സ്വച്ഛഭാരത് എന്നു പറഞ്ഞു വെറുതെ ഒച്ച വച്ചതു കൊണ്ടു മാത്രം കാര്യമില്ല, നമ്മളിൽ എത്രപേർ അവസരോചിതമായി സ്വച്ഛഭാരതിനായി പ്രവർത്തിക്കും? ഒന്നും വേണ്ട, സ്വന്തം പരിസരം വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യം എത്ര പേര്‍ മുറുകെപ്പിടിക്കും? നവഭാരതത്തിന്റെ ആരോഗ്യവും വൃത്തിയുമെല്ലാം നമ്മുടെ യുവതലമുറയുടെ കൂടി കയ്യിലാണെന്നു വ്യക്തമാക്കുകയാണ് പ്രഞ്ചൽ ദുബെ എന്ന യുവാവിന്റെ പ്രവർത്തി. താൻ മൂലം വൃത്തികേടായ മെട്രോ ട്രെയിനിന്റെ അകംവശം സ്വന്തം തൂവാലകൊണ്ടു വൃത്തിയാക്കിയാണ് ഈ യുവാവ് മാതൃകയായിരിക്കുന്നത്.
ജയ്പൂർ സ്വദേശിയായ സുനിൽ ചൗധരിയാണ് പ്രഞ്ചലിന്റെ കഥ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജയ്പൂർ മെട്രോയിൽ യാത്ര ചെയ്യുമ്പോഴാണ് സുനിൽ ചൗധരി ആദ്യമായി പ്രഞ്ചലിനെ കാണുന്നത്. ഇരുവരും ഒരേ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. കോളജിലേക്കു പോവുകയായിരുന്ന പ്രഞ്ചലിന്റെ കയ്യിൽ നിന്ന് യാത്രക്കിടെ ചോറ്റു പാത്രം താഴെ വീണു. മെട്രോ ട്രെയിനിന്റെ തറയിൽ വീണ പാത്രം തുറന്നു, ചോറും കറിയും പുറത്തു പോയി.
പ്രഞ്ചൽ ഉടൻ ചോറുപാത്രം തിരിച്ചെടുത്തു. ഇനി ആ ചോറ് അവിടെക്കിടന്നു ചതഞ്ഞരയും, ആളുകൾ അശ്രദ്ധമായി അതിൽ ചവിട്ടും. ഇതെല്ലം ഓർത്ത് സുനിൽ ചൗധരിയും സഹയാത്രികരും നിൽക്കുമ്പോൾ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പ്രഞ്ചൽ തന്റെ പുസ്തകത്തിൽ നിന്നും ഒരു പേജു കീറി, താഴെ വീണ ഭക്ഷണം എല്ലാം തന്നെ നീക്കം ചെയ്തു. അതും പോരാഞ്ഞ് ആ യുവാവ് സ്വന്തം തൂവാലകൊണ്ട് മെട്രോയുടെ ഉൾവശം തുടച്ചു വൃത്തിയാക്കുകയൂം ചെയ്തു.
യുവാവിന്റെ പ്രവർത്തി ഏവരെയും അമ്പരപ്പിച്ചു എന്നു മാത്രമല്ല, എല്ലാവരും അവനായി കയ്യടിക്കുകയും ചെയ്തു. അതെ, സ്വച്ഛഭാരത് വാക്കിലല്ല പ്രവർത്തിയിലാണ് കാണിക്കേണ്ടത് എന്നു തെളിയിക്കുകയായിരുന്നു പ്രഞ്ചൽ. പ്രഞ്ചൽ മെട്രോ വൃത്തിയാക്കുന്ന ചിത്രം സുനിൽ ചൗധരി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക കൂടി ചെയ്തതോടെ ഈ യുവാവ് നാട്ടുകാരുടെ ഹീറോ ആയിരിക്കുകയാണ്. അതെ പ്രഞ്ചൽ നീ ഇന്നത്തെ തലമുറയ്ക്ക് ഒരു മാതൃകയാണ്
Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam