തലസ്ഥാനത്തെ മതിലുകൾ വീണ്ടും ക്യാൻവാസുകളായി
Mail This Article
നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന ആർട്ടീരിയ മൂന്നാംഘട്ടം പുരോഗമിക്കുന്നു. കാലപ്പഴക്കം കൊണ്ട് നിറം മങ്ങുകയും, ചില ഭാഗങ്ങളിൽ പൊട്ടിപൊളിഞ്ഞും പോയ സ്ഥലങ്ങളിൽ വീണ്ടും കലാകാരൻമാരുടെ നേതൃത്വത്തിൽ പുനർ നിർമ്മിച്ച് കൊണ്ടിരിക്കുകയാണ്. നേരത്തെ ചെയ്ത പെയിന്റിംഗിന്റെ തനിമ ഒട്ടും ചോരാതെയാണ് വീണ്ടും പുനർ ചിത്രീകരിക്കുന്നത്. പ്രശസ്ത കലാകാരൻമാരായ കാനായി കുഞ്ഞിരാമൻ, പ്രസന്ന കുമാർ , മോഹനൻ നെടുമങ്ങാട്, വിനയൻ നെയ്യാറ്റിൻകര, ഷിബു ചന്ദ്, കെ.ജി സുബ്രഹ്മണ്യൻ എന്നിവരുടെ പെയിന്റുങ്ങുകൾ പൂർത്തിയായി.
കാട്ടൂർ നാരായണപിള്ള, പ്രദീപ് പൂത്തൂർ , ശ്രീലാൽ , സുനിൽ കോവളം, റിംസൺ എന്നിവരുടെ ചിത്രങ്ങളിലെ മിനുക്ക് പണികൾ തുടരുകയാണ്.
തലസ്ഥാന നഗര സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി 2015 ൽ ജില്ലാ കളക്ടർ ആയിരുന്ന ബിജുപ്രഭാകറിന്റെ നേതൃത്വത്തിലാണ് ആർട്ടീരിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. അന്ന് മൂന്ന് വർഷം വരെ പ്രതീക്ഷിച്ച പെയിന്റിങ്ങുകൾ അഞ്ച് വർഷം വരെ വലിയ കേടുപാടുകൾ കൂടാതെ നിൽക്കുകയായിരുന്നു. തുടർന്ന് വി.കെ. പ്രശാന്ത് എംഎൽഎ ചെയർമാനായ പുനരുദ്ധാരണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നവീകണ പ്രവർത്തനങ്ങൾ നടക്കുന്നത്. മൂന്നാം ഘട്ട നവീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. 23 പെയിന്റിങ്ങുകൾ ജനുവരി 31 നകം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.