പെൺകുട്ടികൾ കാഴ്ചക്കാരായുണ്ടെങ്കിൽ ഏതാൺപിറന്നവന്റെയും സ്‌പോർട്‌സ്മാൻ സ്പിരിറ്റ് കൂടുമെന്നുള്ളത് ഉറപ്പാണ്. സാധാരണ ഓടുന്നതിന്റെയും ചാടുന്നതിന്റെയുമൊക്കെ ഇരട്ടി പുറത്തെടുക്കാൻ അവർ ആഞ്ഞു ശ്രമിക്കും. ഇനി ജിമ്മിൽ മസിൽ പെരുപ്പിക്കുമ്പോൾ കാണാൻ സുന്ദരികളുണ്ടെങ്കിലോ.. ‘സ്റ്റീൽ ബോഡി ഉരുക്കു ബോഡി’യായതുതന്നെ. അതിനുള്ള
അവസരം ഒത്തുവന്നിരിക്കുകയാണ് ജപ്പാനിൽ.
സുന്ദരികളായ ട്രെയിനർമാർ നടത്തുന്ന ജിം അടുത്തുതന്നെ അക്കിഹബാറയിൽ തുടങ്ങുമെന്നാണ് അറിയുന്നത്. മെയ്ഡ് ജിം എന്ന കൺസപ്റ്റിൽ ഏപ്രണൊക്കെധരിച്ച് വീട്ടുജോലിക്കാരുടെ വസ്ത്രവിധാനങ്ങളോടെയാണ് ട്രെയിനർമാർ മുന്നിലെത്തുക. വെയ്റ്റ് എടുക്കുമ്പോൾ സഹായിക്കാനും ട്രെഡ്മില്ലിൽ ഓടുമ്പോൾ പ്രോൽസാഹിപ്പിക്കാനുമെല്ലാം ഇവർ ഉണ്ടാകും.
പഴ്‌സനൽ ട്രെയിനിങ്ങിന് പരിശീലനം നേടിയവരാകും മെയ്ഡ് ആയി എത്തുക. ഇവർ ട്രെയിനിങ് ടിപ് പറഞ്ഞു തരാനും വർക് ഔട് ചെയ്യുമ്പോൾ സപ്പോർട്ട് നൽകാനുമൊക്കെ കൂടെയുണ്ടാകും. ജിമ്മിലേക്ക് ആളെക്കൂട്ടാനുള്ള സൂത്രം തന്നെ. ജിം തുടങ്ങുന്ന കൃത്യമായ സ്ഥലം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആറായിരത്തോളം രൂപയാണ് ജിമ്മിൽ അംഗത്വമെടുക്കുന്നതിനു നൽകേണ്ടത്.
ഏകദേശം 4300 രൂപയാണ് ഫീസ്. 50 മിനിറ്റു നേരം മെയ്ഡിന്റെ സേവനവും സ്‌പോർട്‌സ് ഉപകരണങ്ങളും ലഭിക്കും. കൂടാതെ എനർജി ഡ്രിങ്കുകളും ഉണ്ടാകും. എല്ലാവരും ഇടിച്ചു കയറാമെന്നു കരുതേണ്ട, ഒരു ഷിഫ്റ്റിൽ മൂന്നുപേർക്കും മൂന്നും ട്രെയിനർമാർക്കും മാത്രമേ പരിശീലനത്തിന് അവസരമുണ്ടാകൂ. എന്നാൽ, തടിനന്നാക്കാൻ ജപ്പാനിലേക്കു പോകുകയല്ലേ!