Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയം നിറയ്ക്കും ചിരി; പ്രകാശം പരത്തി സൊനാലി

actress-sonali-bendra-positive-attitude-fight-against-cancer

കഴിഞ്ഞ ജൂലൈയിൽ കാൻസർ രോഗബാധിതയാണെന്ന് അറിഞ്ഞശേഷം തനിക്കു ചുറ്റും പോസിറ്റിവിറ്റി നിലനിർത്താനാണ് നടി സൊനാലി ബേന്ദ്ര ശ്രമിച്ചതും ശ്രദ്ധിച്ചതും. ന്യൂയോർക്കില്‍ കാൻസർ ചികിത്സയ്ക്കിടെ പലതവണ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ #switchonthesunshine എന്ന ടാഗിൽ പ്രചോദനമേകുന്ന സന്ദേശങ്ങൾ  നൽകാനും നിറഞ്ഞ ചിരിയോടെ തന്നെ രോഗത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കാനും സൊനാലിയെത്തി. കഴിഞ്ഞദിവസം മൂംബൈയിൽ വിമാനമിറങ്ങിയപ്പോഴും സൊനാലിയുടെ മുഖത്തു ചിരിയുടെ തിളക്കമുണ്ട്, തലമുടിയില്ലാതെയും വിഗ് ഇല്ലാതെയും പ്രസരിപ്പുള്ള സൗന്ദര്യവും.

നേരത്തേ ചികിത്സയുടെ ഭാഗമായി മുടിയെടുത്തശേഷം അവർ ഇൻസ്റ്റഗ്രാമിൽ ചിത്രത്തോടൊപ്പം ഇങ്ങനെയെഴുതി – ഇതു ഞാനാണ്. ഈ നിമിഷം ഞാൻ വളരെയധികം സന്തോഷവതിയാണ്. ഇങ്ങനെ പറയുമ്പോൾ പലരും എന്നെ അവിശ്വസനീയതയോടെ നോക്കുന്നു, പക്ഷേ ഞാൻ പറയുന്നതു സത്യമാണ്, ഞാനതിന്റെ കാരണം പറയാം. ഞാനിപ്പോൾ ഓരോ നിമിഷത്തിലും ശ്രദ്ധനൽകുന്നു, എല്ലാ അവസരവും  സന്തോഷം കണ്ടെത്താനുള്ള  വഴികളായി കാണുന്നു’’

മുടി മുറിക്കും മുമ്പ് ഷോർട് ഹെയർസ്റ്റൈലും പിന്നീട് മുടിയെടുത്തശേഷം  ഏതാനും വിഗ് സ്റ്റൈലും സൊനാലി പരീക്ഷിച്ചു. ഇതിന്റെ ചിത്രങ്ങളും പങ്കുവച്ചു. ആദ്യമായി വിഗ് ധരിച്ചു സെൽഫിയെടുത്ത് ഇൻസ്റ്റയിൽ ഷെയർ ചെയ്തപ്പോൾ സൊനാലി കുറിച്ചതിങ്ങനെ – ‘‘ നമുക്കു സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുകയെന്നതു പ്രധാനമാണ്, അതൊരുപക്ഷേ  ഒരു വിഗ് ധരിക്കുന്നതുപോലെ, ബ്രൈറ്റ് റെഡ് ലിപ്‌സ്റ്റിക് അണിയുന്നതുപോലെ അല്ലെങ്കിൽ ഹൈ ഹീൽസ് ഇടുന്നതുപോലെ ചെറിയ കാര്യമായാൽപോലും ’’

കഴിഞ്ഞദിവസം മുംബൈ വിമാനത്താവളത്തിൽ യാതൊരു അലങ്കാരങ്ങളുമില്ലാതെ നിറഞ്ഞചിരിയുമായി പുറത്തിറങ്ങിയ സൊനാലി ഫൊട്ടോഗ്രഫർമാർക്കു മുന്നിൽ സന്തോഷത്തോടെ പോസ് ചെയ്തു. കാണുന്നവരുടെ ഹൃദയം തൊടുന്നു, ആ ചിരിയുടെ തിളക്കം!