ലൂക്കയിലെ ലുക്ക് പരീക്ഷണമാണ്: ടൊവീനോയുടെ സ്റ്റൈൽ വിശേഷങ്ങള്
ബോഡിയൊക്കെ ഫിറ്റ് ആയിരിക്കണമെന്നത് അന്നുതൊട്ടേ നിർബന്ധമാണ്. 2009ൽ അണ്ണാമല യൂണിവേഴ്സിറ്റിയിലെ മിസ്റ്റർ യൂണിവേഴ്സിറ്റി ആയിരുന്നു...
ബോഡിയൊക്കെ ഫിറ്റ് ആയിരിക്കണമെന്നത് അന്നുതൊട്ടേ നിർബന്ധമാണ്. 2009ൽ അണ്ണാമല യൂണിവേഴ്സിറ്റിയിലെ മിസ്റ്റർ യൂണിവേഴ്സിറ്റി ആയിരുന്നു...
ബോഡിയൊക്കെ ഫിറ്റ് ആയിരിക്കണമെന്നത് അന്നുതൊട്ടേ നിർബന്ധമാണ്. 2009ൽ അണ്ണാമല യൂണിവേഴ്സിറ്റിയിലെ മിസ്റ്റർ യൂണിവേഴ്സിറ്റി ആയിരുന്നു...
ബോളിവുഡിന് രൺവീർ സിങ് എന്നപോലെയാണ് ഫാഷന്റെ കാര്യത്തിൽ മലയാളത്തിനു സ്വന്തം ടൊവീനോ തോമസ്. സിനിമയിലായാലും പുറത്തായാലും വേഷത്തിന്റെ കാര്യത്തിൽ പരീക്ഷണങ്ങൾക്കു മടിയില്ല. മുടിയിലും തടിയിലും വരെ മാറ്റം വരുത്താൻ തയാർ. ആദ്യ ചിത്രം മുതൽ ഇങ്ങോട്ടുള്ള ഓരോ സിനിമയിലും ഗെറ്റപ്പിൽ സൂക്ഷ്മമായ വ്യത്യാസങ്ങൾക്കു ശ്രമിക്കാറുണ്ട് താരം. പൊതുചടങ്ങുകളിലാകട്ടെ ഏറ്റവും മികച്ച ഡ്രസിങ്. ഫോർമൽ, എത്‌നിക് വേഷങ്ങളിലുൾപ്പെടെയുള്ള ഫാഷൻ പരീക്ഷണങ്ങളും.
എല്ലാക്കാര്യത്തിലും പരീക്ഷണങ്ങൾ ഇഷ്ടമുള്ളയാൾ. Be original എന്നതാണ് ഫാഷൻ മന്ത്ര. ഇവ രണ്ടും ഒന്നിച്ചു കൊണ്ടുപോകുന്നത് അൽപം ബുദ്ധിമുട്ടുള്ള പണിയല്ലേ?
പരീക്ഷണം നടത്തിയാലും അതു പരീക്ഷണമാണെന്ന് മറ്റുള്ളവർക്ക് തോന്നാതിരിക്കുന്നതിലാണ് നമ്മുടെ മിടുക്ക്. ഒറിജിനാലിറ്റി ഉണ്ടാകണം. ലൂക്കയിലെ ലുക്ക് പരീക്ഷണമാണ്. അതു ഹിറ്റാകുമോ ഇല്ലയോ എന്നതു നമ്മൾ എങ്ങനെ ക്യാരി ചെയ്യുന്നതു എന്നതിനെ അനുസരിച്ചിരിക്കും.
പുറത്തൊക്കെ പോകുമ്പോൾ ടി ഷർട്ടും ജീൻസുമാണ് ഇഷ്ട വേഷം. അധികം മെനക്കെടാതെ കാര്യം തീരുമല്ലോ. പക്ഷേ, ഒരു പാർട്ടിക്കു പോകുമ്പോൾ കുറച്ചുകൂടി നന്നായി വസ്ത്രം ധരിക്കും. പാർട്ടിക്കു പോകുന്ന ഡ്രസിട്ട് ബീച്ചിൽ പോകാൻ പറ്റില്ലല്ലോ. ഏതു വസ്ത്രമായാലും സാഹചര്യത്തിന് യോജിക്കണമെന്നു മാത്രം. പിന്നെ, കംഫർട്ട് വിട്ടൊരു കളിയില്ല. അങ്ങനെ നോക്കുമ്പോൾ ലൂക്കയിലെയും ഗപ്പിയിലെയും ജിപ്സി സ്റ്റൈലാണ് കൂടുതൽ ഇഷ്ടം.
ഷോപ്പിങ് ക്രേസ് ഉണ്ടോ?
ആവശ്യം വരുമ്പോൾ വാങ്ങുമെന്നല്ലാതെ വാങ്ങിക്കൂട്ടുന്ന സ്വഭാവമൊന്നുമില്ല. ഓൺലൈൻ ഷോപ്പിങ്ങിൽ താൽപര്യമില്ല. കടയിൽ കയറി കണ്ട് വാങ്ങുമ്പോഴേ ആ ഒരിത് കിട്ടൂ. ഫംങ്ഷനുകൾക്കൊക്കെ പോകുമ്പോൾ സുഹൃത്തുക്കളായ ഡിസൈനർമാരുടെ ഡിസൈനുകളാണ് ധരിക്കുന്നത്. ആൻഡ് ദി ഓസ്കർ ഗോസ് ടു എന്ന സിനിമയ്ക്കു വേണ്ടി മാഷർ ഹംസ ഡിസൈൻ ചെയ്ത സ്യൂട്ടുകൾ എന്റെ ഫേവറ്റാണ്.
ആദ്യമായി വാങ്ങിയ ബ്രാൻഡഡ് പ്രോഡക്ട്?
റെയ്ബാൻ ഗ്ലാസ്. ആദ്യ സിനിമ പുറത്തിറങ്ങിയ ശേഷമാണ് ഇത് വാങ്ങിയത്.
മായാനദിയിലെ മാത്തന്റെ ക്യാരക്ടറിന്റെ ഭാഗമായിരുന്നു ക്യാപ്. ആക്സസറി കലക്‌ഷനുണ്ടോ?
ഇരുപത്തഞ്ചോളം തൊപ്പികളുടെ കലക്‌ഷനുണ്ട്. മായാനദിയിൽ ഇതിൽ ചിലത് ഉപയോഗിച്ചിട്ടുണ്ട്. തൊപ്പി വയ്ക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം മുടി ചീകേണ്ട എന്നതാണ്. പൊതുവേ മടിയനാണു ഞാൻ. സ്കൂളിലൊക്കെ പഠിക്കുമ്പോൾ രാവിലെ എഴുന്നേൽക്കാനൊക്കെ താമസിച്ചാൽ ചടപടേന്ന് ഡ്രസൊക്കെയിട്ട് ഒരു ക്യാംപും വച്ച് ഓടും. ഇപ്പോഴും മടി കുറയാത്തതുകൊണ്ട് ക്യാപിന്റെ ഉപയോഗവും കുറഞ്ഞിട്ടില്ല.
അടുത്തിടെ ഒരഭിമുഖത്തിൽ നടി അഹാന പറഞ്ഞു, ഷൂട്ടിങ് ലൊക്കേഷനിൽ ആയിരിക്കുമ്പോൾ ടൊവീനോ ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടേയില്ലെന്ന്. അത്രയ്ക്ക് ഡയറ്റിങ് ആണോ?
ഏയ്...അങ്ങനെയൊന്നുമില്ല. എക്സർസൈസും ഡയറ്റിങ്ങുമൊക്കെ പണ്ടുതൊട്ടേ ക്രേസ് ആണ്. 10 ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ വർക്കൗട്ട് തുടങ്ങിയതാണ്. ബോഡിയൊക്കെ ഫിറ്റ് ആയിരിക്കണമെന്നത് അന്നുതൊട്ടേ നിർബന്ധമാണ്. 2009ൽ അണ്ണാമല യൂണിവേഴ്സിറ്റിയിലെ മിസ്റ്റർ യൂണിവേഴ്സിറ്റി ആയിരുന്നു. സിനിമയിൽ എത്തിയപ്പോൾ അതു ജോലിയുടെ ഭാഗമായെന്നു മാത്രം.
ഭക്ഷണം കഴിക്കാൻ വളരെ ഇഷ്ടമുള്ളയാൾ. ബ്രേക്ക്ഫാസ്റ്റിനു പോലും ചിക്കൻ കിട്ടിയാൽ കഴിക്കും. അങ്ങനെയുള്ള ആൾ ബ്രൊക്കളിയും പഴങ്ങളുമൊക്കെ കഴിച്ച് എങ്ങനെ ഡയറ്റ് ചെയ്യുന്നു?
ഭക്ഷണം ഒരുപാടു കഴിക്കുന്നയാളാണു ഞാൻ. പ്രത്യേകിച്ച് നോൺവെജ് വിഭവങ്ങൾ. പക്ഷേ, ആരോഗ്യത്തിന്റെ കാര്യത്തിൽ ഇതൊക്കെ കോംപ്രമൈസ് ചെയ്യാൻ ഞാൻ തയാറാണ്. ആരോഗ്യം പോയാൽ പിന്നെ എന്തുണ്ടായിട്ടും കാര്യമില്ലല്ലോ. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കും. അപ്പോൾ പിന്നെ പെട്ടെന്ന് വിശക്കില്ല. കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ചോറു പോലുള്ള ഭക്ഷണം കഴിച്ചാൽ ചെറിയൊരു ഇടവേള കഴിയുമ്പോഴേ വീണ്ടും വിശപ്പു തോന്നും. ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ തന്നെ ഡയറ്റിങ്ങ് എളുപ്പമാകും.
