ഉപ്പയുടെ മരണം, ഓട്ടോ ഓടിച്ചും മെറ്റൽ ചുമന്നും ഷാനവാസിന്റെ പോരാട്ടം; കണ്ണുനിറഞ്ഞ് റിമി

shanavas-rimy
SHARE

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഷാനവാസ്. നിരവധി ആരാധകരുണ്ട് മിനിസ്ക്രീനിലെ ഈ സൂപ്പർ ഹീറോയ്ക്ക്. പ്രേക്ഷകരുടെ നിരന്തര ആവശ്യപ്രകാരമാണു ഷാനവാസ് ഒന്നും ഒന്നും മൂന്നിൽ അഥിതിയായി എത്തുന്നത്. ദുഃഖങ്ങളും ദുരിതങ്ങളും താണ്ടിയാണു താരം പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയത്തിൽ നായനായി ചേക്കേറിയത്. ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ തന്റെ ജീവിതത്തെക്കുറിച്ച് ഷാനവാസ് മനസ്സ് തുറന്നു.

‘‘ചെറുപ്പത്തിലേ തുടങ്ങിയ അഭിനയമോഹം. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അഭിനയം പഠിപ്പിക്കുമെന്നും സിനിമയിലേക്ക് അവസരം നൽകുമെന്നുമുള്ള പരസ്യം കാണുന്നത്. മണി ഓർഡർ അയച്ചു നൽകിയാൽ പഠിക്കാനുള്ള പുസ്തകങ്ങൾ അയച്ചു നൽകുമെന്ന് അറിയിച്ചു. അങ്ങനെ മണി ഓർഡർ അയച്ചു, പുസ്തകങ്ങളുമെത്തി. സിനിമയില്‍ അവസരം ലഭിക്കാൻ തിരുവനന്തപുരത്ത് ഓഡീഷനിൽ പങ്കെടുക്കണെമെന്ന് വിവരം ലഭിച്ചു. കുറച്ചു പണവും ആവശ്യപ്പെട്ടു. മകന്റെ ആഗ്രഹത്തിന് ഉപ്പ എതിരൊന്നും പറഞ്ഞില്ല. തിരുവനന്തപുരത്തു പോകാനുള്ള പണം നൽകി. ഒരു കൂട്ടുകാരനോടൊപ്പം അവിടെയത്തി. ഓഡിഷൻ കഴിഞ്ഞു, അവർ അറിയിക്കാമെന്നു പറഞ്ഞു. പിന്നീട് വിവരമൊന്നും ഇല്ലാതായപ്പോൾ ആ നമ്പറിൽ വിളിച്ചു. അങ്ങനെയൊരു നമ്പർ നിലവിലില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.’’– അഭിനയമോഹം നൽകിയ ആദ്യ കയ്പേറിയ അനുഭവം ഷാനവാസ് വിവരിച്ചു. 

ഉപ്പയുടെ വിയോഗത്തെത്തുടർന്ന് കുടുംബത്തിന്റെ ഉത്തരവാദിത്തം വളരെ നേരത്തേ ഷാനവാസ് എറ്റെടുത്തു. പഠനത്തോടൊപ്പം ജോലി ചെയ്ത് കുടുംബം പുലർത്തുകയായിരുന്നു. ‘‘പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഉപ്പ മരിക്കുന്നത്. അതോടെ രണ്ട് അനുജത്തിമാരും ഉമ്മയും ഉപ്പയുടെ ഉമ്മയും അടങ്ങുന്ന കുടുംബത്തിന്റെ നാഥനാകേണ്ടി വന്നു. ഇവരുടെയെല്ലാം ഉത്തരവാദിത്തം എന്റെ തോളിലായി. പഠനത്തിനിടയിൽ സാധിക്കുന്ന രീതിയിൽ എല്ലാ ജോലിയ്ക്കും പോകുമായിരുന്നു. ഡിഗ്രിയ്ക്കു പഠിക്കുമ്പോൾ ക്ലാസ് കഴിഞ്ഞ് ഓട്ടോറിക്ഷ ഓടിക്കാനും മെറ്റൽ ചുമക്കാനും പോകുമായിരുന്നു. ഇത്രയും അംഗങ്ങളുടെ ചെലവ് വഹിക്കാൻ വേറെ നിവൃത്തി ഇല്ലായിരുന്നു’’– താരം അനുഭവങ്ങൾ ഓര്‍ത്തെടുത്തു.

ഡിഗ്രി കഴിഞ്ഞ് ഷാനവാസ് ഒരു കമ്പനിയിൽ അക്കൗണ്ടന്റായി കയറി. അപ്പോഴും അഭിനയമോഹം മനസ്സിൽ കത്തുകയായിരുന്നു. അവധിയെടുത്ത് ചെന്നൈയിലും എറണാകുളത്തും പോകും, ചിത്രങ്ങൾ അയച്ചു നൽകും. പിന്നീട് ജോലിവിട്ട് സ്വന്തമായി ബിസിനസ് തുടങ്ങി. ഇങ്ങനെ ജീവിതം മുന്നോട്ടു പോകുമ്പോഴാണ് ഒരു സീരിയലിൽ അവസരം ലഭിക്കുന്നത്. ഷാനവാസിന്റെ ജീവിതം കേട്ട് അവതാരകയായ റിമി ടോമിയുടെ കണ്ണുകൾ നിറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA