ചൂടൻ രംഗങ്ങളിലെ മറയില്ലാത്ത അഭിനയമാണ് മല്ലിക ഷെരാവതിനെ ബോളിവുഡിൽ താരമാക്കിയത്. ഗ്ലാമർ വേഷങ്ങളിലെ അനായാസ പ്രകടനം മല്ലികയെ താരസിംഹാസനത്തിൽ എതിരാളികൾക്ക് അപ്രാപ്യമായ രീതിയിൽ പ്രതിഷ്ഠിച്ചു. 2003 മുതൽ ബോളിവുഡിലെ സജീവ സാന്നിധ്യമായ മല്ലിക കാലക്രമേണ താരസിംഹാസനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഒടുവിൽ ബോളിവുഡിൽ മല്ലികയുടെ സാന്നിധ്യം നാമമാത്രമായി. വർഷങ്ങൾക്കു ശേഷം മല്ലിക ജീവിതം പറയുകയാണ്.
കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങൾ തന്നെയും വേട്ടയാടിയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് മല്ലിക, പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ. നായകൻമാർക്കും സംവിധായകർക്കുമൊപ്പം ശരീരം പങ്കിടാത്തതിനാൽ തനിക്ക് നിരവധി അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്ന് മല്ലിക ഷെരാവത് പറയുന്നു. ചെറിയ വസ്ത്രം ധരിക്കുകയും സ്ക്രീനിൽ ചുംബിക്കുകയും ഗ്ലാമർ വേഷത്തിൽ അഭിനയിക്കുകയും ചെയ്താൽ ദുർനടത്തകാരിയാണെന്ന് മുദ്രകുത്തുന്നവരാണ് കൂടുതൽ. സ്ക്രീനിലെ കഥാപാത്രങ്ങൾ കണ്ട് ജീവിതത്തിലും എളുപ്പത്തിൽ വഴങ്ങുന്നവളാണ് ഞാനെന്ന് കരുതി എന്നെ സമീപിച്ചവർ നിരവധി പേരാണ്. മല്ലിക തുറന്നടിക്കുന്നു.
നിനക്ക് സ്ക്രീനിൽ അഴിഞ്ഞാടാമെങ്കിൽ ഞങ്ങളുമൊത്ത് സ്വകാര്യതയിൽ ശരീരം പങ്കിടുന്നതിൽ എന്താണ് തടസമെന്ന് മുഖത്ത് നോക്കി ചോദിച്ചവരുണ്ട്. ശരീരം നൽകാത്തതിനാൽ അവസരങ്ങൾ നിഷേധിച്ചവരുണ്ട്. ദുർനടപ്പുകാരിയായ ഒരു സ്ത്രീയോട് അമിത സ്വാതന്ത്രമെടുക്കാമല്ലോ എന്ന മനോഭാവത്തോടെ അടുത്ത് ഇടപഴകാൻ സംവിധായകരും നായകനടൻമാരും ശ്രമിച്ചിട്ടുണ്ട്. നിനക്ക് എന്തു കൊണ്ട് എന്നോട് അടുത്ത് ഇടപഴകാൻ കഴിയുന്നില്ലെന്ന് ചോദിച്ചവരുണ്ട്. മല്ലിക പറയുന്നു.
കിടക്ക പങ്കിടാൻ സൗകര്യമില്ലെന്ന് തുറന്നു പറഞ്ഞതു കൊണ്ട്് നായകന്മാരുടെ അപ്രീതി കൊണ്ട് നിരവധി പ്രൊജക്റ്റുകളില്‍ നിന്ന് എന്നെ നീക്കിയിട്ടുണ്ട്. ഇത് നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനമാണ്. സ്ത്രീകളെ രാജ്യത്ത് എങ്ങനെയാണ് കണക്കാക്കുന്നതെന്ന് ഇതില്‍ നിന്ന് മനസിലാക്കാം. ശരീരം വിറ്റ് താരമാകാൻ എന്നെ കിട്ടില്ലായിരുന്നു. കഷ്ടപ്പാടുകളോട് പടവെട്ടിയാണ് ഞാൻ ഇവിടെ എത്തിയത്. എന്റെ പോരാട്ടമോ പ്രയത്നമോ ആരും കണ്ടില്ല. കണ്ടെങ്കിൽ തന്നെ ആരും വിലമതിച്ചില്ല. ഞാൻ അവർക്ക് ശരീരം മാത്രമായിരുന്നു.
എത്രത്തോളം ചുംബന രംഗങ്ങളിൽ ഞാൻ അഭിനയിച്ചു. എത്ര മാത്രം ശരീരപ്രദർശനം നടത്തി തുടങ്ങിയ കണക്കെടുപ്പുകളിലായിരുന്നു അവർക്ക് ശ്രദ്ധ. അതെന്നെ വിഷമിപ്പിച്ചു. അസ്വസ്ഥയാക്കി. എനിക്ക് ഏറെ ചെയ്യാനുണ്ട്. പക്ഷേ എന്റെ ആ ഒരു ഭാഗം മാത്രമാണ് എന്നും ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട് ഞാന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്.
ചില സംവിധായകര്‍ പുലര്‍ച്ചെ പോലും എന്നെ മുറിയിലേക്ക് ക്ഷണിച്ചിരുന്നു. ശരീരം നൽകില്ലെന്ന് ഒരു പെൺകുട്ടി തീരുമാനമെടുത്താൽ സിനിമയിൽ നിലനിൽക്കാൻ എത്രമാത്രം ബുദ്ധിമുട്ടാണെന്ന് ഞാൻ തിരിച്ചറിച്ചു. പക്ഷേ ഇതൊക്കെ വിളിച്ചു പറയാൻ ഇന്നത്തെ പോലെ ഞാൻ ശക്തയല്ലായിരുന്നു. എല്ലാവരും എന്നെ കുറ്റപ്പെടുത്തും എന്ന പേടിയായിരുന്നു. ഇരകളെ കുറ്റപ്പെടുത്തുന്ന അവസ്ഥ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.’-മല്ലിക പറയുന്നു.
ഒഴുക്കിനൊത്ത് നീന്തുവാൻ ഞാൻ തയ്യാറായിരുന്നില്ല. ഒരുപാട് അവസരങ്ങൾ എനിക്ക് നിഷേധിക്കപ്പെട്ടു. എന്നാൽ ഇപ്പോൾ താൻ സംതൃപ്തയാണെന്നും മല്ലിക പറയുന്നു. 2004 ല്‍ പുറത്തിറങ്ങിയ മര്‍ഡര്‍ എന്ന ചിത്രത്തിലൂടെയാണ് മല്ലിക ബോളിവുഡില്‍ തരംഗമാകുന്നത്.