മടിയില്ലാത്തയാളാണ് ടൊവീനോ
‘‘വർക്കൗട്ട് ചെയ്യാൻ മടിയല്ലാത്തയാളാണ് ടൊവീനോ. ഓരോ സിനിമയിലെയും ഗെറ്റപ്പ് വ്യത്യാസപ്പെടുന്നതനുസരിച്ച് വർക്കൗട്ടും ഡയറ്റ് പ്ലാനും വ്യത്യാസപ്പെടും. ആഴ്ചയിൽ 2 ദിവസം 5 കിലോമീറ്റർ ഓട്ടം മുടക്കാറില്ല. ബാക്കിയുള്ള ദിവസങ്ങളിൽ വെയ്റ്റ് ലിഫ്റ്റിങ് പോലുള്ള ഹൈ ഇന്റൻസിറ്റി വർക്കൗട്ടുകളും സ്ട്രെങ്തൻ ട്രെയിനിങ്ങുകളും ചെയ്യും. ഷൂട്ടിങ് രാത്രി വൈകിയാണു തീരുന്നതെങ്കിൽ ഹൈ ഇന്റൻസിറ്റി വർക്കൗട്ടുകൾ ഒഴിവാക്കും. 6 മണിക്കൂർ ഉറങ്ങാതെ ഇത്തരം വ്യായമങ്ങൾ ചെയ്താൽ പരുക്കു പറ്റാനുള്ള സാധ്യത വളരെക്കൂടുതലാണ്.
ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഭാരം കുറയ്ക്കേണ്ടി വന്നാൽ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതിയാണ് തിരഞ്ഞെടുക്കാറ്. 16 മണിക്കൂർ ഭക്ഷണം കഴിക്കാതിരിക്കുന്ന രീതിയാണിത്. കേൾക്കുമ്പോൾ ‘ഇത് നടക്കുമോ’ എന്നു തോന്നുമെങ്കിലും ആരോഗ്യപ്രദവും വളരെ പെട്ടെന്ന് റിസൽട്ട് കിട്ടുന്നതുമായ ഡയറ്റാണിത്. കൽക്കി സിനിമയ്ക്കു ശേഷം 15 ദിവസംകൊണ്ട് 8 കിലോ ഈ രീതിയിൽ കുറച്ചു.
രാവിലെ ഒരു ഗ്രീൻ ടീയോ എക്സ്പ്രസോ കോഫിയോ കുടിച്ച ശേഷം 12 മണിക്ക് ഗ്രിൽഡ് ഫിഷും ബ്രൊക്കളിയും ലെറ്റ്യൂസും കഴിക്കും. 4 മണിക്ക് പഴങ്ങളും വെജിറ്റബ്ൾ സാലഡും. 7.30ന് ഗ്രിൽഡ് ഫിഷോ ചിക്കനോ. കൂടെ ബ്രൊക്കളിയും. പിന്നെ അടുത്ത ദിവസം ഉച്ചയ്ക്ക് 12 മണിക്കേ കഴിക്കൂ. ഇടനേരങ്ങളിൽ ധാരാളം വെള്ളം കുടിക്കും. കരിക്കിൻ വെള്ളം വളരെ നല്ലതാണ്’’. - ഷൈജൻ അഗസ്റ്റിൻ ട്രെയിനർ, കാറ്റമൗണ്ട്
ഫ്ലെക്സിബിളായ നടൻ, ലുക്ക് മാറ്റാൻ എളുപ്പം
‘‘വളരെ ഫ്ലെക്സിബിളായ നടനാണ് ടൊവീനോ. ഗപ്പിയിലും തീവണ്ടിയിലും തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു. ഗപ്പിയിൽ ഫോർമൽസും ജിപ്സി പാന്റ്സും ധരിച്ച ആൾ തീവണ്ടിയിൽ ഒരു സീനിൽപോലും പാന്റ്സ് ഉപയോഗിച്ചിട്ടില്ല. മുണ്ടു മാത്രമായിരുന്നു വേഷം. ബോഡി വളരെ ഫിറ്റായതിനാൽ ഏതുതരം വസ്ത്രവും യോജിക്കുന്ന ആളാണ്. ലുക്ക് മാറ്റാനും വളരെ എളുപ്പം.
ഗപ്പിയിൽ ടോവീനോയുടെ ഇൻട്രോ സീനിൽ ഉപയോഗിച്ച മൾട്ടികളറിലുള്ള പാന്റ്സ്, രാജസ്ഥാനി പ്രിന്റഡ് സ്കേർട്ട് വാങ്ങി തയ്ച്ചെടുത്തതായിരുന്നു. മറ്റൊരാൾ ധരിച്ചിരുന്നെങ്കിൽ ചിലപ്പോൾ അത് യോജിക്കുമായിരുന്നില്ല. ഗപ്പിയിലെ ഒട്ടുമിക്ക വസ്ത്രങ്ങളും തയ്ച്ചെടുത്തതാണ്. ടോവീനോയുടെ കാര്യത്തിൽ 100 ശതമാനം ആത്മവിശ്വാസമുള്ളതുകൊണ്ട് ഒരു കോസ്റ്റ്യൂമിന് മറ്റൊരു ഓപ്ഷൻ പോലും കരുതിയിട്ടില്ലായിരുന്നു’’. - സ്റ്റെഫി സേവ്യർ കോസ്റ്റ്യൂം ഡിസൈനർ – ഗപ്പി, തീവണ്ടി