വാഴയിലയിലെ ഊണ്, എന്തിന് മീൻകറി വരെ സാരിയിൽ !!

കേരളത്തിന്റെ സ്വന്തം കഥകളിയും ജപ്പാന്‍കാരുടെ  കബൂക്കി എന്ന കലാരൂപവും തമ്മിൽ എന്തുണ്ടു ബന്ധം ? ഒന്നുമില്ലെന്നു നമ്മൾ പറയും, പക്ഷേ കഥകളിയും കബൂക്കിയും ചേർന്നാൽ കഥകബൂക്കി ഒരുക്കാമെന്നു  ഡിസൈനർ ജെബിൻ ജോണി പറയുന്നു. 

വെറുതെ പറയുകയല്ല, മൂവാറ്റുപുഴക്കാരൻ ജെബിൻ  കഥകബൂക്കി എന്ന ഫ്യൂഷൻ ഡിസൈൻ ഒരുക്കിയപ്പോൾ അതു ഫാഷൻലോകം നെഞ്ചേറ്റുകയും ചെയ്തു. യുകെയിലെ നോർത്താംപ്റ്റൻ യൂണിവേഴ്സ്റ്റിയിൽ നിന്നു ഡിസൈൻ ഫാഷൻ ആൻഡ് ടെക്സ്റ്റൈൽസ് മാസ്റ്റേഴ്സ് കഴിഞ്ഞിറങ്ങുമ്പോൾ വമ്പൻ ലക്ഷ്യങ്ങളില്ലാതിരുന്ന ജെബിന് അതു മുന്നോട്ടുള്ള വഴികാട്ടിയായി. യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സിന്റെ ഭാഗമായി ചെയ്ത പ്രോജക്ട് കഥകബൂക്കി 2015 ഓഗസ്റ്റിൽ ലാക്മേ വിന്റർ ഫെസ്റ്റിവ് കലക്ഷന്റെ ഭാഗമായി അരങ്ങിലെത്തി. പിന്നീട് വോഗ്, എല്ലെ, ഹാർപേഴ്സ് ബസാർ തുടങ്ങിയ രാജ്യാന്തര ഫാഷൻ മാഗസിനുകളിൽ അത് ഇടംപിടിച്ചു..

Jebsispar

നാട്ടിലെ അരങ്ങേറ്റത്തിൽ നിന്നു ലഭിച്ചത് മുന്നോട്ടുള്ള  വഴികളിലേക്കുള്ള  ഊർജം. ഏതു ഡിസൈനറെയും പോലെ സ്വന്തം ലേബൽ എന്ന ആഗ്രഹത്തിനു തുടക്കമിട്ടതു ലാക്മേ വേദിയിലാണ്. അതുവരെ  ബ്രാൻഡിനു പറ്റിയ പേരുകളൊന്നും മനസിൽ മുൻകൂട്ടി കരുതിയില്ലെങ്കിലും ഏറെ അലയാതെ പേരു കണ്ടുപിടിച്ചു. 

ലോകം ചുറ്റി വന്നാലും നാട്ടിലെ വേരുകൾ പറിച്ചുകളയാൻ മടിക്കുന്ന തനി മലയാളി സ്വന്തം സംരഭത്തിനു പേരു നൽകിയപ്പോൾ കൂടെയുള്ളവരെയെല്ലാം  കൂടെക്കൂട്ടി – ജെബ്സിസ്പർ.  അർഥതലങ്ങളേറെയുണ്ട്. ഈ പേരിന്. ജെബിനും സഹോദരിമാരും  മാതാപിതാക്കളും  ചേരുന്നതാണ്  ജെബ്സിസ്പർ  – ജെബിൻ–സിസ്റ്റേഴ്സ് – പാരന്റ്സ് എല്ലാവരും ചേരുന്നു  ഒറ്റപ്പേരിൽ.

ജീവൻ തുടിക്കും പ്രിന്റ്

വസ്ത്രങ്ങളിലെ മോട്ടിഫുകളിലാണ്  ജെബ്സിസ്പർ ഡിസൈനുകളുടെ ജീവൻ. ഫാഷൻ ഡിസൈനറല്ല ടെക്സ്റ്റൈൽ പ്രിന്റ് ‍ഡിസൈനറാണ്  ജെബിൻ. അതുകൊണ്ടു തന്നെ പ്രിന്റുകളിലാണ് ജെബിന്റെ കയ്യൊപ്പ്.

സാരികൾ, പ്ലീറ്റഡ് ഡ്രസ്, സ്കർട് ടോപ് എന്നിവയാണ് ലേബലിന്റെ  ഭാഗമായുള്ളത്. കൂടുതലും സാരിയിലാണ്  പരീക്ഷണങ്ങൾ നടത്തുന്നതും. രണ്ടു തരത്തിലുള്ള പ്രിന്റുകളാണ്  ചെയ്യുന്നത് – ഡിജിറ്റൽ പ്രിന്റ്സും ഹാൻഡ് ബ്ലോക്ക് പ്രിന്റ്സും. അടുത്തിടെ ചെയ്ത ഗോഡ്സ് ഓൺ കൊച്ചി കലക്‌ഷനിലെ ഡിസൈനുകൾ  ജെബിൻ വരച്ചതിനുശേഷം  പിന്നീട് ഡിജിറ്റൽ പ്രിന്റിങ് ചെയ്തെടുക്കുകയായിരുന്നു.  സൂററ്റിലാണ് ഡിജിറ്റൽ പ്രിന്റിങ് ചെയ്യുന്നത്. ബ്ലോക്ക് പ്രിന്റിങ് ചെയ്യുന്നത് ബാംഗ്ലൂരിലും. 

പ്രിന്റ് പറയും കഥകൾ

ഓർമകളിലൂടെയും  സ്ഥലങ്ങളിലൂടെയും അവനവന്റെ ഉള്ളിലൂടെയുമുള്ള  യാത്രകളാണ് ജെബിന്റെ ഡിസൈനുകൾ. എട്ടു പത്തു മാസമെടുത്താണ് ഒരു കലക്‌ഷൻ തയാറാക്കുന്നത്. ലോക്കലായുള്ള ഫ്ലേവറുകൾ, കാഴ്ചകൾ എന്നിവ  വസ്ത്രങ്ങളിലെ നിറങ്ങളിലും പ്രിന്റുകളിലും യോജിപ്പിക്കുകയാണ്. ജെബിന്റെ പുതിയ കലക്ഷൻ ഗോഡ്സ് ഓൺ കൺട്രി ചെയ്തത് കൊച്ചിയിലെയും വൈപ്പിനിലെയും  കുമ്പളങ്ങിയിലെയും  ഗ്രാമങ്ങളിൽ മാസങ്ങൾ താമസിച്ചു ചിത്രങ്ങൾ വരച്ചെടുത്തശേഷമാണ്.

ഓർമകളെ പ്രിന്റുകളിലേക്കു  കൊണ്ടുവരുന്ന ജെബിൻശൈലിയിൽ  ചിരിക്കാനേറെയുണ്ട്, ചിന്തിക്കാനും.  കഥകബൂക്കിക്കു ശേഷം ഒരുക്കിയ ഡീഡാ കലക്‌ഷൻ ഉദാഹരണം. ഡീഡാ എന്നാൽ എടീ എടാ എന്നു തന്നെ. കുട്ടിക്കാലത്ത്  സഹോദരങ്ങൾ പരസ്പരം വിളിച്ചിരുന്നത് അങ്ങനെയല്ലേ. ഈ കലക്ഷനിൽ നിറഞ്ഞു നിൽക്കുന്നത് കുട്ടിക്കാലത്തെ ഓർമകളാണ്. നാട്ടിലെ കള്ളുഷാപ്പിനടുത്ത് മൂല്ലപ്പൂ വിൽക്കാനുണ്ടാവും, ഇതിൽനിന്നെടുത്ത് പെങ്ങന്മാർക്കു കൊണ്ടുവന്നുകൊടുക്കൂം, ഇഷ്ടമുള്ള പഴങ്ങളും മറ്റും പറിച്ചുകൊണ്ടുവന്നു പങ്കിടും –ഈ ബോണ്ടിങ് ആണ് ഡീഡാ കലക്ഷൻ.

