പ്രിയങ്ക ചോപ്രയുടെയും നിക് ജോനാസിന്റെയും വിവാഹ ആഘോഷങ്ങൾക്കെതിരെ വിമർശനവുമായി മൃഗ അവകാശ സംരക്ഷണ സംഘടനയായ പെറ്റ രംഗത്ത്. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസിൽ നടന്ന ആഘോഷളുടെ ഭാഗമായി ആനയേയും കുതിരയേയും ഉപയോഗിച്ചതാണു പെറ്റയെ ചൊടിപ്പിച്ചത്. സംഘടനയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയ്ക്കെതിരെ വിമർശനം.
പ്രിയങ്കയെയും നിക്കിനെയും ടാഗ് ചെയ്ത് ഇക്കാര്യം ചൂണ്ടിക്കാട്ടിയ പെറ്റ, ആളുകൾ ആന സവാരി ഒഴിവാക്കുകയും കുതിര ഇല്ലാതെ വിവാഹങ്ങൾ നടത്തുകയുമാണ്. അഭിനന്ദനങ്ങൾ, എന്നാൽ മൃഗങ്ങൾക്ക് ഇതു നല്ല ദിവസമായിരുന്നില്ല എന്നതിൽ ഞങ്ങൾ ആകുലപ്പെടുന്നുവെന്നും ട്വീറ്റിൽ കുറിച്ചു. ഇതിനൊപ്പം രാജസ്ഥാനിലെ ജയ്പൂരിൽ കുതിരകൾക്കും നേരിടേണ്ടി വരുന്ന ക്രൂരതകൾ വ്യക്തമാക്കുന്ന വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഇതിനു പിന്നാലെ താരത്തിനെതിരെ വിമർശനവുമായി പെറ്റ ഇന്ത്യ സിഇഒ ഡോ. മണിലാൽ രംഗത്തെത്തി.‘‘മൃഗങ്ങളോടുള്ള ക്രൂരതയ്ക്കു പ്രോത്സാഹനം നൽകിയാൽ ആരും വലുതാകുകയോ തിളങ്ങുകയോ ഇല്ല. അത് അവരെ ചെറുതാക്കുകയേ ഉള്ളൂ’’– അദ്ദേഹം പറഞ്ഞു.
മുൻപ് മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ പെറ്റയുടെ ക്യാംപെയ്നിൽ പ്രിയങ്ക ഭാഗമായിട്ടുണ്ട്. താരത്തിന്റെ ശബ്ദ സന്ദേശം സ്കൂളുകളിൽ കേൾപ്പിച്ചിട്ടുമുണ്ട്. വിവാഹത്തിനു വെടിക്കെട്ട് നടത്തിയതിനു വിമർശനങ്ങളും ട്രോളും പ്രിയങ്കയ്ക്കെതിരെ ശക്തമായിരുന്നു.
ആസ്മ രോഗവുമായി ബന്ധപ്പെട്ടു നടന്ന ഒരു ക്യാംപെയ്നു വേണ്ടി ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കരുതെന്നും മലിനീകരണമില്ലാത്ത ഒരു ഭൂമിയ്ക്കു വേണ്ടി കൈകോർക്കാനും പ്രിയങ്ക അഹ്വാനം ചെയ്തിരുന്നു. എന്നാൽ സ്വന്തം വിവാഹത്തിനു വെടിക്കെട്ടു നടത്തിയതോടെയാണു വിമർശനമുയർന്നത്. ഇതിനു പിന്നാലെയാണ് പെറ്റയും താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.