സ്നേഹിച്ചവരും വിശ്വസിച്ചവരും തന്നത് വേദനകൾ മാത്രം: ഉമാ നായർ

സീരിയൽ രംഗത്ത് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന വിശേഷണത്തിന് അർഹയായ നടിയാണ് ഉമാനായർ. കാമ്പും കഴമ്പുമുള്ള കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുന്നു എന്നതും ഉമാനായരെ വ്യത്യസ്തയാക്കുന്നു.

സിനിമയിലും ഉമ സജീവ സാന്നിധ്യമാണ്. ജീവിതത്തിന്റെ ഒരുപാട് കനൽവഴികളിലൂടെ കടന്നു വന്ന താരം. ഇപ്പോൾ ഒരു പുതിയ സംരംഭത്തിന് ചുക്കാൻ  പിടിക്കുകയാണ്. ‘ഫാസിയാമോ ഇവന്റ്സ്’ എന്നൊരു ഇവന്റ് മാനേജ്മെന്റ് കമ്പനി.

കലാരംഗത്തേയ്ക്ക് എങ്ങനെ?

കുട്ടിക്കാലത്ത് കുറച്ചു ടെലിഫിലിമുകളിൽ അഭിനയിച്ചിരുന്നു. പിന്നീട് ദൂരദർശൻ സീരിയലുകളിൽ സജീവമായി. 'നിനൈത്താലെ സുഖം താനെ ടീ' എന്ന തമിഴ് സിനിമയിൽ നായികയായി. മലയാളത്തിൽ 'ഡിസംബർ ' എന്ന സിനിമയിൽ അഭിനയിച്ചു. ഇതു വരെ പതിമൂന്ന് സിനിമകളിലും അറുപത് സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും കുറച്ച് പരസ്യചിത്രങ്ങളിലും അഭിനയിച്ചു. ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തു. ‘മകൾ’ എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ വ്യക്തിപരമായ കാരണങ്ങളാൽ അഭിനയരംഗത്തു നിന്നു കുറെക്കാലം മാറി നിൽക്കേണ്ടി വന്നു.

തിരിച്ചു വരവ്?

കുറച്ച് വർഷങ്ങൾക്ക് ശേഷം. രസകരമായ ഒരു കാര്യം ഉണ്ടായി. തിരിച്ചു വന്നതും ‘മകൾ’ എന്ന പേരിലുള്ള മറ്റൊരു സീരിയലിലൂടെ. അതു കഴിഞ്ഞ് സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. പുറത്തിറങ്ങാനുള്ള പ്രധാന സിനിമകൾ ദിലീപ് നായകനായ ‘കോടതി സമക്ഷം ബാലൻ വക്കീൽ’, ‘ഒരു ഒന്നൊന്നര പ്രണയ കഥ’ എന്നിവയാണ്.

ഇഷ്ട കഥാപാത്രങ്ങൾ?

സീരിയലിൽ 'മൗനം ' എന്ന സീരിയലിലെ പ്രിയ എന്ന കഥാപാത്രം. സിനിമയിൽ ഏറെ ഇഷ്ടം നായികയായ തമിഴ് സിനിമയിലെ കഥാപാത്രം തന്നെ. ഇപ്പോൾ അഭിനയിക്കുന്ന ‘വാനമ്പാടി’ സീരിയലിലെ നിർമ്മല എന്ന കഥാപാത്രവും ഏറെ ഇഷ്ടമാണ്. മൗനത്തിലെ കഥാപാത്രം ഇഷ്ടപ്പെടാൻ വേറെയും കാര്യമുണ്ട്. തീരെ ചെറിയ പ്രായത്തിൽ ഞാൻ അമ്മ വേഷം ചെയ്ത കഥാപാത്രം ആയിരുന്നു അത്. "

മറക്കാനാവാത്ത അനുഭവം?

മറക്കാൻ പറ്റാത്ത അനുഭവം എന്നല്ല, മറക്കാൻ പറ്റാത്ത വേദന എന്നാണു പറയേണ്ടത്. അടുത്തിടെ ഒരു ചാനലിൽ വന്ന എന്റെ അഭിമുഖം ചിലർ വിവാദമാക്കി. ഇൻഡസ്ട്രിയിലെ ഒരു കൂട്ടം ആളുകൾ എന്നെ വളഞ്ഞിട്ട് ആക്രമിച്ചു. ഒരിക്കലും ഒരു വിവാദത്തിലും ചെന്നുപെട്ടിട്ടില്ലാത്ത, അതിനു താത്പ്പര്യമില്ലാത്ത എന്നെ വിവാദത്തിന്റെ ചതുപ്പിലേക്കു വലിച്ചിട്ടു. ഞാൻ ഒരു പൊങ്ങച്ചക്കാരിയോ അഹങ്കാരിയോ ഒന്നും അല്ലെന്ന് എന്നോട് അടുപ്പമുള്ളവർക്ക് അറിയാം.

ആരായിരുന്നു ഇതിനു പിന്നിൽ?

ആരുടെയും പേര് ഞാൻ പറയുന്നില്ല. പക്ഷേ, ഒന്ന് തുറന്നു പറയാം. ഞാൻ കണ്ണടച്ചു വിശ്വസിച്ചവരും എന്റെ ഹൃദയത്തോടു ചേർത്തു നിർത്തി സ്നേഹിച്ചവരുമായിരുന്നു ഇതിന്റെയൊക്കെ പിന്നിൽ. അവരോട് എനിക്കു ദേഷ്യമോ പരാതിയും ഒന്നുമില്ല. എന്നെ സങ്കടപ്പെടുത്തിയവരും കരയിച്ചവരും കാര്യം മനസ്സിലാക്കി നാളെ എന്നെ സ്നേഹിക്കും. എനിക്ക് ഉറപ്പാണ്.

എന്താണ് പുതിയ സംരംഭം?

ഞാനും എന്റെ  ഒരു സുഹൃത്തും ചേർന്ന് നടത്തുന്ന ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി. ഫാസിയാമോ ഇവന്റ്സ് എന്നാണു കമ്പനിയുടെ പേര്.ലെറ്റ് അസ് മേക്ക് എന്നാണ് അർത്ഥം. എക്സിബിഷനുകൾ, കോർപ്പറേറ്റ് ഇവൻറ്സ്, ഫാഷൻ ഷോകൾ, പരസ്യചിത്രനിർമ്മാണം, മീഡിയ പ്രൊമോഷൻസ്‌ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നു.

ഇവന്റ് മാനേജ് കമ്പനിക്ക് ഒരു സ്ത്രീ നേതൃത്വം നൽകുന്നു. ഈ മേഖലയെക്കുറിച്ച് എന്തു തോന്നുന്നു?

ഇവിടെ എനിക്ക് അങ്ങനെ സ്ത്രീ പുരുഷ വ്യത്യാസം ഒന്നും ഫീൽ ചെയ്തിട്ടില്ല. തുറന്ന് പറഞ്ഞാൽ സീരിയൽ രംഗത്ത് എനിക്ക് ഉണ്ടായ അവഗണനയും അപമാനവും മാനസിക പീഢനവും ഒന്നും ഇവിടെ ഉണ്ടായിട്ടില്ല. 

അഭിനയത്തിനൊപ്പം ബിസിനസ് രംഗത്തേയ്ക്കുള്ള കടന്നുവരവിനു പിന്നിൽ?

ഞാൻ ഏറെ ആരാധിക്കുന്ന, റോൾ മോഡൽ ആയി കാണുന്ന ആളാണു രാധിക ശരത് കുമാർ. സിനിമ-സീരിയൽ രംഗത്തും ബിസിനസ് രംഗത്തും ഒരേ പോലെ ശോഭിക്കുന്ന ആൾ. രാധിക മാഡത്തെ പോലെ ആവണം എന്നാണ് എന്റെ ആഗ്രഹം.