‘ഞാൻ എയ്ഡ്സ് ബാധിതനാണ്, അതിനെന്താ?’; പ്രചോദനമായി പ്രദീപ് കുമാർ സിങ്

‘പ്രദീപ് കുമാർ സിങ്’, എയ്ഡ്സ് രോഗത്തിന്റെ പിടിയിൽ അമർന്ന് പ്രതീക്ഷയറ്റു ജീവിക്കുന്നവർക്കു പ്രചോദനമാണ് ഈ പേര്. മണിപ്പൂര്‍ സ്വദേശിയായ പ്രദീപ് കുമാറിന്റെ പോരാട്ടം ആരെയും അമ്പരപ്പിക്കും. 2000ത്തിലാണ് എച്ച്ഐവി പോസിറ്റീവ് ആണെന്ന് പ്രദീപ് തിരിച്ചറിഞ്ഞത്. എന്നാൽ താനൊരു എച്ച്ഐവി ബാധിതനാണെന്ന് അയാൾ പുറംലോകത്തെ അറിയിക്കുന്നത് 2007 ൽ. അതിനിടയില്‍ കഠിനധ്വാനത്തിലൂടെ മിസ്റ്റര്‍ മണിപ്പൂരി ആയി പ്രദീപ് കുമാർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മയക്കുമരുന്നിന് അടിമയായിരുന്ന കാലത്ത് മറ്റൊരാളുടെ സിറിഞ്ച് ഉപയോഗിച്ചതാണു പ്രദീപിനെ എച്ച്ഐവി ബാധിതാനാക്കിയത്. എന്നാൽ രോഗബാധിതനാണെന്നറിഞ്ഞിട്ടും തളരാതെ പോരാടുകയായിരുന്നു ഇദ്ദേഹം. ആരോഗ്യം നിലനിര്‍ത്താന്‍ വേണ്ടി തുടങ്ങിയ ബോഡി ബില്‍ഡിങ് പിന്നീട് ജീവിതത്തിൽ വഴിത്തിരിവായി.

മിസ്റ്റര്‍ മണിപ്പൂരി ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 2012 ല്‍ മിസ്റ്റര്‍ ദക്ഷിണേഷ്യ കിരീടവും അതേവര്‍ഷം മിസ്റ്റര്‍ വേള്‍ഡ് മത്സരത്തില്‍ വെങ്കല മെഡലും പ്രദീപ്കുമാര്‍ സ്വന്തമാക്കി. പിന്നീട് മണിപ്പൂര്‍ എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ബ്രാന്‍ഡ് അംബാസിഡറായും പ്രദീപ്കുമാർ പ്രവർത്തിച്ചു. എച്ച്െഎവി ബാധിതരായവർ തളരാതെ പോരാടണമെന്നും ഈ രോഗം വരാൻ കാരണമാകുന്ന സാഹചര്യങ്ങളെക്കുറിച്ചു ബോധവത്കരണം നൽകിയും പ്രദീപ് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നു.

‘ഞാന്‍ എയ്ഡ്സ് ബാധിതനാണ്, അതിനെന്താ?’ എന്ന പേരിൽ ഇദ്ദേഹത്തിന്റെ  ആത്മകഥയും പുറത്തിറങ്ങിയിട്ടുണ്ട്. ജയന്ത് കാലിത എന്ന മാധ്യമപ്രവര്‍ത്തകനാണ് പുസ്തകം എഴുതിയിരിക്കുന്നത്. നാൽപ്പത്തിയഞ്ചുകാരനായ പ്രദീപ് മണിപ്പൂർ സർക്കാരിന്‍റെ കീഴിലുള്ള സ്പോർട്സ്, യുവജനകാര്യ വകുപ്പിന്‍റെ കായിക പരിശീലകനാണ്.