പിറവത്ത് എത്ര നൈറ്റിയുണ്ട്? അല്ലെങ്കിൽ നൈറ്റിയിൽ എത്ര പിറവമുണ്ട്? എറണാകുളം ജില്ലയിലെ പിറവം എന്ന പട്ടണവും കേരളത്തിലെ ബഹുഭൂരിപക്ഷം വീടുകളുമായി അഭേദ്യമായൊരു ബന്ധമുണ്ട്. കഴിഞ്ഞ 30 വർഷങ്ങളായി മലയാളിയുടെ വീടുകളിലും തൊഴിലിടങ്ങളിലും കവലകളിലും സിനിമകളിലും സീരിയലുകളിലും ആരോരുമറിയാതെ പിറവം സ്വയം അടയാളപ്പെടുത്തി വരുന്നുമുണ്ട്. മലയാളി സ്ത്രീകളുടെ ദേശീയ വസ്ത്രം എന്നു പറയാവുന്ന ‘നൈറ്റി’യുടെ ഉൽപ്പാദന, വിപണന രംഗത്തെ കുത്തകയാണു പിറവത്തെ ഈ വേറിട്ട സാന്നിധ്യമാക്കുന്നത്. പിറവത്തു പിറവിയെടുത്ത ഒരു നൈറ്റിയെങ്കിലുമില്ലാത്ത മലയാളി വീടുകൾ ചുരുക്കുമെന്നു തന്നെ പറയാം. ഈ മേഖലയിൽ മുന്നിട്ടു നിൽക്കുന്നതാകട്ടെ 30 വർഷമായി നൈറ്റി നിർമിക്കുന്ന പിറവം ഞെരിഞ്ഞാൻപിള്ളിൽ എൻ.എ. ബെന്നി – ഷേർലി ബെന്നി ദമ്പതികളും.
വീട്ടു തയ്യൽ
പിറവത്തെ അറുന്നൂറിലേറെ വീടുകളുൾക്കൊള്ളുന്ന നിർമാണ ശൃംഖലയാണ് ബെന്നിയുടെ ‘എൻ സ്റ്റൈൽ’ നൈറ്റികളുടെ അടിത്തറ. നൈറ്റി തയ്ക്കേണ്ട തുണിയും നൂൽ, ബട്ടൻസ്, സിപ്, ലെയ്സ് തുടങ്ങിയ അനുബന്ധ സാമഗ്രികളും ഡിസൈനുകളുമെല്ലാം ഒരുമിച്ചു പായ്ക്ക് ചെയ്ത് ദിവസവും രാവിലെ വാഹനങ്ങളിൽ ഇത്രയും വീടുകളിലെത്തിക്കും. തൊട്ടടുത്ത ദിവസം തയ്ച്ച നൈറ്റികൾ തിരികെവാങ്ങി പായ്ക്ക് ചെയ്തു കേരളത്തിലെ വിവിധ കടകളിലേക്കു കൊണ്ടുപോകും. വീട്ടമ്മമാരാണ് തയ്യൽക്കാരെല്ലാം. ദിവസം അയ്യായിരത്തോളവും മാസം ഒരു ലക്ഷത്തിലേറെയുമാണ് ഇങ്ങനെ ഇവിടെ ഉൽപ്പാദിപ്പിക്കുന്ന നൈറ്റികളുടെ എണ്ണം. തയ്യലിൽ വൈദഗ്ധ്യമുള്ള ഒരു വീട്ടമ്മയ്ക്ക് ദിവസം 16 നൈറ്റികൾ വരെ തയ്ക്കാനാകും. 1987ൽ 2 ജീവനക്കാരുമായിട്ടാണു ബെന്നി നൈറ്റി കമ്പനിക്കു തുടക്കമിടുന്നത്. അതുവരെ മുംബൈയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നൈറ്റികൾ എത്തുന്നതല്ലാതെ കേരളത്തിൽ സമഗ്രമായ രീതിയിൽ തയ്യലൊന്നും നടക്കുന്നില്ലായിരുന്നു. പതിയെപ്പതിയെ വിപുലമാക്കിയ ഉൽപ്പാദനശൃംഖലയിൽ നിലവിൽ ആയിരത്തിലേറെപ്പേർക്കു നേരിട്ടും അല്ലാതെയുമായി ജോലിയുണ്ട്. ഇപ്പോൾ തൃശൂരിലും സമാനരീതിയിൽ എൻ സ്റ്റൈൽ നൈറ്റികളുടെ ഉൽപാദനം നടക്കുന്നു. കുറഞ്ഞ കൂലിനിരക്കും തുണിയുടെ ലഭ്യതയും കാരണം ഗുജറാത്തിലെ അഹമ്മദാബാദിലാണു പുതിയ ഫാക്ടറി ആരംഭിച്ചിരിക്കുന്നത്.
