സാരിയെ പ്രണയിക്കാൻ പ്രത്യേകിച്ചു കാരണമൊന്നും വേണ്ട. അതുകൊണ്ടാണ് ഗൗണും അനാർക്കലിയും മറ്റു ഡിസൈനർ പാർട്ടിവെയറുകളും ട്രെൻഡിയാകുമ്പോഴും സാരിക്കു പകരം വയ്ക്കാൻ മറ്റൊന്നില്ലാത്തത്. ഫോർമലായും പാർട്ടിവെയറായും വേഷം മാറാനും, പതിനെട്ടുകാരിയെ അഴകളവുകളിൽ സുന്ദരിയാക്കാനും എൺപതുകാരിയെ പ്രൗഡിയുടെ മറുരൂപമാക്കാനും സാരിയ്ക്കു മാത്രം കഴിയുന്ന മായാജാലമുണ്ട്.
സാരിയിന്നു പഴയ സാരിയല്ല, എടുപ്പിലും നടപ്പിലും പുതുമകളാണ്, ഒപ്പം ഡിസൈനുകളിലും. സാരികളിലെ പുതുമകൾ അറിയാം
എത്‌നിക് / ഡിസൈനർ
എത്‌നിക് സാരികളൊടു പ്രിയം കൂടിയെങ്കിലും ഡിസൈനർ സാരികളെ മാറ്റിനിർത്താനാകില്ല ഗാൽസിന്. ചെറുപ്പക്കാർ പൊതുവേ ഇഷ്ടം കൂടുന്നത് ഡിസൈനർ സാരികളോടു തന്നെ.
ഓർഗൻസ സാരികളാണ് നിലവിലെ ട്രെൻഡ്. ഫ്ലോറൽ ഓർഗൻസയോട് അൽപം ഇഷ്ടക്കൂടുതലുണ്ട്. ഇതിൽ ഹാൻഡ് വർക്കുകൾ ചേർന്നാൽ ഡിസൈനർ മിഴിവിൽ സാരിക്ക് അഴകേറും.
ഓർഗൻസയ്ക്കു പുറമേ ചന്ദേരി സിൽക്ക്, നെറ്റ് തുണിത്തരങ്ങൾക്കും ഡിസൈനർ സാരി വിഭാഗത്തിൽ ആവശ്യക്കാരേറെ.
എത്നിക് സാരികൾ പൊതുവെ മുതിർന്ന സ്ത്രീകൾക്കാണ് പ്രിയം.
ഗ്രേ ട്രെൻഡ്
പേസ്റ്റൽ നിറങ്ങളാണ് നിലവിലെ ട്രെൻഡ്. അതുതന്നെ അല്‍പം തിളക്കമുള്ള തുണിത്തരമായാൻ (sheer) മികച്ച ചോയ്സ് ആണെന്നു കണ്ണടച്ചുറപ്പിക്കാം. പേസ്റ്റൽ നിറങ്ങളിലെ പുതുമകൾ പലതുണ്ടെങ്കിലും ഗ്രേ ആണ് മോസ്റ്റ് വാണ്ടഡ്. ന്യൂട്രൽ, ന്യൂഡ് നിറമായി മാറ്റിനിർത്തിയിരുന്ന ഗ്രേ ഫാഷന്റെ മുഖ്യധാരയിൽ ഇടംപിടിച്ചിരിക്കുകയാണിപ്പോൾ.
സാറ്റിൻ റിബൺ എംബ്രോയ്ഡറി
ഡിസൈനർ സാരികളിലെ പ്രധാന ആകർഷണം അവയിലെ ഹാൻഡ് വർക്കുകൾ തന്നെ. സറി വർക്കും ബീഡ്സും സീക്വൻസുകളും ചേരുന്ന പലവിധ കൈവേലകളുമാണ് സാരിയ്ക്ക് അഴകേറ്റുന്നത്. 3ഡി മാതൃകയിൽ എടുത്ത നിൽക്കുന്ന ഹാൻഡ് വർക്കുകൾക്കാണ് ആവശ്യക്കാരേറെ.
അതേസമയം വ്യത്യസ്തതയാഗ്രഹിക്കുന്നവർക്കു സാറ്റിൻ റിബൺ ഹാൻഡ് എംബ്രോയ്ഡറി പരീക്ഷിക്കാം.
ഒരേ ഷേഡിൽ ബ്ലൗസ്
സാരിയിൽ ഹെവി വർക്കുള്ളപ്പോൾ ബ്ലൗസിൽ സിംപിൾ ആകുന്നതാണു നല്ലത്. അതേ സമയം പ്ലെയിൻ സാരികൾക്ക് ഡിസൈനർ ബ്ലൗസ് ആകാം.
കോൺട്രാസ്റ്റ് നിറങ്ങള്‍ ഉപയോഗിക്കുന്ന ട്രെൻഡ് ഇപ്പോൾ കളംമാറി ഒരേ ഷേഡിലേക്ക് എത്തിയിട്ടുണ്ട്. നിലവിൽ ട്രെൻഡിയായിട്ടുള്ള ഷീർ ഫാബ്രികിനൊപ്പം കോൺട്രാസ്റ്റ് നിറങ്ങളേക്കാൾ അതേ ഷേഡാണ് കൂടുതൽ ചേരുക എന്നതിനാലാണിത്.
അതേസമയം കോട്ടൺ സാരികൾക്ക് കോൺട്രസ്റ്റ് ഷേഡും പരീക്ഷിക്കാൻ മടിക്കേണ്ട.
ഡിസൈനർ കോട്ടൺ സാരി
സിൽവർ ആക്സസറീസ് രംഗത്തെത്തിയതോടെ കോട്ടൺ സാരികൾക്ക് നല്ലകാലം. എത്‌നിക് സാരികൾക്ക് പ്രായവ്യത്യാസമില്ലാതെ ആവശ്യക്കാരേറി. അതു ഡിസൈനർ കോട്ടൺ സാരികൾക്ക് വഴിതുറന്നു.
ഹാൻഡ് ബ്ലോക്ക് പ്രിന്റ് ചെയ്തെടുക്കുന്ന എത്‌നിക് തുണിത്തരങ്ങളിൽ വ്യത്യസ്തമായ ഹാൻഡ് വർക്കുകൾ ചേർത്തു ഡിസൈനർ മിഴിവു നൽകുകയാണു ചെയ്യുന്നത്. മൽ തുണിത്തരത്തിൽ ടാസിൽ നിറഞ്ഞ സാരി പെട്ടെന്നു ശ്രദ്ധകേന്ദ്രമാകും.
കോട്ടൺ സാരിയുടുത്ത് പാർട്ടിയ്ക്കോ ഫംങ്ഷനുകൾക്കോ പോകുന്നതു കുറച്ചുകാലം മുമ്പു വരെ അംസഭവ്യമായിരുന്നു. എങ്കിലിന്നു പാർട്ടിവെയറാകാൻ എത്‌നിക് സാരികൾ മതിയെന്നായി. സിൽവർ ജ്വല്ലറിയണിഞ്ഞാൽ ആരും കണ്ണുവയ്ക്കുന്ന സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആയി.
(വിവരങ്ങൾ:
റോസ് മേരി ജോർജ്
ഏക ഡിസൈൻസ് ബൈ റോസ്,
എൻഎച്ച് ബൈപാസ്,
പാലാരിവട്ടം, കൊച്ചി)
Read More : Lifestyle Malayalam Magazine, Beauty Tips in Malayalam