ജോലി നഷ്ടപ്പെടുമ്പോള്‍ ആരും ഒന്ന് സങ്കടപ്പെട്ടുപോകും. അതില്‍ തെറ്റ് പറയാനാകില്ല. പ്രത്യേകിച്ചും തൊഴില്‍ വിപണി അതിശക്തമായ മത്സരസ്വഭാവത്തിന് പാത്രമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നല്ല ജോലി കിട്ടുകയെന്നതും ശ്രമകരം. എന്നാല്‍ സ്വന്തം സ്ഥാപനം പൂട്ടുന്ന വിഷമത്തില്‍ നെഞ്ച് തകര്‍ന്നു പോകുന്ന ചിലരുണ്ട്.
ഇതാ ഇവിടെ താന്‍ ജോലി ചെയ്യുന്ന സ്ഥാപനം ഒരു സുപ്രഭാതത്തില്‍ പൂട്ടുകയാണെന്നറിഞ്ഞപ്പോള്‍ ഒരു വനിതാ ജീവനക്കാരി തകര്‍ന്നു പോയി. ഇസ്രയേലിലെ ചാനല്‍ വണ്‍ എന്ന സ്ഥാപനത്തിലാണ് സംഭവം. ചാനലില്‍ റിപ്പോര്‍ട്ടറായ യുവതിയാണ് സ്ഥാപനം പൂട്ടുന്നതറിഞ്ഞ് പൊട്ടിക്കരഞ്ഞത്, അതും ഓണ്‍ എയറില്‍.
ചാനല്‍ പൂട്ടാന്‍ പെട്ടെന്നുള്ള തീരുമാനം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആണ് കൈക്കൊണ്ടത്. ചൊവ്വാഴ്ച്ചയായിരുന്നു ചാനലിന്റെ അവസാന സംപ്രേഷണം. ഇതില്‍ അവസാന എപ്പിസോഡ് അവതരിപ്പിച്ച റിപ്പോര്‍ട്ടറാണ് കരഞ്ഞത്. നിറഞ്ഞ കണ്ണുകളോടെ, ഇടറിയ ശബ്ദത്തില്‍ അവള്‍ ചാനലില്‍ ഇരുന്ന് പറഞ്ഞു, ഇത് ഞങ്ങളുടെ അവസാനത്തെ എഡിഷന്‍ ആണ്. ഇനി മുതല്‍ ഈ പരിപാടി അപ്രസക്തമാണ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ വിഡിയോ വളരെ പെട്ടെന്നാണ് വൈറലായത്.
ചാനല്‍ വണിന്റെ ഫേസ്ബുക്ക് പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ചാനലിന്റെ ദുഖത്തില്‍ നിരവധി പേരാണ് പങ്കു ചേര്‍ന്നുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ വിവാദത്തിന്റെ പേരിലാണ് ചാനല്‍ വണ്‍ പൂട്ടാന്‍ നെതന്യാഹു തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.