മലയാള മിനിസ്ക്രീനിലെ സൂപ്പർസ്റ്റാറാണ് ബിജു സോപാനം. മറ്റൊരു ടെലിവിഷൻ താരത്തിനുമില്ലാത്ത ആരാധകരാണ് ബിജുവിനുളളത്. പ്രേക്ഷകരുടെ സ്വന്തം ബാലു ചേട്ടനാണ് ഇദ്ദേഹം.
ബിജു സോപാനം എങ്ങനെയാണ് ഇത്ര സ്വാഭാവികമായി അഭിനയിക്കുന്നത് എന്ന് ആരാധകർ ചോദിക്കാറുണ്ട്. ഇതേ ചോദ്യം അദ്ദേഹത്തോടു നേരിട്ടു ചോദിച്ചിരിക്കുകയാണ് റിമി ടോമി. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിന്റെ ഇരുപത്തിയൊന്നാം എപ്പിസോഡിലായിരുന്നു ബിജു സോപാനം അതിഥിയായി എത്തിയത്.
ബിജു ചേട്ടൻ ഇത്ര സ്വാഭാവികമയായി എങ്ങനെ അഭിനയിക്കുന്നു എന്നായിരുന്നു റിമിയുടെ ചോദ്യം. കുട്ടിക്കാലം മുതലുള്ള ഒരു ആഗ്രഹം യാഥാര്‍ഥ്യമായപ്പോൾ കിട്ടിയ കളരി ശ്രീ കാവാലം സാറിന്റേതായിരുന്നു. 22 വർഷങ്ങളോളം അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. ആ പരിശീലനമാണ് കരുത്തായത് എന്നായിരുന്നു ബിജു സോപാനത്തിന്റെ പ്രതികരണം.
സംസ്കൃത നാടകങ്ങളായിരുന്നു പ്രധാനമായും അഭിനയിച്ചിരുന്നത്. മോഹന്‍ലാൽ നായകനായ കാവാലത്തിന്റെ നാടകം കർണഭാരത്തിലും ബിജു സോപാനം അഭിനയിച്ചിരുന്നു. കർണൻ മകൻ ഘടോല്‍ക്കചനെ കാണുന്ന വ്യാസന്റെ സംസ്കൃത നാടകത്തിലെ ഒരു രംഗം ബിജു സോപാനം ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ അഭിനയിക്കുകയും ചെയ്തു.
തിയറ്ററുകളിൽ നിറഞ്ഞോടുന്ന ലാൽ ജോസ് ചിത്രം തട്ടിൻ പുറത്ത് അച്യുതനിലെ താരങ്ങളായ ശ്രവണ, മാളവിക, വിശ്വ എന്നിവരായിരുന്നു ഒന്നും ഒന്നും മൂന്നിൽ മറ്റ് അതിഥികൾ.