കുട്ടനാടിന്റെ അതിജീവനത്തിന്റെ പ്രതീകമായ് മിലീ ബാഗുകൾ

പ്രളയത്തിൽ നിന്നുള്ള അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടിക്ക് കൂട്ടു കൂടാൻ ഒരുൽപന്നം കൂടിയെത്തുന്നു. മിലീ ബാഗുകൾ. ചേക്കുട്ടിയുടെ നാട് ചേന്ദമംഗലമാണെങ്കിൽ മിലീയുടേത് പ്രളയം ഏറെ ദുരിതം വിതച്ച കുട്ടനാടാണ്. ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ വേമ്പനാട്ടു കായലിന്റെ തീരത്തുള്ള ചില എൻജിഒകളാണ് ഈ പദ്ധതിക്കു പിന്നിൽ. പ്രളയബാധിതരുടെ പുനരുദ്ധാരണവും അതിജീവനത്തിന് ഒരു വരുമാനവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വരും നാളുകളിൽ കുട്ടനാടിന്റെ കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് മിലീയുടെ നിർമാണം വ്യാപിപ്പിക്കാനാണ് പദ്ധതി.

പ്ലാസ്റ്റിക്കിൽ നിന്നൊരു മോചനം
എത്ര വിലക്കുകളുണ്ടായാലും മലയാളിക്ക് ഒഴിവാക്കാനാകാത്ത പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ഒരു ബദൽ കൂടിയാണ് മിലീ ബാഗുകൾ എന്ന ആശയം മുന്നോട്ടു വയ്ക്കുന്നത്. ഉപയോഗ ശൂന്യമായി നഷ്ടപ്പെടുത്തിക്കളയുന്ന, ഗുണമേന്മയുണ്ടായിട്ടും ഫാഷൻ അല്ലാത്തതുകൊണ്ട് ഉപേക്ഷിക്കേണ്ടി വരുന്ന വ്സ്ത്രങ്ങൾ ഇനി പുനരുപയോഗിക്കാം. അവ മിലീ ബാഗായി നാളെ നിങ്ങളുടെ മുന്നിലെത്തുന്നതിനുള്ള പദ്ധതിയാണ് അണയറപ്രവർത്തകർ ഒരുക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗിച്ചു പഴകി ഉപേക്ഷിക്കുന്ന വസ്ത്രങ്ങളും വേമ്പനാട്ടുകായലിനും കുട്ടനാടിനും ചില്ലറയൊന്നുമല്ല തലവേദനയാകുന്നത്. മിലീ ബാഗുകൾ ഒരു ശൈലിയാകുന്നതോടെ ഇതിനും പരിഹാരമാകുമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. 

മിലീ എന്നാൽ കഠിനാധ്വാനം
പ്രളയം കുട്ടനാടിനെയും ആലപ്പുഴ ജില്ലയെയും എല്ലാം കഷ്ടപ്പാടിലാക്കിയെങ്കിലും അവർ തിരിച്ചു വരുന്നതിനുള്ള തത്രപ്പാടിലാണ്. അതിനുള്ള കഠിനാധ്വാനത്തിന്റെ ഭാഗമാണ് മിലീ എന്ന ഉൽപന്നം. നാടിന്റെ പുനർനിർമാണത്തിൽ ഓരോരുത്തരും വഹിക്കേണ്ട പങ്കുണ്ട്. കഠിനാധ്വാനത്തിലൂടെ അത് നിർവഹിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മിലീയുടെ പിന്നണിയിൽ ഉള്ള സഞ്ചു സോമൻ പറയുന്നു. ഭവ സോഷ്യൽ വെഞ്ച്വേഴ്സ് ആണ് മിലീ ബാഗുകളുടെ നിർമാണത്തിനും വിതരണത്തിനും പിന്നിൽ. വേമ്പനാട്ടുകായലിന്റെ സംരക്ഷണയ്ക്കായി പ്രവർത്തിക്കുന്ന എട്രീ, സുസ്തേര എന്ന സംഘടനകളും മുഹമ്മ പഞ്ചായത്തും സ്വയം സഹായസംഘങ്ങളെയും എല്ലാം ഏകോപിപ്പിച്ചുകൊണ്ടാണ് മിലീയെ അണിയിച്ചൊരുക്കുന്നത്. 