തൊട്ടു, പൊന്നാക്കി
എഴുപതുകളിലെ ഗൾഫ് ബൂമിനു ശേഷമാണു സ്ത്രീകളുടെ രാത്രി വസ്ത്രമായ നൈറ്റിക്കു കേരളത്തിൽ പ്രചാരമേറുന്നത്. എൺപതുകളുടെ പകുതിയോടെ നൈറ്റി രാത്രി വസ്ത്രമെന്നതിൽ നിന്നുയർന്ന് ഏതു സമയത്തും ഉപയോഗിക്കാവുന്ന വസ്ത്രമായി വളരെ വേഗം മാറി. അതുവരെ ലുങ്കിയും നീണ്ട ബ്ളൗസുമണിഞ്ഞിരുന്ന തൊഴിലാളികൾ ഉൾപ്പെടുന്ന സാധാരണ മലയാളി സ്ത്രീകൾ ഏറെ സൗകര്യപ്രദമായ നൈറ്റിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. 87ൽ 3000 രൂപ മൂലധനവുമായി രംഗത്തേക്കിറങ്ങിയ ബെന്നിയുടെ മനസിൽ നൈറ്റിയുടെ ഡിമാൻഡിൽ പെട്ടെന്നുണ്ടായ ഈ വർധന ഒരു ബിസിനസ് ആശയമായി വളർന്നു. കേരളത്തിൽ നൈറ്റിക്ക് ആവശ്യത്തിന് ഉൽപ്പാദകരില്ലാതിരുന്നതും വിജയം കൈവരിക്കാനാകുമെന്ന വിശ്വാസം പകർന്നു. ഓറിയസ് എന്ന പേരിലാരംഭിച്ച കമ്പനി 2012ലാണു ‘എൻ സ്റ്റൈൽ’ എന്ന ബ്രാൻഡ് പേരിൽ വിപുലീകരിക്കുന്നത്. 155 രൂപ മുതൽ 500 രൂപ വരെയുള്ള നൈറ്റികളാണ് എൻ സ്റ്റൈൽ ഇന്നു വിപണിയിലെത്തിക്കുന്നത്. 3 പതിറ്റാണ്ടായി നൈറ്റിയല്ലാതെ മറ്റൊന്നും നിർമിച്ചിട്ടില്ലാത്ത ബെന്നി പുതിയ തലമുറയുടെ ഇഷ്ടങ്ങളിലെ മാറ്റം കണ്ടറിഞ്ഞ് ഇപ്പോൾ കൗമാരക്കാർക്കായി ടു പീസ് ക്വാഷ്വൽ വസ്ത്രങ്ങളും കൂടി പുറത്തിറക്കാനാരംഭിച്ചു. ഭാര്യ ഷേർലിക്കൊപ്പം ഇന്ത്യ മുഴുവൻ വാഹനത്തിൽ കറങ്ങിയാണു വ്യത്യസ്ത ഡിസൈനുകളും തുണിത്തരങ്ങളും ബെന്നി തിരഞ്ഞെടുക്കുന്നത്. രണ്ടും മൂന്നും മാസം കൂടുമ്പോൾ ഇത്തരം യാത്രകളുണ്ടാകും. ഹൈദരാബാദ്, ബിഹാർ, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നെല്ലാം തുണിത്തരങ്ങൾ നേരിട്ടു തിരഞ്ഞെടുത്തു പിറവത്ത് എത്തിക്കും.
ലുങ്കിയും ബ്ളൗസും
എൺപതുകളുടെ മുൻപുള്ള കാലത്തു ഒരു വലിയ വിഭാഗം മലയാളി സ്ത്രീകളുടെ വേഷം ലുങ്കിയും നീളൻ ബ്ളൗസുമായിരുന്നെങ്കിലും (ഷീല, ജയഭാരതി, ശാരദ സിനിമകളിൽ കാണാറുണ്ടായിരുന്ന) അതു സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും വ്യാപക പ്രചാരം നേടിയിരുന്നില്ല. നൈറ്റിയുടെ മുൻഗാമിയെന്നു പറയാവുന്ന ഗൾഫ് നാടുകളിൽ പ്രചാരത്തിലുണ്ടായിരുന്ന മാക്സി എഴുപതുകളിലെ കുടിയേറ്റകാലത്ത് അവിടെ നിന്നു നേരിട്ട് കേരളത്തിൽ അവതരിച്ചെങ്കിലും ഗൾഫ് പ്രവാസവുമായി ബന്ധപ്പെട്ടവരുടെ വീടുകളിൽ ഒതുങ്ങി നിന്നു. യൂറോപ്പിലും മറ്റും പ്രചാരത്തിലുണ്ടായിരുന്ന നൈറ്റ് ഗൗൺ എന്ന ലോലമായ വസ്ത്രം ചില സമ്പന്നരുടെ വീടുകളിൽ തലകാണിച്ചു നാണംകുണുങ്ങി നിന്നു. പഴയ സിനിമകളിൽ നർഗീസ്, സൈറ ബാനു, രേഖ, ജയപ്രദ, സരോജ ദേവി, അംബിക തുടങ്ങിയവർ ധരിച്ചിരുന്ന നൈറ്റ് ഗൗണുകൾ തീരെച്ചെറിയ വിഭാഗത്തിന്റെ മാത്രം ഫാഷൻ സങ്കൽപങ്ങൾക്കു ചാരുത പകർന്ന് അടങ്ങി നിന്നതേയുള്ളൂ. ഹൗസ് കോട്ട് എന്ന അമേരിക്കൻ വീടക വസ്ത്രമാകട്ടെ ചില ആംഗ്ളോ ഇന്ത്യൻ വീടുകൾക്കുള്ളിൽ അതിർത്തി ലംഘിക്കാതെ നിന്നു. മുട്ടിനു മുകളിൽ നിൽക്കുന്ന ഹൗസ് കോട്ട് പൊതു വസ്ത്രമായി അംഗീകരിക്കാൻ കേരള മനസ് പാകമായിട്ടുമുണ്ടായിരുന്നുമില്ല.
നൈറ്റി ചരിതം
എൺപതുകളിൽ പ്രചാരത്തിലായ നൈറ്റിയാകട്ടെ വസ്ത്രവിപ്ളവത്തിനാണു തുടക്കമിട്ടത്. ഇന്ത്യയിൽ മറ്റു പല സംസ്ഥാനങ്ങളിലും രാത്രി വസ്ത്രമെന്ന രീതിയിൽ ഒതുങ്ങിപ്പോയ നൈറ്റി കേരളത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കിടയിലും എല്ലാ നേരത്തും ഉപയോഗിക്കാവുന്ന സമ്പൂർണ വസ്ത്രമായി മാറുന്ന കാഴ്ചയാണു പിന്നീടു കാണുന്നത്. ഒറ്റ വസ്ത്രത്തിൽ നെയ്തെടുക്കുന്ന നൈറ്റി ചൂടു കൂടിയ കാലാവസ്ഥയിൽ നൽകിയിരുന്ന സൗകര്യവും സുഖവും ഒന്നു വേറെ തന്നെയായിരുന്നു.
ഉടുക്കുന്നതിലും നടക്കുന്നതിലും സാരിയും സൽവാർ കമ്മീസും ആവശ്യപ്പെട്ട സങ്കീർണതകളും അസൗകര്യങ്ങളും വീട്ടുവസ്ത്രമെന്ന നിലയിലെത്തിയ നൈറ്റിയെ നാട്ടുവസ്ത്രമാക്കി മാറ്റി.
തൊഴിലെടുക്കുന്ന സാധാരണ മലയാളി സ്ത്രീ ആകട്ടെ ധൈര്യസമേതം നൈറ്റിയെ വീട്ടിൽ നിന്നു തൊഴിലിടങ്ങളിലേക്കും കവലകളിലേക്കും ബസുകളിലേക്കും ബോട്ടുകളിലേക്കും പൊതു ഇടങ്ങളിലേക്കും ഇറക്കിക്കൊണ്ടുവരികയും ചെയ്തു.
മലയാളിയുടെ പരമ്പരാഗത ബോധം ഈ വസ്ത്രവിപ്ളവത്തിനു നേരെ ആദ്യം നെറ്റിചുളിച്ചെങ്കിലും സ്ത്രീകളാരും മൈൻഡ് ചെയ്യാതിരുന്നതിനെത്തുടർന്നു ചുളിവു നിവർത്തി മിണ്ടാതിരുന്നതേയുള്ളൂ.
സിനിമകളിലും ഹിറ്റ്
തൊണ്ണൂറുകളുടെ അവസാനപകുതിയിലും സഹസ്രബ്ദത്തിന്റെ ആദ്യ ദശകത്തിലും നൈറ്റി അതുവരെ കടന്നുചെല്ലാത്ത സമൂഹത്തിന്റെ സകല മേഖലകളിലും ജനപ്രീതി നേടുന്ന കാഴ്ചയാണു കേരളം കണ്ടത്.
ഒരു പ്രത്യേക ‘ക്ളാസിന്റെ’ വസ്ത്രം എന്നു വിശേഷിപ്പിച്ചു ചിലരെങ്കിലും മാറ്റി നിർത്തിയിരുന്ന നൈറ്റി വലിയൊരു വിഭാഗം വീടുകളിലേക്കും അനുവാദം ചോദിക്കാതെ കയറിച്ചെന്ന് അലമാരകളിലെ സ്ഥാനം പിടിച്ചെടുത്തു. അതോടുകൂടി വ്യത്യസ്ത പരീക്ഷണങ്ങൾക്കും നൈറ്റി വിധേയയായി. ശരീരവടിവുകൾ വ്യക്തമായി പ്രദർശിപ്പിക്കുന്ന തരത്തിൽ തയ്ച്ച ഡിസൈനർ നൈറ്റികൾ ഉൽപ്പാദകർ വിപണിയിലെത്തിച്ചു തുടങ്ങി.
അസംഖ്യം ഡിസൈനുകളിലുള്ള എംബ്രോയ്ഡറി വർക്കുകൾ നൈറ്റിയിൽ കയറിപ്പറ്റി. കഴുത്തിന്റെയും കയ്യുടെയും ഇറക്കം കൂടിയും കുറഞ്ഞും വന്നുകൊണ്ടിരുന്നു. സിനിമകളിലെ നായികമാരും ഏറെ സമയം നൈറ്റി മാത്രം ഇട്ട് അഭിനയിച്ചു തുടങ്ങിയതും ഈ രാത്രി വസ്ത്രത്തെ ഹിറ്റ് വസ്ത്രമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ സിനിമയിലെ മീന, വീണ്ടും ചില വീട്ടുകാര്യങ്ങളിലെ സംയുക്ത, സസ്നേഹത്തിലെ ശോഭന, പളുങ്കിലെ ലക്ഷ്മി ശർമ, ആദ്യത്തെ കൺമണിയിലെ സുധാ റാണി, സ്വലേയിലെ ഗോപിക, ഇരട്ടക്കുട്ടികളുടെ അച്ഛനിലെ മഞ്ജു വാരിയർ, അന്നയും റസൂലിലെ ആൻഡ്രിയ, 1983ലെ ശ്രിന്റ എന്നിവർ ചില ഉദാഹരണങ്ങൾ.
നിലവിൽ കേരള വിപണിക്ക് ആവശ്യമായത്ര നൈറ്റികൾ ഇവിടെ ഉൽപ്പാദിപ്പിക്കുന്നില്ലെന്നാണു ബെന്നി പറയുന്നത്. അതിനാലാണ് അഹമ്മദാബാദിൽ ആരംഭിച്ച ഫാക്ടറിയിലൂടെ നിലവിലെ ഉൽപ്പാദനം ഇരട്ടിയാക്കാൻ ബെന്നിയും ഷേർലിയും പദ്ധതിയിടുന്നത്.