‘ന്യൂഡ്’ ചിത്രങ്ങൾ അയച്ചത് ഒരുലക്ഷത്തോളം പേർ: ‘അയ്യേ’ എന്നു തള്ളേണ്ടതാണോ ഈ ‘വിവാദം’!
ഒരുപക്ഷേ ഇപ്പോൾ വിവാദമായെങ്കിലും, ഭാവന ധരിച്ച വസ്ത്രം നാളെ ട്രെൻഡ് ആയേക്കാം. ഒരാൾ എന്ത് വസ്ത്രം ധരിക്കണമെന്നത് അവരുടെ ഇഷ്ടമാണ്. അത് അവരുടെ മാത്രം സ്വാതന്ത്ര്യമാണ്. അതിനിടയിൽ ഒളിഞ്ഞു നോക്കുന്ന പ്രവണതയായി പോയി ഈ സംഭവം.....
ഒരുപക്ഷേ ഇപ്പോൾ വിവാദമായെങ്കിലും, ഭാവന ധരിച്ച വസ്ത്രം നാളെ ട്രെൻഡ് ആയേക്കാം. ഒരാൾ എന്ത് വസ്ത്രം ധരിക്കണമെന്നത് അവരുടെ ഇഷ്ടമാണ്. അത് അവരുടെ മാത്രം സ്വാതന്ത്ര്യമാണ്. അതിനിടയിൽ ഒളിഞ്ഞു നോക്കുന്ന പ്രവണതയായി പോയി ഈ സംഭവം.....
ഒരുപക്ഷേ ഇപ്പോൾ വിവാദമായെങ്കിലും, ഭാവന ധരിച്ച വസ്ത്രം നാളെ ട്രെൻഡ് ആയേക്കാം. ഒരാൾ എന്ത് വസ്ത്രം ധരിക്കണമെന്നത് അവരുടെ ഇഷ്ടമാണ്. അത് അവരുടെ മാത്രം സ്വാതന്ത്ര്യമാണ്. അതിനിടയിൽ ഒളിഞ്ഞു നോക്കുന്ന പ്രവണതയായി പോയി ഈ സംഭവം.....
‘അയ്യേ...ഇവളെന്ത് തുണിയാണ് ഉടുത്തിരിക്കുന്നത്? അല്ല, അതിന് ഇതിലെവിടെയാണ് തുണി..!’– ഗ്ലാമർ വേഷത്തിലെത്തുന്ന പല സ്ത്രീകളും സമൂഹത്തിൽ നേരിടുന്ന വിമർശനത്തിന്റെയും പരിഹാസത്തിന്റെയും ഒരു ഭാഗം ഇങ്ങനെയാണ്. ശരീരഭാഗങ്ങൾ പുറത്തു കാണിച്ചാൽ മാത്രമല്ല, ശരീരത്തിന്റെ നിറമുള്ള വസ്ത്രം ധരിച്ചാലും സമാന അനുഭവം തന്നെയാണ് നേരിടേണ്ടി വരുന്നത്. ഒറ്റ നോട്ടത്തിൽ കാൽ ആണെന്ന് തോന്നുമെങ്കിലും അത് പാന്റിട്ട കാലാണെന്ന് തിരിച്ചറിയുമ്പോഴേക്കും വിമർശന അമ്പുകൾ പാഞ്ഞെത്തിയിരിക്കും. അടുത്തിടെ നടി ഭാവന നേരിട്ടതും സമാനമായൊരു അനുഭവമാണ്. ശരീരത്തിന്റെ നിറമുള്ള വസ്ത്രം ധരിച്ച് പൊതുവേദിയിലെത്തിയത് ചിലരിൽ തെറ്റിദ്ധാരണയുണ്ടാക്കുകയായിരുന്നു. ഹോളിവുഡിലും ബോളിവുഡിലും മാത്രമല്ല മലയാള സിനിമയിലും സീരിയലുകളിലും ഉള്‍പ്പെടെ വർഷങ്ങളായി തുടരുന്ന ഫാഷൻ ട്രെൻഡാണിതെന്നതാണു സത്യം. ഇത്തരത്തിലുള്ള ‘ന്യൂഡ് സ്റ്റോക്കിങ്സ്’ ധരിക്കുന്നതിന്റെ പേരിൽ ബ്രിട്ടിഷ് രാജകുടുംബത്തിൽ പോലും പ്രശ്നമുണ്ടായിട്ടുണ്ട്. നടിമാരും സെലിബ്രിറ്റികളും പലപ്പോഴും ഇതിന്റെ പേരിൽ വിവാദത്തിൽപ്പെട്ടിട്ടുമുണ്ട്. ശരീരത്തിന്റെ നിറത്തിനു ചേരുന്ന വിധം ഇത്തരം വസ്ത്രങ്ങൾ തയാറാക്കി നൽകുന്ന കമ്പനികൾ വരെയുണ്ട്. എന്നിട്ടും ഇപ്പോഴും ഈ വസ്ത്രശൈലിയെ പലരും വിമർശിക്കുന്നത് എന്തുകൊണ്ടാണ്? ഇത്രയ്ക്ക് ചർച്ചയാകാൻ മാത്രം മോശം വസ്ത്രമാണോ അത്? അതോ ഒരു മലയാളി നടി ധരിച്ചെത്തിയതാണോ പ്രശ്നം? വിഷയത്തെപ്പറ്റി, സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് രഞ്ജു രജ്ഞിമാർ സംസാരിക്കുന്നു.. ഒപ്പം ന്യൂഡ് സ്റ്റോക്കിങ്സിന്റെ പേരിൽ ലോകം കണ്ട വിവാദങ്ങളും ചില കൗതുകങ്ങളും.
∙ ‘ഭാവിയിൽ ട്രെൻഡ് ആയേക്കാം’
മമത മോഹൻദാസും അമല പോളും പൊതുവേദികളിൽ ഗ്ലാമറസായ വസ്ത്രങ്ങൾ ഇടാറുണ്ട്. പക്ഷേ ഭാവന ശരീരത്തിന്റെ കാര്യത്തിൽ അൽപം ‘കോൺഷ്യസ്’ ആണ്. പുറത്തുപോകുമ്പോൾ ഒരിക്കലും കൂടുതൽ ‘എക്സ്പോസ്ഡ്’ ആകുന്ന വസ്ത്രം ധരിക്കുന്ന ആളല്ല ഭാവന–രഞ്ജു രഞ്ജിമാർ പറയുന്നു. ദുബായ് ഗോൾഡൻ വീസ കൈപ്പറ്റുന്ന ചടങ്ങിൽ ഭാവന ധരിച്ച വസ്ത്രം ശരീരത്തിന്റെ നിറത്തിലുള്ള ഒട്ടിക്കിടക്കുന്ന ഒന്നാണ്. അതിനു പുറത്ത് കഫ്ത്താൻ പോലുള്ള വസ്ത്രവും ഉപയോഗിച്ചു. അതുപോലുള്ള ടൈറ്റ്സ് വസ്ത്രം എനിക്കുമുണ്ട്. ചിലർക്ക് അതു കാണുമ്പോൾ ശരീരം ആണെന്നു തോന്നും. അതുകൊണ്ടുണ്ടായ തെറ്റിദ്ധാരണയാകാം ഇത്. വസ്ത്രവും മേക്കപ്പുമെല്ലാം ട്രെൻഡ് ആകുന്നത് അതു മറ്റൊരാൾ അനുകരിക്കുമ്പോഴാണ്. ഒരുപക്ഷേ ഇപ്പോൾ വിവാദമായെങ്കിലും, ഭാവന ധരിച്ച വസ്ത്രം നാളെ ട്രെൻഡ് ആയേക്കാം. ഒരാൾ എന്ത് വസ്ത്രം ധരിക്കണമെന്നത് അവരുടെ ഇഷ്ടമാണ്. അത് അവരുടെ മാത്രം സ്വാതന്ത്ര്യമാണ്. അതിനിടയിൽ ഒളിഞ്ഞു നോക്കുന്ന പ്രവണതയായി പോയി ഈ സംഭവം.
∙ ‘പ്രിയങ്കയെ വിമർശിക്കില്ലേ...!’
ചില താരങ്ങളെ ഉന്നം വച്ചു തന്നെ വിമർശിക്കുന്നവരുണ്ടെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. ഭാവനയുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. ഇതിനേക്കാൾ ഗ്ലാമറസ് ആയി പൊതുവേദിയിൽ വരുന്ന ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര തുടങ്ങിയവരെക്കുറിച്ചൊന്നും അധികം ആർക്കും പറയാനില്ല. അവരുടെ ചിത്രം ആരും പ്രചരിപ്പിച്ച് നടക്കാറില്ല. ഇവിടെ വസ്ത്രത്തിന്റെ പേരിൽ മാത്രമല്ല, വ്യക്തിയുടെ പേരിലും വിമർശനങ്ങൾ കടന്നുപോയതായി തോന്നിയിട്ടുണ്ട്. എന്നെയാണ് വിമർശിച്ചതെങ്കിൽ, ‘മൈ ബോഡി, മൈ റൈറ്റ്സ്’ എന്ന് പറയാൻ എനിക്കറിയാം. ‘എന്റെ ശരീരഭാഗങ്ങൾ കണ്ട് നിനക്കൊക്കെ സുഖം കിട്ടുന്നുണ്ടെങ്കിൽ നീ ആസ്വദിച്ചോ’ എന്ന് പറയുന്നതിനുപരി ‘നീയൊക്കെ നിന്റെ വീട്ടിലെ കാര്യങ്ങൾ നോക്കിയിട്ട് മറ്റുള്ളവരുടെ കാര്യം നോക്കാൻ വാ’ എന്നു പറയും. സെലിബ്രിറ്റി എന്ന ബന്ധത്തേക്കാൾ എനിക്ക് ഏറെ അടുപ്പം ഉള്ളയാളാണ് ഭാവന. അവർ സ്വന്തം ശബ്ദം ഉയർത്തിയതിനാലാണ് ഇത്രത്തോളം ഉപദ്രവിക്കുന്നത്. ‘ആരോടും ഒന്നും പറയാതെ പോയി വീട്ടിലിരിക്ക്..’ എന്നൊക്കെ ഉപദേശിക്കാൻ ആളുകൾ കാണും. പക്ഷേ അതിനൊന്നും നിൽക്കാതെ തലയുയർത്തി നിന്ന് പ്രതികരിച്ചു ഭാവന. പലപ്പോഴും പ്രതികരിക്കുന്നുണ്ടെങ്കിലും, അവരുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട്.
∙ ‘വേണം നിയമനടപടി’
ഒരാളുടെ വസ്ത്ര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയോ അല്ലെങ്കിൽ അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കാത്ത തരത്തിൽ പോസ്റ്റുകൾ വരികയോ ചെയ്യുകയാണെങ്കിൽ അവർക്കെതിരെ നിയമനടപടികൾ ഉണ്ടാകണമെന്നാണ് എന്റെ അഭിപ്രായം. നമ്മുടെ നാട്ടിൽ ഇതിനെതിരെ നിയമം വരുമോ എന്നൊന്നും അറിയില്ല. ഒരു പെൺകുട്ടി അവൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നു, അവൾക്കിഷ്ടമുള്ള രീതിയിൽ സമൂഹമാധ്യമങ്ങളിൽ റീൽസ് ചെയ്യുന്നു. അത് അവളുടെ സന്തോഷമാണ്. അതിനെ തല്ലിക്കെടുത്തുന്ന തരത്തിലാണ് വിമർശനങ്ങൾ. ഇങ്ങനെ ചെയ്യുന്നവരുടെ വീട്ടിലും പെൺകുട്ടികളുള്ളതല്ലേ? അവരും ഈ കമന്റുകൾ വായിക്കുന്നതല്ലേ? ഇത്തരക്കാർക്ക് എന്തു വിലയാണ് അവർക്കിടയിൽ ഉണ്ടാകുക!–രഞ്ജു രഞ്ജിമാർ പറഞ്ഞു നിർത്തി.
∙ അ‘ശാന്തി’യായ വിവാദം
സ്റ്റോക്കിങ്സ് ധരിച്ചതിന്റെ പേരിൽ പരിഹസിക്കപ്പെട്ട നടിമാരിൽ ഒരാളാണ് ബോളിവുഡ് താരം ശാന്തിപ്രിയ. അതുപക്ഷേ ഇപ്പോഴൊന്നുമല്ല. 28 വർഷം മുൻപാണ്. 1994ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ‘ഇക്കേ പേ ഇക്ക’ എന്ന സിനിമയുടെ സെറ്റിലാണ് സംഭവം. സിനിമയിലെ നായകൻ അക്ഷയ് കുമാർ ആണ് നടിക്കെതിരെ വിമർശനം ഉയർത്തിയത്. 2020ൽ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ, ശാന്തിപ്രിയ താൻ നേരിട്ട വേദന ഇങ്ങനെ പങ്കുവച്ചു:
‘ഇക്കേ പേ ഇക്ക’യിൽ മോഡേൺ പെൺകുട്ടിയുടെ വേഷമായിരുന്നു എനിക്ക്. അതിനാൽ ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ധരിക്കേണ്ടി വന്നു. ചർമത്തിന്റെ നിറമുള്ള സ്റ്റോക്കിങ്ങുകളും ഉപയോഗിച്ചിരുന്നു. ഒരിക്കൽ ഷൂട്ടിങ്ങിനിടെ എന്റെ കാൽമുട്ടുകൾ പതിവിലും ഇരുണ്ടതായിരിക്കുന്നുവെന്ന് അക്ഷയ് തമാശയായി പറഞ്ഞു. എന്റെ കാൽമുട്ടിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുകേട്ട് എല്ലാ അഭിനേതാക്കളും അണിയറപ്രവർത്തകരും ചിരിച്ചു. അതൊരു തമാശയാണെങ്കിലും എന്നെ ഏറെ അസ്വസ്ഥതയാക്കി. ഞാൻ ഒരുപാട് കരഞ്ഞു. ഇന്നും ആ സംഭവം എന്റെ മനസ്സിലുണ്ട്. അക്ഷയ് എന്റെ നല്ല സുഹൃത്താണ്. ഈ വിഷയത്തിൽ അദ്ദേഹത്തോട് പരിഭവമൊന്നുമില്ല. പക്ഷേ നിറത്തിന്റെ പേരിൽ ഒരാളെ വിമർശിക്കുമ്പോൾ നിങ്ങൾ അറിയണം, നിങ്ങളുടെ തമാശ അവരെ എത്രത്തോളം വേദനിപ്പിക്കുമെന്ന്.’–ശാന്തിപ്രിയ പറയുന്നു.
∙ ജയലളിത മുതൽ പിന്നണി നർത്തകിമാർ വരെ
1960കളിൽ തന്നെ തമിഴ് സിനിമകളിൽ ഇത്തരം ടൈറ്റ്സ് ഉപയോഗിച്ചു വന്നിരുന്നു. ശരീരം പ്രദർശിപ്പിച്ചുകൊണ്ട് അഭിനയിക്കാൻ മടിച്ചവർക്ക് ഏക ആശ്രയമായിരുന്നു ഇത്. ഐറ്റം ഡാൻസുകളിൽ മൂടിപ്പുതച്ച വസ്ത്രം ധരിക്കാനാകാത്തതുകൊണ്ട് ടുപീസ് വസ്ത്രത്തിനൊപ്പം നടിമാർ സ്കിൻ ഫിറ്റുകൾ ഉപയോഗിച്ചുതുടങ്ങി. അവരവരുടെ ശരീരത്തിനിണങ്ങുന്ന നിറത്തിലാണ് വസ്ത്രങ്ങൾ തയ്പ്പിച്ചിരുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിൽ ഇതിന്റെ വ്യത്യാസം ഒട്ടും മനസ്സിലാകുകയുമില്ല.
സിനിമയിലെ നൃത്തരംഗങ്ങളിൽ നടി ജയലളിത, കെ.ആർ. വിജയ, സാവിത്രി തുടങ്ങിയവരെല്ലാം ഇത്തരം ടൈറ്റ്സ് ഉപയോഗിച്ചിട്ടുണ്ട്. കാലങ്ങൾക്കുശേഷം മലയാള സിനിമയിലും ഈ രീതി വന്നുതുടങ്ങി. നൃത്തമേഖലയിലുള്ള വനിതകൾ ഇന്നും ഇത്തരം വസ്ത്രങ്ങൾ ഉപയോഗിക്കുന്നവരാണ്. പാർട്ടി ഡാൻസിലും ഐറ്റം ഡാൻസിലും പിന്നണി നർത്തകിമാർ ഉൾപ്പെടെയുള്ളവർ സ്കിൻകളർ വസ്ത്രം ധരിച്ചെത്താറുണ്ട്. സ്റ്റേജ് ഷോകളിലും പലരും ഇത്തരം വസ്ത്രങ്ങളാണു ധരിക്കാറുള്ളത്. പല സിനിമകളിലും നഗ്നരായി നടിമാരും നടന്മാരും അഭിനയിക്കുന്നതും ഇത്തരം ‘ന്യൂഡ് ഡ്രസു’കളുടെ സഹായത്തോടെയാണെന്നതാണു യാഥാർഥ്യം.
∙ മേഗന്റെ ‘ഫാഷന്‍ സെൻസ്’!
ബ്രിട്ടിഷ് രാജകുടുംബത്തിൽ എലിസബത്ത് രാജ്ഞിയുടെ ഒരു ‘അനൗദ്യോഗിക’ നിയമം ഉണ്ടായിരുന്നു. രാജകുടുംബാംഗങ്ങളായ വനിതകള്‍ അവരുടെ ശരീരത്തിന്റെ നിറത്തിനു ചേരുന്ന ന്യൂഡ് സ്റ്റോക്കിങ്സ് ധരിക്കണമെന്നതായിരുന്നു അത്. എലിസബത്ത് രാജ്ഞിയുടെ പൗത്രന്മാരിലൊരാളായ വില്യം രാജകുമാരന്റെ, ഭാര്യ കെയ്റ്റ് മിഡിൽടൺ ഇക്കാര്യം എല്ലായിപ്പോഴും ശ്രദ്ധിച്ചിരുന്നു. എന്നാൽ മറ്റൊരു പൗത്രന്മാരിലൊരാളായ ഹാരിയുടെ, ഭാര്യ മേഗന്‍ മാര്‍ക്കിള്‍ ഇതിനു കാര്യമായ പ്രാധാന്യം നൽകിയില്ല.
2018 നവംബറിൽ ചാൾസ് രാജകുമാരന്റെ എഴുപതാം വാർഷികം ബക്കിങ്ങാം പാലസിൽ ആഘോഷിക്കുമ്പോൾ പക്ഷേ ഫാഷൻ ആരാധകർ ഒന്നമ്പരന്നു. തന്റെ ശരീരത്തിന്റെ നിറവുമായി യാതൊരു ചേർച്ചയുമില്ലാത്ത സ്റ്റോക്കിങ്സ് കാലിൽ ധരിച്ച് മേഗൻ വന്നിരിക്കുന്നു! ‘കൊട്ടാരത്തിലെ കലാപകാരി’യെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്ന മേഗൻ എന്തുകൊണ്ടാണ് അത്തരമൊരു വസ്ത്രം ധരിച്ചത്? രാജ്ഞിയെ വെല്ലുവിളിച്ച് ധരിച്ചതാണെന്ന് ഒരു കൂട്ടർ. അതല്ല ‘ഫാഷൻ സെൻസ്’ ഇല്ലാത്തതിനാലാണെന്ന് വേറൊരു കൂട്ടർ. നടിയും മോഡലുമായിരുന്ന മേഗനാണോ ഫാഷൻ സെൻസില്ലാത്തത് എന്നും ചോദിച്ച് ആരാധകരും വിമർശകരും തമ്മിൽത്തല്ലി. പക്ഷേ പല കൊട്ടാര രഹസ്യങ്ങളും പോലെ ഇന്നും ആർക്കും അറിയില്ല ആ ന്യൂഡ് സ്റ്റോക്കിങ്സ് ധരിച്ചതിനു പിന്നിലെ യഥാർഥ കാരണം!