തകര്‍ക്കാനാവാത്ത ആത്മവിശ്വാസം
കുട്ടനാടിന്റെ മണ്ണിൽ ജനിച്ചവരെ അത്ര പെട്ടെന്നൊന്നും തോൽപിക്കാനാവില്ല. ഏത്ര മടവീണാലും അതിനെ പിടിച്ചുനിർത്തുകയും എത്ര വെള്ളം ഉയർന്നാലും മരച്ചക്രം കൊണ്ട് തേവിക്കളയുകയും ചെയ്യുന്ന അധ്വാനിക്കുന്ന കർഷകരുടെ പാരമ്പര്യമാണ് കുട്ടനാടിനുള്ളത്. അതുകൊണ്ടുതന്നെ പ്രളയം തകർക്കുകയല്ല, കരുത്തരാക്കുകയാണ് ചെയ്തതെന്ന് കുട്ടനാട്ടുകാർ പറയും. വരും ദിവസങ്ങളിൽ നഷ്ടമായെന്നു തോന്നിയ കുട്ടനാട്ടുകാരുടെ ബെഡ്ഷീറ്റുകളും വസ്ത്രങ്ങളും ജനൽ കർട്ടനുകളും സാരികളുമെല്ലാം പുതിയരൂപഭാവത്തിൽ മലയാളിക്കു മുന്നിലെത്തും. കഠിനാധ്വാനം മാത്രം വശമുളള കുട്ടനാട്ടുകാർ ഒരു പക്ഷെ കച്ചവടത്തിൽ അത്ര വിദഗ്ധരായിക്കൊള്ളണമെന്നില്ല. അതുകൊണ്ടു തന്നെ അവരെ സഹായിക്കുന്നതിനുള്ള പദ്ധതിയാണ് ഭവ സോഷ്യൽ വെ‍ഞ്ച്വർ അവതിപ്പിക്കുന്നത്. നിലവിൽ വീടുകളിൽ ഇരുന്നു തന്നെ സ്ത്രീകൾ ഒരുക്കുന്ന മിലീ ബാഗുകൾ വരും ദിവസങ്ങളിൽ കേന്ദ്രീകൃതമായി നിർമിക്കുന്നതിനും പദ്ധതിയിടുന്നുണ്ട്. ഇതിന് ലഭ്യമാകുന്ന സർക്കാരിന്റെ എല്ലാ സഹായങ്ങളും ഉപയോഗപ്പെടുത്തുകയും ഭവയുടെ ലക്ഷ്യമാണ്. 

കുറഞ്ഞ വില മാത്രം
അഞ്ചും പത്തും രൂപ കൊടുത്ത് ഒരു പ്രാവശ്യം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വാങ്ങുന്നവർ ഓർക്കണം തങ്ങൾ പ്രകൃതിയോടു ചെയ്യുന്ന ദ്രോഹം എത്രമാത്രം വലിയതാണെന്ന്. എന്നാൽ വെറും 60 രൂപകൊടുത്തു വാങ്ങിയാൽ മിലി ബാഗ് ദീർഘകാലത്തേയ്ക്ക് ഉപയോഗിക്കാം. പൗച്ച് രൂപത്തിൽ സൂക്ഷിക്കാമെന്നതിനാൽ പൊതു സ്ഥലത്ത് കയ്യിൽ കരുതുന്നതിനും മടിക്കേണ്ടി വരില്ല. ഉപയോഗ ശൂന്യമായാൽ പരിസ്ഥിതിക്ക് ദോഷമില്ലാതെ സംസ്കരിക്കുകയും ആവാം. ഒരു സാരി ഉപയോഗിച്ച് ആറ് ബാഗുകളായിരിക്കും ഉണ്ടാക്കാനാകുക. അതുകൊണ്ടു തന്നേ ഒരേ നിറവും ഡിസൈനുമുള്ള കുറെ ബാഗുകൾ നിർമിക്കുക അപ്രായോഗികം. അതായത് നിങ്ങൾക്ക് ലഭിക്കുന്ന ബാഗ് ലിമിറ്റഡ് എഡിഷനായിരിക്കും എന്നർഥം. 

കുട്ടനാടാകെ വ്യാപിപ്പിക്കാൻ പദ്ധതി
മിലി ബാഗിന്റെ നിർമാണം കുട്ടനാട്ടിലാകെ വ്യാപിപ്പിക്കാനാണ് ഭവ ലക്ഷ്യമിടുന്നത്. ഉപയോഗിച്ച വസ്ത്രങ്ങൾ ലഭ്യമാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്കൂളുകളിലും മറ്റും പ്രചാരണം നടത്തും. ഉപയോഗമില്ലാതെ സൂക്ഷിച്ചിരിക്കുന്ന തുണികൾ ഇത്തരത്തിൽ കൂടുതൽ ലഭ്യമാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം സ്വാശ്രയ സംഘങ്ങളും വനിതാ കൂട്ടായ്മകളും എല്ലാം ഉപയോഗിച്ച് കൂടുതൽ സ്ത്രീകളെ നിർമാണത്തിനായി മുന്നോട്ടു കൊണ്ടുവരാനാകും. ഇത് അവർക്ക് ഒരു സ്ഥിര വരുമാന മാർഗമായി മാറുകയും ചെയ്യുമെന്നും അണിയറ പ്രവർത്തകർ വാഗ്ദാനം ചെയ്യുന്നു. 

മിലി ബാഗ് സ്വന്തമാക്കാൻ താൽപര്യമുള്ളർക്ക് ഈ നമ്പരിൽ വിളിക്കാം. 9746288054