അവർക്കുണ്ട് വ്യക്തമായ രാഷ്ട്രീയം, നിലപാട് അറിയിക്കാൻ ഒരു ബാഗ്: സ്റ്റൈലായി ‘തണ്ണിമത്തൻ’!
Mail This Article
പാർലമെന്റിലെ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്കൊപ്പം പ്രാധാന്യം നേടുകയാണ് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി പാർലമെന്റിൽ എത്തിയ സ്റ്റൈലും. പലസ്തീൻ എന്ന് ഇംഗ്ലിഷിൽ വലിയ അക്ഷരങ്ങളിൽ എഴുതി തണ്ണിമത്തന്റെ ചിത്രവും ഉൾപ്പെടുത്തിയ ബാഗും തോളിലിട്ടായിരുന്നു പ്രിയങ്കയുടെ വരവ്. വളരെ വേഗത്തിൽ പ്രിയങ്കയുടെ ബാഗ് മാധ്യമ ശ്രദ്ധയുംനേടി. ഇസ്രയേൽ ആക്രമണത്തിൽ പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ സൂചനയായാണ് പലസ്തീൻ ബാഗ് പ്രിയങ്ക തിരഞ്ഞെടുത്തത്. സമാധാനത്തിന്റെ പ്രാവ് പറക്കുന്ന ചിത്രവും ബാഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇസ്രയേൽ -പലസ്തീൻ വിഷയത്തിൽ നിലപാട് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഇത് ആദ്യമായല്ല പ്രമുഖർ തണ്ണിമത്തൻ അടയാളമുള്ള ബാഗുകൾ തിരഞ്ഞെടുക്കുന്നത്. കാൻ ചലചിത്രമേളയിൽ പലസ്തീന് പിന്തുണ അറിയിച്ചുകൊണ്ട് തണ്ണിമത്തന്റെ ആകൃതിയിലുള്ള വാനിറ്റി ബാഗുമായി ചലച്ചിത്രതാരം കനി കുസൃതി റെഡ് കാർപ്പറ്റിൽ എത്തിയതും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. കൊച്ചിയിലെ സാൾട്ട് സ്റ്റുഡിയോയിൽ പ്രത്യേകമായി തയാറാക്കിയ ക്ലച്ചായിരുന്നു കനിയുടേത്.
പലസ്തീന്‍ ദേശീയ പതാകയിലെ നിറങ്ങളായ ചുവപ്പ്, പച്ച, വെള്ള, കറുപ്പ് എന്നീ നിറങ്ങൾ ഒന്നിച്ചു വരുന്നതിനാലാണ് മുറിച്ച തണ്ണിമത്തന്റെ ആകൃതി പലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യത്തിന്റെ ചിഹ്നമായി രാജ്യാന്തര വേദികളിൽ പോലും അവതരിപ്പിക്കപ്പെടുന്നത്. പലസ്തീൻ വിഷയം ലോകശ്രദ്ധ നേടി തുടങ്ങിയപ്പോൾ മുതൽ തന്നെ പലസ്തീനിന് ഐക്യദാർഢ്യം എന്ന നിലയിൽ തണ്ണിമത്തൻ ചിഹ്നം പ്രദർശിപ്പിച്ചുകൊണ്ടുള്ള ആക്സസറികൾക്കും പ്രചാരം ഏറിയിരുന്നു. അക്കൂട്ടത്തിൽ മുൻനിരയിലാണ് ലേഡീസ് ബാഗുകൾ. ടോട്ട് ബാഗുകൾ, ഹാൻഡ് ബാഗുകൾ, ക്ലച്ചസുകൾ എന്നിങ്ങനെ പല രൂപങ്ങളിൽ പലസ്തീൻ എന്ന പേരും തണ്ണിമത്തന്റെ ചിത്രവും ആലേഖനം ചെയ്തവ ഓൺലൈൻ സൈറ്റുകളിൽ ലഭ്യമാണ്.
ആമസോൺ, എറ്റ്സി, യൂബൈ തുടങ്ങിയ രാജ്യാന്തര ഓൺലൈൻ സൈറ്റുകൾ എല്ലാം വ്യത്യസ്ത ഡിസൈനുകളിൽ തണ്ണിമത്തൻ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ബാഗുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്. 200 രൂപ മുതൽ ആരംഭിക്കുന്ന ബോഡി സ്ലിങ് ബാഗുകൾ മുതൽ അയ്യായിരത്തിനു മുകളിൽ വില വരുന്ന ടോട്ട് ബാഗുകൾ വരെ ഓൺലൈൻ സൈറ്റുകളിൽ കാണാം. ചില ബാഗുകളിൽ തണ്ണിമത്തന്റെ ചിത്രം മാത്രമാണുള്ളതെങ്കിൽ മറ്റു ചിലതിൽ പലസ്തീനിന്റെ ഭൂപടവും പിന്തുണ അറിയിച്ചുകൊണ്ടുള്ള വാചകങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.
ബാഗുകൾക്ക് പുറമേ ടീഷർട്ടുകളിലും ഹെയർ ബാൻഡുകളിലും തുടങ്ങി കീ ചെയിനുകളിൽ വരെ തണ്ണിമത്തൻ ചിഹ്നം ഇടംനേടി കഴിഞ്ഞു. ലോക്കറ്റ് രൂപത്തിലും ഹെഡ് ബാൻഡ് ഡിസൈനായും സ്റ്റിക്കറുകളായും ഇയറിങ്ങുകളായും ഒക്കെ തണ്ണിമത്തൻ ചിഹ്നം ജനങ്ങളിലേയ്ക്ക് എത്തുന്നുണ്ട്. വാക്കുകളിലൂടെയല്ലാത്ത പ്രതിഷേധത്തിന്റെ ശക്തമായ രൂപമാണ് ഇത്തരം തണ്ണിമത്തൻ ഐക്കണോഗ്രഫികൾ.