∙ ‘ന്യൂഡ്’ ചിത്രങ്ങൾ അയച്ചു തരൂ...’
മേൽപ്പറഞ്ഞ ‘ന്യൂഡ്’ പലരും കരുതുന്നതു പോലെ നഗ്ന ചിത്രങ്ങൾ ക്ഷണിച്ചു കൊണ്ടുള്ളതല്ല. അതൊരു വസ്ത്ര നിർമാണ കമ്പനിയുടെ പരസ്യമായിരുന്നു. 2017ലാണ്, ലണ്ടൻ ആസ്ഥാനമായുള്ള ഹെയ്സ്റ്റ് സ്റ്റുഡിയോസ് കമ്പനി ‘ന്യൂഡ്’ ചിത്രങ്ങൾ അയച്ചു തരണമെന്ന് ആവശ്യപ്പെട്ടത്. അതുപക്ഷേ കൈകളുടെയും കാലിന്റെയുമൊക്കെയാണെന്നു മാത്രം. ‘ന്യൂഡ് പ്രോജക്ട്’ എന്നായിരുന്നു പദ്ധതിയുടെ പേര്. ഇതു പ്രകാരം വനിതകൾക്ക് അവരുടെ, സ്കിൻ ടോൺ വ്യക്തമാക്കുന്ന ചിത്രങ്ങൾ കമ്പനിക്ക് അയച്ചുകൊടുക്കാം. കമ്പനി അവർക്ക്, ശരീരത്തിന്റെ അതേ നിറത്തിലുള്ള, ഒട്ടിക്കിടക്കുന്ന വസ്ത്രങ്ങൾ നിർമിച്ചു നല്‍കും. പരസ്യത്തിനു തൊട്ടുപിന്നാലെ അരലക്ഷത്തോളം പേരാണ് ചിത്രങ്ങൾ അയച്ചുകൊടുത്തത്. 2019ൽ പ്രോജക്ട് അവസാനിക്കുമ്പോൾ ഒരു ലക്ഷത്തോളം വനിതകൾക്ക് ആയിരത്തോളം സ്കിൻ ടോണുകളിലുള്ള വസ്ത്രങ്ങളാണ് കമ്പനി നിർമിച്ചു നൽകിയത്.
കാലിൽ മാത്രം ധരിക്കുന്ന സ്റ്റോക്കിങ്സിന് പ്രിയമേറെയാണ്. മിനി സ്കർട്ട്, ഷോർട്സ്, ഹോട്ട് പാന്റ്സ് തുടങ്ങിയ വസ്ത്രങ്ങൾ ധരിക്കുന്നവർ കാലിന്റെ ഭംഗി കൂട്ടുന്നതിനായി സ്റ്റോക്കിങ്സിനെ ആശ്രയിക്കുന്നു. പല നിറത്തിൽ ലഭിക്കുമെങ്കിലും ശരീരത്തിന്റെ നിറത്തിലുള്ളവയ്ക്കാണ് വിപണിയിൽ ഡിമാൻഡ്. ബാലെ, ജിംനാസ്റ്റിക് എന്നീ കലാ കായിക രംഗത്തുള്ളവർക്കും ഏറെ പ്രയോജനകരമാണ് ഇത്. ‘ന്യൂഡ് പ്രോജക്ടിനു’ സമാനമായി ശരീരത്തിന്റെ അതേ നിറത്തിലുള്ള സ്കിൻ ഫിറ്റുകൾ വേണമെങ്കിൽ ‘കസ്റ്റമൈസ്’ ചെയ്തുതരാനും കമ്പനികൾ തയാറാണ് ഇന്ന്. ഇത്തരത്തിൽ ഫാഷൻ വിപണി ഏറെ മുന്നോട്ടു പോകുമ്പോഴാണ്, ഈ വസ്ത്രങ്ങളുടെ പേരിൽ അനാവശ്യ വിവാദങ്ങളെന്നും ഓർക്കണം.
English Summary: What is Nude Fittings? The Dress that Sparked Controversy!