തലച്ചോറിലെയും സുഷുമ്നനാഡിയിലെയും കോശങ്ങൾ ബാക്റ്റീരിയൽ ഇൻഫെക്ഷൻ വന്നു വീങ്ങുന്ന മാരക രോഗമാണ് മെനിഞ്ചൈറ്റിസ്. ചെറുപ്പകാലത്ത് ഈ രോഗത്തെ അതിജീവിക്കുന്ന അഞ്ചു പേരിൽ ഒരാൾക്ക് വീതം സ്ഥിരമായ ശാരീരിക വൈകല്യങ്ങൾ ഉണ്ടാകാറുണ്ട്. പലപ്പോഴും രോഗത്തെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാതെ പോകുന്നത് പ്രശനം രൂക്ഷമാക്കുന്നു. ഈ സാഹചര്യത്തിൽ മെനിഞ്ചൈറ്റിസിനെ കുറിച്ച് അവബോധം നൽകുന്നതിനും, ഫലപ്രദമായ കുത്തിവയ്പുകളിലൂടെ പുതുതലമുറയിൽ രോഗം തടയുന്നതിനുമായി, ജിഎസ്കെ എന്ന ആരോഗ്യസേവന സംഘടന രൂപം കൊടുത്ത ക്യാംപെയ്‌നാണ് 'വിൻ ഫോർ മെനിഞ്ചൈറ്റിസ്'. മെനിഞ്ചൈറ്റിസ് ബാധിച്ചു അംഗപരിമിതരായ കായികതാരങ്ങളാണ് ഈ ക്യാംപെയിനിനു വേണ്ടി അണിനിരന്നത്. ലോകപ്രശസ്ത ഫൊട്ടോഗ്രഫർ ആനി ഗെഡസ് ആണ് മനസ്സില്‍ തറയ്ക്കുന്ന ഈ ചിത്രങ്ങൾക്ക് പിന്നിൽ.
നിക്ക് സ്പ്രിൻജർ
ജനിച്ചപ്പോൾ മെനിഞ്ചൈറ്റിസ് ബാധിച്ച് കൈകൾ രണ്ടും മുട്ടിനു താഴെ മുറിച്ചു മാറ്റേണ്ടി വന്നു. ഡോക്ടർമാർ ജീവിക്കാൻ പത്തുശതമാനം സാധ്യത വിധിയെഴുതിയ നിക്ക് ഇന്ന് 7 തവണ വീൽചെയർ റഗ്ബി ജേതാവായ കായികതാരമാണ്.
സുലൻ മർച്ചസ്ക്കി
ബ്രസീലുകാരി. ജനിച്ചു കുറച്ചു ദിവസങ്ങൾക്കുള്ളിൽ മെനിഞ്ചൈറ്റിസ് ബാധിച്ചു. വൈകല്യങ്ങളെ അതിജീവിച്ച് ഇന്ന് ഗോൾഡ് മെഡൽ നേടിയ ഓട്ടക്കാരിയാണ്.
ബിയാട്രീസ്
ചെറുപ്പത്തിലുണ്ടായ മെനിഞ്ചൈറ്റിസ് ഇറ്റലിക്കാരിയായ ബിയാട്രീസിന്റെ ജീവിതം കീഴ്മേൽമറിച്ചുവെങ്കിലും, അതിനോട് പൊരുതി ഫെൻസിങ് പരിശീലിച്ചു. ഇന്ന് നിരവധി രാജ്യാന്തര സ്വർണ്ണ മെഡലുകൾ നേടിയ കായികതാരം.
ജെമീ ഷോൺബോം
കോളജ് പഠനകാലത്തുണ്ടായ മെനിഞ്ചൈറ്റിസ് അമേരിക്കക്കാരിയായ ജെമീയുടെ കാലുകളും, കൈവിരലുകളും കവർന്നു. ഇന്ന് അംഗപരിമിതരുടെ രാജ്യാന്തര സൈക്ലിങ്ങിൽ പലതവണ ഗോൾഡ് മെഡൽ നേടിയ താരം.
മാഡിസൺ വാക്കർ
മൂന്നാമത്തെ വയസിലുണ്ടായ മെനിഞ്ചൈറ്റിസ് മൂലം കാലുകൾ രണ്ടും മുറിച്ചു മാറ്റിയപ്പോഴും, തളരാതെ കാനഡയിലെ അംഗപരിമിതരിലെ അറിയപ്പെടുന്ന ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലീറ്റുകളിൽ ഒരാളായി മാറി.
ലെനിൻ കൂഞ്ഞ
പോർച്ചുഗൽ സ്വദേശിയായ ലെനിന് നാലാം വയസിൽ മെനിഞ്ചൈറ്റിസ് ബാധിച്ചു. കഠിന പരിശ്രമത്തിലൂടെ ഇന്ന് അംഗപരിമിതരുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ കായികതാരം.
ഒരാഴ്ച കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൻപ്രശംസയാണ് ഈ ചിത്രങ്ങൾക്കും വിഡിയോയ്ക്കും ലഭിച്ചത്. #WinforMeningitis എന്ന ഹാഷ്ടാഗും ഇപ്പോൾ ട്രെൻഡിങ് ആയി വരികയാണ്.