പ്രീ വെഡ്ഡിങ് ആഘോഷത്തിന് അനന്ത് അംബാനി ധരിച്ചത് 8 കോടിയുടെ വാച്ച്, അമ്പരന്ന് സക്കർബര്ഗിന്റെ ഭാര്യ
Mail This Article
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാണ് മാർക്ക് സക്കർബർഗ്. അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷത്തിനായെത്തിയ സക്കർബർഗും ഭാര്യയും വേഷവിധാനത്തിലെയും പെരുമാറ്റത്തിലെയും ലാളിത്യം കൊണ്ട് ശ്രദ്ധനേടുകയാണ്. അനന്ത് അംബാനിയുമായുള്ള സക്കർബർഗിന്റെയും ഭാര്യ പ്രസില്ലയുടെയും ഒരു വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
അനന്ത് അംബാനിയുടെ വാച്ച് കണ്ട് സക്കർബർഗിന്റെ ഭാര്യ അമ്പരക്കുന്നതാണ് വിഡിയോയിൽ. വാച്ചിനെ പറ്റി അവർ ചോദിക്കുന്നതും വിഡിയോയിലുണ്ട്. അനന്തിന്റെ വാച്ച് ഗംഭീരമാണെന്നാണ് പ്രസില്ല പറയുന്നത്. പിന്നാലെ നല്ല വാച്ചാണെന്ന് ഞാൻ നേരത്തെ അനന്തിനോട് പറഞ്ഞെന്ന് സക്കർബർഗും പറയുന്നു. റിച്ചാർഡ് മില്ല് എന്ന ബ്രാൻഡിന്റെ വാച്ചാണിതെന്ന് അനന്ത് വിഡിയോയിൽ പറയുന്നുണ്ട്.
വാച്ച് ധരിക്കണമെന്ന് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല. എന്നാൽ നിങ്ങളുടെ വാച്ച് കണ്ടപ്പോൾ വാച്ചുകൾ വളരെ കൂൾ ആണെന്ന് മനസ്സിലായെന്നും പ്രസില്ല പറയുന്നുണ്ട്.
ഈ വാച്ചിന്റെ ഡയൽ ഒരു അക്വേറിയം പോലെയാണ്. മീനിന്റെ രൂപം വാച്ചിൽ കാണാനാകും. ഇത് ഹാൻഡ് പെയിന്റഡാണ്. വാച്ചിൽ ഡയമണ്ടും നൽകിയിട്ടുണ്ട്. ഈ വാച്ചിന് 8,28,46,300 രൂപയാണ് വില എന്നാണ് റിപ്പോർട്ട്. വാച്ചിന്റെ ഡയലിൽ അക്വേറിയം കണ്ടതുകൊണ്ടാണ് സക്കർബർഗിന്റെ ഭാര്യ അമ്പരപ്പെട്ടതെന്നാണ് പലരും പറയുന്നത്.
അനന്ത് അംബാനി രാധിക മെർച്ചന്റ് പ്രീവെഡ്ഡിങ് ആഘോഷം മാർച്ച് 1നാണ് ആരംഭിച്ചത്. ആദ്യ ദിവസം മുതൽ വ്യത്യസ്തമായ സക്കർബർഗിന്റെയും ഭാര്യയുടെയും സ്റ്റൈലെല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ജങ്കിൾ വിസിറ്റിനെത്തിയ വേഷമാണ് ഏറെ പ്രശംസ നേടിയത്. ഇരുവരുടെയും ചിത്രങ്ങളെല്ലാം വൈറലായിരുന്നു.
ഞായറാഴ്ച നടന്ന ‘ഹസ്താക്ഷർ’ ആഘോഷത്തിലൂടെയാണ് മൂന്നുദിവസത്തെ ആഘോഷം അവസാനിച്ചത്. മാർക്ക് സക്കർബർഗും ബിൽഗേറ്റ്സുമടക്കം ആയിരത്തിൽ പരം അതിഥികളാണ് മൂന്നു ദിവസമായി നടന്ന ചടങ്ങിൽ പങ്കെടുത്തത്. അവസാന ദിവസത്തെ ആഘോഷത്തിനായി ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങളാണ് അതിഥികൾ തിരഞ്ഞെടുത്തത്. മനോഹരമായ ലഹങ്കയിലാണ് രാധിക ആഘോഷത്തിനെത്തിയത്. വേദിയിലേക്ക് നൃത്തം ചെയ്ത് വരുന്ന രാധികയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വിഡിയോയിൽ ജാൻവി കപൂർ പൂക്കൾ എറിയുന്നതും കാണാം. ക്ഷേത്ര സമുച്ചയത്തിൽ നടന്ന മഹാ ആരതിയോടെയാണ് ഹസ്താക്ഷർ ചടങ്ങുകൾ ആരംഭിച്ചത്. അന്നസേവയോടെയാണ് പ്രീവെഡ്ഡിങ് ആഘോഷങ്ങൾ തുടങ്ങിയത്.