Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാടകയ്ക്കുണ്ട്, വാൻഗോഗിന്റെ ‘ബെഡ് റൂം’‌

Van Gogh

ചിത്രകാരന്മാരുടെ മനസ്സാണ് പലപ്പോഴും ക്ലാസിക് പെയിന്റിങ്ങുകളായി ലോകത്തിനു മുന്നിലെത്തുക. സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ഉന്മാദത്തിന്റെയും നാളുകളിലൂടെ വിൻസന്റ് വാൻഗോഗ് എന്ന മഹാനായ ചിത്രകാരൻ കടന്നുപോയപ്പോളുണ്ടായത് മൂന്നു ക്ലാസിക് ചിത്രങ്ങളാണ്–മൂന്നും ഒരേയിടത്തിന്റെ ചിത്രം, തെക്കൻ ഫ്രാൻസിലെ വീട്ടിൽ വാൻഗോഗ് താമസിച്ചിരുന്ന മുറിയുടേത്. പക്ഷേ വരച്ചത് മൂന്നുകാലങ്ങളിൽ. ഒന്ന് 1888 ഒക്ടോബറിലായിരുന്നെങ്കിൽ ബാക്കി രണ്ടും 1889 സെപ്റ്റംബറിൽ. ആ നാളുകളിൽ അദ്ദേഹം അനുഭവിച്ച മാനസികാവസ്ഥകൾ നിറങ്ങളായി വരഞ്ഞിറങ്ങിയതാണ് ‘ദ് ബെഡ്റൂം’ എന്ന ചിത്രം. അതിനാൽത്തന്നെ അസാധാരണമായ നിറക്കൂട്ടുകളാണ് ഈ പോസ്റ്റ്–ഇംപ്രഷനിസ്റ്റ് ചിത്രകാരൻ തന്റെ ‘ബെഡ്റൂമി’നു നൽകിയിരിക്കുന്നതും. ഒരുപക്ഷേ സാധാരണഗതിയിൽ ഒരാളുപോലും ചിന്തിക്കാനിടയില്ലാത്ത വിധം അസാധാരണവും ഭംഗിയേറിയതുമായ നിറപ്രയോഗം. ആ പെയിന്റിങ് അതിന്റെ കാഴ്ചയിലെ ഭംഗി ഒട്ടും ചോരാതെ യാഥാർഥ്യമാക്കിയിരിക്കുകയാണ് ദി ആർട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷിക്കാഗോ. മാത്രവുമല്ല വാൻഗോഗ് ആരാധകർക്ക് ഈ കിടപ്പുമുറിയിൽ ഒരു രാത്രി താമസിക്കാനും സൗകര്യമൊരുക്കി.

Van Gogh

ആംസ്റ്റർഡാമിലും പാരിസിലുമായി പ്രദർശനത്തിനുണ്ടായിരുന്ന മറ്റു രണ്ട് ‘ബെഡ് റൂം’ പെയിന്റിങ്ങുകളുൾപ്പെടെ മൂന്നു ചിത്രങ്ങളും ചേർത്ത് ഷിക്കാഗോ ആർട് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പ്രദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്തരമൊരു നീക്കം. മുറിയിലെ രണ്ട് കസേരകളും കുഞ്ഞുമേശയും കട്ടിലും അതിലെ ചുവന്ന വിരിയും ടവ്വലും ചുമരിലെ ചിത്രങ്ങളും തൊപ്പിയുമെല്ലാം ഒറിജിനൽ പെയിന്റിങ്ങിലേതു പോലെത്തന്നെ. പെയിന്റടിച്ചിരിക്കുന്നതു പോലും ‘ദ് ബെഡ്റൂമി’നു സമാനം. പ്രദർശനത്തിന്റെ പ്രൊമോഷനു വേണ്ടി ഒരു അപാർട്മെന്റ് മുറി വാൻഗോഗിന്റെ ‘ബെഡ്റൂമാ’ക്കി മാറ്റിയതിനു പുറമേ അതിന്റെ ഒരു മിനിയേച്ചർ മാതൃക പ്രദർശനഹാളിലും തയാറാക്കിയിട്ടുണ്ട്.

Van Gogh

വീടുകൾ റെന്റിന് നൽകാൻ സന്നദ്ധരായവരുടെ നെറ്റ്‌വർക്കായ airbnb എന്ന വെബ്സൈറ്റിൽ ഒരു പരസ്യവും നൽകി ആർട് ഇൻസ്റ്റിറ്റ്യൂട്ട്. വിൻസന്റ് എന്ന പേരിൽ വാൻഗോഗ് തന്നെയാണ് തന്റെ മുറി വാടകയ്ക്ക് കൊടുക്കുന്നതായി അറിയിച്ചിരിക്കുന്നത്!! 10 ഡോളറാണ് വാടക. വൈകിട്ട് നാലിന് ചെക്ക് ഇൻ ചെയ്താൽ പിറ്റേന്നു രാവിലെ 11 വരെ താമസിക്കാം. രണ്ടുപേർക്ക് ഒരേസമയം താമസിക്കാം. പോസ്റ്റ്–ഇംപ്രഷനിസ്റ്റ് ശൈലിയിലാണ് മുറിയുടെ അലങ്കാരം. തീപിടിത്തമുണ്ടായാൽ തടയാനുള്ള സംവിധാനമുണ്ട്. അറ്റാച്ച്ഡ് ബാത്ത്റൂം ആണ്. ശരിക്കും ഒരു പെയിന്റിങ്ങിനുള്ളിൽ താമസിക്കുന്ന അനുഭവമായിരിക്കും ബെഡ്റൂം സമ്മാനിക്കുകയെന്നും വെബ്സൈറ്റ് വിവരണത്തിൽ പറയുന്നു. ഇതോടൊപ്പം മേയ് 10 വരെ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ചിത്രപ്രദർശനത്തിന്റെ ടിക്കറ്റും നൽകാമെന്നും ‘വിൻസന്റിന്റെ വാക്ക്’.

Van Gogh

തനിക്ക് വരയ്ക്കാൻ ചായം വാങ്ങാനുള്ള പണത്തിനാണ് മുറി വാടകയ്ക്ക് കൊടുക്കുന്നതെന്നും ‘വിൻസന്റ്’ കുറിക്കുന്നു. എന്തായാലും ഇക്കാര്യമറിയിച്ച് പരസ്യം നൽകി മിനിറ്റുകൾക്കകം ഫെബ്രുവരിയിലേക്കുള്ള റൂം ബുക്കിങ് തീർന്നു. മാർച്ചിലേക്കുള്ളത് വൈകാതെ തന്നെ ആരംഭിക്കാനിരിക്കുകയാണ് ആർട് ഇൻസ്റ്റിറ്റ്യൂട്ട്. ‘ദ് ബെഡ്റൂം’ കൂടാതെ മുപ്പതോളം ലോകപ്രശസ്ത പെയിന്റിങ്ങുകളാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രദർശനത്തിനുള്ളത്. പക്ഷേ ഹൈലൈറ്റ് വാൻഗോഗ് തന്നെയാണ്...