സ്വിം സ്യൂട്ട് ഫാഷൻ ഷോയുമായി സൗദി അറേബ്യ; പിറന്നത് പുതുചരിത്രം!
Mail This Article
ചരിത്രത്തിൽ ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ. സ്ത്രീകൾ ശരീരം പൂർണമായും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്ന് നിഷ്കർഷിച്ച രാജ്യത്താണ് മാറ്റത്തിന്റെ പുതിയ ചുവടുവെപ്പ്. നീന്തൽക്കുളത്തിനു സമീപത്തായി നടത്തിയ ഫാഷൻ ഷോയിൽ മൊറോക്കൻ ഡിസൈനർ യസ്മിന ഖാൻസാലിന്റെ ഡിസൈനർ സ്വിം സ്യൂട്ടുകളാണ് അണിനിരന്നത്.
നീല, ചുവപ്പ്, ബീജ് നിറങ്ങളിലുള്ള സ്വിം സ്യൂട്ടുകൾ അണിഞ്ഞാണ് കാണികൾക്കു മുന്‍പിലൂടെ മോഡലുകൾ നടന്നത്. ‘‘ഈ രാജ്യം വളരെ യാഥാസ്ഥിതികമാണെന്നത് ശരിയാണ്. പക്ഷേ, അറബ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന രീതിയിലുള്ള എലഗന്റ് സ്വിംസ്യൂട്ടുകൾ അവതരിപ്പിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തുക എന്നത് ചരിത്രമാണെന്ന് ഇവിടെ വന്നപ്പോൾ ഞങ്ങൾക്കു വ്യക്തമായി. ചരിത്രനിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ട്.’’– യസ്മിൻ ഖാൻസാൽ പറഞ്ഞു.
റെഡ് സീ ഫാഷൻ വീക്കിന്റെ ഭാഗമായി സെന്റ് റെഗിസ് റെഡ് സീ റിസോർട്ടിലാണ് സ്വിം സ്യൂട്ട് ഷോ നടന്നത്. ഫാഷൻ, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിൽ സൗദി മുന്നേറാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്ന് സിറിയൻ ഫാഷൻ ഇൻഫ്ലുവൻസറായ ഷൗഖ് മുഹമ്മദ് പറഞ്ഞു.
സൗദി ഫാഷന്‍ കമ്മിഷൻ പുറത്തുവിട്ട കണക്കു പ്രകാരം രാജ്യത്ത് 2,30,0000 ആളുകൾ ഫാഷൻ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നുണ്ട്. 12.5 ബില്യൻ ഡോളറിന്റെ ലാഭം ഈ മേഖലയിൽ നിന്ന് രാജ്യത്തിനു ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ‘‘ലോകത്തെ മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ ഇത് പുതുമയല്ല. പക്ഷേ, സൗദിയുടെ ഈ ചുവടുവെപ്പ് വലിയ നേട്ടമായി വിലയിരുത്തണം. സൗദി ഈ മുന്നേറ്റത്തിനുള്ള ധൈര്യം കാണിച്ചത് അഭിനന്ദനാർഹമാണ്.’’– ഫ്രഞ്ച് ഫാഷൻ ഇൻഫ്ലുവൻസറായ റാഫേൽ സിമാകോർബേ പറഞ്ഞു.