2023 ന്റെ നിറം ‘വിവ മജന്ത’; പ്രഖ്യാപിച്ച് പാന്റോൺ, പ്രത്യേകതകൾ
Mail This Article
‘വിവ മജന്ത’യെ 2023 ലെ നിറമായി പ്രഖ്യാപിച്ച് പാന്റോണ്‍ കളർ ഇൻസ്റ്റിറ്റ്യൂട്ട്. ‘ചൈതന്യവും വീര്യവും ചേർന്ന് പ്രകമ്പനം കൊള്ളുന്ന നിറം’ എന്നാണ് വിവ മജന്ത്യ്ക്ക് പാന്റോണ്‍ നൽകുന്ന വിശേഷണം. പ്രകൃതിയില്‍ വേരൂന്നിയ നിറമാണിതെന്നും ചുവന്ന കുടുംബത്തില്‍ നിന്നുള്ള വിവ മജന്തയിലൂടെ ശക്തിയുടെ പുതിയ സൂചനയാണ് പ്രകടമാക്കുന്നതെന്നും കമ്പനി പറയുന്നു. ഫാഷൻ, കോസ്മെറ്റിക്സ്, മെഡിക്കൽ മേഖലകള്‍ക്കു വേണ്ടി കളർ ചാര്‍ട്ടുകള്‍ നിർമിക്കുന്ന വാണിജ്യ പ്രിന്റിങ് കമ്പനിയാണ് പാന്റോണ്‍ കളര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.
വിവ മജന്തയ്ക്കായി കൃത്രിമ ബുദ്ധിയും മനുഷ്യന്റെ സർഗാത്മകതയും തമ്മിലുള്ള ചലനാത്മകതയിൽ ഗവേഷണം നടത്തി. ശുഭാപ്തിവിശ്വാസവും സന്തോഷവും ഈ നിറത്തിൽ തുടിക്കുന്നുവെന്നും കമ്പനി പ്രസ്താവനയിൽ പറയുന്നു.
ചൂടും തണുപ്പും സന്തുലിതമായി അവതരിപ്പിക്കുന്ന സൂക്ഷ്മമായ കടും ചുവപ്പ് ടോണ്‍ ആണ് വിവ മജന്തയെന്നാണ് പാന്റോണ്‍ അവകാശപ്പെടുന്നത്. ഭൗതികതയോടും മായയോടും കൂറുള്ളതായ മള്‍ട്ടി-ഡൈമന്‍ഷണല്‍ ലോകത്തെ ഉണര്‍ത്തുന്ന വിവ മജന്തയെ ‘ഹൈബ്രിഡ് നിറം’ എന്നും വിശേഷിപ്പിക്കുന്നു.
യുകെയിലേക്ക് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറില്‍ റമഫോസയെ സ്വാഗതം ചെയ്യുന്ന ചടങ്ങില്‍ ബ്രിട്ടിഷ് രാജകുടുംബാഗം കേറ്റ് മിഡില്‍ടണ്‍ ഈ നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചത്. നടന്‍ രണ്‍വീര്‍ സിങ്ങും വിവ മജന്ത നിറത്തിലുള്ള വേഷത്തില്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നു. വിവ മജന്ത ബ്ലേസർ, പാന്റ്സ്, ഒരു ജോടി വെള്ള ഷൂസ് എന്നിവയായിരുന്നു വേഷം. കോസ്റ്റ്യൂം ഡിസൈനറും സ്‌റ്റൈലിസ്റ്റുമായ ഏക ലഖാനിയാണ് ഇത് ഡിസൈന്‍ ചെയ്തത്.