സു മിനിന് 50 വയസുണ്ട്. മകൾക്ക് 25ഉം. പക്ഷേ കണ്ടാൽ 25കാരിയായ മകളേക്കാൾ ചെറുപ്പം തോന്നും. പ്രായത്തിന്റെ യാതൊരു ഭാവവും ശീരീരത്തിലില്ല. ഇതിനു പിന്നിലെ രഹസ്യമെന്ത്? ചൈനക്കാർ സോഷ്യൽ മീഡിയയിൽ കുറച്ചു ദിവസമായി ആഘോഷിക്കുകയാണ് തങ്ങളുടെ നാട്ടുകാരിയായ സു മിനിന്റെ സൗന്ദര്യം.
സു മിനിനെ കാണുന്നവർക്ക് അറിയേണ്ട ഒറ്റ കാര്യവും ഇതു മാത്രം - എങ്ങനെ സാധിക്കുന്നു, ചെറുപ്പം അതേപടി നിലനിർത്താൻ? ഈ ചോദ്യത്തിന് സു മിനിന്റെ ഉത്തരം ലളിതം. താൻ കൃത്യമായി ഫേഷ്യലുകൾ ചെയ്യാറുണ്ട്. പിന്നെ നന്നായി ഉറങ്ങും, കൃത്യമായ ദിനചര്യയുണ്ട്. മനസ് എപ്പോഴും ശാന്തമാക്കിവയ്ക്കാൻ ശ്രമിക്കും - ഇത്രയുമാണ് തന്റെ സൗന്ദര്യ രഹസ്യം - സു മിൻ പറഞ്ഞുവയ്ക്കുന്നു.
ചൈനയിലെ യുന്നാൻ പ്രവിശ്യയിലാണു സു മിനിന്റെ വീട്. രണ്ടു വർഷം മുൻപ് ജോലിയിൽനിന്നു വിരമിച്ചു. ജോലി ചെയ്യാതെ വെറുതേ ഇരുന്ന ആദ്യ കാലങ്ങളിൽ താൻ ഏറെ വിഷമിച്ചിരുന്നതായി സു മിൻ പറയുന്നു. പക്ഷേ പിന്നീട് താൻ ദിനചര്യ കൃത്യമായി ക്രമീകരിച്ചു. ഇന്റർനെറ്റ് ബ്രൗസിങ്ങിലും എഴുത്തിലും ശ്രദ്ധവച്ചു. ഇപ്പോൾ വെറുതേയിരിക്കുകയാണെന്ന തോന്നൽ തനിക്ക് ഇല്ല. സലൂണുകളിലും ഹെയർഡ്രസിങ് സെന്ററുകളിലും കൃത്യമായി പോകും. രണ്ടു മാസത്തിലൊരിക്കൽ മുടി ൈഡ ചെയ്യാറുണ്ട്. - ശരീരത്തിനു തോന്നിക്കാത്ത പ്രായം മുടിക്കു തോന്നിച്ചാൽ ഡൈ ചെയ്യണം, അല്ലെങ്കിൽ മുടി നരച്ചത് ആളുകൾ കാണും - സു മിൻ പറയുന്നു.
സോഷ്യൽ മീഡിയയിൽ സു മിൻ താരമായതോടെ പുറത്തിറങ്ങിയാൽ സെൽഫിയെടുക്കാൻ ആളുകൾ മത്സരിക്കുകയാണ്. ഒപ്പം, ഈ സൗന്ദര്യ രഹസ്യം അറിയുകയും വേണം.