നസ്രാണി എന്ന കലക്ഷൻ കേരളത്തിലെ കത്തോലിക്കരുടെ വേരുകൾ തേടിയുള്ള യാത്രയാണ്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പെയിന്റിങ്ങുകളും നാട്ടിലെ പെരുന്നാൾ കാഴ്ചകളുമാണ് ഇതിൽ.

സസ്റ്റെനബിൾ ഫാഷൻ

കോളനിവാഴ്ചയുടെ കാലഘട്ടത്തിൽ  നാട്ടിൽ കോട്ടൺ ലക്ഷ്വറിയായിരുന്നു. പക്ഷേ പിന്നീട് അതിന്റെ ഗരിമ നഷ്ടമായി. കോട്ടൺ, ഹാൻഡ്‌ലൂം തുണിത്തരങ്ങൾ വ്യത്യസ്തമായ രീതിയിൽ വീണ്ടെടുക്കുക എന്നതാണ് ജെബസിസ്പർ ലേബലിന്റെ ലക്ഷ്യം. ഒപ്പം സസ്റ്റൈനബിൾ ഫാഷൻ പിന്തുടരുക എന്നതും ജെബിന്റെ തീരുമാനമാണ്. കുത്താമ്പുള്ളിയിലേയും മറ്റും നെയ്തുകാരുമായി സഹകരിച്ചാണ് വസ്ത്രങ്ങൾ ഒരുക്കുന്നത്. അവര്‍ക്കു ന്യായമായ വേതനം ഉറപ്പാക്കുക, തുണിയിലുംപ്രിന്റുകളിലും മറ്റും ഇക്കോ ഫ്രണ്ട്‌ലിയായ സംവിധാനങ്ങൾ പിന്തുടരുക തുടങ്ങിയ ഒരുപിടി ഉറച്ചബോധ്യങ്ങളും.

സ്വന്തമായി ഡിസൈനർ ബുത്തീക് ഒരുക്കുകയെന്ന വിദൂര ലക്ഷ്യമാണ് ഇനി മുന്നിലുള്ളത്. അതു കൊച്ചിയിൽ എവിടെയെങ്കിലുമാകും എന്നു ജെബിൻ പറഞ്ഞുനിർത്തുന്നു.

ജെബിൻ പറയുന്നു: 

‘‘ യൂറോപ്പിൽ പഠിക്കുകയും യാത്രചെയ്യുകയും ചെയ്ത കാലത്തു മനസിൽ തട്ടിയ അനുഭവമെന്നത് അന്നാട്ടുകാർ അവിടത്തെ തനതായ കാര്യങ്ങൾക്കു നൽകുന്ന പ്രാധാന്യവും ബഹുമാനവുമാണ്. ഇവിടെയുള്ളവർക്ക് ഒരുപക്ഷേ ഇവിടത്തെ കാര്യങ്ങൾക്ക് അത്ര മൂല്യം തോന്നുകയില്ല. ജീവിതത്തിന്റെ ഭാഗമായിരുന്നെങ്കിലും  കൊച്ചിയെ അടുത്തറിഞ്ഞിട്ടില്ല. അതിനു വേണ്ടിയായിരുന്നു  യാത്രയും താമസവും. അങ്ങനെ കണ്ടെത്തിയതാണ്  ‘ഗോഡ്സ് ഓൺ കൊച്ചി’ കലക്‌ഷൻ. ഇതിൽ ലോക്കൽ ഫ്ലേവറുകളാണ്. സ്പൈസസ് മാർക്കറ്റിലെ കുരുമുളക്, ഏലം, മുളക് എന്നിവയുണ്ട്. നമ്മുടെ മീൻകറിയുടെ അരപ്പില്ലേ– അതിന്റെ നിറമുണ്ട് . വാഴയിലയിലെ ഊൺ, മീൻ അങ്ങനെയെല്ലാമുണ്ട് ’’

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam