കൊതിയൂറും കേക്ക്, പക്ഷേ കഴിക്കാൻ പറ്റില്ല!, ജനങ്ങളെ വട്ടം കറക്കിയ കേക്കുണ്ടാക്കിയത് ദാ ഈ യുവാവാണ്!

ചുവന്ന മൾബറി പഴങ്ങൾ ചിതറിക്കിടക്കുന്ന മനോഹരമായൊരു കേക്ക്, മധുരപ്രിയന്മാരുടെ വായിൽ കപ്പലോടി തുടങ്ങാൻ ഇത് ധാരാളം. എന്നാൽ പിന്നെ ഒരു കഷണം മുറിച്ചങ്ങു കഴിച്ചേക്കാം എന്ന് കരുതി, കത്തിയുമായി അടുത്തെത്തിയാലോ, അപ്പോൾ, കേക്ക് ഇരുന്നിടത്ത് ഒരു പൊടിപോലും ഇല്ല കണ്ടു പിടിക്കാൻ. പകരം ഒരു കടലാസിൽ വരച്ചെടുത്ത കേക്കിന്റെ മനോഹരമായൊരു ചിത്രം കാണാം. അടുത്തകാലത്ത് സോഷ്യൽ മീഡിയയെ വട്ടം കറക്കിയ പ്രസ്തുത കേക്ക് ഒരു ത്രീഡി ചിത്രമാണ്. ചിത്രം വരച്ചതാകട്ടെ മലപ്പുറം സ്വദേശിയായ റിയാസ് അർടിസ് എന്ന യുവാവും.

ഇക്കാലയളവിൽ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ തെരഞ്ഞ വ്യക്തികളിൽ ഒരാൾ കൂടിയാണ് റിയാസ്. കാരണം, റിയാസ് വരച്ച ആ ത്രീഡി പെയിന്റിംഗ് തന്നെ. ഇതിനുമുൻപ് പച്ച നിറത്തിൽ പറക്കാൻ വെമ്പി നിൽക്കുന്ന ഒരു കിളിയെ വരച്ചുകൊണ്ടും റിയാസ് ഏറെ ശ്രദ്ധ നേടിയിരുന്നു. ത്രിമാന ചിത്രങ്ങൾ ഇത്രയും യാഥാർഥ്യമായി വരയ്ക്കാൻ കഴിയുമെന്ന് തെളിയിച്ച് ഏവരെയും അത്ഭുതപ്പെടുത്തുകയാണ് ഈ യുവാവ്. 

വളരെ ചെറിയ പ്രായം മുതൽ വരയോട് ഒരു പ്രത്യേക താത്പര്യം ഉണ്ടായിരുന്ന റിയാസ് വളരെ അവിചാരിതമായാണ് ത്രീഡി പെയിന്റിംഗി‌ന്റെ ലോകത്ത് എത്തുന്നത്. പറഞ്ഞു കേട്ട അറിവും ഇന്റർനെറ്റ് പോലുള്ള ഉപാധികളിൽ നിന്നും സ്വയം ശേഖരിച്ച അറിവും വച്ചാണ് ആദ്യ ത്രീഡി ചിത്രം വരച്ചത്. അത് ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോൾ സന്തോഷം തോന്നി. കൂടുതൽ വരക്കാനുള്ള പ്രചോദനവും ലഭിച്ചു. 

'' ആദ്യമൊക്കെ വരച്ച ചിത്രങ്ങൾ പരമാവധി ഒരാഴ്ച സൂക്ഷിച്ച ശേഷം കളയാറാണ് പതിവ്. ഒരു ദിവസം പതിവിനു വിപരീതമായി ചിത്രം ഫേസ്ബുക്കിലിട്ടു. അതോടെ ആരധകരായി. പലരും പ്രോത്സാഹനവുമായി വന്നു. പക്ഷിയുടെ ചിത്രമായിരുന്നു ഫേസ്‌ബുക്കിൽ ഇട്ടത്. ഒറിജിനലാണോ, എങ്ങനെ വരച്ചെടുത്തു തുടങ്ങി സംശയങ്ങൾ നിരവധിയായിരുന്നു ജനങ്ങൾക്ക്. അതോടെ എനിക്കും കൗതുകമായി. അങ്ങനെ കേക്കിന്റെ ത്രീഡി ചിത്രം ഫേസ്‌ബുക്കിൽ ലൈവ് ആയി വരച്ചു'' റിയാസ് പറയുന്നു.

ഫേസ്‌ബുക്കിൽ ലൈവായി കേക്കിന്റെ ചിത്രം വരച്ചതോടെ റിയാസ് ഒരു കൊച്ചു സെലിബ്രിറ്റിയായി മാറി. നിരവധിപേർ സുഹൃത്തുക്കളായി. പുതിയ അവസരങ്ങൾ തേടിയെത്തി. അതോടെ ത്രീഡി പെയിന്റിംഗിനെ അല്പം ഗൗരവത്തോടെ കാണാൻ തുടങ്ങി. ഇപ്പോൾ ത്രീഡി പെയിന്റിഗ്  പഠിക്കുകയാണ് റിയാസ്. കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക്സ് ഡിസൈനറായി ജോലി ചെയ്യുമ്പോഴും ഈ യുവാവിന്റെ ചിന്തകളിൽ ത്രിമാനചിത്രങ്ങൾ മാത്രമാണ്. 

'' ത്രീഡി ചിത്രങ്ങൾ എന്നത് ഒരു കൺകെട്ടാണ്. അത്രയും ക്ഷമയും ശ്രദ്ധയും ഉണ്ടെങ്കിൽ മാത്രമേ അത് വരയ്ക്കാനാകൂ. കൂടുതൽ ത്രീഡി ചിത്രങ്ങൾ വരച്ച് ഒരു എക്സിബിഷൻ സംഘടിപ്പിക്കുകയാണ് എന്റെ ലക്‌ഷ്യം . റിയാസ് പറയുന്നു. ത്രീഡി പെയിന്റിങ്ങിന് പുറമെ, ഓയിൽ പെയിന്റിങ്ങിലും ശ്രദ്ധിക്കുകയാണ് റിയാസ്. സെലിബ്രിറ്റികളുടെ ചിത്രങ്ങൾ വരസിച്ചും റിയാസ് ഏറെ ശ്രദ്ധേയനാണ്.