താര ബ്രാൻഡുകൾ’ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇന്ത്യയിൽ കൂടുകൂട്ടി കഴിഞ്ഞു.  

ബിടൗൺ ബ്രാൻഡ്

ഫിറ്റ്നസിനെയും ഫാഷനെയും ഒരു പോലെ സ്നേഹിക്കുന്ന ഷാഹിദ് അത്‌ലീഷറിനോട് കൂട്ടുകൂടിയതിൽ വിസ്മയമില്ല. തമ്പ് ഹോൾസ്, ഷോൾഡർ ജാക്കറ്റുകൾ, സ്കൂപ്പ്ഡ് ഹെം ടീസ്, ലോങ്ഡൈലൈൻ ടീസ് സ്റ്റൈലിലുള്ള ‘സ്കൾട്ട്’ വസ്ത്രങ്ങൾ ആമസോൺ ഫാഷൻ പുറത്തിറക്കി കഴിഞ്ഞു.  ഭാരം കുറഞ്ഞ തുണികൾ കൊണ്ടാണ് അത്‌ലീഷർ വിഭാഗത്തിലെ ഇന്ത്യയിലെ  സെലിബ്രിറ്റി ബ്രാൻഡ് സ്കൾട്ടിന്റെ വസ്ത്രങ്ങൾ. 

ഫാഷനനെയും ഫിറ്റ്നസിനെയും കൂട്ടുപിടിച്ച് ഇതിനു മുൻപ് സ്വന്തം ബ്രാൻഡ് ഇറക്കിയത് ഹൃത്വിക് റോഷനാണ്. 2013ൽ പുറത്തിറക്കിയ എച്ച്ആർഎക്സ്(HRX) ഫിറ്റ്നസ് സ്പോർട്സ് വെയർ രംഗത്തെ ഇന്ത്യയിലെ ആദ്യ ബ്രാൻഡ് കൂടിയായിരുന്നു.പ്രീമിയം തുണിത്തരങ്ങളിൽ നിർമിക്കുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള  കനം കുറഞ്ഞ സ്പോർട്സ് വസ്ത്രങ്ങളാണ് ഈ ബ്രാൻഡിന്റെ പ്രത്യേകത. 

സ്വന്തമായി ഫാഷൻ ബ്രാൻഡ് തുടങ്ങിയ ആദ്യ ഇന്ത്യൻ സെലിബ്രിറ്റി ജോൺ എബ്രഹാം ആയിരുന്നു. 2006ൽ റാങ്ക്‌ലറുമായി (Wrangler) സഹകരിച്ചായിരുന്നു സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള വസ്ത്രങ്ങൾ ജോൺ എബ്രഹാം ബൈ റാങ്ക്‌ലർ എന്ന ബ്രാൻഡിൽ പുറത്തിറങ്ങിയത്.

സൂപ്പർ സ്റ്റാർ സൽമാൻ ഖാന്റെ സ്വന്തം ബ്രാൻഡ് എന്ന നിലയിൽ ഏറെ പ്രശസ്തമാണ് ബീയിങ് ഹ്യൂമൻ(Being Human). സൽമാൻ ഖാൻ ഫൗണ്ടേഷനായ ബീയിങ് ഹ്യൂമന്റെ വിദ്യാഭ്യാസ, ആരോഗ്യ  പ്രവർത്തനങ്ങൾക്ക് താങ്ങാകുന്നതും ഈ ഫാഷൻ ബ്രാൻഡ് തന്നെ. സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള വസ്ത്രങ്ങളും ആക്സസറീസുമാണ് പ്രത്യേകത. ഇന്ത്യയിൽ 29 എക്സ്ക്ലൂസീവ് ഷോറൂമുകളുണ്ട്.  

ക്രിക്കറ്റ് ബ്രാൻഡ്

ബോളിവുഡ് സെലിബ്രിറ്റീസ് മാത്രമല്ല ക്രിക്കറ്റ് താരങ്ങളും ഫാഷൻ ബ്രാൻഡുമായി മൽസരത്തിനുണ്ട്. സ്പോർട്സ് ഐക്കൺ എന്നതിനപ്പുറം ഫാഷൻ ഐക്കൺ എന്ന ലേബലും സ്വന്തമാക്കിയയാളാണ് ഇന്ത്യയുടെ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി.. ഗ്രാഫിക് ടീഷർട്ട്, ബാൻഡ് കോളർ ഷർട്ട് എന്നിവയുടെ വലിയ കലക്ഷനാണ് ‘ചീക്കു’വിന്റെ മെൻസ്‌വെയർ ബ്രാൻഡ്  വ്രോഗണിന്റെ(WROGN) പ്രത്യേകത. വൺ എയ്റ്റ്(ONE8) എന്ന വിരാട് ബ്രാൻഡ് എത്‌ലീഷർ വെയർ കലക്ഷനാണ്. വിരാടിന്റെ ജഴ്സിയുടെ നമ്പർ തന്നെയാണ് ബ്രാൻഡിന്റെ പേരും. സ്പോർട്സ് ബ്രാൻഡ് പ്യൂമയുമായി സഹകരിച്ചാണ് പ്രവർത്തനം. 

കോഹ്‌ലിയെ പോലെ സ്വന്തം ജഴ്സി നമ്പർ തന്നെയാണ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ എംഎസ് ധോണിയും സ്വന്തം ബ്രാൻഡിനായി തിരഞ്ഞെടുത്തത്– സെവൻ(SEVEN) സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള ആക്ടീവ് ലൈഫ്സ്റ്റൈൽ അപ്പാരൽസ്, ആക്സസറീസാണ് ബ്രാൻഡ് പുറത്തിറക്കുന്നത്. 

ക്രിക്കറ്റ് ദൈവം സച്ചിൻ തെൻഡുൽക്കറുടെ ബ്രാൻഡാണ് ട്രൂ ബ്ലൂ (True Blue) അർവിന്ദ് ഫാഷൻ ബ്രാൻഡുമായി ചേർന്നുള്ള ഈ ലേബലിൽ പ്രീമിയം മെൻസ്‌വെയർ ആക്സസറീസിനാണ് പ്രാമുഖ്യം. ഡിസൈനർമാരായ ശന്തനു, നിഖിൽ എന്നിവരുമായി ചേർന്നാണ് ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വൈഡബ്ല്യുസി ഫാഷൻ (YWC Fashion). കാൻസർ രോഗികൾക്ക് ചികിൽസാ സഹായം നൽകുന്ന യു വീ കാൻ എന്ന യുവരാജ് സിങ് ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള എൻജിഒയിലേക്കാണ് ഇതിൽ നിന്നുള്ള വരുമാനം പോകുന്നത്. 

നടിമാരുടെ സ്വന്തം ബ്രാൻഡ്

സ്വന്തം ബ്രാൻഡ്  എന്ന സ്വപ്നം സ്വന്തമാക്കുന്നതിൽ ബോളിവുഡ് നടിമാരും പിന്നിലല്ല. പെർഫക്ട് സ്റ്റൈൽ സ്റ്റേറ്റ്മെന്റ് കൊണ്ടും യുണീക്നെസ് കൊണ്ടും കൈയടി നേടിയ ദീപിക പദുക്കോണിന്റെ സ്വന്തം ബ്രാൻഡാണ് ഓൾ എബൗട്ട് യു( All About You) ഫ്രഞ്ച് ഡിസൈനൻ ഏജൻസിയും ഓൺലൈൻ ഷോപ്പിങ് പോർട്ടലുമായ മിന്ത്രയുമായി സഹകരിച്ച് 2015ലാണ് പ്രീമിയം വിമൻസ് വെയർ  ബ്രാൻഡിന് തുടക്കമിടുന്നത്. കാഷ്വൽ, എത്‌നിക് വസ്ത്രങ്ങളാണ്  ഹൈലൈറ്റ്. 

സോനം കപൂർ സഹോദരി റിയയുമായി ചേർന്നാണ് ഫാഷൻ ബ്രാൻഡ് റിസൻ(RHESON ) തുടങ്ങിയത്.  വിരാടിനൊപ്പം ഭാര്യയും നടിയുമായ അനുഷ്ക ശർമയും  നുഷ്  (Nush) എന്ന സ്വന്തം ബ്രാൻഡുമായി രംഗത്തുണ്ട്. ഇന്ത്യൻ സ്റ്റൈലിനു യോജിക്കുന്ന വിമൻസ് വെസ്റ്റേൺ ഔട്ട്ഫിറ്റുകളാണ് ബ്രാൻഡിന്റെ പ്രത്യേകത.

ബിപാഷ ബസു വസ്ത്രങ്ങളിലല്ല ആക്സസറീസിലാണ് കൈവച്ചത്. ബാഗ്, ഷൂ, ആഭരണം തുടങ്ങി ബിപാഷ ഡിസൈൻ ചെയ്ത ആക്സസറീസിന്റെ വിൽപന ട്രങ്ക് ലേബൽ (Trunk Label) എന്ന ഓൺലൈൻ സ്റ്റോർ വഴിയാണ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam...