‘‘എന്റെ അനിയത്തിയാണ് എന്റെ ജീവിതം. അവളില്ലെങ്കിൽ ഞാനില്ല.’’ അനിയത്തിക്കൊപ്പമുള്ള ടിക് ടോക് വിഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ ഈ കയ്യടികളൊന്നും പ്രതീക്ഷിച്ചിരുന്നില്ല അൻസൽ. വീട്ടിലെ കൂട്ടിനൊപ്പം ഇടക്കിടെയുള്ളതാണ് ഈ കലാപരിപാടി. വിഡിയോ വൈറലായെന്നു കേട്ടപ്പോൾ വാപ്പയും ഉമ്മയും ഹാപ്പി, അവളും.., അമ്പരപ്പ് മാറാതെ അനിയത്തി സ്നേഹത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് അൻസൽ മനോരമ ന്യൂസ് ഡോട്ട് കോമിനോട്.
‘‘അൽസിയ എന്നാണവളുടെ പേര്. ഓട്ടിസമാണ്. ഇടക്കിടെ ഞങ്ങളൊരുമിച്ച് വിഡിയോ ചെയ്യാറുണ്ട്. ഞാൻ പറഞ്ഞാലേ അവൾ അനുസരിക്കൂ. വലിയ സന്തോഷമാണ് കാമറക്കു മുന്നിൽ നിൽക്കുമ്പോ. ഒരുപാട് വിഡിയോ ചെയ്തിട്ടുണ്ടെങ്കിലും അവസാനം ചെയ്ത വിഡിയോ ആണ് വൈറലായത്. ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊക്കെ ആകുമെന്ന്.
ഞങ്ങളിതു വരെ പിരിഞ്ഞിരുന്നിട്ടില്ല. കോളജിൽ പോകുമ്പോൾ പോലും അവൾക്കു വിഷമമാണ്. തിരിച്ചുവരുമെന്ന് അറിയാം. എല്ലാത്തിനും കട്ട സപ്പോർട്ട് ആണ് അനിയത്തി. വിഡിയോ വൈറലായതിനേക്കാളും അനിയത്തിയെ എല്ലാവരും അഭിനന്ദിക്കുന്നതും സ്നേഹിക്കുന്നതും കാണുന്നതാണ് സന്തോഷം, അൻസൽ പറയുന്നു.
കൊല്ലം കൊട്ടിയം സ്വദേശിയാണ് അൻസൽ. യൂനസ് കോളജ് ഓഫ് എന്‍ജിനിയറിങ് ആന്റ് ടെക്നോളജിയിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥി. അൻസിയക്കു പന്ത്രണ്ട് വയസ്സുണ്ട്. തിരുവനന്തപുരത്താണ് ചികിത്സ. അഭിനയത്തിലും മോഡലിങ്ങിലും ഒക്കെ താത്പര്യമുണ്ടെന്ന് അൻസൽ പറയുന്നു