പുരുഷ സുരക്ഷയ്ക്കൊരു ബെൽറ്റ് !

കെനിയയുടെ തലസ്ഥാനമായ നയ്റോബിയിലെ വസ്ത്രക്കടകളിലൊന്നിന്റെ മുന്നിൽ അടുത്തിടെ വന്ന ഒരു പ്രതിമയുടെ ഫോട്ടോ ലോകമെമ്പാടും പ്രചരിച്ചത് വളരെപ്പെട്ടെന്നാണ്. അത് പ്രതിമയുടെ പ്രത്യേകത കൊണ്ടായിരുന്നില്ല, മറിച്ച് അതിനെ ധരിപ്പിച്ച വസ്ത്രം കണ്ടായിരുന്നു. ഇരുമ്പുകൊണ്ട് നിർമിച്ച ഒരു അടിവസ്ത്രമായിരുന്നു ആ ‘മോഡൽ’ ധരിച്ചിരുന്നത്. നയ്റോബിയിലെ കെന്യോട്ട അവെന്യുവിലുള്ള ഒരു ഷോപ്പിലാണ് ഈ ചെയ്സ്റ്റിറ്റി ബെൽറ്റ് ധരിച്ച പ്രതിമ ഡിസ്പ്ലേയ്ക്കു വച്ചത്.

പണ്ടത്തെ കാലത്ത് യുദ്ധത്തിനു പോകുമ്പോൾ ഭർത്താക്കന്മാർ ഭാര്യമാരുടെ പാതിവ്രത്യം കാത്തുസൂക്ഷിക്കുന്നതിനായി ഉപയോഗിച്ചിരുന്നതാണ് ഇത്തരം ബെൽറ്റുകൾ. ലോകോത്തര സാഹിത്യസൃഷ്ടികളിൽ വരെ ഈ ബെൽറ്റുകൾ വിഷയമായിട്ടുണ്ട്. എന്നാൽ പുരുഷന്മാരുടെ പാതിവ്രത്യസംരക്ഷത്തിനെന്ന പേരിൽ ഒരു െബൽറ്റ് പുറത്തിറങ്ങുന്നത് ഇതാദ്യമായിട്ടായിരിക്കണം. പൂർണമായും ഇരുമ്പു കൊണ്ടാണ് ഇതിന്റെ നിർമാണം. സുരക്ഷ ശക്തമാക്കാനായി ഒരു ഇരുമ്പുപൂട്ടും ഒപ്പമുണ്ട്. വെറുതെ കാണാൻ വച്ചതാണ് ഈ ബെൽറ്റെന്നു കരുതിയെങ്കിൽ തെറ്റി–2000 കെനിയൻ ഷില്ലിങ് വിലയിട്ട് (ഏകദേശം20 ഡോളർ) ശരിയ്ക്കും വിൽപനയ്ക്കെത്തിച്ചതായിരുന്നു ഇത്.

വീട്ടുവഴക്കിനിടെ ഭാര്യമാർ ഭർത്താക്കന്മാരുടെ ലിംഗം ഛേദിച്ചു കളയുന്ന പ്രവണത കെനിയയിൽ കൂടിയതുകൊണ്ടാണത്രേ ഷോപ്പുടമകൾ ചെയ്സ്റ്റിറ്റി ബെൽറ്റുകൾ വിൽപനയ്ക്കെത്തിച്ചത്. സൂക്ഷിച്ചു വച്ച 51 ഡോളർ ഭർത്താവ് അടിച്ചുമാറ്റിയെന്നും പറഞ്ഞ് ലിംഗഛേദനം നടത്തിയതിന് ഭാര്യയ്ക്കെതിരെ കെനിയൻ കോടതി കേസെടുത്തതിനു തൊട്ടുപിറകെയാണ് ഇത്തരമൊരു നീക്കം. വിശ്വാസവഞ്ചന കാണിക്കുന്ന ഭർത്താക്കന്മാർക്കെതിരെയും ഭാര്യമാർ ഇത്തരം അക്രമം നടത്തുന്നത് രാജ്യത്ത് അടുത്തിടെ പതിവായിരിക്കുകയാണത്രേ. ന്യേറി വിഭാഗത്തിലെ സ്ത്രീകളാണ് ഇക്കാര്യത്തിൽ കുപ്രസിദ്ധരെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത്തരം നിഷ്ഠൂര പ്രവൃത്തികൾ ചെയ്യുന്ന ഭാര്യമാരെ ജീവപര്യന്തമോ വധശിക്ഷയ്ക്കോ വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശത്തെ മായെന്റെലീവോ യാ വാനാവുമെ എന്ന പുരുഷപക്ഷവാദ സംഘടന സർക്കാരിനു നിവേദനം വരെ നൽകിയിരിക്കുകയാണിപ്പോൾ.