'മമ്മൂക്ക അങ്ങനെ പറഞ്ഞപ്പോൾ കിളിപോയ അവസ്ഥയായി'

ചില മനുഷ്യര്‍ സ്‌ക്രീനില്‍ എങ്ങനെയാണോ അതുപോലെ തന്നെയാകും ജീവിതത്തിലും. ഈ കക്ഷിയാണെങ്കില്‍ ഫുള്‍ കോമഡി. ‘ഇന്റര്‍വ്യൂവോ, ആ കൊള്ളാം. എന്താ ചോദിക്കാന്‍ പോണെ’...എന്നു പറഞ്ഞു തുടങ്ങിയ രശ്മിയോടു സംസാരിക്കുമ്പോള്‍ ഇതല്ലാതെ ഒന്നുമില്ല പറയാന്‍. അതുകൊണ്ട്, സ്ത്രീകള്‍ അധികം ‌എത്തിച്ചേരാതിരുന്ന കോമഡി ഷോ രംഗത്തെ താരം എന്നൊക്കെ രശ്മി അനിലിനെ കുറിച്ചു പറയുന്നത് അറുബോറാണ്്. ആ പേര് കേട്ടു പരിചയം തോന്നുന്നില്ലെങ്കിലും കുഴപ്പമില്ല, ഫോട്ടോ കാണുമ്പോഴേ ചിരി തുടങ്ങും. നാടകം കളിച്ചു നടന്ന കോളജ് കാലം. കുട്ടികളെ കട്ടോണ്ടു പോകുന്ന നാടോടിയായതു വഴി മിനി സ്‌ക്രീനിലെത്തി. പിന്നെ വലിയ സ്‌ക്രീനിലെ താരമായി. തന്റെ ജീവിതത്തെക്കുറിച്ച് രശ്മി മനസ്സ് തുറക്കുന്നു.

വീട്ടീന്ന് വിട്ടില്ല...അതുകൊണ്ടാ...

കോമഡി ഷോകൾ കണ്ടതിനുശേഷം നമ്മളില്‍ ഭൂരിപക്ഷവും മനസ്സില്‍ ചോദിച്ചിരിക്കും, ഈ ചേച്ചി എവിടെയായിരുന്നു ഇത്രേം കാലം എന്ന്. കായംകുളം മൂന്നാംകുറ്റി എന്ന സ്ഥലത്താണ് വീട്. സാധാരണ കുടുംബം. ഒരു ചേച്ചിയും അച്ഛനും അമ്മയും. കോളജ് കാലം എല്ലാവരെയും പോലെ എനിക്കും പഠിത്തോം അലമ്പും തന്നെയായിരുന്നു. അങ്ങനെയാണ് കോളജില്‍ പഠിക്കുമ്പോള്‍ നാടകത്തിലൊക്കെ അഭിനയിക്കുന്നത്. എന്നെക്കൊണ്ടു കഴിയും എന്നൊന്നും വിചാരിച്ചതല്ല, അതൊക്കെ അങ്ങു നടന്നതാ. നാടകത്തിനു സമ്മാനം കിട്ടി, മികച്ച നടിയൊക്കെ ആയതോടെ നാടകങ്ങളിലൊക്കെ അഭിനയിച്ചു. കുറേ നാടകങ്ങളില്‍ അഭിനയിച്ചു. കുറേ വേദികള്‍. അതു കഴിഞ്ഞ് കല്യാണമായി. കായംകുളം എം.എസ്.എം കോളജിലാണ് പഠിച്ചത്. അവിടെ നിന്നു മലയാളത്തില്‍ ബിരുദാനന്തര ബിരുദം. പിന്നെ ബിഎഡും എടുത്തു. ഒരു ജോലി നേടാനുള്ള വകയായല്ലോ എന്നു വീട്ടുകാരും വിചാരിച്ചു കാണും. കല്യാണം കഴിക്കുന്ന ചെക്കന് ഇഷ്ടമുണ്ടേല്‍ അഭിനയിച്ചോളൂ എന്നു പറഞ്ഞു.

എനിക്കൊരു പ്രതീക്ഷയും ഇല്ലായിരുന്നു. ടീച്ചറാകാന്‍ പിഎഎസ്‌സി വിളിക്കുന്ന പരീക്ഷയൊക്കെ എഴുതി കാത്തിരിപ്പായി. ഇതിനിടയില്‍ ഒരു മകളും മകനും വന്നു. 

മകന്‍ വഴി...

നാടകമൊക്കെ അഭിനയിച്ചു നടക്കുന്ന സമയത്ത് കുറേ ആള്‍ക്കാരുമായി സൗഹൃദം ഉണ്ടായിരുന്നു. അവര്‍ സിനിമയിലും സീരിയലിലും ടിവി പ്രോഗ്രാമുകളിലുമൊക്കെ ഉള്ളതുകൊണ്ട് ഒരു സീരിയലിലേക്ക് മകന് ഓഫര്‍ വന്നു. അവന്‍ അന്നു കുഞ്ഞാണ്. അവനെ ഒരു നാടോടി സ്ത്രീ തട്ടിക്കൊണ്ടു പോകുന്നതാണ് സീൻ. നസീര്‍ സര്‍ ആയിരുന്നു സംവിധാനം. കുട്ടിയെ ഞാന്‍ എടുത്താല്‍ കരയാത്തതുകൊണ്ട് ഞാന്‍ തന്നെ ചെയ്താല്‍ മതിയെന്നു പറഞ്ഞു. ആ സീന്‍ ഞാന്‍ ആസ്വദിച്ച് ചെയ്തു. അതു കണ്ടിട്ട് എന്റെ ഭര്‍ത്താവ് അനില്‍ ചേട്ടന്‍ (പേരിന്റെ അറ്റത്തെ അനിൽ അങ്ങനെ വന്നതാ) എന്നോടു ചോദിച്ചു, നിനക്ക് അഭിനയിക്കാന്‍ ഇഷ്ടമാണോ എന്ന്. കേള്‍ക്കേണ്ട താമസം, ഞാന്‍ തലയാട്ടി. അങ്ങനെ പതിയെ പതിയെ വീണ്ടും അഭിനയത്തിലേക്ക്. എനിക്കു വലിയ പിന്തുണയാണ് അദ്ദേഹം. അങ്ങനെയൊരാളല്ല ജീവിതത്തിലേക്കു വന്നതെങ്കില്‍ ഒരിക്കലും എനിക്കീ ഇഷ്ടവുമായി മുന്നോട്ടു പോകാനാകില്ല. ഇലക്ട്രീഷ്യനാണ് ആള്. ഏത് സെറ്റിലും നിഴല്‍ പോലെ എനിക്കൊപ്പം ഉണ്ട്. അതാണ് ഏറ്റലും വലിയ ധൈര്യവും സന്തോഷവും. 

പക്ഷേ, കോമഡി ചെയ്യാനാകും എന്നു കരുതിയതല്ല. എന്റെ സീനിയര്‍ ആയിരുന്ന ഫിറോസ് ചേട്ടനാണ് മഴവില്‍ മനോരമയിലെ കോമഡി സര്‍ക്കസ്, തകര്‍പ്പന്‍ കോമഡി പ്രോഗ്രാമുകളുടെ ട്രെയിനര്‍. അങ്ങനെയാണ് ഒരിക്കല്‍ വിളിച്ച് നീയൊന്നു ചെയ്തു നോക്ക് എന്നു പറഞ്ഞത്. ഇപ്പോള്‍ ആളുകള്‍ എന്നെ തിരിച്ചറിയുന്നത് ആ പ്രോഗ്രാമിന്റെ പേരിലാണ് എന്നറിയുമ്പോള്‍ ആ തീരുമാനം ക്ലിക്ക് ആയി എന്നു തോന്നുന്നു. 

ഞാന്‍ എന്തു പറഞ്ഞാലും കോമഡി...

വളരെ സത്യസന്ധമായ കാര്യമാണ്. പണ്ടു മുതലേ അങ്ങനെയാണ്. ഞാന്‍ ഗൗരവത്തോടെ പറഞ്ഞു തുടങ്ങിയാലും അവസാനം കോമഡിയാകും. അതുകൊണ്ട് എനിക്കിങ്ങനെ ചെയ്യാനാകുന്ന് കരുതിയിരുന്നില്ല. നാടകങ്ങളില്‍ വളരെ സീരിയസ് ആയ വേഷങ്ങള്‍ ചെയ്‌തൊരാളാണ് ഞാന്‍. അങ്ങനെ ഒരാൾക്ക് പെട്ടെന്നു മാറാനാകില്ലല്ലോ. പക്ഷേ എനിക്കതിനു ബുദ്ധിമുട്ട് ഉണ്ടായില്ല. പിന്നെ അന്നും ഇന്നും സ്റ്റേജില്‍ കയറുന്നതിനു മുന്‍പ് വിറയലാണ്. പക്ഷേ കയറിക്കഴിഞ്ഞാല്‍ എന്തെങ്കിലും മറന്നു പോയാല്‍ തന്നെ അത് ആര്‍ക്കും മനസ്സിലാകാതെ കൈകാര്യം ചെയ്യുന്ന വിധത്തിൽ ആള് മാറും. അതാണ് ഏറ്റവും വലിയ ധൈര്യം. പിന്നെ എനിക്കൊപ്പം കോമഡി ചെയ്യുന്ന ഉല്ലാസ് ചേട്ടനും സുധീര്‍ ചേട്ടനും ആളു പുലികളാ. സ്‌ക്രിപ്റ്റ് ഞങ്ങൾ സ്വന്തമായി തന്നെ എഴുതുന്നണ്ട്. അവരില്‍ ആശയങ്ങളുടെ പെരുമഴയാ. നമ്മളും അറിയാതെ ആ ലൈനിലേക്കു വന്നു പോകും. സ്‌റ്റേജിലും അവര്‍ ഇരുവരും മാസ് പ്രകടനം ആണല്ലോ. അന്നേരം ആ ഊര്‍ജ്ജമാകും എന്നിലും വരിക. 

അതൊരു വല്ലാത്ത ആഗ്രഹമായിരുന്നു...

കുഞ്ഞിലെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആരാകാനാ ആഗ്രഹം എന്നു ചോദിക്കുമ്പോള്‍ കുട്ടികളൊക്കെ ഡോക്ടറെന്നും എഞ്ചിനീയറെന്നുമൊക്കെ ആകും പറയുക. ഞാന്‍ അന്നു പറഞ്ഞിരുന്നത് കെപിഎസി ലളിത ചേച്ചിയെ പോലെ ആകണം എന്നാ. അവരുടെ അഭിനയം എനിക്ക് അത്രയേറെ ഇഷ്ടമാണ്. പിന്നീട് സീരിയലിലൊക്കെ ചേച്ചിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്. മറക്കാനാകില്ല. നേരിട്ടു കണ്ടപ്പോള്‍ ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. ചേച്ചി വലിയ ചിരിയായിരുന്നു അന്നേരം.

എന്നെപ്പോലെയാ എന്റെ ഫാന്‍സും

എന്റെ വീടിനടുത്തുള്ളവരേക്കാള്‍ എന്നെ അറിയുന്നത് കായംകുളത്തുള്ളവരാണ്. എത്ര വര്‍ഷമായി കോളജില്‍നിന്നു പഠിച്ചിറങ്ങിയിട്ട്. ഇപ്പോഴും അവരൊക്കെ എന്നെ അറിയും. ഇപ്പോള്‍ ചെല്ലുമ്പോള്‍ കോമഡി ഉത്സവത്തിന്റെ കാര്യമാ പറയാനുള്ളത്. ആശുപത്രിയിലൊക്കെ പോകുമ്പോള്‍ വലിയ രസമാണ്. രോഗികള്‍ക്കു കൂട്ടിരിക്കുന്നവരൊക്കെ വന്നു സെല്‍ഫി എടുക്കും. ഒരിക്കല്‍ ആശുപത്രിയില്‍ പോയി ഫാര്‍മസിയില്‍ മരുന്നു വാങ്ങാന്‍ നില്‍ക്കുമ്പോള്‍ ഒരു ചേച്ചി പിടിച്ചു നിര്‍ത്തി സെല്‍ഫി എടുത്തു. കാര്യം കേട്ടപ്പോള്‍ ചിരിക്കണോ കരയണോ എന്നായി. അവരുടെ ഭര്‍ത്താവ് അല്‍പം ഗുരുതരാവസ്ഥയിൽ ഐസിയുവില്‍ ആണ്. അദ്ദേഹത്തിനെ കാണിക്കാനാണത്രേ ഈ സെല്‍ഫി. എന്നെ വലിയ ഇഷ്ടമാണെന്ന്. അന്നെനിക്കു മനസ്സിലായി എന്നെ പോലെ തന്നെയാ എന്റെ ഫാന്‍സും. 

മമ്മൂക്കയുടെ ആ ചോദ്യം...

തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു സംഭവം. മമ്മൂക്ക വന്നിട്ടുണ്ട് എന്നറിഞ്ഞ് വലിയ ആകാംക്ഷയിലായിരുന്നു ഞാന്‍. ആദ്യമായി കാണുന്നതിന്റെ അമ്പരപ്പില്‍. പെട്ടെന്നൊരു ചോദ്യം, ‘ആഹാ ആരാത്’. മമ്മൂക്കയായിരുന്നു അത്. എന്നോടാണോ ചോദിച്ചതെന്ന സംശയത്തില്‍ ഞാന്‍ പുറകിലേക്കു തിരിഞ്ഞു നോക്കി. എന്നോടു തന്നെയാണ് ചോദ്യമെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അദ്ദേഹം എന്നെപ്പോലൊരു ചെറിയ ആര്‍ടിസ്റ്റിനോട് ഇങ്ങനെ ചോദിക്കുന്നത് വലിയ അവാര്‍ഡ് തന്നെയാണ്. പ്രോഗ്രാം ഒക്കെ കാണാറുണ്ട് എന്നുകൂടി പറഞ്ഞപ്പോള്‍ കിളിപോയ അവസ്ഥയായി.

ആ ചെറിയ സ്വപ്‌നം

എല്ലാവരേയും പോലെ എനിക്കും ഒത്തിരി ഇഷ്ടമാണ് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും. ഇരുവരെയും കാണണമെന്നത് എന്നത്തേയും വലിയ ആഗ്രഹമായിരുന്നു. അതില്‍ മമ്മൂക്കയെ കാണാനായി. അതും അദ്ദേഹത്തിന്റെ ഒരു ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍.  അതുകൊണ്ടിപ്പോള്‍ ഒരു കുഞ്ഞു മോഹം ബാക്കിയാണ്. ലാലേട്ടനെ കാണുന്നതും അദ്ദേഹം നായകനായി അഭിനയിക്കുന്ന ഒരു ചിത്രത്തില്‍ ചെറിയ വേഷമെങ്കിലും ചെയ്യണമെന്നും. നടക്കുമോ എന്നറിയില്ല, എങ്കിലും അതാണു മനസ്സു നിറയെ.